ചരിത്രത്തിലേക്കൊരു റോക്കറ്റ്:  യുഎഇയുടെ ചൊവ്വ പേടകം വിക്ഷേപിച്ചു
അബൂദബി: ചൊവ്വയിലേക്ക് പേടകം വിക്ഷേപിക്കുന്ന ആദ്യ അറബ് രാജ്യമെന്ന പദവി സ്വന്തമാക്കി യുഎഇ. ജപ്പാനിലെ തനെഗഷിമ സ്പേസ് സെന്ററില്‍ തിങ്കളാഴ്ച പുലർച്ചെ 2.51ന് ഹോപ്പ് എന്ന് പേരിട്ടിരിക്കുന്ന യുഎഇ നിർമ്മിത ഉപഗ്രഹം ചൊവ്വ ലക്ഷ്യമാക്കി പറന്നുയർന്നു. എണ്ണ ഉൽപാദനത്തെ മാത്രം ആശ്രയിക്കുന്ന യുഎഇ പുതിയ മേഖലയിലേക്ക് കൂടി തങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കുന്നതിനാണ് ഈ പദ്ധതി ആവിഷ്കരിച്ചത്. നേരത്തെ കഴിഞ്ഞ ബുധനാഴ്ചയാണ് വിക്ഷേപണം തീരുമാനിച്ചിരുന്നത്. മോശം കാലാവസ്ഥ മൂലം ഇത് നീട്ടിവെക്കുകയായിരുന്നു.

ഉപഗ്രഹത്തിന്റെ നിയന്ത്രണം ദുബായിലെ ഗ്രൗണ്ട് സ്റ്റേഷന്‍ ഏറ്റെടുത്തു. ഇനിയുള്ള 30 ദിവസം മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്ററിലെ ശാസ്ത്രജ്ഞര്‍ 24 മണിക്കൂറും ഉപഗ്രഹത്തെ നിരീക്ഷിക്കും. ഏഴുമാസത്തിന് ശേഷം, 2021ല്‍ യുഎഇയുടെ അമ്പതാം വാര്‍ഷികത്തോടടുത്ത് ഈ പേടകം ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിക്കും.

യുഎസിലെ കൊളറാഡോ യൂണിവേഴ്സിറ്റി, കാലിഫോര്‍ണിയ-ബെര്‍ക്ക്‌ലി യൂണിവേഴ്സിറ്റി, അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റി എന്നിവയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച മുഹമ്മദ്​ ബിന്‍ റാശിദ്​ സ്​പേസ്​ സെന്ററിലെ എമിറാത്തി ശാസ്ത്രജ്ഞരാണ് സെന്ററിൽ വെച്ച് ഹോപ്പിന്റെ നിര്‍മാണം നടത്തിയത്. 55 ലക്ഷം മണിക്കൂറില്‍ 450ലധികം ജീവനക്കാരുടെ ശ്രമഫലമായാണ്​ ഹോപ്പിന്​ ജീവന്‍ നല്‍കാനായത്​. നിലവിൽ ചൊവ്വാ ദൗത്യവുമായി ബന്ധപ്പെട്ട് 8 പേടകങ്ങളാണ് വിവിധ രാജ്യങ്ങളുടേതായി പ്രവർത്തിച്ചു വരുന്നത്. ഇതിൽ ചിലത് ചൊവ്വയുടെ ഉപരിതലത്തിലാണെങ്കിൽ മറ്റു ചിലത് ചൊവ്വയുടെ ഭ്രമണപഥത്തിലാണ് സ്ഥിതി ചെയ്യുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter