ഇറാനിൽ പ്രക്ഷോഭം രൂക്ഷം: അടിച്ചമർത്തലിൽ 100 മരണം
തെഹ്റാൻ: ഇറാനില്‍ സര്‍ക്കാര്‍ ഇന്ധനവില ഉയര്‍ത്തിയതിൽ പ്രതിഷേധിച്ച് തെരുവിലിറങ്ങി ജനങ്ങൾ നടത്തിയ രൂക്ഷമായ പ്രക്ഷോഭം ശക്തമായി അടിച്ചമർത്താൻ സർക്കാർ ശ്രമം. സൈന്യത്തെ ഉപയോഗിച്ച് പ്രക്ഷോഭകാരികളെ നേരിട്ടതോടെ നൂറിലധികം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് പുറത്തുവന്നു. മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണലാണ് കണക്ക് പുറത്ത് വിട്ടത്. സര്‍ക്കാര്‍ ഇന്ധന വില കൂട്ടിയതിനെതിരേ വെള്ളിയാഴ്ച്ച മുതലാണ് ഇറാനില്‍ ജനങ്ങള്‍ പ്രക്ഷോഭവുമായി തെരുവിലിറങ്ങിയത്. ഇന്ധനവില 50 ശതമാനം കൂട്ടുകയും സബ്സിഡി വെട്ടിക്കുറക്കുകയും ചെയ്തതോടെ ജനങ്ങള്‍ ഒന്നടങ്കം സര്‍ക്കരിനെതിരേ തെരുവിലിറങ്ങി. ഇന്ധന വില ഉയര്‍ത്തിയതിനാൽ ലഭിക്കുന്ന പണം പാവപ്പെട്ടവർക്ക് സബ്സിഡിയായി നല്‍കുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി രാജ്യത്തെ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇത് അംഗീകരിക്കാൻ ജനങ്ങൾ തയ്യാറായില്ല. പ്രക്ഷോഭത്തെ തുടര്‍ന്ന് രാജ്യത്ത് പല ഭാഗങ്ങളിലായി സൈന്യവും പ്രക്ഷോഭക്കാരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഇതുവരെ 106 പേര്‍ കൊല്ലപ്പെട്ടതായി ആംനെസ്റ്റി ഇന്റര്‍ നാഷണല്‍ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. സൈന്യം പ്രക്ഷോഭകര്‍ക്കെതിരേ മാരകായുധങ്ങള്‍ പ്രയോഗിക്കുന്നതായും ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ആരോപിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter