സഫൂറ സർഗാറിന് ജാമ്യം അനുവദിക്കരുതെന്ന് കോടതിയിൽ ഡൽഹി പോലീസ്
ന്യൂഡല്‍ഹി: തീവ്രവാദപ്രവർത്തനത്തിന് കൂട്ടുനിന്നതിന് പിടിയിലായ മുന്‍ ജമ്മു കശ്മീര്‍ ഡി.എസ്.പി ദേവിന്ദര്‍ സിംഗിന് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ച സംഭവത്തെ ചൂണ്ടിക്കാട്ടി പൗരത്വസമര നായിക സഫൂറ സര്‍ഗാറിന് ജാമ്യം അനുവദിക്കാത്തതെന്ത് കൊണ്ടെന്ന ചോദ്യം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നതിനിടെ സഫൂറയുടെ ജാമ്യാപേക്ഷ പരിഗണിക്കരുതെന്ന് ഡല്‍ഹി പൊലിസ്. ഗര്‍ഭിണിയാണെന്നത് തെറ്റ് കുറച്ചു കാണാനുള്ള കാര്യമല്ലെന്ന് വ്യക്തമാക്കിയ ഡൽഹി പോലീസ് അതിനാൽ സഫൂറക്ക് ജാമ്യം അനുവദിക്കേണ്ടെന്നും ഹൈക്കോടതി മുമ്പാകെ ആവശ്യപ്പെട്ടു.

സഫൂറ സര്‍ഗാറിന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ഡൽഹി പോലീസ് കോടതിയിൽ ഇക്കാര്യം ആവശ്യപ്പെട്ടത്. പത്തു വര്‍ഷത്തിനിടെ 39 സ്ത്രീകള്‍ തിഹാര്‍ ജയിലില്‍ പ്രസവിച്ചിട്ടുണ്ടെന്ന് പൊലിസ് ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കി ജാമ്യാപേക്ഷയെ എതിര്‍ക്കുന്ന റിപ്പോര്‍ട്ടും ഡല്‍ഹി പൊലിസ് കോടതിയില്‍ സമര്‍പ്പിച്ചു. ഗര്‍ഭിണിയാണെന്ന കാരണം അവര്‍ ചെയ്ത തെറ്റിന്റെ ശിക്ഷ കുറയ്ക്കുന്നതല്ലെന്നും ഇത്തരം ഗുരുതരമായ കുറ്റകൃത്യം ചെയ്തവരെ അക്കാരണത്തില്‍ വിട്ടയക്കാനാവില്ലെന്നും അവര്‍ക്ക് ഈ സമയത്ത് ആവശ്യമായ എല്ലാ ചികിത്സയും ജയില്‍ നല്‍കുന്നുണ്ടെന്നും പൊലിസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

സര്‍ഗാറിനെ ഒരു പ്രത്യേക സെല്ലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും നല്ല ഭക്ഷണവും ആവശ്യമായ മരുന്നുകളും ഇവര്‍ക്ക് നല്‍കുന്നതിന് പുറമെ ഡോക്ടര്‍മാര്‍ സ്ഥിരമായി ഇവരെ പരിശോധിക്കുന്നുണ്ടെന്നും പൊലിസ് വാദിച്ചു. ഒരാള്‍ക്ക് മാത്രമായി അത്തരത്തില്‍ പ്രത്യേക അര്‍ഹത നല്‍കാനാവില്ലെന്നും കുറ്റവാളികള്‍ എല്ലാവര്‍ക്കും നിയമം ഒരുപോലെയാണെന്നുമാണ് സ്‌പെഷ്യല്‍ സെല്‍ ഡി.സി.പി പി.എസ് കുശ്‌വഹ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

രാജ്യ ദ്രോഹ പ്രവർത്തനം നടത്തിയ മുന്‍ ജമ്മു കശ്മീര്‍ ഡി.എസ്.പി ദേവിന്ദര്‍ സിംഗിന് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചതിൽ അന്വേഷണ ഉദ്യോഗസ്ഥരുടെ പിടിപ്പുകേട് ചോദ്യം ചെയ്ത് ഒളിമ്പിക് മെഡൽ ജേതാവ് വിജേന്ദർ സിങ് അടക്കമുള്ള പ്രമുഖർ രംഗത്തെത്തിയിരുന്നു. എന്തുകൊണ്ടാണ് സഫൂറക്ക് ജാമ്യം നൽകാത്തതെന്നും വിജേന്ദർ സിങ് ചോദിച്ചിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter