ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടി മലാല
ഓക്‌സ്ഫഡ്: നൊബേല്‍ സമ്മാന ജേതാവ് മലാല യൂസഫ്‌സായ് ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം നേടി. ഫിലോസഫി, പൊളിറ്റിക്‌സ്, ഇക്കണോമിക്‌സ് എന്നീ വിഷയങ്ങളില്‍ കോഴ്സ് പൂർത്തിയാക്കിയാണ് മലാല, യൂണിവേഴ്‌സിറ്റി വിടുന്നത്.

പാക്കിസ്ഥാനില്‍ പെണ്‍കുട്ടികള്‍ക്ക് നിഷിദ്ധമായിരുന്ന സ്കൂള്‍ വിദ്യാഭ്യാസ നയത്തിനെതിരെ രംഗത്തെത്തിയതിന് 15 ആം വയസില്‍ താലിബാന്‍ ഭീകരന്‍റെ വെടിയേറ്റതോടെയാണ് മലാല ലോക പ്രശസ്തയാവുന്നത്. മരണത്തെ മുഖാമുഖം കണ്ട മലാലയെ പ്രാഥമിക ചികിത്സക്കുശേഷം ഇംഗ്ലണ്ടിലെ ബെര്‍മിംഗ്ഹാം ക്യൂന്‍ എലിസബത്ത് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ദീര്‍ഘനാളത്തെ ചികിത്സക്കുശേഷം മലാലക്കും കുടുംബത്തിനും ബ്രിട്ടീഷ് സർക്കാർ അഭയം നല്‍കുകയായിരുന്നു. ബ്രിട്ടനിൽ സ്ഥിരം താമസമാക്കിയതിനുപിന്നാലെ ആഗോളതലത്തില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിനുവേണ്ടി പല രാജ്യങ്ങളും സന്ദര്‍ശിച്ച മലാല സ്കൂൾ വിദ്യാഭ്യാസം അന്യമായിരുന്ന 132 മില്യണ്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിന് ഫണ്ട് രൂപീകരിച്ച് പ്രവര്‍ത്തനം നടത്തി.

കുട്ടികളുടെ അവകാശത്തിനുവേണ്ടി നടത്തിയ ഈ പോരാട്ടത്തിന് 2014 ലെ നൊബേൽ സമ്മാനം മലാലയെ തേടിയെത്തി. പാക്കിസ്ഥാനിലെ പ്രഥമ വനിത പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ 1970 ല്‍ ബിരുദ പഠനം പൂര്‍ത്തീകരിച്ച യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്നതിനും ബിരുദം നേടുന്നതിനും ലഭിച്ച അവസരം അഭിമാനവും സന്തോഷവും ഉളവാക്കുന്നതാണെന്ന് ബിരുദം നേടിയതിനെ തുടർന്ന് മലാല ട്വിറ്ററില്‍ കുറിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter