ഹാദിയ കേസും ലൗ-ജിഹാദും; നുണക്കഥകള്‍ വീണ്ടും പൊളിയുന്നു
നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുവെന്നതിന് തെളിവ് ലഭിക്കാത്ത സാഹചര്യത്തില്‍ ഹാദിയകേസ് അവസാനിപ്പിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി തീരുമാനിച്ചത് ഏറെ പ്രതീക്ഷാവഹമാണ്. ലൗ ജിഹാദിന്റെ പേരില്‍ നിരന്തരം ഒരു സമൂഹത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്നതിന്റെ പിന്നില്‍ ആവര്‍ത്തിച്ചുറപ്പിക്കപ്പെട്ട നുണപ്രചരണങ്ങള്‍ മാത്രമാണെന്നതിന് കോടതിയുടെ പുതിയ നിരീക്ഷണം ബലം നല്‍കുന്നു.
അഖിലയെ നിര്‍ബന്ധിച്ചും ബ്രൈന്‍ വാഷ് നടത്തിയുമാണ് ഇസ്‌ലാം മതം സ്വീകരിപ്പിച്ചത് എന്നും സിറിയയിലേക്ക് കടത്താന്‍ വരെ ശ്രമം നടത്തി എന്നുമായിരുന്നു അച്ഛന്‍ അശോകന്‍ സുപ്രീം കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കിയത്. എന്നാല്‍ താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെന്നും ഷെഫിനെ വിവാഹം കഴിച്ചത് എന്നും ഹാദിയ നിലപാടെടുത്തു.
പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയാണ് ഹാദിയ എന്നത് കണക്കിലെടുത്ത് ഷെഫിനൊപ്പം ജീവിക്കാനുള്ള ഹാദിയയുടെ അവകാശത്തെ സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു. ഹാദിയ കേസിന്റെ പശ്ചാത്തലത്തിലാണ് മതം മാറ്റം നടന്നിട്ടുള്ള 11 സമാന വിവാഹങ്ങളെക്കുറിച്ചുള്ള പരാതികള്‍ അന്വേഷണത്തിനായി എന്‍.ഐ.എയുടെ മുന്നിലെത്തുന്നത്. എന്നാല്‍ ലൗജിഹാദോ നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളോ നടക്കുന്നുവെന്നതിന് മതിയായ തെളിവുകളൊന്നും തന്നെ ലഭിക്കാത്ത സാഹചര്യത്തിലാണ് കോടതി പുതിയ നിരീക്ഷണം നടത്തുന്നത്.
കേരളത്തിലും കര്‍ണ്ണാടകയിലും അമുസ്‌ലിം യുവതികളെ പ്രണയം നടിച്ച് ഇസ്‌ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുവാനായി സംഘടിത തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന ആരോപണത്തെത്തുടര്‍ന്ന് ഉയര്‍ന്നുവന്ന വിവാദമാണ് ലൗ ജിഹാദ്. ഒരു കളവ് ആയിരം തവണ ആവര്‍ത്തിച്ചാല്‍ സത്യമാക്കാമെന്ന ഗീബല്‍സിയന്‍ സിദ്ധാന്തം ലൗ ജിഹാദ് വിവാദത്തിലൂടെ ഇസ്‌ലാമിന്റെ ശത്രുക്കള്‍ വിജയകരമായി പ്രയോഗവത്കരിക്കുകയായിരുന്നു.
മലയാളത്തിലെ ഒരു ദിനപ്പത്രമായിരുന്നു ലൗ ജിഹാദുമായി ബന്ധപ്പെട്ട വാര്‍ത്തയുമായി ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് മറ്റു മാധ്യമങ്ങള്‍ അത് ഏറ്റുപിടിക്കുകയായിരുന്നു. ഒടുവില്‍, രാജസ്ഥാനില്‍ ലൗ ജിഹാദ് ആരോപിച്ച് മുഹമ്മദ് അഫ്‌സല്‍ എന്ന 42കാരനെ മഴു ഉപയോഗിച്ച് വെട്ടിയ ശേഷം ജീവനോടെ കത്തിച്ചത് വരെയെത്തി കാര്യങ്ങള്‍.
ജിഹാദികളായവര്‍ രാജ്യം വിട്ടില്ലെങ്കില്‍ അവസ്ഥ ഇതായിരിക്കുമെന്ന് ആക്രോശിക്കുന്നതുള്‍പ്പെടെയുള്ള കൊലപാതക ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ അപ്‌ലോഡ് ചെയ്യപ്പെട്ടത് ജനാധിപത്യവും മതേതരത്വവും നിരന്തരം പ്രഘോഷിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു രാഷ്ട്രത്തിലാണെന്നത് ഏറെ വിരോധാഭാസമാണ്.
എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പ്, കേരളത്തില്‍ ലൗ ജിഹാദ് ഇല്ലെന്ന് ആഭ്യന്തര വകുപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കപ്പെട്ടിരുന്നു. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവുമായി സഹകരിച്ച് ആഭ്യന്തര വകുപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ടായിരുന്നു വര്‍ഷങ്ങളായി സംഘ്പരിവാര്‍ കൊണ്ടുനടക്കുന്ന കളളക്കഥ പൊളിച്ചു തുടങ്ങിയത്. പ്രണയവിവാഹങ്ങള്‍ വഴി നിരവധി പേര്‍ മതം മാറുന്നുണ്ടെങ്കിലും ഇതിലൊന്നും നിര്‍ബന്ധിത മതപരിവര്‍ത്തനമോ പ്രത്യേക അജണ്ടകളോടുകൂടിയ നീക്കങ്ങളോ നടന്നിട്ടില്ലെന്നായിരുന്നു ആഭ്യന്തരവകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നത്.
കേരളത്തില്‍ മുസ്‌ലിംകള്‍ മാത്രമല്ല, ഹൈന്ദവരും ക്രൈസ്തവരും ഒരു മതത്തിലും വിശ്വാസമില്ലാത്തവരുമായ യുവതിയുവാക്കള്‍ പ്രണയിക്കുകയും മതം മാറിയോ അല്ലാതെയോ വിവാഹിതരാവുന്നുമുണ്ട്. അതിലൊന്നും ആസൂത്രിതമായ നീക്കങ്ങള്‍ നടക്കുന്നില്ലെന്നും സ്വാഭാവിക പ്രക്രിയ മാത്രമാണെന്നും പേര്‍ത്തും പേര്‍ത്തും ഈ സമുദായം പറഞ്ഞിട്ടും ഇവിടുത്തെ ഭരണകൂടങ്ങളും മാധ്യമങ്ങളും അത് വിശ്വസിച്ചിരുന്നില്ല. അങ്ങനെയിരിക്കെ പുറത്തുവന്ന പുതിയ കോടതി നിരീക്ഷണം സംഘ്പരിവാറിന്റെ കുപ്രചരണങ്ങളെ തകര്‍ത്തെറിയുന്നുണ്ട്.
ലൗ ജിഹാദ് എന്ന പദം തന്നെ ഹിന്ദുത്വ സൃഷ്ടിയാണ്. തികച്ചും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണ് ലൗ ജിഹാദ് വിവാദം ആരംഭിക്കുന്നത്. കേരളീയ രാഷ്ട്രീയ പരിസരത്ത് വലിയ തോതില്‍ വിളവ് കൊയ്യാനാകുമോ എന്ന പ്രതീക്ഷയോടെ പരീക്ഷണാടിസ്ഥാനത്തിലായിരുന്നു സംഘ്പരിവാര്‍ ഇങ്ങനെയൊരു വിവാദത്തിന് തിരികൊളുത്തുന്നത്.
പത്തനംതിട്ടയില്‍ രണ്ട് എം.ബി.എ വിദ്യാര്‍ഥിനികളെ മുസ്‌ലിം സഹോദരങ്ങള്‍ സ്‌നേഹം നടിച്ച് മതപരിവര്‍ത്തനം നടത്താനും തട്ടിക്കൊണ്ടുപോകാനും ശ്രമിച്ചുവെന്ന കേസ് പരിഗണിക്കവെ കേരള ഹൈക്കോടതി ലൗ ജിഹാദിനെപ്പറ്റിയും ഇതിന്റെ രാജ്യാന്തര തീവ്രവാദങ്ങളെക്കുറിച്ചും അന്വേഷിക്കണമെന്ന് കേരള ഡി.ജി.പിയോടും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോടും ആവശ്യപ്പെട്ടിരൂന്നു. 2009 ഡിസംബര്‍ 9ന് ജസ്റ്റിസ് കെ.ടി ശങ്കരന്‍ നടത്തിയ ഈ നിരീക്ഷണത്തെത്തുടര്‍ന്ന് ലൗ ജിഹാദിനെ പ്രധാനപ്പെട്ട പ്രശ്‌നമായി കാണണമെന്ന് കേരളത്തിലെ ഹൈന്ദവസംഘടനകളും ബി.ജെ.പിയും ആവശ്യമുന്നയിച്ചു തുടങ്ങി.
ഇതിന്റെ പേരില്‍ കേരളത്തിലേയും കര്‍ണ്ണാടകയിലെയും കുറേ നിരപരാധികളായ യുവാക്കള്‍ പോലീസ് സ്‌റ്റേഷനിലും കോടതിയിലുമായി പീഡിപ്പിക്കപ്പെട്ടെങ്കിലും ഒരു സംഭവം പോലും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്ഥിരീകരിക്കാന്‍ കഴിയാത്തത് കാരണം സംഘ്പരിവാര്‍ ഉദ്ധേശിച്ച രാഷ്ട്രീയ ലാഭം പൂര്‍ണ്ണാര്‍ഥത്തില്‍ ഇതിലൂടെ കൊയ്യാന്‍ സാധിച്ചില്ല. ആവര്‍ത്തിച്ചുറപ്പിക്കപ്പെട്ട നുണപ്രചരണങ്ങളില്‍ വഞ്ചിതരായി ലൗ ജിഹാദ് പോലുള്ള പച്ചപ്പൊള്ളുകളുടേ പേരില്‍ ഇനിയും ഒരു സമൂഹത്തെ വേട്ടയാടപ്പെടാതിരിക്കട്ടെ.
Leave A Comment