രാമക്ഷേത്ര നിർമാണം; യു.പിയിൽ ഉദ്യോഗസ്ഥരുടെ ഒരു ദിവസത്തെ കൂലി നിർബന്ധിച്ച് പിരിക്കുന്നുവെന്ന് പരാതി

അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിനായി യു.പിയിൽ പി.ഡബ്ള്യു.ഡി ഉദ്യോഗസ്ഥരിൽ നിന്ന് മേലുദ്യോഗസ്ഥർ ഒരു ദിവസത്തെ കൂലി നിർബന്ധിച്ച് പിരിക്കുന്നുവെന്ന് പരാതി. പി.ഡബ്ള്യു.ഡി വികസന വകുപ്പിന്റെ മുതിർന്ന എൻജിനീയർ രാജ്പാൽ സിങ് ആണ് എല്ലാ ഉദ്യോഗസ്ഥരിൽ നിന്നും ഒരു ദിവസത്തെ കൂലി ക്ഷേത്ര നിർമാണത്തിന് പിരിക്കാനുള്ള നീക്കങ്ങൾ നടത്തിയത്.

ഇതിനായി ''പി.ഡബ്ള്യു.ഡി രാം മന്ദിർ വെൽഫെയർ'' എന്ന പേരിൽ അക്കൗണ്ട് തുറക്കാൻ ലക്നവ്‌ ഹസ്‌റത്ഗാങ് ബാങ്കിന് രാജ്പാൽ സിങ് നിവേദനം നൽകി കഴിഞ്ഞു. ഈ നിവേദന പ്രകാരം പി.ഡബ്ള്യു.ഡി ഉദ്യോഗസ്ഥരുടെ ഒരു ദിവസത്തെ കൂലി രാമ ക്ഷേത്ര നിർമാണത്തിനായി ഈ അക്കൗണ്ടിൽ സമാഹരിക്കും. ഓഫീസ് സൂപ്രണ്ട് മുനിഷ് കുമാറും മുഖ്യ അസിസ്റ്റന്റ് വിരേന്ദ്ര കുമാറും ഈ ബാങ്ക് അക്കൗണ്ട് കൈകാര്യം ചെയ്യും.

എന്നാൽ വോളണ്ടറി പിരിവ് എന്ന പേരിൽ നടത്തുന്ന ഈ സമാഹരണം തങ്ങളുടെ അനുമതിയോടെ അല്ലായെന്നാണ് പി.ഡബ്ള്യു ഡി ഉദ്യോഗസ്ഥർ പറയുന്നത്. "ഈ തീരുമാനം ഞങ്ങളുടെ ആരുടേയും അറിവോടെ അല്ല എടുത്തിരിക്കുന്നത്. രാജ്പാൽ സിങ് ബാങ്കിന് നൽകിയ നിവേദനം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുമ്പോഴാണ് ഞങ്ങൾ ഇക്കാര്യം അറിയുന്നത്. ഒരു ദിവസത്തെ കൂലി ഈടാക്കുമെന്നാണ് കത്തിൽ പറയുന്നത്". ഈ നീക്കത്തോട് കടുത്ത വിയോജിപ്പുണ്ടെങ്കിലും, രാഷ്ട്രീയ അന്തരീക്ഷവും വിഷയത്തിന്റെ വൈകാരിക തലവും കണക്കിലെടുത്ത് പ്രതികരിക്കാൻ ഭയന്നിരിക്കുകയാണ് ഭൂരിഭാഗം പേരും .

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter