അവധിക്കാലം: നമ്മുടെ കുഞ്ഞുങ്ങളില്‍ സാമൂഹികബോധം വളര്‍ത്തുക
കുട്ടികളില്‍ സാമൂഹിക പ്രതിബദ്ധത വളര്‍ത്തുന്നത് അവരുടെ ജീവിതത്തില്‍ ഏറെ ഉപകാരപ്പെടും. കെട്ടിപ്പൊക്കിയ മതില്‍ക്കെട്ടിനകത്തല്ല, മനുഷ്യന്‍റെ യഥാര്‍ഥ ജീവിതം സമൂഹത്തിനകത്താണ്. അവിടെ ഇടപെട്ടാണ് നമ്മുടെ കുഞ്ഞുങ്ങള്‍ ജീവിതത്തിന്‍റെ അര്‍ഥം പഠിക്കുന്നത്, ആഴവും. നമ്മുടെ കുട്ടികള്‍ നമ്മുടേത് മാത്രമല്ല. അത് സമൂഹത്തിന്‍റെത് കൂടിയാണ്. സാമൂഹിക പ്രതിബദ്ധതയുള്ളവരായി അവരെ വളര്‍ത്താന്‍ നമുക്കാകണം. ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് സമൂഹത്തില്‍ ഇടപെടാന്‍ പക്വത പ്രാപിക്കുമ്പോഴാണ് കുഞ്ഞുങ്ങളിലൂടെ പുതിയൊരു സമൂഹം സാധ്യമാകുക. അവധിക്കാലമാണ് കുഞ്ഞുങ്ങളില്‍ കൂടുതല്‍ സാമൂഹിക ബോധം വളര്‍ത്തുക. നിത്യവും ബാഗും തൂക്കി സ്കൂളിലേക്ക് പോകുന്ന നമ്മുടെ കുട്ടികളിലെ സാമൂഹിക ബോധം വളര്‍ത്തുന്നതിന് അനുയോജ്യമായ സമയം അവധിക്കാലമാണെന്ന് തോന്നുന്നു. പലപ്പോഴും അക്കാലത്ത് മാത്രമാണല്ലോ പഠിപ്പിന്‍റെ തിരക്കിനടക്ക് നമ്മുടെ കുട്ടികളുടെ മാനസിക സമ്മര്‍ദം കുറയുന്നത്. എന്നുമാത്രമല്ല പുതിയ കാലത്ത് മൂന്നാം വയസ്സ് മുതല്‍ നഴ്സറി ക്ലാസുകളില്‍ ചേര്‍ന്നു തുടങ്ങുന്ന നമ്മുടെ കുട്ടികള്‍ വീട്ടകത്ത് നിന്നും നേരെ സ്കൂളിലേക്ക് ചാടേണ്ടി വരുന്ന അവസ്ഥയിലാണ്. സ്കൂളും സാമൂഹിക ബോധത്തിന്‍റെ ചെറിയ പാഠങ്ങള്‍ നല്കുന്നുണ്ടെന്ന സത്യം വിസ്മരിക്കുകയല്ല. എന്നാല്‍ ജീവിയെന്ന നിലയില്‍ ഒരു മനുഷ്യന് വരാവുന്ന വിവിധ സന്ദര്‍ഭങ്ങളെ പരിചയപ്പെടുത്തുന്നത് വീടിനും സ്കൂളിനും പുറത്തുള്ള വിശലമായ ലോകം ചേര്‍ന്നാണ്. സ്കൂളിന് പുറത്തുള്ള പ്രകൃതിയാണ് ലോകത്തെ ഏറ്റവും വലിയ സര്‍വകലാശാല എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട് ഇംഗ്ലീഷ് എഴുത്തുകാരനായ ആര്‍. എല്‍ സ്റ്റിവന്‍സന്‍. ക്ലാസില്‍ അത്ര ശ്രദ്ധ കാണിക്കാതെ പുറത്തെ ലോകത്തോട് ഇടപെട്ട് കൊണ്ടിരിക്കുന്ന കുട്ടികള് ‍ഒരുപക്ഷെ ക്ലാസിലെ ഒന്നാമനേക്കാളും സമൂഹത്തിന് ഉപകാരപ്പെടുന്ന ജീവിയാകുമെന്നാണ് സ്റ്റിവന്‍സന്‍റെ പക്ഷം. അതെന്തോ ആകട്ടെ. സ്വന്തം വീട്ടിലും അയല്‍പക്ക വീടുകളിലും നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനും സന്ദര്‍ഭാനുസരണം അത്തരം കാര്യങ്ങളിലിടപെടാനുമെല്ലാം മക്കള്‍ക്ക് അവസരമുണ്ടാകേണ്ടതുണ്ട്. അതുവഴി മാത്രമെ അവരിലെ സാമൂഹികനായ വ്യക്തിയെ കൂടി വളര്‍ത്തിക്കൊണ്ടു വരാന് കഴിയൂ. നാട്ടില്‍ നടക്കുന്ന എന്തെങ്കിലും അപകടം, അതല്ലെങ്കില്‍ ഒരു കല്യാണ പരിപാടി, മരണ വീട്, നേര്‍ച്ചപ്പരിപാടികള്‍ തുടങ്ങി നമ്മിലെ വ്യക്തി എന്നതിലുപരി സാമൂഹിക ജീവി പ്രധാനമായി വരുന്ന നിരവധി സന്ദര്‍ഭങ്ങളുണ്ട്. അത്തരം സന്ദര്‍ഭങ്ങളോട് വ്യക്തിയെന്ന നിലയിലും സാമൂഹിക ജീവി എന്ന നിലയിലും കൂറുപുലര്‍ത്താന്‍ മക്കള്‍‍ പഠിക്കേണ്ടതുണ്ട്. അതിന് പ്രസ്തുത സാഹചര്യത്തിലേക്ക് നാമവരെ പറഞ്ഞയക്കേണ്ടതായി വരും. അതല്ലാത്ത പക്ഷം കൈയിലെ മൊബൈല്‍ ഉപയോഗിച്ച് ആ കാഴ്ച പിടിച്ചെടുത്ത് ഫൈസ്ബുക്കിലിടാന്‍ മാത്രമെ അവരെ കൊണ്ട് സാധിക്കൂ. ഒരു വ്യക്തി എന്ന നിലയില്‍ മറ്റേതു തരത്തില്‍ മികച്ചു നില്‍ക്കുന്ന കുട്ടികളും പരാജയപ്പെടുന്ന ഒരു ഇടമാണ് സാമൂഹിക ബോധത്തിന്‍റെ കാര്യം. പൊതുവെ ഒരു വ്യക്തിയെന്ന നിലയില്‍ വിദ്യാര്‍ഥികള്‍ക്ക് നല്ല വളര്‍ച്ച നല്‍കുന്ന ഹോസ്റ്റല്‍ സിസ്റ്റത്തില്‍ വലുതായവര്‍ വരെ സാമൂഹികബോധത്തിന്‍റെ കാര്യത്തില്‍ ഏറെ പിന്നാക്കം നില്‍ക്കുന്നത് പലപ്പോഴും നാം ശ്രദ്ധിച്ചതാണല്ലോ. വ്യക്തിത്വവികസനത്തെ കുറിച്ച് ക്ലാസെടുത്തോ സാമൂഹിക പ്രതിബദ്ധതയെ കുറിച്ച് ലേഖനം വായിപ്പിച്ചോ രൂപപ്പെടുത്തി എടുക്കേണ്ടതല്ല മക്കളിലെ സാമൂഹിക ജീവിയെ. അഭിമുഖീകരിക്കുന്ന സാഹചര്യങ്ങളോട് മല്ലടിച്ച് അവരില്‍ സ്വയം ജന്മം കൊള്ളേണ്ടതാണത്. ജീവിതത്തെ കുറിച്ചുള്ള തിയ്യറികളെ സംബന്ധിച്ച് നല്ല രീതിയില്‍ ഉത്തരമെഴുതി പാസാകുന്ന പലരും പ്രാക്ടിക്കല്‍ ജീവിതത്തില്‍ പരാജയപ്പെടുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. ചില വായനക്കാരെങ്കിലും അത്തരം പ്രശ്നം അനുഭവിക്കുന്നവരുമാകും. പ്രായോഗിക ജീവിതം നമ്മള്‍ ജീവിച്ചു പഠിക്കേണ്ടതാണല്ലോ.  width=എന്നതു പോലെ നമ്മുടെ കുഞ്ഞിനുമുണ്ട് അവന്‍റെതായ/അവളുടെതായ ഒരു പ്രായോഗിക ജീവിതം. രാവിലെ കൃത്യമസയത്ത് വീട്ടിന് മുന്നില്‍ വരുന്ന സ്കൂള്‍ബസില്‍ കയറാന്‍ തക്ക രീതിയില്‍ കെട്ടിയൊരുങ്ങാന്‍ കഴിയുന്നതോടെ തീരുന്നതല്ല അതെന്ന തിരിച്ചറിവ് നമുക്കുണ്ടാകണം. അതുപോലെ കൃത്യസമയത്ത് വീട്ടിലെ ബൈക്കെടുത്ത് കോളജിലെ ക്ലാസ് അറ്റന്‍ഡ് ചെയ്യാന്‍ കഴിയുന്നതോടെ തീരുന്നതുമല്ല അത്. ശരിയാണ്, കൃത്യസമയത്ത് ഉടുത്തൊരുങ്ങി സ്കൂളിലേക്ക് ഇറങ്ങാന്‍ അവനും അവള്‍ക്കും സ്വയം ആകുന്നുണ്ടെങ്കില്‍ അത് വലിയൊരു പ്രായോഗികപാഠം തന്നെയാണെന്നതില്‍ സംശയമൊന്നുമില്ല. ഇത്രയൊക്കെ മൂക്കുപിടിച്ച് അവതരിപ്പിക്കേണ്ടതല്ല ഈ വിഷയമെന്ന് തോന്നുന്നു. നമ്മുടെ മകന്‍റെ ഏറ്റവും അടുത്ത രണ്ടു സുഹൃത്തുക്കളെ എടുക്കുക. അവര്‍ തമ്മില്‍ ചെറിയൊരു ‘ഈഗോ’ പ്രശ്നത്തില്‍ പരസ്പരം പിണങ്ങിയിരിക്കുകയാണെന്ന് സങ്കല്‍പിക്കുക. പ്രസ്തുത പിണക്കത്തെ കുറിച്ച് നമ്മുടെ കുഞ്ഞ് അറിയുന്നു. ആ സാഹരചര്യത്തില്‍ ബുദ്ധിപൂര്‍വം ഇടപെട്ട് അവരെ പഴയപോലെ സൌഹൃദത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ നമ്മുടെ കുഞ്ഞിന് കഴിയുമെന്ന് നമുക്ക് ഉറപ്പോണ്ടോ? ഉറപ്പില്ലെങ്കില്‍ അതിനവനെ പര്യപ്തമാക്കണമെന്ന ലക്ഷ്യത്തോടെ നാമെന്തിങ്കിലും ചെയ്തിട്ടുണ്ടോ എന്ന് മാത്രമാണ് ഈ കുറിപ്പ് ചോദിക്കാനുദ്ദേശിക്കുന്നത്. അത്രേയുള്ളൂ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter