റഹ്മത്തിന്റെ പത്ത് ദിനങ്ങള്‍
തിരുനബി (സ്വ) പറഞ്ഞു: "ഈ പുണ്യ മാസത്തിന്റെ ആദ്യ ദശകം കാരുണ്യത്തിന്റെയും, മധ്യ ദശകം പാപ ശുദ്ധീകരണത്തിന്റെയും, അന്ത്യ ദശകം നരകത്തില്‍ നിന്നുള്ള മോചനത്തിന്റേതുമാകുന്നു" (ബൈഹഖി). റബ്ബിന്റെ കാരുണ്യം മഴയായ് പെയ്തിറങ്ങുമ്പോള്‍ അതില്‍ നനഞ്ഞു കുളിര്‍കൊള്ളണമെങ്കില്‍, തദനുസൃതമായ സല്‍കര്‍മ്മങ്ങളില്‍ വ്യാപൃതരാവുകയും റഹ്മത്തു ചോദിച്ചുകൊണ്ടേയിരിക്കുകയും വേണം. "അല്ലാഹുവേ, എന്നില്‍ നീ കരുണ ചൊരിയേണമേ.. ഏറ്റവും വലിയ കാരുണ്യവാനാണല്ലോ നീ" എന്ന പ്രാര്‍ത്ഥന ആദ്യ പത്തില്‍ കൂടുലതല്‍ ചൊല്ലുന്നത് അതുകൊണ്ടാണ്. അല്ലാഹുവിന്റെ കരുണാകടാക്ഷം ഇഹപര മോക്ഷത്തിനു തീര്‍ത്തും അനുപേക്ഷണീയമത്രെ. അതില്ലെങ്കില്‍ പരമമായ വിജയം അസാധ്യം തന്നെ; പൂര്‍ണ്ണ ഭക്തരായ സജ്ജനങ്ങളാണെങ്കില്‍ പോലും.
തിരുനബി (സ്വ) പറഞ്ഞു: "അറിയുക, നിങ്ങളില്‍ ആരും തന്റെ ആരാധനകൊണ്ട് മാത്രം രക്ഷ പ്രാപിക്കുകയില്ല" ഇത് കേട്ടപ്പോള്‍ അനുചരന്മാര്‍ ആശ്ചര്യപ്പെട്ടു "അല്ലാഹുവിന്റെ തിരുദൂതരെ, അങ്ങും?". തിരുനബി (സ്വ) പ്രതിവചിച്ചു: "ഇല്ല. അല്ലാഹു അവന്റെ ദയാവായ്പ്പുകളാലെന്നെ പൊതിഞ്ഞില്ലെങ്കില്‍ എനിക്കും രക്ഷയില്ല" (മുസ്‌ലിം). ഇതിനു കാരണം, നന്നേ ചെറുതെന്ന് തോന്നുന്നൊരു ദിവ്യാനുഗ്രഹത്തിനോട് പോലും കിടപിടിക്കാന്‍ മനുഷ്യന്‍ ചെയ്യുന്ന സുകൃതങ്ങള്‍ക്കാവില്ല. എന്നാല്‍ അവന്‍ ചൊരിഞ്ഞു തരുന്ന അമൂല്യങ്ങളായ ഔദാര്യങ്ങള്‍ക്കോ കയ്യും കണക്കുമില്ല.
വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: "അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ നിങ്ങള്‍ക്കാവില്ല" (സൂറ: അന്നഹ്ല്‍). എന്നിട്ടാണോ മനുഷ്യനവന്റെ പരിമിതമായ ആരാധനകള്‍ കൊണ്ട് സ്വര്‍ഗ്ഗം പുല്‍കാന്‍ പോകുന്നത്! പ്രവാചക ശ്രേഷ്ടനടക്കം ദീനിന്റെ വിധിവിലക്കുകള്‍ പൂര്‍ണ്ണമായും പാലിച്ചു ജീവിച്ച സല്‍വൃത്ത ദാസന്മാര്‍ക്കും അല്ലാഹുവിന്റെ കനിവ് കൂടാതെ കടമ്പ കടക്കനാവില്ല എന്നാണെങ്കില്‍, ധര്‍മ്മ വിചാരമില്ലാതെ മൃഗ തുല്യമായ ജീവിതം നയിക്കുന്ന ആധുനിക മനുഷ്യന്റെ ദുരിതഗതി പിന്നെ പറയേണ്ടതില്ല. എങ്കിലും, അല്ലാഹു കരുണാമയനാണ്. സ്നേഹവത്സലനാണ്. ദയാപരനാണ്. റഹ്മാനും റഹീമുമാണ്.
Also Read:മാപ്പു നല്‍കുന്ന പത്തു ദിനങ്ങള്‍
കാരുണ്യ സൂചകങ്ങളായ ഒട്ടനേകം ഗുണവിശേഷണങ്ങളുടെ ഉടമയാണവന്‍. അത്തരം ഗുണകണങ്ങളിലൂടെയാണ് അവന്റെ പരിപാലനവും. "നിങ്ങളുടെ നാഥന്‍ അവന്റെമേല്‍ കാരുണ്യം നിശ്ചയിച്ചിരിക്കുന്നു" (സൂറ: അല്‍അന്‍ആം) എന്ന ഖുര്‍ആനിക പ്രഖ്യാപനം കുറിക്കുന്നത് സര്‍വ്വശക്തന്റെ സമീപന രീതിയെയാണ്. കണിശവും പരുഷവുമായ പരിപാലനമല്ല അല്ലാഹുവിന്റേത്, മറിച്ച് കനിവാര്‍ന്നതും ദാക്ഷിണ്യപൂര്‍ണ്ണവുമാണ്. അവന്റെ സര്‍വ്വശക്തിയെയും പരമപ്രതാപത്തെയും സൂചിപ്പിക്കുന്ന വിശേഷണങ്ങള്‍ ഏറെയുണ്ടെങ്കിലും, കാരുണ്യത്തിന്റെ ഗുണകണങ്ങളാണ് മുഴച്ചു നില്‍ക്കുന്നത്.
തിരുനബി (സ്വ) പറഞ്ഞു: "എന്റെ കോപത്തെ എന്റെ കാരുണ്യം മറികടന്നുപോയെന്ന് അല്ലാഹു പറഞ്ഞിരിക്കുന്നു" (മുസ്‌ലിം). ഐഹിക ജീവിതത്തിന്റെ സുഗമക്രമത്തിന് വേണ്ടി അല്ലാഹു വിഹിതിച്ചു തന്ന കാരുണ്യങ്ങളെല്ലാം ചേര്‍ത്തുവച്ചാല്‍ തന്നെ അവന്റെ കൃപാസാഗരത്തിന്റെ ഒരു ശതമാനം മാത്രമേ ആവുന്നുള്ളൂ.
തിരുനബി (സ്വ) വിശദീകരിക്കുന്നത് കാണുക. “അല്ലാഹുവിനു നൂറ് റഹ്മത്തുകളുണ്ട്. അതില്‍ നിന്ന് ഒന്ന് മാത്രമെടുത്ത് ജിന്നും മനുഷ്യരും മൃഗങ്ങളും പ്രാണികളുമടങ്ങുന്ന മുഴുവന്‍ ജീവജാലങ്ങള്‍ക്കുമായി അനുവദിച്ചു തന്നു. അതൊന്നുകൊണ്ട് മാത്രമാണവര്‍ പരസ്പരം കാരുണ്യപ്പെടുന്നതും ദയകൊള്ളുന്നതും. തന്റെ കുളമ്പ് തട്ടി കിടാവിനു മുറിപ്പെടാതിരിക്കാന്‍ മൃഗം കാലുയര്‍ത്തുന്നത് പോലും. ബാക്കിയുള്ള തൊണ്ണൂറ്റി ഒമ്പതും പരലോകത്തേക്കായ് മാറ്റി വച്ചിരിക്കുകയാണ്. അന്ത്യനാളായാല്‍ മേല്‍പ്പറഞ്ഞ ഒരംശവും തിരിച്ചെടുത്തു നൂറ് പൂര്‍ണ്ണമാക്കി സജ്ജനങ്ങള്‍ക്ക് മാത്രമായി ചൊരിഞ്ഞു നല്‍കും” അതെ, അല്ലാഹു ഏറെ കരുണാമയനാണ്. അവന്റെ വിധി നിര്‍ണ്ണയത്തിനു കൃപയുടെ നനവുണ്ട്. അടിമകളുടെ പ്രയത്നങ്ങളെല്ലാം അവനറിയും. കുറവുകളുണ്ടെങ്കിലും സ്വീകരിക്കും. അണുമണിത്തൂക്കമാണെങ്കിലും പ്രതിഫലം നല്‍കും.
ഒരിക്കല്‍, ഒരു കാരക്ക ദാനം നല്‍കിയപ്പോള്‍ സ്വീകരിക്കാന്‍ മടി കാണിച്ച യാചകനോട്, അബ്ദുല്‍ റഹ്മാന്‍ ബിന്‍ ഔഫ് (റ) ചോദിച്ചു: "അണുമണിയോളമാണെങ്കിലും അല്ലാഹു സ്വീകരിക്കും. പിന്നെയുമെന്തേ നീ സ്വീകരിക്കുന്നില്ല?". അല്ലാഹുവിന്റെ വാത്സല്യം മാതൃഹൃദയത്തെയും വെല്ലുന്നതാണ്. കുഞ്ഞിനു മുലയൂട്ടുന്ന ഒരു സ്ത്രീയെ ചൂണ്ടി തിരു നബി (സ്വ) ചോദിച്ചു: "ആ സ്ത്രീ അവളുടെ കുഞ്ഞിനെ തീയിലെറിയുമെന്നു നിങ്ങള്‍ കരുതുന്നുണ്ടോ?" "ഇല്ല, അവള്‍ക്കതിനാവില്ല" സ്വഹാബത്ത് മറുപടി പറഞ്ഞു. അപ്പോള്‍ തിരുനബി (സ്വ) പറഞ്ഞു "എന്നാല്‍ അവളെക്കാള്‍ കാരുണ്യവാനാണ് അല്ലാഹു നിങ്ങളോട്" (ബുഖാരി, മുസ്‌ലിം)
ഇവ്വിധം സ്നേഹമസൃണനായ അല്ലാഹുവിന്റെ കാരുണ്യവൃഷ്ടിയാണ് റമദാനിന്റെ ആദ്യ പത്തു പകലിരവുകളുടെ പ്രത്യേകത. അവന്റെ തിരുനോട്ടത്തിനു പാത്രീഭവിക്കണേ എന്ന ആത്മാര്‍ത്ഥമായൊരു ഉള്‍ത്തേട്ടവും പരിശ്രമങ്ങളും വിശ്വാസികള്‍ക്കുണ്ടെങ്കില്‍, ആ മന്ദമാരുതന്‍ തലോടാതിരിക്കില്ല, തീര്‍ച്ച. അല്ലാഹുവേ, ഞങ്ങളില്‍ നീ കരുണ ചൊരിയേണമേ… ഏറ്റവും വലിയ കാരുണ്യവാനാണല്ലോ നീ...
Leave A Comment