പ്രവാസികളെ ചേര്‍ത്തു നിര്‍ത്തേണ്ട സമയമാണിത്- സർക്കാർ നിലപാടിനെതിരെ വിമർശനവുമായി സമസ്ത അലുംനി അസോസിയേഷൻ
കോഴിക്കോട്: ഗൾഫിൽ നിന്ന് വരുന്ന പ്രവാസികൾക്ക് കോവിഡ് ടെസ്റ്റ് നടത്തണമെന്ന കേരള സംസ്ഥാന സർക്കാരിന്റെ നിലപാടിനെതിരെ വിമർശനവുമായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അലുംനി കോഡിനേഷൻ രംഗത്തെത്തി.

സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന പ്രവാസികളെ കൈവിടുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാറിന്റേതെന്ന് കുറ്റപ്പെടുത്തിയ സംഘടന രാജ്യത്തിന്റെ വളര്‍ച്ചയുടെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്ന പ്രവാസികളെ ചേര്‍ത്തു നിര്‍ത്തേണ്ട സമയമാണിതെന്നും അതിനായി സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

ചാര്‍ട്ടേഡ് വിമാനങ്ങളിലും വന്ദേഭാരത് വിമാനങ്ങളിലും നാട്ടിലേക്ക് തിരിക്കാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നടപടി അത്യന്തം ഖേദകരമാണ്. നിത്യവൃത്തിക്കു പോലും കഷ്‌പ്പെടുന്നവരാണ് മറുകര പറ്റാന്‍ കൊതിച്ചു വിദേശ രാജ്യങ്ങളില്‍ കഴിയുന്നത്.

"ഭാരിച്ച വിമാനക്കൂലി തന്നെ മറ്റുള്ളവരുടെ ദയാവായ്പില്‍ കണ്ടെത്തിയാണ് അവരില്‍ പലരും നാട്ടിലേക്കുള്ള യാത്ര തരപ്പെടുത്തുന്നത്. ഈ സാഹചര്യത്തില്‍ ചെലവേറിയ കോവിഡ് പരിശോധന അവര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി വളരെ കുറവാണെന്നതും ഇതിനോടൊപ്പം ചേര്‍ത്തു വായിക്കണം. വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന 25 ലക്ഷത്തിലേറെ മലയാളികളിൽ കോവിഡ് 19 ബാധിച്ച്‌ 230 ഓളം പേരാണ് മരണപ്പെട്ടത്". അസോസിയേഷൻ വ്യക്തമാക്കി.

കേരളം ഇന്ന് മേനി നടിക്കുന്ന വികസനത്തിന്റെ വലിയ പങ്കും അവര്‍ക്ക് അവകാശപ്പെട്ടതാണെന്ന് ഓർമ്മിപ്പിച്ച അലുംനി അസോസിയേഷൻ ഒരു പ്രതിസന്ധി മുഖത്ത് അവരെ ചേര്‍ത്തു നിര്‍ത്തുകയാണ് ഭരണകൂടം ചെയ്യേണ്ടതെന്നും വ്യക്തമാക്കി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ വിവിധ സ്ഥാപനങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കിയ ബിരുദധാരികളുടെ കൂട്ടായ്മയാണ് സമസ്ത അലുംനി അസോസിയേഷൻ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter