ആയിശ ഉമ്മയുടെ പ്രായം വീണ്ടും വിവാദമാവുമ്പോള്‍

പ്രവാചകരുടെ വിവാഹങ്ങൾ സംബന്ധമായ ചർച്ചകളിൽ പ്രധാനമാണ് ആയിശാ ഉമ്മയുമായുള്ള വിവാഹം. ശൈശവവിവാഹം എന്ന ആരോപണമാണ് അതിനെതിരെ ലിബറൽ, നിരീശ്വരവാദി, സ്വതന്ത്രചിന്താ ലോകത്തു നിന്നും ഉയർന്നു കേട്ടിട്ടുള്ളത്.

 

ലോകത്തിന് മാതൃകയായ ഒരു വ്യക്തിത്വം ശിശുക്കളെ വിവാഹം കഴിക്കാമോ എന്ന ചോദ്യം പ്രസക്തമാണ്. എന്നാൽ എന്താണ് ശൈശവവിവാഹം എന്ന ചോദ്യം അതിലേറെ പ്രധാനമാണ്. ആരാണ് ശിശു? എന്താണ് ശിശുവാകുന്നതിൻറെ പ്രായപരിധി? നിലവിൽ ഇന്ത്യയിൽ പതിനെട്ട് വയസ്സാണ് പ്രായപൂർത്തിയുടെ പരിധിയായി നിർണയിച്ചിട്ടുള്ളത്. പതിനെട്ടിനു മുമ്പ് തന്നെ ശാരീരികമായി ലൈംഗികതൃഷ്ണയും ശേഷിയും വളരുന്നുണ്ടെങ്കിലും മാനസിക പക്വത കൂടി പരിഗണിച്ചതിന് ശേഷമാണ് പതിനെട്ടായി നിശ്ചയിച്ചതെന്ന് എന്നാണ് വാദിക്കപ്പെടുന്നത്. എന്നാൽ, ഈ പതിനെട്ട് എന്ന പരിധി നിലവിലെ ഉത്തരാധുനിക ഇന്ത്യൻ സാമൂഹികസ്ഥിതിയിൽ നിന്ന് കൊണ്ടോ ആഗോള സാഹചര്യത്തെ വിലയിരുത്തി കൊണ്ടോ എടുത്ത തീരുമാനമാണ്. മറ്റു ചില ഭൗമ സാംസ്കാരിക പരിഗണനകൾ വെച്ചു നോക്കിയാൽ, ഈ പതിനെട്ട് ഇരുപതാക്കി ഉയർത്തുകയോ, അല്ലെങ്കിൽ പതിനേഴാക്കി താഴ്ത്തുകയോ ചെയ്യേണ്ടി വന്നേക്കാം.

 

ആയിരത്തി നാനൂറു വർഷങ്ങൾക്കു മുമ്പുള്ള വിവാഹത്തെ കുറിച്ചാണ് നാം ചർച്ച ചെയ്യുന്നത് എന്ന ഓർമയും ഇക്കാര്യത്തിൽ ഉണ്ടായിരിക്കണം. വിശുദ്ധ ഖുർആൻറെ ശേഷം മുസ്‍ലിം സമൂഹം ഏറ്റവുമധികം ആധികാരികമായി കാണുന്ന ഹദീസ് സമാഹാരമായ സഹീഹുൽ ബുഖാരി ആയിശ ബീവിയുടെ  വിവാഹനിശ്ചയം നടന്നത് ആറാം വയസ്സിലും വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചത് ഒമ്പതാം വയസ്സിലും ആണെന്ന് കാണാവുന്നതാണ്. ഈ പാരമ്പര്യത്തിൻറെ വിശ്വാസ്യതയെ സംരക്ഷിക്കണമെന്ന താത്പര്യമുള്ളവർക്ക് തീർച്ചയായും അത് വിശദീകരിക്കേണ്ട കടമയുണ്ട്. അതിന് വേണ്ടിയുള്ള ശ്രമമാണ് ഇവിടെ നടത്തുന്നത്.

 

ഒന്ന് 

 

ഒമ്പതാം വയസ്സിൽ ആഇശ ബീവിയെ വിവാഹം ചെയ്തതിലൂടെ നബി(സ്വ) കൂടുതൽ മാതൃകയാവുകയാണ് ചെയ്തത്. കാരണം, ആ പ്രായത്തിൽ വിവാഹം നടന്നാൽ സംഭവിക്കും എന്ന് ആധുനികത ആശങ്കപ്പെടുന്ന ഒന്നും അവരുടെ ഇടയിൽ സംഭവിച്ചില്ല എന്ന് മാത്രമല്ല, അവർ പൂർണസംതൃപ്തയും, അഭിമാനിയും ആയി ജീവിതം തുടരുന്നതാണ് നാം കാണുന്നത്. നബി(സ്വ) ഏത് സന്ദേശമാണോ കൊണ്ടുവന്നത് അതിനെ പരിപോഷിപ്പിക്കാൻ ആഇശ ഉമ്മ മുന്നിൽ നിന്നു, അതിന് വേണ്ടി ജ്ഞാനോദ്‌പാദനം നടത്തി. 2000 ത്തിലധികം ഹദീസുകൾ നിവേദനം ചെയ്തു.  ഹാക്കിം അഭിപ്രായപ്പെട്ടത് പ്രകാരം ആറ് ആധികാരിക ഹദീസ് ശേഖരങ്ങളുടെ 25 ശതമാനത്തോളം ആഇശ ഉമ്മയുടെ നിവേദനങ്ങൾ വരും. താൻ റിപ്പോർട്ട് ചെയ്തതും അല്ലാത്തതുമായ ഉള്ളടക്കങ്ങളിൽ സ്വഹാബിമാരോട് അവര്‍ തർക്കങ്ങളിൽ ഏർപ്പെടുകയും ചെയ്തു. ഇസ്ലാമിക പാരമ്പര്യത്തിലെ നിയമവ്യവസ്ഥയുടെ രൂപീകരണത്തെ ആഇശ  ഉമ്മ എന്ന സ്ത്രീ കാര്യമായി സ്വാധീനിച്ചു എന്നർത്ഥം. മറ്റൊരു പാരമ്പര്യത്തിലും ഒരു പെണ്ണിന് സ്വപ്നം കാണാൻ പോലും കഴിയാത്ത, പത്തൊമ്പതാം നൂറ്റാണ്ട് വരെ യൂറോപ്പിൽ പോലും നടപ്പിൽ വരാതിരുന്ന നേട്ടം.

 

ദാമ്പത്യ ജീവിതത്തിൽ സംതൃപ്തയല്ലായിരുന്നെങ്കിൽ ആഇശ  ഉമ്മ ഇതൊന്നും ചെയ്യുമായിരുന്നില്ല. മാത്രമല്ല, സുമംഗലിയായ ഒരു ഒമ്പതുവയസ്സുകാരിക്ക് സംഭവിച്ചേക്കുമെന്ന് ഇക്കാലത്ത് ആശങ്കപ്പെടുന്ന വല്ലതും അവരുടെ ജീവിതത്തിൽ നടന്നിരുന്നുവെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കുമായിരുന്നില്ല. ചെറു പ്രായത്തിൽ വിവാഹം കഴിച്ചാൽ ചിലതൊക്കെ സംഭവിക്കുമെന്ന ഉത്കണ്ഠയെ നബി അട്ടിമറിച്ചു എന്നർത്ഥം. അത് കൂടിയാണ് നബിയുടെ മാതൃക. ആയിശാ ഉമ്മയുടെ വിവാഹത്തിൻറെ കാര്യത്തിലൂടെ നബി കൂടുതൽ മാതൃകയാവുകയാണ് ചെയ്തത് എന്നു നിരീക്ഷിക്കുന്നതിൻറെ പൊരുൾ അതാണ്.  

 

ഇങ്ങനെയാണ് കാര്യങ്ങളെങ്കിൽ പിന്നെ ഇവിടെ വയസ്സിനെന്ത് പ്രസക്തിയാണുള്ളത്? വയസ്സ് കേന്ദ്രീകരിച്ചുള്ള ചർച്ചകൾക്ക് ഈ പശ്ചാത്തലത്തിൽ നിലനിൽപ്പില്ലാതെ പോവുകയാണ് ചെയ്യുന്നത്. കാരണം, ആയിശ എന്ന മാതൃകാവനിത ഇപ്പോഴും ഒരു ഒമ്പതുവയസ്സുകാരിയായി ഒരു മധ്യവയസ്കനുമുമ്പിൽ വിഷണ്ണയായി നിൽക്കുന്നില്ല. മറിച്ച് അവർ ആ പ്രായം കഴിഞ്ഞു പോവുകയും ശക്തമായ സാന്നിധ്യമായി ഇവിടെ ജീവിക്കുകയും ചെയ്തിട്ടുണ്ട്. അവർ നിവേദനം ചെയ്ത നബിയുടെ ജീവിതസന്ദർഭങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്  മുസ്ലിംകൾക്ക് ജീവിക്കാനാവശ്യമായ നിയമങ്ങൾ രൂപീകരിക്കപ്പെട്ടത്. ഇത്തരം നിയമങ്ങൾക്കും വിധികൾക്കും അനുസരിച്ചാണ് ലോകത്തെ മില്യൺ കണക്കിന് മുസ്ലിംകൾ അവരുടെ ജീവിതം ചിട്ടപ്പെടുത്തിയത്. നിലവിൽ ആഇശ  ഉമ്മ എന്നാല് ഇതൊക്കെയാണ്, അല്ലാതെ, ആ പഴയ ഒമ്പത് വയസ്സുകാരിയല്ല. വയസ്സ് വിട്ട് അവരുടെ ജീവിതത്തിലേക്കും, മരണത്തിനപ്പുറത്തേക്കുമുള്ള അവരുടെ സ്വാധീനത്തിലേക്കുമാണ് ചർച്ച പോകേണ്ടത്.

 

രണ്ട്

 

വിമർശിക്കാൻ എല്ലാ അടവും പയറ്റിയ, പ്രവാചകരുടെ കാലത്തെ ശത്രുക്കളോ, ഓറിയൻറലിസ്റ്റുകൾ പോലുമോ പ്രായത്തിൻറെ വിഷയത്തിൽ നബിയെ അധിക്ഷേപിച്ചിട്ടില്ല. കാരണം, അക്കാലത്ത് പ്രസ്തുത പ്രായം അത്രയും നോർമൽ ആയിരുന്നു. അക്കാലത്ത് മാത്രമല്ല, പിത്ക്കാലത്തും നിലവിലും  അതുതന്നെയാണ് വിവാഹപ്രായത്തിൻറെ അവസ്ഥ. ഈ യുഗത്തിൽ തന്നെ ലോകരാജ്യങ്ങളിലെ വിവാഹപ്രായം മുഴുവൻ പതിനെട്ടോ അതിനു മുകളിലോ അല്ല. 2019 ലെ കണക്കു പ്രകാരം ഇംഗ്ളണ്ടിലെ അംഗീകൃത വിവാഹപ്രായം പുരുഷനും സ്ത്രീക്കും 16 ആണ്. ലോകത്ത് ഭൂരിപക്ഷം നാടുകളിലും വിവാഹത്തിനുള്ള അടിസ്ഥാന പ്രായം 14-16 ആണെന്ന് കാണാം. പത്തൊമ്പതാം നൂറ്റാണ്ട് വരെ ആരും വിവാഹത്തിൻറെ പ്രായം ഒരു പ്രശ്നം ആയി കണ്ടിട്ടില്ല. ലോകത്ത് മാതൃകാജീവിതം നയിച്ച സർവ മഹദ് വ്യക്തികളുടെയും ജീവിതങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാവും.

Read More :എന്തിനായിരുന്നു ആ വിവാഹം, ഒരു നിഷ്പക്ഷ വായന

ശൈശവ വിവാഹം എന്ന ബിന്ദുവിൽ ചർച്ച കേന്ദ്രീകരിക്കുമ്പോൾ ആരാണ് ശിശു, എന്താണ് ശൈശവം എന്നതിനെക്കുറിച്ച് വ്യക്തത വേണ്ടതുണ്ട്. ശൈശവം എന്ന അവസ്ഥയെക്കുറിച്ച് നീൽ പോസ്റ്റ്മാൻ തൻറെ The Disappearance of Childhood എന്ന പുസ്തകത്തിൽ നടത്തിയ നിരീക്ഷണം ശ്രദ്ധേയമാണ്. Childhood is largely a biproduct of the way in which information is disseminated throughout a society, അഥവാ, സമൂഹങ്ങൾ കൈമാറുന്ന അറിവും വിവരങ്ങളും ഒരാളുടെ ശൈശവത്തെ നിർണയിക്കുന്നതിൽ കാര്യമായി സംഭാവന ചെയ്യുന്നുണ്ട്. മുതിർന്നവർ കൈമാറുന്ന അറിവ് കൂടുതൽ കിട്ടുമ്പോൾ കുട്ടികളിലെ ശൈശവം അപ്രത്യക്ഷമാവുകയും അവർക്ക് കൂടുതൽ പക്വത കൈവരികയും ചെയ്യുന്നു എന്നാണ് സ്റ്റീൽമാൻ നിരീക്ഷിക്കുന്നത് (The Disappearance of Childhood, Neil Postman, 1994). ഇങ്ങനെ കുട്ടികൾക്ക് പ്രസരണം ചെയ്യുന്ന അറിവിൻറെ ഉള്ളടക്കവും വ്യാപ്തിയും സംസ്കാരങ്ങൾക്കനുസരിച്ചും സമയത്തിനനുസരിച്ചും വ്യത്യാസപ്പെടുകയും ചെയ്യുന്നു. അതിനാൽ, ശാരീരികമായ പ്രായപൂർത്തി എത്തിയാൽ പിന്നെ, മാനസിക പക്വത കൈവരിക്കുന്ന വിഷയത്തിൽ ഓരോ സംസ്കാരവും വ്യത്യസ്തമാകുന്നു. അത് കൊണ്ട്, എന്താണ് ശൈശവം, ആരാണ് ശിശു എന്ന് നിർണയിക്കുന്നത് സങ്കീർണമാവുകയും ചെയ്യുന്നു എന്നാണ് അദ്ദേഹത്തിൻറെ വാദം.  

 

മൂന്ന്

 

നബി ആഇശ ഉമ്മയെ വിവാഹം ചെയ്ത പ്രായം ഒരു സാർവലൗകിക നിയമമോ, മതത്തിലെ അനിവാര്യതയൊ അല്ല. വിവാഹം ചെയ്യണം എന്നത് മാത്രമാണ് മാതൃക. പ്രായം അതത് സംസ്കാരങ്ങൾക്ക് വിട്ട് തന്നിരിക്കുകയാണ്. ഇസ്‍ലാം വിവാഹം കഴിക്കാൻ ഒരു നിശ്ചിത പ്രായം നിശ്ചയിച്ചിരുന്നു എങ്കിൽ അത് വലിയൊരു അബദ്ധം ആയിരുന്നേനെ. നബി വിവാഹം ചെയ്ത ഒരേയൊരു കന്യകയാണ് ആഇശ ഉമ്മ, ബാക്കിയുള്ള മുഴുവൻ ഉമ്മമാരും വിധവകളും യൗവനം കഴിഞ്ഞവരും ആയിരുന്നു എന്നതും ഇവിടെ ഓർക്കേണ്ടതാണ്.

 

നാല്

 

ഞങ്ങൾ നിശ്ചയിച്ച വയസ്സ് (18+) ആണ് ശരി, മറ്റുള്ളതെല്ലാം തെറ്റാണ് എന്നു യുക്തിസഹമായി വാദിക്കുന്നതും അതിലേറെ യുക്തിരഹിതമല്ലേ. മറിച്ച്,  ഞങ്ങളുടെ സംസ്കാരത്തിൽ ഇങ്ങനെയാണ് ഉള്ളത് എന്ന് പറയാനേ വകുപ്പൂള്ളൂ. കാരണം,  ഒരു പ്രത്യേക പ്രായമാണ് ശരി മറ്റേത് തെറ്റാണ് എന്ന് പറയാൻ ഒരു പൊതു മാനദണ്ഡം കൂടിയേ തീരൂ. ഉദാഹരണത്തിന് ഇന്ത്യൻ രൂപ പാകിസ്താൻ കറൻസിയേക്കാൾ മുകളിലാണ് എന്ന് വെറുതെയങ്ങ് പ്രഖ്യാപിച്ചാൽ അങ്ങനെ അംഗീകരിക്കാനാവില്ലല്ലോ. മറിച്ച്, ഡോളറുമായി ഉള്ള വിനിമയ മൂല്യം നോക്കണം. ഡോളർ എന്ന മാനദണ്ഡത്തെ അപേക്ഷിച്ച് ഇന്ത്യൻ രൂപ പാകിസ്താൻ രൂപയേക്കാൾ മൂല്യമുള്ളതാണെന്ന് പറയാനേ കഴിയൂ. അല്ലെങ്കിൽ പിന്നെ,  വേറൊരു സാധ്യയുള്ളത്, ലോകത്തെ മുഴുവൻ ജനവിഭാഗങ്ങളും, സംസ്കാരങ്ങളും നാടുകളും ഇതാണ് വിവാഹത്തിൻറെ യഥാർത്ഥ പ്രായം എന്ന് പ്രായോഗികവും സാർവലൗകികവുമായ ഒരു പരിധി പ്രഖ്യാപിക്കണം. ലോകത്തൊരു ജനതക്കും, ചരിത്രത്തിലെവിടെയും അങ്ങനെ സാധ്യമായിട്ടില്ല, ആവുകയുമില്ല. ഓരോ ഭൂഖണ്ഡങ്ങളിലും, അവിടെയുള്ള വ്യത്യസ്ത രാജ്യങ്ങളിലും അതത് രാജ്യങ്ങളിലെ തന്നെ വ്യത്യസ്ത പ്രദേശങ്ങളിലും അങ്ങനെയൊരു അഭിപ്രായസമന്വയം സാധ്യമായിട്ടില്ല.

 

അപ്പോൾ, പിന്നെയുള്ള ഒരേയൊരു മാർഗം, ഓരോ സംസ്കാരങ്ങളിലും വിവാഹപ്രായം വ്യത്യസ്തമാണ് എന്ന് അംഗീകരിക്കലാണ്. അതിൽ ഏതാണ് കൂടുതൽ ഉചിതം എന്ന് നിർണയിക്കാൻ ഒരു പൊതു മാനദണ്ഡം ഇല്ലാത്തതിനാൽ അതിൻറെ ശരിതെറ്റുകൾ അതത് സംസ്കാരങ്ങൾക്ക് വിടുകയും ചെയ്യേണ്ടിവരും. അതിനാൽ, ഇപ്പൊൾ നടക്കുന്ന വിവാദം ആധുനികതയുടെ മണ്ടൻ യുക്തികളിൽ ഒന്ന് മാത്രമാണ്. ഞങ്ങളുടെ അഭിപ്രായത്തിൽ ഇതാണ് വിവാഹത്തിന് ഏറ്റവും അനുയോജ്യമായ പ്രായമെന്ന് പുരോഗനമവാദികൾക്ക് വാദിക്കാക്കുവുന്നതാണ്. എന്നാൽ അതുമാത്രമാണ് ശരി, ബാക്കി മുഴുവൻ തെറ്റാണെന്ന് നിലപാടെടുക്കാൻ (moral position)  ഒരിക്കലും സാധ്യമല്ല. കാരണം അങ്ങനെ വാദിക്കണമെങ്കിൽ അതിന് ഒരു പൊതുമാനദണ്ഡം ആവശ്യമാണ്. മാത്രമല്ല, ഞങ്ങളുടെ അഭിപ്രായത്തിൽ ഇതാണ് വിവാഹത്തിന് ഏറ്റവും അനുയോജ്യമായ പ്രായമെന്ന് ലിബറലുകൾക്കും പുരോഗമനവാദികൾക്കും വാദിക്കാമെങ്കിൽ അതേ പോലെ പാരമ്പര്യവാദികൾക്കും അവരുടേതായ വാദം മുന്നോട്ട് വെക്കാനുള്ള അവകാശമുണ്ടല്ലോ.

 

അഞ്ച്

 

ആധുനികലോകത്ത് വിവാഹപ്രായം സംബന്ധമായി കൂടുതൽ ഉത്കണ്ഠ നിലനിൽക്കാൻ കാരണം വിദ്യാഭ്യാസം, ലൈംഗികപക്വത തുടങ്ങിയ കാര്യങ്ങളെ മുൻനിർത്തിയാണ്. ഇവിടെ ശ്രദ്ധേയമായൊരു കാര്യമുണ്ട്. സ്കൂളിങ്, നിശ്ചിത പ്രായത്ത് നിശ്ചിത ക്ലാസ്സ്, ഒടുവിൽ ഒരു ജോലി, അതിനിടയിൽ വിവാഹം എന്നീ കരിയർ ഘടനയിലേക്ക് വിദ്യാഭ്യാസ പ്രക്രിയ മാറിയത് ആധുനിക ലോകക്രമത്തിലാണ്. എന്നാൽ, പൂർവാധുനിക മുസ്‍ലിം ലോകത്ത് അറിവിൻറെ ശേഖരണവും ഉദ്പാദനവും നടന്നത് ധാർമിക ജീവിതത്തിൻറെ ചുമതലാനിർവഹണം എന്ന അർഥത്തിലായിരുന്നു. അല്ലാതെ, വിദ്യാഭ്യാസത്തിന് പ്രായത്തെ ആശ്രയിക്കുന്ന ഘടന അന്നുണ്ടായിരുന്നില്ല. കരിയർ, ജോലി തുടങ്ങിയവ അതിൻറ പ്രധാന ലക്ഷ്യവുമായിരുന്നില്ല. 

 

അങ്ങനെ ചിന്തിക്കുമ്പോള്‍, ആഇശ ഉമ്മ ഒരു ജ്ഞാനിയായി മാറുന്നത് തൻറെ "ശൈശവ" വിവാഹത്തോടെ നബിയുടെ ഭാര്യയായി മാറിയതിനു ശേഷമാണ്! കല്യാണം കഴിഞ്ഞാൽ പിന്നെ എല്ലാം നഷ്ടപ്പെട്ടു എന്ന് ആശങ്കപ്പെടുന്ന ആധുനിക ജീവിതഘടനക്ക് മനസ്സിലാവാത്ത ട്വിസ്റ്റ് ആണിത്. എന്നുകരുതി,  ആധുനികലോകക്രമത്തിൽ പ്രായോഗികമായ രീതികൾ മുസ്ലിംകൾ സ്വീകരിക്കേണ്ടതില്ല എന്ന് നാം പറയുന്നില്ല. കാരണം, ഒമ്പതാം വയസ്സിലേ വിവാഹം കഴിക്കാവൂ എന്ന നിയമം ഇസ്ലാമിലില്ല. വിവാഹം കഴിക്കണമെന്നേയുള്ളൂ, പ്രായം അതത് സംസ്കാരങ്ങൾക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. അതേസമയം, ലൈംഗിക തൃഷ്ണകൾ വന്നു തുടങ്ങിയാൽ പിന്നെ അനാരോഗ്യകരമായ ബന്ധങ്ങളിലേക്ക് കടക്കുന്നത് തടയുന്നതിൻറെ ഭാഗമായി എത്രയും പെട്ടെന്ന് വിവാഹജീവിതം ആരംഭിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

 

ആറ്

 

ആയിശാ ഉമ്മ വിവാഹസമയത്ത് പത്തൊമ്പതുകാരിയായിരുന്നു എന്ന് വാദിക്കുന്ന ചിലരുണ്ട്. തന്നെ പ്രവാചകര്‍ വിവഹാം ചെയ്തത് ഒമ്പതാം വയസ്സിലായിരുന്നു എന്ന് അവര്‍ തന്നെ പറയുന്ന, സ്വഹീഹുൽ ബുഖാരിയെ പോലും അവര്‍ മാറ്റിവെക്കുന്നത്, പ്രവാചകര്‍ക്കെതിരെ ആരോപണങ്ങളുണ്ടാവരുതേ എന്ന് കരുതിയായിരിക്കാം. അവരുടെ വാദമിതാണ്: “ആയിശയുടെ വിവാഹം നടന്ന പ്രായം അവിടുത്തെ സഹോദരി അസ്മായുടെ പ്രായം കിട്ടിയാൽ കണക്കുകൂട്ടാവുന്നതാണ്.  ആയിശയും അസ്മായും തമ്മിൽ 10 വയസ്സ് വ്യത്യാസമുണ്ട്. മിശ്കാത്തിൻറെ രചയിതാവായ ഖത്തീബ് തിബ്രീസി തൻറെ അസ്മാഉ രിജാൽ ചർച്ച ചെയ്യുന്ന ഗ്രന്ഥത്തിൽ അസ്മാ ബീവി അവരുടെ 100 ആം വയസ്സിൽ ഹിജ്റ 73 നാണ് മരണപ്പെട്ടതെന്ന് കാണാം. അപ്പോൾ ഹിജ്റ ഒന്നാം വർഷം അവർക്ക് 27 വയസ്സ് പ്രായം കാണണം. അപ്രകാരം, ആ സമയത്ത് ആയിശ ഉമ്മക്ക് 17 വയസ്സാണ് പ്രായം. പിന്നീട്, ഹിജ്റക്കു ശേഷം രണ്ടാം വർഷമാണ് ആയിഷയുടെ വിവാഹം. അപ്പോൾ അവരുടെ പ്രായം 19 ആകാനേ വഴിയുള്ളൂ”.

 

ഈ വാദം ഒറ്റനോട്ടത്തിൽ ഭദ്രമായിട്ടാണ് തോന്നുക. പക്ഷെ, ഈ വാദത്തിൽ രീതിശാസ്ത്രപരമായ തുടർച്ചയില്ലായ്മ  (Methodological Inconsistency) പ്രകടമാണ്. സ്വഹീഹുൽ ബുഖാരിയെ പോലുള്ള കണിശമായ വ്യക്തിനിരൂപണങ്ങളിലൂടെ അരിച്ചെടുത്ത ഹദീസ് സമാഹാരത്തിലുള്ള ഒമ്പത് വയസ്സ് എന്ന പ്രയോഗത്തെ ഇവർ തള്ളുന്നു. എന്നാൽ അതേ സമയം തന്നെ, അതിൻറെയത്ര ഭദ്രതയില്ലാതെ കേവലം വിവരണസ്രോതസ്സുകളുപയോഗിച്ച് കൊണ്ട് അവർ അസ്മാ ബീവിയുടെ മരണവർഷവും, ആയിശാ ഉമ്മയും അസ്മാ ബീവിയും തമ്മിലുള്ള പ്രായാന്തരവും സ്ഥാപിക്കുകയും ചെയ്യുന്നു. അതായത്, ഒരേ സമയം കൂടുതൽ ആധികാരികമായ സ്വഹീഹുൽ ബുഖാരിയെ തള്ളുകയും അതേ സമയം അത്ര തന്നെ ആധികാരികമല്ലാത്ത വിവരണങ്ങളെ തങ്ങളുടെ വാദം സ്ഥാപിക്കാൻ സ്വീകരിക്കുകയും ചെയ്യുന്നു.  

 

ഏഴ്

 

ആധുനികത ഒരു ചരിത്രഘട്ടം മാത്രമല്ല, അതൊരു ലോക വീക്ഷണം കൂടിയാണ്. അതിന് അതിൻറേതായ നിപാടുകളും നിർബന്ധങ്ങളുമുണ്ട്. അതിൻറെ യുക്തിക്ക് വല്ലതും ഉൾക്കൊള്ളാൻ പറ്റിയില്ലെങ്കിൽ അത് ആധുനികതയുടെ പരിമിതി മാത്രമാണ്. എന്നിട്ടും, അത് നിങ്ങളെ അതിൻറെ യുക്തിക്കനുസരിച്ച് മാറാൻ നിർബന്ധിക്കുന്നു എങ്കിൽ അതൊരു ജ്ഞാനശാസ്ത്രീയമായ അധികാര പ്രയോഗമാണ്. ആ പ്രയോഗത്തിൽ നിന്ന് കുതറി മാറി,  ജ്ഞാനശാസ്ത്രപരമായ വിസമ്മതം (Epistemological Disobedience) പ്രകടിപ്പിക്കുമ്പോഴാണ് വിശ്വാസി ഒരു പൂർണവിശ്വാസിയാവുന്നത്. ഇസ്‍ലാമിക പാരമ്പര്യങ്ങളെ പൊതുവെ മനസ്സിലാക്കേണ്ടതും വിലയിരുത്തേണ്ടതും യുക്തിചിന്തയിലൂടെ തന്നെയാണ്. എന്നാൽ. കാലാന്തരേണ മാറിമറിയുന്ന, കാലത്തിൻറെ ബോധനിർമിതിയായ യുക്തികൾ നൂറ്റാണ്ടുകൾക്കുമുമ്പുള്ള പാരമ്പര്യങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുക അസാധ്യമാണ്. മനുഷ്യൻറെ അടിസ്ഥാനയുക്തി ഉപയോഗിച്ച് കൊണ്ട് പാരമ്പര്യങ്ങളെ മനസ്സിലാക്കാം എന്നതു ശരി തന്നെ. പക്ഷെ, അവ എപ്പോഴും വെളിപാടിൻറെ ആധികാരികതക്ക് വിധേയമാണ്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter