ഏദനില്‍ നിന്ന് പിന്‍വാങ്ങുന്നത് വരെ വിമതരുമായി യാതൊരു ചര്‍ച്ചക്കുമിെല്ലെന്ന്  യമന്‍ ഗവണ്‍മെന്‍റ് അധികൃതര്‍
ഏദനില്‍ തങ്ങള്‍ പിടിച്ചെടുത്ത പ്രദേശങ്ങളില്‍ നിന്ന് പിന്‍വാങ്ങാനും ആയുധം താഴെ വെക്കാനും തയ്യാറാവാതെ വിമതരായ സതേണ്‍ ട്രാന്‍സിഷന്‍ കൗണ്‍സില്‍ വക്താക്കളുമായി യാതൊരു ചര്‍ച്ചക്കും തയ്യാറില്ലെന്ന് യമന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. മന്‍സൂര്‍ ഹാദി നേതൃത്വം നല്‍കുന്ന യമന്‍ സര്‍ക്കാരില്‍ വിദേശ കാര്യ സഹമന്ത്രിയായ മുഹമ്മദ് അല്‍ ഹള്റമിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരാഴ്ച മുമ്പാണ് യു.എ.ഇ പിന്തുണയുള്ള വിമത സേന അംഗീകൃത സര്‍ക്കാര്‍ സൈന്യവുമായി ഏറ്റുമുട്ടിയതും 4 ദിവസങ്ങള്‍ നീണ്ട പോരാട്ടത്തിന് ശേഷം ഏദന്‍ കീഴടക്കിയതും. പോരാട്ടത്തില്‍ 40 പേര്‍ കൊല്ലപ്പെടുകയും 260 പേര്‍ക്ക് പരിക്കേറ്റതായും യു.എന്‍ അറിയിച്ചിരുന്നു. അതേ സമയം ഇരു വിഭാഗവും ചര്‍ച്ചക്ക് തയ്യാറാവണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ സൈന്യത്തെ തുരത്തി യമന്‍ തലസ്ഥാനമായ സന്‍ആ പിടിച്ചടക്കിയ ശിയാ വിഭാഗമായ ഹൂതികള്‍ക്കെതിരെ സൗദി അറേബ്യയും യുഎഇയുമടക്കമുള്ള സഖ്യസേന പോരാട്ടത്തിലേര്‍പ്പെട്ട് കൊണ്ടിരിക്കെ യു.എ.ഇയുടെ പിന്തുണയോടെ തന്നെ ഇത്തരമൊരു അട്ടിമറി നടന്നത് മേഖലയിലെ സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമാക്കിയിട്ടുണ്ട്. അതേ സമയം ഹൂതികള്‍ക്കെതിരെ പോരാടുക വഴി സര്‍ക്കാരിനെ പിന്തുണക്കുന്ന യു.എ.ഇ ഏദനില്‍ വിമതരെ പിന്തുണച്ചത് ഇരട്ടത്താപ്പാണെന്നും കടുത്ത ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ചര്‍ച്ചക്ക് തയ്യാറാണെന്ന് വിമതര്‍ പറയുന്നുണ്ടെങ്കിലും ഏദനില്‍ നിന്ന് പിന്‍വാങ്ങുമോ എന്നതില്‍ അവര്‍ നയം വ്യക്തമാക്കിയിട്ടില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter