കണ്ണീര്‍തുള്ളികള്‍ സംസാരിക്കട്ടെ
ജീവിതത്തില്‍ വളരെയേറെ പാപങ്ങള്‍ ചെയ്തവരാണ് നാം. ഏത് നിമിഷവും ഈ ജീവിതം അവസാനിപ്പിച്ച് നാഥനിലേക്ക് തിരിച്ചു പോകേണ്ടിവരുമെന്ന് നാം ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നു. എന്നിട്ടും നമ്മുടെ പാപങ്ങള്‍ മായ്ക്കപ്പെടാതെ ബാക്കി കിടക്കുന്നുവോ.
ഓരോ റമദാന്‍ കടന്നുപോവുമ്പോഴും നമുക്ക് പറയാന് ന്യായങ്ങളില്ലാതാവുകയാണ്. റമദാന്‍ കഴിഞ്ഞിട്ടും ദോഷങ്ങള്‍ പൊറുക്കപ്പെടാതെ ബാക്കി നില്‍ക്കുന്നുവെങ്കില്‍ അവന്‍റെ മേല്‍ അല്ലാഹുവിന്‍റെ ശാപമുണ്ടാവട്ടെ എന്ന പ്രവാചക വചനം ഇവിടെ ഓര്‍ക്കേണ്ടതാണ്.
കണ്ണീര്‍തുള്ളികള്‍ കൊണ്ട് വേണം പാപങ്ങളെ കഴുകിക്കളയാന്‍. രാത്രിയുടെ നിശ്ശബ്ദ യാമങ്ങളില്‍, മറ്റുള്ളവര്‍ സ്വഛന്ദനിദ്രയിലമരുമ്പോള്‍, ചെയ്ത പാപങ്ങളെയോര്‍ത്ത്, വരാനിരിക്കുന്ന ദിനങ്ങളെക്കുറിച്ച് ചിന്തിച്ച് രണ്ടിറ്റ് കണ്ണീര്‍ വീഴ്ത്താന്‍ ഈ റമദാനിലെങ്കിലും നാം സമയം കണ്ടെത്തുക. അല്ലാഹുവിനെക്കുറിച്ച് ചിന്തിച്ച്, വരാനിരിക്കുന്ന ശിക്ഷകളെക്കുറിച്ചോര്‍ത്ത് കരഞ്ഞ കണ്ണുകളെ നരകം സ്പര്‍ശിക്കില്ലെന്ന് പ്രവാചകര്‍ അരുള്‍ ചെയ്തിരിക്കുന്നു. തനിച്ചിരുന്ന് അല്ലാഹുവിനെക്കുറിച്ച് ഓര്‍ത്ത് കരഞ്ഞയാള്‍ക്ക് വിചാരണാദിവസം അര്‍ശിന്റെ തണലുണ്ട് എന്ന് മറ്റൊരു ഹദീസില്‍ കാണാം.
ആകയാല്‍ ഈ റമദാനിലെങ്കിലുംഅത്തരം ഒരു സുവര്‍ണ്ണ നിമിഷമൊരുക്കാന്‍ നമുക്ക് സാധിക്കണം. അത്താഴം കഴിക്കാന്‍ എണീക്കുന്നത് അല്‍പം നേരത്തെയാക്കുക. തഹജജുദ് നിസ്കാരം നിര്‍വ്വഹിച്ച് നാം ചെയ്തുപോയ പാപങ്ങളെക്കുറിച്ച് ഓരോന്നോരോന്നായിഓര്‍ക്കുക. അറിഞ്ഞും അറിയാതെയും രഹസ്യമായും പരസ്യമായും ചെയ്ത ഓരോതെറ്റുകളും മനസ്സില്‍ തെളിയട്ടെ. നാളെ വരാനിരിക്കുന്ന ഭീകരരംഗങ്ങളിലൂടെ മനസ്സ് പ്രയാണം നടത്തട്ടെ. മരണത്തെ മുഖാമുഖം കണ്ട് കിടക്കുന്ന ആ നിമിഷം നമ്മുടെ കണ്ണില് തെളിയട്ടെ. ഒരു മുണ്ട് മാത്രം പുതച്ച് കിടക്കുന്ന, ഓരോരുത്തരായി കടന്നുവന്ന് ഒരു വട്ടം തന്റെ മുഖം കണ്ട്, മയ്യിത്ത്എടുക്കുന്നതും പ്രതീക്ഷിച്ച് പുറത്ത് നില്ക്കുന്ന ആ രംഗം മനസ്സില് തെളിഞ്ഞു നില്‍ക്കട്ടെ. മയ്യിത്ത് കട്ടിലിലേറി തഹ്ലീലുകളോടെ പള്ളിക്കാട്ടിലേക്ക് നീങ്ങുന്ന ആ രംഗം... ആറടി മണ്ണിലേക്ക് ആഴ്ത്തി വെച്ച്മൂന്ന് പിടി മണ്ണ് വാരിയിട്ട് ഭദ്രമായി അടക്കം ചെയ്ത് മറ്റുള്ളവര്‍ തിരിച്ചുപോരുന്ന ആ രംഗം... ചോദ്യം ചെയ്യാനായി മലക്കുകള്‍ കടന്നുവരുന്ന ആരംഗം.. ജീവിതത്തില്‍ ചെയ്തുകൂട്ടിയവക്കനുസരിച്ച് പിന്നീടങ്ങോട്ട് അനുഭവിക്കേണ്ടിവരുന്ന സുഖദുഖങ്ങളെക്കുറിച്ചുള്ള ചിന്ത.. അവയെല്ലാം ഒരോന്നോരോന്നായി മനസ്സിലേക്ക് കടന്നുവരട്ടെ.. തീര്‍ച്ചയായും കണ്ണുകള്‍ നനഞ്ഞുപോവും.. നയനങ്ങള്‍ ആര്‍ദ്രങ്ങളായിത്തീരും.. നാഥന്റെ മുന്പില്‍ ഗദ്ഗദകണ്ഠനായിത്തീരും.. വാക്കുകള്‍ പുറത്തുവരാനാവാതെ മുറിഞ്ഞു പോവുമ്പോള്‍, കണ്ണീര്‍കണങ്ങള്‍ സംസാരിക്കട്ടെ.. അവ നാഥനോട് പൊറുക്കലിനെ തേടട്ടെ... അതാണ് യഥാര്‍ത്ഥ തൌബ.. ചെയ്തുപോയ പാപങ്ങളെ കഴുകിക്കളയാനുള്ള തീര്‍ത്ഥ ജലവും അതു മാത്രമാണ്...ആയതിനാല്‍ ഈ റമദാനിലെങ്കിലും നാം അതിനായി അല്‍പസമയം കണ്ടെത്തുക..നാഥന്‍ തുണക്കട്ടെ...
Leave A Comment