കര്‍മവും കരുത്തും
കര്‍മവും കരുത്തും


ഉമറുബ്‌നുല്‍ ഖത്താബ്(റ)വില്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ''നബി(സ) പറഞ്ഞതായി ഞാന്‍ കേട്ടു. തീര്‍ച്ചയായും കര്‍മ്മങ്ങള്‍ സ്വീകരിക്കപ്പെടുന്നത് ഉദ്ദേശ്യങ്ങള്‍ക്കനുസൃതമായാണ്. ഓരോ വ്യക്തിക്കും താനുദ്ദേശിച്ചതെന്തോ അത് മാത്രമാണ് ലഭിക്കുക. ആരുടെയെങ്കിലും പലായനം അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കുമാണെങ്കില്‍ അവന്റെ പലായനം അല്ലാഹുവിങ്കലും അവന്റെ ദൂതനിലും എത്തിച്ചേരും. ഐഹിക നേട്ടത്തിനു വേണ്ടിയാണ് ഒരാളുടെ ഹിജ്‌റയെങ്കില്‍ അതവന് ലഭിക്കും. അല്ലെങ്കില്‍ ഒരു പെണ്ണിനെ വേള്‍ക്കാന്‍ വേണ്ടിയാണ് ഒരാളുടെ ഹിജ്‌റയെങ്കില്‍ അവളെ വിവാഹം ചെയ്യാം. ചുരുക്കത്തില്‍, എന്തിനു വേണ്ടിയാണോ ഒരാള്‍ ഹിജ്‌റ ചെയ്യുന്നത് അത് മാത്രമാണ് അവന് ലഭിക്കുക'' (ബുഖാരി, മുസ്‌ലിം).

ജീവിതം കര്‍മ്മങ്ങളുടെ കൃഷിയിടമാണ്. വിതക്കുന്നതിനനുസരിച്ച് വിളവ് കിട്ടുന്ന തീര്‍ത്തും ലാഭകരമായ ഒരു കൃഷിയിടം. ഈ കര്‍മ്മങ്ങള്‍ക്കുള്ള ഫലശ്രുതിയെന്നോണം സ്രഷ്ടാവിന്റെ സന്നിധിയില്‍ വെച്ച് അവന് തക്ക പ്രതിഫലം ലഭിക്കുക തന്നെ ചെയ്യും. എന്നാല്‍ ഇവിടെ ശ്രദ്ധേയമായ ഒരു വസ്തുതയുണ്ട്. മേലുദ്ധരിച്ച സുദീര്‍ഘമായ ഹദീസ് വചനം സൂചിപ്പിക്കും പോലെ കര്‍മ്മങ്ങളുടെ അകക്കാമ്പ് നോക്കി മാത്രമേ അവക്ക് പ്രതിഫലം ലഭിക്കുകയുള്ളൂ. പുറംമോടിക്കോ ബാഹ്യ ഘടനക്കോ പ്രതിഫല ലബ്ധിയില്‍ അശേഷം പങ്കില്ല തന്നെ.
Also read: https://islamonweb.net/ml/23-February-2017-369
ആരെങ്കിലും സ്രഷ്ടാവായ അല്ലാഹുവിന്റെ പ്രതിഫലം മാത്രം ലക്ഷ്യം വെച്ച് എന്തെങ്കിലും സല്‍കര്‍മ്മം അനുഷ്ഠിച്ചാല്‍ അതിന് അല്ലാഹുവിങ്കല്‍ നിന്നും കൂലി ലഭിക്കുന്നു. ഇനി ഒരുത്തന്‍ തന്റെ പ്രവൃത്തികള്‍ കൊണ്ട് വല്ല കാര്യലാഭവുമാണ് ലക്ഷ്യമിട്ടതെങ്കില്‍ അതവന് അനുഭവിക്കാന്‍ സാധിച്ചേക്കും. പക്ഷെ, അല്ലാഹുവിന്റെ അടുക്കല്‍ ഈ പ്രവര്‍ത്തനത്തിന് ഒരു ഫലവും ലഭ്യമാകില്ലതന്നെ. ഹദീസില്‍ പരാമൃഷ്ടമായ ഹിജ്‌റയും പലായനവുമെല്ലാം സൂചിപ്പിക്കുന്നത് കര്‍മ്മങ്ങള്‍ എത്രമാത്രം ദുഷ്‌കരങ്ങളും പ്രയാസപൂര്‍ണവുമായാലും ശരി ഉദ്ദേശ ശുദ്ധിയനുസരിച്ചേ ഫലം കാണൂ എന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ്. സ്വന്തം നാടും വീടും ഉപേക്ഷിച്ച് പലായനം ചെയ്യുന്നത് വളരെയധികം ത്യാഗപൂര്‍ണമായ പ്രവര്‍ത്തനമാണ്. അതുപോലും ഉദ്ദേശ ശുദ്ധിയുടെ അഭാവത്തില്‍ നിഷ്ഫലമായിത്തീരും. നബി(സ)യുടെ സ്വഹാബികളില്‍പെട്ട ഒരു വ്യക്തി സുന്ദരിയും സമ്പന്നയുമായ ഉമ്മുഖൈസാനെ വിവാഹം ചെയ്യാന്‍ വേണ്ടി ഹിജ്‌റ ചെയ്ത കാര്യമാണ് ഹദീസ് സൂചിപ്പിക്കുന്നത്.

നമ്മുടെ വാക്കുകളിലും പ്രവൃത്തികളിലും ഉദ്ദേശശുദ്ധിയുണ്ടായിരിക്കണം. ഓരോ പ്രവൃത്തി ചെയ്യുന്നതും ആത്മാര്‍ത്ഥതയോടെയും മനഃസാന്നിദ്ധ്യത്തോടെയുമായിരിക്കുക എന്നതാണ് ഉദ്ദേശശുദ്ധി എന്നര്‍ത്ഥമുള്ള 'ഇഖ്‌ലാസ്' എന്ന അറബി പദത്തിന്റെ വിവക്ഷ.  തനിക്ക് ആരാധനകളര്‍പ്പിക്കാന്‍ വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ട സമൂഹമെന്നാണ് അല്ലാഹു മനുഷ്യ ജിന്നു വര്‍ഗങ്ങളെക്കുറിച്ച് പറഞ്ഞത്. പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിന് ആരാധനാകര്‍മ്മങ്ങള്‍ അര്‍പ്പിക്കുമ്പോള്‍ ഉദ്ദേശശുദ്ധി അത്യാവശ്യമാണ്. അഥവാ, നാം നാഥനെ വണങ്ങുമ്പോള്‍ നാമവനെ കാണുന്നതുപോലെയായിരിക്കണം. കാരണം നാമവനെ കാണുന്നില്ലെങ്കിലും അവന്‍ നമ്മെ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു: ''വണക്കം അല്ലാഹുവിനു മാത്രം ആക്കിക്കൊണ്ടും യാതൊരു വക്രതയും ഇല്ലാത്തവരായിക്കൊണ്ടും അവനെ ആരാധിക്കാനും നിസ് കാരം നിര്‍വഹിക്കാനും സക്കാത്ത് കൊടുക്കാനും മാത്രമാണ് അവര്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത്. അതത്രെ ഋജുവായ മതം.'' (സൂറത്തുല്‍ ബയ്യിന 5)
Also read:https://islamonweb.net/ml/7-39033
എന്നാല്‍, ഇന്ന് ജീവിതക്രമം ആകെ മാറിമറിഞ്ഞിരിക്കുന്നു. എന്തിനും ഏതിനും അപരന്റെ അംഗീകാരവും സര്‍ട്ടിഫിക്കേഷനും അത്യാവശ്യമാണിന്ന്. ഒരാള്‍ നല്ല ധര്‍മ്മിഷ്ടനാകണമെങ്കില്‍ നാലാളറിയണം. ചുറ്റുവട്ടത്തുള്ള ആളുകളറിഞ്ഞാലേ ഒരാള്‍ക്ക് ഒരു സദ്‌വൃത്തനായ അടിമയായി മാറാന്‍ കഴിയൂ എന്നതാണ് ഇന്നിന്റെ യാഥാര്‍ത്ഥ്യം. അങ്ങനെ മനുഷ്യന്റെ സര്‍വ്വമാന പ്രവര്‍ത്തനങ്ങളും അന്യന്റെ തൃപ്തിക്ക് മാത്രമുള്ളതായിപ്പോയപ്പോള്‍, സ്രഷ്ടാവായ അല്ലാഹുവിനെക്കുറിച്ചുള്ള  ചിന്തകള്‍ പോലും മനസ്സില്‍നിന്നും അറുത്തെറിയപ്പെട്ടു തുടങ്ങി. അങ്ങനെ ആത്മാര്‍ത്ഥതയെന്ന വസ്തുതക്കു പകരം ലോകമാന്യവും പേരും പെരുമകളും മാത്രം നിറഞ്ഞ, കേവലം കാട്ടിക്കൂട്ടലുകളായി കര്‍മ്മങ്ങള്‍ അധഃപതിച്ചു പോയി. എല്ലാം ചേതനയറ്റ ശരീരം പോലെ മാറിയെന്നു ചുരുക്കം.

എന്നാല്‍, ആത്മാവില്ലാത്ത ഇത്തരം ആരാധനാഭാസങ്ങളുമായി നടക്കുന്നവര്‍ ഒരുകാര്യം ഗൗരവത്തോടെ ചിന്തിക്കേണ്ടതുണ്ട്. അഥവാ, തങ്ങളുടെ വിക്രിയകളൊന്നും സ്രഷ്ടാവിന്റെ സമക്ഷം വിലപ്പോവില്ലെന്നും അവയ്ക്കുള്ള പ്രതിഫലങ്ങള്‍ അവര്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ നല്‍കിയ അളുകളോടു തന്നെ ചോദിക്കേണ്ടിവരുമെന്നുള്ള യാഥാര്‍ത്ഥ്യം അവര്‍ മറന്നുകൂടാ.
സല്‍കര്‍മ്മങ്ങളും സുകൃതങ്ങളും അരോചകമായി മനസ്സിലാക്കപ്പെടുന്ന ഈ കാലഘട്ടത്തെ കുറിച്ചായിരിക്കണം റസൂല്‍(സ) പറഞ്ഞത്, എന്റെ സമുദായത്തിന്റെ നാശകാലത്ത് ഏതൊരുത്തന്‍ എന്റെ ചര്യ മുറുകെപ്പിടിച്ചോ, അവന് നൂറ് രക്തസാക്ഷികളുടെ പ്രതിഫലമുണ്ട്. അതുകൊണ്ട് ഏവരും ഒരു പുനര്‍വിചിന്തനം നടത്തുക. തങ്ങള്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ എത്രമാത്രം ആത്മാര്‍ത്ഥമാണെന്ന് ഓരോരുത്തരും ആത്മപരിശോധന നടത്തുക. പാകപ്പിഴവുകള്‍ വന്നു പെട്ടിട്ടുണ്ടെങ്കില്‍ പരിഹരിക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കുക. ചേതനയറ്റ കര്‍മ്മ മണ്ഡലങ്ങള്‍ക്ക് സ്രഷ്ടാവിനെക്കുറിച്ചുള്ള ചിന്തകളിലൂടെ നവജീവന്‍ പകരുക. അല്ലാഹു ആരുടെയും ശരീരത്തിലേക്കോ ആകാര സൗഷ്ടവത്തിലേക്കോ അല്ല നോക്കുന്നത്, പ്രത്യുത, ഓരോരുത്തരുടെയും ഹൃദയത്തിലേക്കാണ്.
(സുന്നിഅഫ്കാര്‍ വാരിക, 2005, മെയ്: 28, സുന്നിമഹല്‍, മലപ്പുറം)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter