മറ്റുള്ളവര്‍ക്ക് നന്മ ആഗ്രഹിക്കല്‍

ഉഖ്ബത്തിന്റെ മകള്‍ ഉമ്മുകുല്‍സൂം (റ) പറയുന്നു: ''മൂന്നു വ്യക്തികള്‍ പറയുന്ന കാര്യങ്ങളിലല്ലാതെ കളവ് പറയുന്നതില്‍ അല്ലാഹുവിന്റെ റസൂല്‍(സ) വിട്ടു വീഴ്ച നല്‍കുന്നത് ഞാന്‍ കേട്ടിട്ടില്ല. അവരെ കള്ളം പറയുന്നവരായി ഞാന്‍ കണക്കാക്കുന്നില്ലെന്ന് നബി(സ) പറയുമായിരുന്നു. ആളുകള്‍ക്കിടയില്‍ മസ്‌ലഹത്തുണ്ടാക്കല്‍ മാത്രം ഉദ്ദേശിച്ചുള്ള സംസാരം, യുദ്ധ കാര്യത്തില്‍ അമീര്‍ നടത്തുന്ന സംസാരം, ഭാര്യ ഭര്‍ത്താവിനോടോ ഭര്‍ത്താവ് ഭാര്യയോടോ (മസ്‌ലഹത്തിന്നു വേണ്ടി) പറയുന്ന വാക്കുകള്‍ (ഇവയാണ് പ്രസ്തുത മൂന്നു കാര്യങ്ങള്‍) (അബൂദാവൂദ്). കള്ളം പറയല്‍ ഇസ്‌ലാമിക ദൃഷ്ട്യാ കുറ്റകരമാണ്. യഥാര്‍ത്ഥത്തിലുള്ളതിന്നെതിരെ സംസാരിക്കുന്നതാണല്ലോ കളവ് പറയല്‍. ''അല്ലാഹുവിന്റെ ആയത്തുകളെ വിശ്വസിക്കാത്തവരാണ് വ്യാജം കെട്ടിച്ചമക്കുന്നവര്‍. അവര്‍ തന്നെയാണ് കള്ളം പറയുന്നവര്‍'' എന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. സദാ കള്ളം പറയുന്നത് മുനാഫിഖിന്റെ (കപട വിശ്വാസിയുടെ) ലക്ഷണമാണെന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. മാന്യതക്കും മനുഷ്യന്റെ നല്ല സംസ്‌കാരത്തിനും യോജിച്ചതല്ല കള്ളം പറയല്‍ എന്ന് എല്ലാവരും അംഗീകരിക്കുന്നു.

നാവ് കൊണ്ടുണ്ടാകുന്ന വിപത്തുകളില്‍ ഗുരുതരമായ ഒരു വിപത്തായി കളവ് പറയുന്നതിനെ മഹാന്മാര്‍ വിവരിച്ചിട്ടുണ്ട്. എന്നാല്‍, കള്ളം പറയുന്നത് നല്ല കാര്യമായി പരിഗണിക്കപ്പെടുന്ന ഏതെങ്കിലും സാഹചര്യമുണ്ടോ? ഉണ്ടെന്നാണ് ഉദ്ധൃത തിരുവാക്യം ഉണര്‍ത്തുന്നത്. ഒരു സമൂഹത്തിന്റെ, ഒരു രാജ്യത്തിന്റെ, ഒരു കുടുംബത്തിന്റെ സുരക്ഷിതത്വം, കെട്ടുറപ്പ്, സ്വസ്ഥത, സാഹോദര്യബന്ധം എന്നിത്ത്യാതി പൊതുനന്മകളുമായി ബന്ധപ്പെട്ടു കളവ് പറഞ്ഞാല്‍ മാത്രമേ കൈവരൂ എന്ന സ്ഥിതിവിശേഷം സംജാതമാകുന്ന പ്രത്യേക സാഹചര്യത്തില്‍ പ്രസ്തുത നന്മയുടെ സംസ്ഥാപനത്തെ ഉദ്ദേശിച്ച് കളവ് പറയുന്നതിനെ വിട്ടു വീഴ്ചാമനോഭാവത്തോടെ ഇസ്‌ലാം നോക്കിക്കാണുന്നു. അതൊരു 'റുഖ്‌സ്വ:'യാണ്. സാധാരണ സ്ഥിതിയില്‍ അനുവദനീയമല്ലാത്ത ഒരു കാര്യം അനിവാര്യ(ളറൂറത്തിന്റെ) ഘട്ടത്തില്‍ അനുവദിച്ചുകൊടുക്കുന്നതിനെയാണ് സാങ്കേതികമായി 'റുഖ്‌സ്വ' എന്ന് പറയുന്നത്.

രണ്ടു വ്യക്തികള്‍ക്കിടയിലെ, കുടുംബത്തിന്നിടയിലെ ഭിന്നിപ്പുകളും അസ്വാരസ്യങ്ങളും പറഞ്ഞു തീര്‍ത്ത് അവര്‍ക്കിടയില്‍ സൗഹൃദബന്ധം പുനഃസ്ഥാപിക്കുന്നത് പുണ്യകര്‍മ്മമാണ്. ''നിങ്ങള്‍ക്കിടയിലെ ഭിന്നിപ്പുകള്‍ നിങ്ങള്‍ മസ്‌ലഹത്താക്കുക'' എന്നാണ് ഖുര്‍ആന്‍ ആജ്ഞ. മസ്‌ലഹത്ത് ശ്രമത്തില്‍ അല്ലാഹുവിന്റെ പ്രത്യേക പരിഗണനയുണ്ടാകുമെന്നും ഖുര്‍ആന്‍ പരാമര്‍ശത്തില്‍നിന്ന് മനസ്സിലാക്കാം. അങ്ങനെയൊരു പുണ്യകര്‍മം വിജയകരമായി പര്യവസാനിക്കണമെങ്കില്‍ കക്ഷികള്‍ പരസ്പരം പറഞ്ഞ പല കാര്യങ്ങളും മറച്ചു വെക്കേണ്ടി വരും. പറഞ്ഞത് പറഞ്ഞിട്ടില്ല എന്നു പറയേണ്ടിവരും. മധ്യസ്ഥനാണ് യുക്തിപോലെ അതൊക്കെ ചെയ്യേണ്ടത്. ആത്മാര്‍ത്ഥമായ രജ്ഞിപ്പ് കക്ഷികള്‍ക്കിടയില്‍ ഉണ്ടാകണമെന്നു സദുദ്ദേശ്യത്തോടെ ഇത്തരം ഘട്ടങ്ങളില്‍ അങ്ങനെ ചെയ്യാവുന്നതാണ്.

Also Read:ഐക്യത്തോടെ ജീവിക്കണോ? സലാം പറയണം; പരിചിതരോടും അപരിചിതരോടും

ദുരുദ്ദേശ്യമോ സ്വാര്‍ത്ഥതാല്‍പര്യമോ മധ്യസ്ഥര്‍ക്കുണ്ടാവാന്‍ പാടില്ല. ഒരു സേനാധിപന്‍, യുദ്ധനായകന്‍ എതിര്‍സൈന്യത്തിന്റെ നീക്കങ്ങളെ കുറിച്ചും അവരുടെ ആയുധശക്തിയെ കുറിച്ചും അംഗത്വബലത്തെ കുറിച്ചും സ്വന്തം സൈന്യത്തിനും ജനങ്ങള്‍ക്കും തെറ്റായ വിവരങ്ങള്‍ നല്‍കുന്നത്, തന്ത്രപരമായ നീക്കങ്ങള്‍ മറച്ചു വെച്ച് മറ്റൊന്ന് പരസ്യമാക്കുന്നത് തുടങ്ങിയ കാര്യങ്ങളൊക്കെ യുദ്ധവിജയത്തിന് ആവശ്യമാകുന്ന സാഹചര്യത്തില്‍ അങ്ങനെ ചെയ്യുന്നത് കുറ്റകരമല്ല. സ്വന്തം അണികള്‍ക്ക് ആത്മവിശ്വാസവും വിജയപ്രതീക്ഷയും പ്രദാനം ചെയ്യാന്‍ അതുപകരിക്കും. യുദ്ധം തന്നെ ഒരു ചതിയാണെന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. യുദ്ധ പരാജയം സൈന്യത്തെ മാത്രമല്ല പ്രതികൂലമായ ബാധിക്കുക, രാജ്യത്തിനും ജനങ്ങള്‍ക്കും അത് കഷ്ടപ്പാട് വരുത്തും. അങ്ങനെ വരാതിരിക്കാന്‍ പരമാവധി ശ്രമിക്കേണ്ടത് സേനാധിപന്റെയും ഭരണകര്‍ത്താവിന്റെയും ബാധ്യതയാണ്.

ദാമ്പത്യജീവിതം സുദൃഢവും സുഖദായകവുമായിരിക്കണം. കുടുംബ ജീവിതത്തിന്റെ അസ്ഥിവാരം ദാമ്പത്യബന്ധമാണ്. ദമ്പതികള്‍ക്കിടയിലുണ്ടാകുന്ന അസ്വാരസ്യങ്ങളും ഭിന്നിപ്പുകളും കുടുംബ ജീവിതത്തിന്റെ ഭദ്രതയ്ക്ക് വിഘ്‌നം വരുത്തും. ദമ്പതികള്‍ക്കിടയില്‍ രജ്ഞിപ്പ് നഷ്ടപ്പെടാന്‍ പലപ്പോഴും കാരണമാകുന്നത് പരസ്പരമുള്ള വിശ്വാസമില്ലായ്മയും തെറ്റിദ്ധാരണയുമാണ്. ഭര്‍ത്താവിന്റെ നീക്കങ്ങളില്‍ ഭാര്യക്കും ഭാര്യയുടേതില്‍ ഭര്‍ത്താവിനും സംശയങ്ങള്‍ ഉണ്ടാകുക സ്വാഭാവികമാണ്. ക്രമേണ സംശയങ്ങള്‍ തുറന്നുപറയാനും അത് പരസ്പര വഴക്കിനും ഇടവരുത്തും. അനന്തരഫലം ദാമ്പത്യബന്ധത്തിന്റെ വിഛേദനമായിരിക്കും. ഈ ദുരവസ്ഥ ഒഴിവാക്കാന്‍ യാഥാര്‍ത്ഥ്യം മറച്ചു വെച്ച് സംസാരിക്കുന്നത് പ്രയോജനപ്പെടുമെങ്കില്‍ അത് അനുവദനീയമാണ്.

ചുരുക്കത്തില്‍, മാനുഷിക നന്മയുടെയും രജ്ഞിപ്പിന്റെയും വെളിച്ചത്തിലേക്ക് ചെന്നെത്താന്‍ ഏക പോംവഴി യാഥാര്‍ത്ഥ്യത്തിന് എതിരെയുള്ള ഒരു വാക്കാണെങ്കില്‍ അനിവാര്യഘട്ടമെന്ന നിലയില്‍ ബന്ധപ്പെട്ടവര്‍ക്ക് അങ്ങനെയാവാം എന്നാണ് ഉപരിസൂചിത തിരുവാക്യത്തില്‍ നിന്ന് ലഭിക്കുന്ന ഗുണപാഠം. കള്ളം പറയുന്നതിനെ ഇസ്‌ലാം അനുകൂലിക്കുന്നുവെന്ന് പ്രസ്തുത നബിവാക്യത്തില്‍നിന്ന് മനസ്സിലാക്കാന്‍ ഒരിക്കലും പഴുതില്ല. മൂന്നു ഘട്ടങ്ങളാണ് ഹദീസില്‍ വ്യക്തമാക്കി പറഞ്ഞത്. കളവ് പറയുന്ന വ്യക്തിക്കല്ല, മറിച്ച് സമൂഹത്തിന് ഒന്നടങ്കം ഗുണഫലം ലഭിക്കുന്ന സന്ദര്‍ഭങ്ങളാണ് അവയോരോന്നുമെന്ന് വളരെ വ്യക്തമാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter