നിന്‍റെ മാല മോഷ്ടിക്കാന്‍ ഡല്‍ഹിയില്‍ നിന്ന് ആളെത്തി തുടങ്ങിയിരിക്കുന്നു
 width=തിങ്കളാഴ്ച മലയാളത്തിലെ മിക്കവാറുമെല്ലാം മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്ത ഒരു വാര്‍ത്തയുണ്ട്. ഡല്‍ഹി കേന്ദ്രമായുള്ള ഒരു മോഷണസംഘത്തെ കുറിച്ചാണത്. റോഡിലൂടെ പോകുന്ന സ്ത്രീകളുടെ ആഭരണം ബൈക്കിലെത്തി മോഷ്ടിക്കുകയാണ് ഇവരുടെ രീതി. അതിലെ രണ്ടു പേരെ കഴിഞ്ഞ ദിവസം കോഴിക്കോട് വെച്ച് നാട്ടുകാര് പിടിക്കുകയും പോലീസിലേല്‍പ്പക്കുകയും ചെയ്തു. പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ആഭരണം മോഷ്ടിക്കാനായി ഡല്‍ഹിയില്‍ നിന്ന് വിമാനമാര്‍ഗമെത്തുന്ന മോഷ്ടാക്കളുടെ ഒരു സംഘത്തെ കുറിച്ച് വിവരം ലഭിക്കുന്നത്. വാര്‍ത്ത തുടരുന്നത് നോക്കുക: മോഷണം നടത്താനായി വിമാനത്തിലെത്തുന്ന ഇവര്‍  ദൗത്യത്തിനു  ശേഷം ട്രെയിനിലാണ് ഡല്‍ഹിയിലേക്ക് മടങ്ങുന്നത്. തികച്ചും ആസൂത്രിതമാണ് ഇവരുടെ മോഷണരീതി. ഡല്‍ഹിയില്‍ നിന്ന് വിമാനത്തില്‍ മോഷണം നടത്താനുള്ള സ്ഥലങ്ങളിലെത്തും. അതേസമയം തന്നെ ഇവര്‍ക്ക് സഞ്ചരിച്ച് മോഷണം നടത്താനുള്ള ബൈക്ക് റെയില്‍വെ പാഴസല്‍ വഴി അതേ സ്ഥലത്ത് എത്തിയിട്ടുണ്ടാവും. ബൈക്ക് റെയില്‍വെ സ്റ്റേഷനിലെ പാര്‍ക്കിങ്ങില്‍ വെക്കും. രാവിലെ ആറുമുതല്‍ പതിനൊന്നു വരെയും വൈകിട്ട് മൂന്നുമുതല്‍ ആറു വരെയുമാണ് ബൈക്കില്‍ പലയിടങ്ങളിലായി കറങ്ങി ഇവര്‍ മോഷണം നടത്തുന്നത്. ഒരാഴ്ചയോളം മാത്രമേ ഒരു സ്ഥലത്ത് തുടരുകയുമുള്ളൂ. മോഷ്ടിച്ച സ്വര്‍ണമാലകള്‍ ഇവര്‍ സ്വര്‍ണക്കട്ടിയാക്കി ഡല്‍ഹിയിലേക്ക് കടത്തുകയാണ് പതിവ്. ദൗത്യം കഴിഞ്ഞാല്‍ ബൈക്ക് പാഴ്സല്‍ വഴി ഡല്‍ഹിക്ക് അയക്കുകയും ചെയ്യും ഇവരുടെ തലവന്‍ ഡല്‍ഹിയിലാണെന്നും കേരളീയരുടെ ആഭരണഭ്രമം തിരിച്ചറിഞ്ഞ ഇയാള്‍ ഇത്തരം ഓരോ സംഘങ്ങളെ അയക്കുകയുമാണ് പതിവെന്നും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു. മുമ്പും ഈ സംഘം മോഷണത്തിനായി കേരളത്തിലെത്തിയിട്ടുണ്ടെന്നും ഇവര്‍ക്കൊപ്പം മറ്റു ആറുസംഘങ്ങള്‍ കൂടി കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലിപ്പോള്‍ മോഷണം നടത്തുന്നുണ്ടെന്നും വാര്‍ത്തയിലുണ്ട്. ഇതിനെ വെറും ഒരു മോഷണറാക്കറ്റിന്‍റെ വാര്‍ത്തയായി വായിച്ചാല്‍ പോരാ. മറിച്ച് ഇതിലെ മോഷണകഥക്കപ്പുറം നമുക്ക് ചില പാഠങ്ങളുണ്ട്. മലയാളികളുടെ ആഭരണഭ്രമം ഡല്‍ഹിക്കാര്‍ വരെ തിരിച്ചറിഞ്ഞിരിക്കുന്നുവെന്നതാണത്. അതിലുപരി നമുക്ക് അത് ഇതുവരെ തിരിച്ചറിയാനായിട്ടില്ലെന്നതും.  മലബാറിലെ മുസ്‌ലിം പെണ്ണങ്ങളാണ് ഈ വാര്‍ത്തയെ കുറിച്ച് കൂടുതല്‍ ആലോചിക്കേണ്ടത്. ആഭരണത്തോടുള്ള ഭ്രാന്തമായ ഈ ഭ്രമം അത്ര ശക്തമായി മറ്റാരിലും കാണില്ലെന്ന് തോന്നുന്നു. വടക്കു മുതല്‍ തൃശൂര്‍ വരെയുള്ള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ഈ സംഘത്തിന്‍റെ മോഷണ പരിപാടി നടക്കുന്നതെന്ന് റിപ്പോര്‍ട്ടുകളില്‍ തന്നെയുണ്ട്. ആഭരണഭ്രമം അവിടത്തുകാര്‍ക്ക് ഇതരമലയാളികളെ അപേക്ഷിച്ച് കൂടുതലാണെന്ന് തിരിച്ചറിഞ്ഞതിനാലാവണം, ആറും ഏഴും സംഘങ്ങളായി വന്നിട്ടും ഇവിടങ്ങളിലൊക്കെ തന്നെ ചുറ്റിപ്പറ്റി മോഷണം നടത്തുന്നത്.  width=ആഭരണം ഉപയോഗിക്കുന്നതിന് ആരും എതിരല്ല. അതു പക്ഷെ അലങ്കാരത്തിനാണെന്ന ബോധം വേണം. ആഭരണം കൊണ്ട് ശരീരകമാകെ മൂടുന്ന ഒരു വല്ലാത്ത ഏര്‍പ്പാടാണ് പൊതുവെ നമ്മുടെയൊക്കെ വീടുകളില് ‍കാണുന്നത്. സ്വര്‍ണവില ചിരകാല റെക്കോര്‍ഡിലുള്ള ഇക്കാലത്തും ആഭരണം നമ്മുടെ മാറത്ത് അപ്പടി തന്നെ ചുരുണ്ടു കിടക്കുന്നുണ്ട്, കൈകളില്‍ ശബ്ദിച്ചും. ആഭരണത്തോടുള്ള ഒരു സമൂഹത്തിന്‍റെ ഭ്രമമാണിത് കാണിക്കുന്നത്. മാര്‍ക്കറ്റില്‍ സ്വര്‍ണവില ഉയരുന്നത് മലയാള മാധ്യമങ്ങളില്‍ എത്രയോ തവണ മുഖ്യവാര്‍ത്തയായി വന്നു കണ്ടിട്ടുണ്ട്. അരിയുടെയും അവശ്യസാധനങ്ങളുടെയും വില ഉയരുന്ന അതെ പ്രാധാന്യത്തോടെയാണ് മലയാള മാധ്യമങ്ങള്‍ സ്വര്‍ണവില കൂടുന്നതിനെയും കൈകാര്യം ചെയ്യാറുള്ളത്. കുറിപ്പുകാരന്‍ ഇടയ്ക്ക് കേരളത്തിന് പുറത്തായിരുന്ന രണ്ടു വര്‍ഷങ്ങളിലാണ് സ്വര്‍ണത്തിന് മാര്‍ക്കറ്റില്‍ വില കുതിച്ചുയര്‍ന്നത്. എന്നാല്‍ അക്കാലത്തൊന്നും ഒരിക്കല്‍ പോലും കേരളത്തിനു പുറത്തുളള പത്രങ്ങളില്‍ സ്വര്‍ണവില മുഖ്യവാര്‍ത്തയായി വന്നുകണ്ടിട്ടില്ല, ഒരു പത്രത്തിലും. അതോ വന്നിട്ടും കാണാതിരിക്കുകയായിരുന്നോ? അറിയില്ല. മലബാറിലെ മുസ്‌ലിം സ്ത്രീകള്‍ ചലിക്കുന്ന ജ്വല്ലറികളാണെന്ന് പൊതുവെ പറയാറുണ്ട്. നമ്മുടെ വീട്ടിലെ സ്കൂളില്‍ പോകുന്ന കുട്ടികള്‍ വരെ ആഭരണത്തോട് കാണിക്കുന്ന ഭ്രമം കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്. സ്തൈണമായ അവരുടെ താത്പര്യമെന്നതിലുപരി എന്തോ ഒന്ന് അവരില് പ്രവര്‍ത്തിക്കുന്നതായി തോന്നിയിട്ടുണ്ട്. സകാത്ത് സംബന്ധിയായി നടക്കുന്ന ചര്‍ച്ചകളിലും ക്ലാസുകളിലുമെല്ലാം കാര്യമായി ഉയരുന്ന ചോദ്യം ആഭരണത്തിലെ സകാത്തിനെ സംബന്ധിച്ചാണ്. സകാത്ത് ഇനമായി ഒന്നും കൈയിലില്ലാത്തവന്‍റെ വീട്ടിലുമുണ്ട് പെട്ടിയില്‍ ഭദ്രമാക്കി പൂട്ടിവെച്ച ആഭരണക്കൂട്ടങ്ങളെന്നര്‍ഥം. അതിന്‍റെ മസ്അല ചര്‍ച്ച ചെയ്യുകയല്ലയിവിടെ. മറിച്ച് ആഭരണത്തോട് നാം കാണിക്കുന്ന ഭ്രമത്തെയാണ്  ആ ചോദ്യവും കാണിക്കുന്നതെന്ന് സൂചിപ്പിക്കുകയാണ്. എന്തും ആര്‍ഭാടമാക്കുന്ന രീതിയാണ് പൊതുവെ മലബാറിലെ മുസ്‌ലിംകളുടെത്. വീടുവെയ്ക്കുന്നതിലും മറ്റുമെല്ലാം കാണിക്കുന്ന ഈ ആര്‍ഭാടസ്വഭാവം എന്താണ് സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ പുരകള്‍ ലക്ഷ്യമാക്കി ഒരു സംഘം മോഷണത്തിന് പദ്ധതിയിടുന്നുവെന്നിരിക്കട്ടെ. അവരും ആദ്യമെത്തുന്ന ഒരിടം മലബാര്‍ പ്രദേശമായിരിക്കും. വീടും ആഭരണവും വേണ്ടന്നല്ല ഇപ്പറയുന്നത്. എന്നാല്‍ ആര്‍ഭാടം അതിരുവിടുന്നുണ്ടെന്ന് നാം മറന്നുകൂടാ, അത് നിര്‍ത്താനായിരിക്കുന്നുവെന്നും. തന്‍റെ ആദ്യകുഞ്ഞിന്‍റെ അഖീഖയറുത്ത ഒരു ഗള്‍ഫുകാരന്‍റെ കഥകേട്ടത് ഈയടുത്താണ്. മുടികളച്ചില്‍ എന്നാണ് മലപ്പുറം ഭാഗത്ത് അതിനെ പറയുന്നത്. പോത്തും ആടും വാങ്ങിയ വകയില്‍ മുടികളിച്ചിലിന് മാത്രം അവന് വന്ന ചെലവ് ഒന്നേകാല്‍ ലക്ഷം രൂപ! കൈയില്‍ പൈസയില്ലാത്തവനും ഇത്ര തന്നെ സംഖ്യ കടം വാങ്ങേണ്ടി ആര്‍ഭാടം കാണിക്കേണ്ടി വരുന്നുവെന്നത് എന്തുമാത്രം കഷ്ടമല്ല. നമ്മുടെ കുട്ടികള്‍ ചോരനീരാക്കി മരുഭൂമിയില് നിന്ന് സമ്പാദിക്കുന്നത് അനാവശ്യ മാമൂലുകളും ആര്‍ഭാടങ്ങളുമായി ഉരുകിത്തീരുകയാണ്. ഒന്നാമത്തെ കുഞ്ഞിന് സുന്നത്തായ അഖീഖ അറുത്താല്‍ പിന്നെ ജനിക്കുന്ന ഓരോ കുഞ്ഞിനും അത് അറുക്കല്‍ നിര്‍ബന്ധമാകുമോ എന്ന് ഒരു സുഹൃത്ത് സംശയം ചോദിച്ചു, മേല്‍പറഞ്ഞ കഥ കേട്ടതിന്‍റെ തൊട്ടടുത്ത ദിവസം. അങ്ങനെ ഒരു മസ്അല തന്‍റെ കുടുംബത്തില്‍ നിന്ന് കേട്ടതിന്‍റെ ആധിയായിരുന്നു അവന്‍റെ ചോദ്യം നിറയെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter