ഇന്ന് ദുല്‍ഹിജ്ജ 12..

ഇന്നും ഹാജിമാര്‍ക്ക് ചെയ്യാനുള്ളത് മൂന്ന് ജംറകളിലെ ഏറുകള്‍ തന്നെയാണ്. ഓരോ ജംറയിലും ഏഴ് വീതം ഓരോ ദിവസവും ഇരുപത്തിയൊന്ന് ഏറുകളാണ് നടത്തേണ്ടത്. ആകെ, പെരുന്നാള്‍ ദിവസത്തിലെ ഏഴ് ഏറിന് പുറമെ അറുപത്തിമൂന്ന് ഏറുകള്‍.. 

ഇതില്‍ മൂന്നാം ദിവസത്തെ ഏറുകള്‍ വേണ്ടെന്ന് വെക്കാവുന്നതുമാണ്. രണ്ടാം ദിവസത്തെ ഏറ് കഴിഞ്ഞ് സൂര്യാസ്തമയത്തിന് മുമ്പായി മിനയോട് യാത്ര പറയണമെന്ന് മാത്രം. ചിലരൊക്കെ അത്തരത്തില്‍ ഇന്നത്തെ ഏറുകള്‍ പൂര്‍ത്തിയാക്കി വിട പറയുന്നവരുമുണ്ട്.

ഏറുകള്‍ പ്രതിഷേധത്തിന്റെ പ്രതീകമാണ്. പാടില്ലാത്ത എല്ലാറ്റിനോടുമുള്ള പ്രതിഷേധമാണ് ഏറ്. അല്ലാഹു കല്‍പിച്ചതെല്ലാം മനുഷ്യ നന്മക്ക് വേണ്ടിയുള്ളതാണ്. അവന്‍ വിരോധിച്ചതൊക്കെയും മനുഷ്യജീവിതത്തിന് പ്രയാസകരവും. നിഷിദ്ധമായതെല്ലാം പിശാചിന്റെ പ്രേരണകളുടെ ഉല്‍പന്നങ്ങളാണ്. സ്വശരീരം അവയിലേക്ക് ആകൃഷ്ടമാവുമ്പോഴൊക്കെ അതിനോട് പ്രതിഷേധിക്കേണ്ടവനും സ്വയം നിയന്ത്രിക്കേണ്ടവനുമാണ് വിശ്വാസി. മറ്റുള്ളവര്‍ അത് ചെയ്യുന്നതോ ചെയ്യാന്‍ മുതിരുന്നതോ കണ്ടാല്‍ അതും സാധ്യമാവുന്ന വിധം പ്രതിരോധിക്കേണ്ടത ബാധ്യത അവനുണ്ട്. ഏറ്റവും ചുരുങ്ങിയത് മനസ്സ് കൊണ്ട് അതിനോട് വിയോജിപ്പും വെറുപ്പും പ്രകടിപ്പിച്ചുകൊണ്ടെങ്കിലും. പ്രതിഷേധത്തിന്റെ ഏറ്റവും ചെറിയ ഏറാണ് അതെന്ന് പറയാം. 

തിന്മകളെയും അതിന്റെ വക്താക്കളെയും ഓരോന്നായി കാണുമ്പോഴും പ്രതിഷേധിക്കാത്തവരെ വിശുദ്ധ ഖുര്‍ആന്‍ ഇടക്കിടെ ഉണര്‍ത്തുന്നുണ്ട്. അനാഥനെ തട്ടി മാറ്റുകയും അഗതിക്ക് ഭക്ഷണം നല്കാന്‍ പ്രേരിപ്പിക്കാതിരിക്കുകയും ചെയ്ത് മതത്തെ കളവാക്കുന്നവരെ താങ്കള്‍ കണ്ടുവോ എന്ന രീതിയിലുള്ള ചോദ്യങ്ങള്‍ പലയിടത്തും കാണാം. അത് കണ്ടുവെങ്കില്‍ അതിനെതിരെ പ്രതിഷേധിക്കേണ്ടതും സാധ്യമാവുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുമുണ്ട് എന്ന് കൂടിയാണ് ആ ചോദ്യം പറയാതെ പറയുന്നത്.

ജീവിതത്തിലുടനീളം തുടരേണ്ടതാണ് തിന്മയുടെ വക്താക്കള്‍ക്കെതിരെയുള്ള ഈ കല്ലേറുകള്‍. അതിനുള്ള പരിശീലനമാണ് ഈ മൂന്ന് ദിവസങ്ങളിലൂടെ വിശ്വാസിക്ക് ഹജ്ജ് നല്കുന്നത്. അത് കഴിഞ്ഞ് ബാക്കി സമയമെല്ലാം ആരാധനാകര്‍മ്മങ്ങളും  ഖുര്‍ആന്‍ പാരായണവുമൊക്കെയായി ഹാജിമാര്‍ ഇന്നും മിനായില്‍ തന്നെ കഴിച്ച് കൂട്ടുകയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter