ഇന്ത്യയിലെ ഇസ്‌ലാമോഫോബിയ അറബ് ലോകം നിരീക്ഷിക്കുമ്പോൾ
സൗദി അറേബ്യ, യുഎഇ, കുവൈത്ത് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ ജീവിക്കുന്ന വലതുപക്ഷ ഇന്ത്യൻ പ്രവാസികൾ കൊറോണ വൈറസ് വ്യാപനം ഇന്ത്യൻ മുസ്‌ലിംകളുടെ കാരണം കൊണ്ടാണെന്ന് വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. അതേതുടർന്ന് കൊറോണ ജിഹാദ് എന്ന തലക്കെട്ടിൽ ഇസ്‌ലാമിനെ വിമർശിക്കാൻ അവർ വ്യാപകമായ ശ്രമവും നടത്തി. വർഷങ്ങളായി ഗൾഫിൽ ജോലി ചെയ്യുന്ന നിരവധി പ്രവാസികളാണ് ഇസ്‌ലാമിനെതിരെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റുകളുമായി രംഗത്തെത്തിയിരുന്നത്. എന്നാൽ ഈ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതോടെ ഇവരുടെയെല്ലാം ജോലി നശിക്കുന്ന കാഴ്ചകളാണ് കാണുന്നത്.
ദുബായിൽ അക്കൗണ്ടന്റായി ജോലിചെയ്യുന്ന ഒരു ഇന്ത്യൻ പ്രവാസി ഇത്തരം ഒരു വിമർശനം നടത്തിയതിന്റെ പേരിൽ ജോലിയിൽനിന്ന് പിരിച്ചുവിടപ്പെട്ടു. ഒരു മാനേജ്മെൻറ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന മറ്റൊരു പ്രവാസിയും അപകീർത്തികരമായ പോസ്റ്റിന്റെ പേരിൽ ജോലിയിൽ നിന്ന് ഒഴിവാക്കപ്പെട്ടു. ഇവർ രണ്ടുപേരും ചെറിയ ഉദാഹരണങ്ങൾ മാത്രമാണ്. ഇവരെ കൂടാതെ നിരവധി പ്രവാസികളാണ് സമാനമായ പ്രവർത്തനങ്ങളുമായി അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്.
ദുബായിലെ ബർഗർ കിംഗിന്റെ ഒരു ബ്രാഞ്ച് അതിലെ ഒരു ജോലിക്കാരനെ പുറത്താക്കിയത് സമാനമായൊരു കാരണത്തിന്റെ പേരിലായിരുന്നു. ഇത്തരം പ്രവൃത്തികൾ ഒരിക്കലും പൊറുക്കപ്പെടാൻ പറ്റുന്നതല്ലെന്നും ബർഗർ കിംഗ് മാനേജ്മെന്റ് വ്യക്തമാക്കിയിരുന്നു. സോഷ്യൽ മീഡിയകളിലൂടെ ഇന്ത്യൻ പ്രവാസികൾ നടത്തിവരുന്ന ഇത്തരം അപകീർത്തികരമായ പരാമർശങ്ങൾക്കെതിരെ ഗൾഫ് രാജ്യങ്ങളിലെ നിരവധി പ്രശസ്തരായ വ്യക്തികളാണ് രംഗത്തെത്തിയിരിക്കുന്നത്. സഹ്റാനി ആബിദി, അബ്ദുറഹ്മാൻ നാസർ, ഹിന്ദ് അൽ ഖാസിമി രാജകുമാരി തുടങ്ങിയവരാണ് ഇതിൽ പ്രമുഖർ.
53 മുസ്‌ലിം രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പ്രവാസികൾ ഇന്ത്യയിലേക്ക് തുടർച്ചയായി പ്രതി വർഷം 120 ബില്യൻ അയച്ചിട്ടും ആ രാജ്യത്ത് മുസ്‌ലിംകൾ ക്രൂരമായ വിവേചനങ്ങൾക്കാണ് വിധേയമാകുന്നതെന്ന് അബ്ദുറഹ്മാൻ നാസർ തുറന്നടിക്കുന്നു. ആർഎസ്എസ് നടത്തിയ ആക്രമണങ്ങളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത്, ആർഎസ്എസ് ഹിന്ദുക്കളെ പ്രതിനിധീകരിക്കുന്നില്ലെന്നും നല്ലവരായ ഒരുപാട് ഹിന്ദുക്കൾ ഇന്ത്യയിൽ ജീവിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നുണ്ട്.
യുഎഇ രാജകുമാരിയായ ഹെന്ത് അല്‍ ഖാസിമിയും സോഷ്യൽ മീഡിയയിൽ ഇസ്‌ലാമോഫോബിയയുള്ള വാർത്തകൾ പ്രചരിപ്പിക്കുന്ന ഗൾഫ് ഇന്ത്യൻ പ്രവാസികൾക്കെതിരെ രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ വംശജനായ സൗരഭ് ഉപാധ്യായ് എന്ന വ്യക്തി പങ്കുവച്ച ചില ട്വീറ്റുകള്‍ ചൂണ്ടിക്കാട്ടിയാണ് ഇസ്‌ലാമോഫോബിയക്കെതിരെ അവർ രംഗത്തെത്തിയിരുന്നത്. ഇവിടെ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും ശമ്പളം നല്‍കുന്നുണ്ട്. ആരും സൗജന്യമായല്ല ജോലി ചെയ്യുന്നത്. നിങ്ങള്‍ക്ക് ആഹാരം നല്‍കുന്ന ഈ രാജ്യത്തെ തന്നെയാണ് നിങ്ങള്‍ പരിഹസിക്കുന്നത്. ഇത്തരം അപഹാസ്യങ്ങള്‍ക്കെതിരെ കണ്ണടയ്ക്കാനാകില്ലെന്നും രാജകുമാരി വ്യക്തമാക്കിയതോടെ സൗരഭ് ഉപാധ്യായ് തന്റെ ട്വീറ്റുകൾ ഡിലീറ്റ് ചെയ്തു.
യുഎഇ ഗിന്നസ് വേൾഡ് റെക്കോർഡ് ഓർഡർ സുഹൈൽ അൽ സറൂനിയും വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. വ്യത്യസ്ത പിന്നാമ്പുറങ്ങളിൽ നിന്ന് വരുന്ന നിരവധി സമൂഹങ്ങളാണ് രാജ്യത്ത് അധിവസിക്കുന്നതെന്നും അതിനാൽ ഒരു മതത്തെയും അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടാവരുതെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 20 വർഷങ്ങളായി ദുബായിൽ താമസിക്കുന്ന യുഎഇ ബിസിനസുകാരിയായ നൂറ അൽ ഗുറൈർ രംഗത്തുവന്നത് സുന്നി മുസ്‌ലിംകളെ അധിക്ഷേപിക്കുന്ന ട്വീറ്റ് ചെയ്ത സ്ത്രീക്കെതിരെയാണ്. വെറുപ്പിന്റെയും ബഹിഷ്കരണത്തിന്റെയും യാതൊരു ആഹ്വാനവും നമ്മുടെ നാടുകളിൽ സ്വീകരിക്കപ്പെടുന്നതല്ല. അവർ ട്വീറ്റ് ചെയ്തു.
അതേസമയം കുവൈത്തിലെ അഭിഭാഷകയും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയുടെ ഡയറക്ടറുമായ മെജ്ബൽ അൽ ശരീക ഇന്ത്യൻ മുസ്‌ലിംകളുടെ വിഷയം അന്താരാഷ്ട്ര മനുഷ്യാവകാശ കൗൺസിലിൽ ഉന്നയിക്കുമെന്ന് വ്യക്തമാക്കി രംഗത്തെത്തി. അഭിഭാഷകരെയും മനുഷ്യാവകാശ പ്രവർത്തകരെയും തന്നോടൊപ്പം ചേരാൻ ക്ഷണിച്ച അദ്ദേഹം ഇന്ത്യയിലെ പാവങ്ങൾക്കെതിരെ തീവ്രവാദികൾ നടത്തുന്ന അതിക്രമങ്ങൾ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ എത്തിക്കണമെന്നും അതുവഴി കുറ്റവാളികൾക്ക് ശിക്ഷ ലഭിക്കുമെന്നും പറഞ്ഞു. അന്താരാഷ്ട്ര കോടതിയിൽ പരാതിയുമായി പോകുമ്പോൾ അതിനാവശ്യമായ തെളിവുകൾ താൻ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയ സൗദി പണ്ഡിതനായ ആബിദി സഹ്റാനി ഗൾഫിൽ ജോലി ചെയ്യുന്നതിനിടെ മുസ്‌ലിംകൾക്കും ഇസ്‌ലാമിനുമെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്ന വ്യക്തികളെ ലിസ്റ്റ് ചെയ്യണമെന്നും വ്യക്തമാക്കി. കുവൈത്തിലെ അൽ അൻപ ന്യൂസ് കോളമിനിസ്റ്റുമായ ഡോ: മുഹമ്മദ് അൽ ശരീക വർഗീയ ആക്രമണങ്ങൾക്ക് വിധേയരാകുന്ന ഇന്ത്യൻ മുസ്‌ലിംകൾക്ക് പിന്തുണയറിയിച്ച് ട്വീറ്റ് ചെയ്തു.
ഇന്ത്യയിലെ നിരപരാധികളുടെ ജീവൻ രക്ഷിക്കുവാൻ അന്താരാഷ്ട്ര സമൂഹത്തോട് അദ്ദേഹം അഭ്യർത്ഥിക്കുകയും ചെയ്തു. മറ്റൊരു ട്വീറ്റിൽ ഇന്ത്യൻ മുസ്‌ലിംകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ മനുഷ്യത്വത്തിനെതിരെയുള്ളതാണന്നും അദ്ദേഹം വ്യക്തമാക്കി. മുസ്‌ലിംകളെ അപകീർത്തിപ്പെടുത്തലും ഇസ്‌ലാമിനെ മോശമായി ചിത്രീകരിക്കലും ഗൾഫ് മേഖലയിൽ ജോലി ചെയ്യുന്ന നിരവധി ആളുകളുടെ പതിവായി മാറിയിരിക്കുകയാണ്.
എന്നാൽ ഈ വിഷയം ശ്രദ്ധയിൽപ്പെട്ടതോടെ ഇത്തരം സമീപനങ്ങൾ സ്വീകരിക്കുന്ന വ്യക്തികളെ കണ്ടെത്തലും അവരെ റിപ്പോർട്ട് ചെയ്യലും പ്രാധാന്യത്തോടെ കണ്ടിരിക്കുകയാണ് ഗൾഫിലെ പൗരന്മാർ. ഇന്ത്യയിലെ ഭൂരിപക്ഷ ഹിന്ദു ജനവിഭാഗങ്ങളിൽ വർഗീയത വളരാനുള്ള ഏറ്റവും പ്രധാന കാരണം ഇന്ത്യൻ മുസ്‌ലിംകൾക്കെതിരെ ഇന്ത്യൻ മാധ്യമങ്ങൾ നടത്തുന്ന ബോധപൂർവ്വമായ മോശമായ പ്രചരണങ്ങളാണ്. അറബികൾ ഉണർന്ന സ്ഥിതിക്ക് ഇനി ഇത്തരം വർഗീയ പരാമർശങ്ങൾക്ക് വലിയ വില നൽകേണ്ടി വരുമെന്നാണ് സാമൂഹിക മാധ്യമങ്ങളിലെ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാവുന്നത്.
Leave A Comment