ഇസ്‌ലാമോഫോബിയ ഇൻ ഇന്ത്യ ഹാഷ്ടാഗ് വൈറൽ
ന്യൂഡൽഹി: മതേതര രാഷ്ട്രമായ ഇന്ത്യയിൽ മുസ്‌ലിം ന്യൂനപക്ഷങ്ങൾക്കെതിരെ വർദ്ധിച്ചുവരുന്ന വിദ്വേഷ പ്രചരണം ഉയർത്തി കാട്ടി ട്വിറ്ററിൽ ഇസ്‌ലാമോഫോബിയ ഇൻ ഇന്ത്യ ഹാഷ്ടാഗ് ശ്രദ്ധേയമാകുന്നു. ലോകത്തുടനീളമുള്ള നിരവധി പ്രമുഖരാണ് വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയിൽ ഗോഹത്യ ആരോപിച്ച് വർഗീയ വിഷം ചീറ്റി ആൾക്കൂട്ടം തല്ലിക്കൊന്ന നിരപരാധികളുടെ ചിത്രങ്ങൾ ഹാഷ്ടാഗുമായി ബന്ധപ്പെട്ട് പലരും പോസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം ഇന്ത്യ മുസ്‌ലിംകൾക്ക് സ്വർഗ്ഗ സമാനമാണെന്ന കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വിയുടെ പരാമർശത്തിന് വലിയ വിമർശനമാണ് ഉയർന്നത്. മുസ്‌ലിംകൾക്കെതിരെ നടന്ന അതിക്രമങ്ങൾ ചൂണ്ടിക്കാട്ടി ഇതാണോ നിങ്ങൾ പറയുന്ന സ്വർഗം എന്ന് പലരും ചോദിക്കുന്നുണ്ട്. ഇന്ത്യ ഹിന്ദു രാഷ്ട്രമാക്കാൻ ശ്രമം നടത്തുന്ന വർഗീയ ഫാസിസ്റ്റ് ശക്തിയായ ആർഎസ്എസിനെയും പലരും കടന്നാക്രമിക്കുന്നുണ്ട്.

മുസ്‌ലിംകൾക്കെതിരെ നിരന്തരമായി വാർത്തകൾ പ്രചരിപ്പിക്കുന്ന മാധ്യമപ്രവർത്തകർക്കെതിരെയും നിശിത വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. നേരത്തെ യുഎഇ രാജകുടുംബാംഗമായ ഹെന്ത് അല്‍ ഖാസിമി ഇന്ത്യന്‍ വംശജനായ സൗരഭ് ഉപാധ്യായ് എന്ന വ്യക്തി പങ്കുവച്ച ചില ട്വീറ്റുകള്‍ ചൂണ്ടിക്കാട്ടി ഇസ്‌ലാമോഫോബിയക്കെതിരെ രംഗത്തെത്തിയിരുന്നു.

ഇതോടെ ഇന്ത്യയിലെ വലതുപക്ഷ രാഷ്ട്രീയക്കാരുടെയും സോഷ്യൽ മീഡിയ പോസ്റ്റുകൾ ശ്രദ്ധിക്കപ്പെട്ടു. ബിജെപി എംപി തേജസ്വി സൂര്യ 5 വർഷങ്ങൾക്കു മുമ്പ് ട്വിറ്ററില്‍ കുറിച്ച പോസ്റ്റിനെതിരെയും അറബ് രാജ്യങ്ങളില്‍ ശക്തമായ പ്രതിഷേധമുയർന്നു. ഇത്തരം പോസ്റ്റുകൾക്കെതിരെയുള്ള പ്രതിഷേധങ്ങൾ രൂക്ഷമായതോടെയാണ് ട്വിറ്ററിൽ ഇസ്‌ലാമോഫോബിയ ഇൻ ഇന്ത്യ എന്ന ഹാഷ് ടാഗ് ട്രൻഡായി മാറിയത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter