റാശിദ് താലിബിനും ഇല്‍ഹാന്‍ ഒമറിനും പ്രവേശനം നിഷേധിച്ച് ഇസ്രയേല്‍

യു.എസ് കോണ്‍ഗ്രസ് അംഗങ്ങളായ റാശിദ താലിബിനെയും ഇല്‍ഹാന്‍ ഒമറിനെയും രാജ്യത്ത് പ്രവേശിക്കാന്‍ അനുവദിക്കുകയില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. ഇസ്രയേലിനെതിരെ പ്രവര്‍ത്തിക്കുന്നവരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കണമെന്ന് പറയുന്നത് അസ്വീകാര്യമാണെന്നും അദ്ദേഹം പറഞ്ഞു. 

ഫലസ്തീന്‍ വംശജയായ റാശിദ താലിബും സോമാലിയന്‍ വംശജയായ ഇല്‍ഹാന്‍ ഒമറും അടുത്ത ആഴ്ചയാണ് ഫലസ്തീനും ഇസ്രയേലും സന്ദര്‍ശിക്കാന്‍ ആഗ്രഹിച്ചിരുന്നത്. ഇരുവരെയും ഇസ്രയേലിലേക്ക് പ്രവേശിപ്പിക്കുന്നത് ആ രാജ്യത്തിന് കനത്ത നാണക്കേടായിരിക്കുമെന്ന് യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. 

ഇസ്രയേലിന്‍റെ തീരുമാനത്തെ ഇരുവരും കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്. ഇസ്രയേല്‍ ഫലസ്തീനില്‍ നടത്തിക്കൊണ്ടിരിക്കുന്ന അധിനിവേശത്തിന്‍റെ ഭീകരത അവിടെ പോയി കാണാമെന്ന് യു.എസ് കോണ്‍ഗ്രസിലെ തന്‍റെ സഹ എംപിമാരോട് ഇരുവരും ആവശ്യപ്പെട്ടു. ട്രംപും നെതന്യാഹുവും നടത്തിക്കൊണ്ടിരിക്കുന്ന നെറികേട് മറച്ച് വെക്കാന്‍ അനുവദിക്കുകയില്ലെന്നും അവര്‍ പറഞ്ഞു. 

ട്രംപിന്‍റെ കടുത്ത വിമര്‍ശകരാണ് ഇരുവരും. യു.എസില്‍ സംതൃപ്തരല്ലെങ്കില്‍ അവര്‍ സ്വരാജ്യത്തേക്ക് മടങ്ങിപ്പോവണമെന്ന് ട്രംപിന്‍റെ പ്രസ്താവന ഏറെ വിവാദമായിരുന്നു. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter