താനൂർ കുഞ്ഞിക്കാദര്‍: തൂക്ക് കയർ പുഞ്ചിരിയോടെ ഏറ്റ് വാങ്ങിയ ഖിലാഫത്ത് പോരാളി
_ബ്രിട്ടീഷുകാരുടെ കൊള്ളരുതായ്മകൾക്കെതിരെ യുദ്ധക്കളത്തിലിറങ്ങി സായുധ പോരാട്ടം നടത്തിയ നിരവധി നക്ഷത്ര തുല്യരായ പോരാളികളെ ഖിലാഫത്ത് സമരത്തിൽ നമുക്ക് കാണാനാകും. മലബാറിലെ സ്വാതന്ത്ര്യസമരങ്ങളെ ഹിന്ദു-മുസ്‍ലിം കലാപങ്ങളായി ചിത്രീകരിക്കപ്പെടുന്ന ഇക്കാലത്ത്, ആ ധീരപോരാളികളെ ഓര്‍ക്കേണ്ടതും ഓര്‍മ്മിപ്പിക്കേണ്ടതും നമ്മുടെ ബാധ്യതയാണ്. മലപ്പുറം ജില്ലയിലെ താനൂര്‍ സ്വദേശിയായ വീരസേനാനി കുഞ്ഞിക്കാദര്‍ അത്തരത്തില്‍ ഒരാളായിരുന്നു._ 1920 ന്റെ രണ്ടാം പകുതി.. ബ്രിട്ടീഷുകാര്‍ക്കെതിരെ രാജ്യമെങ്ങും സമരങ്ങളും പോരാട്ടങ്ങളും നടക്കുകയാണ്. നിസ്സഹകരണ പ്രസ്ഥാനവും ഖിലാഫത് പ്രസ്ഥാനവുമായി മത-ജാതി ഭേദമന്യെ ഇന്ത്യക്കാരെല്ലാം മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പടപൊരുതുകയാണ്. മലബാറില്‍ ഖിലാഫത് പ്രസ്ഥാനം ഏറെ ശക്തി പ്രാപിക്കുകയും ബ്രിട്ടീഷുകാര്‍ക്ക് വലിയ തലവേദന സൃഷ്ടിച്ച് മുന്നേറുകയുമാണ്. സമരക്കാരെയെല്ലാം ഏത് വിധേനയും അടിച്ചമര്‍ത്താനും ഇല്ലായ്മ ചെയ്യാനുമാണ് അവരുടെ തീരുമാനം. അതിനുള്ള ശ്രമങ്ങള്‍ എല്ലായിടത്തും നടക്കുന്നുമുണ്ട്. പല വീടുകളിലെയും പുരുഷന്മാര്‍ ഒളിവിലാണ്. വീട്ടില്‍ സ്ത്രീകളും കുട്ടികളും മാത്രമാണുള്ളത്. ഏത് സമയത്തും വാതിലില്‍ മുട്ടി വിളിക്കുന്ന പട്ടാളത്തെയും പ്രതീക്ഷിച്ചാണ് അവര്‍ രാപ്പകലുകള്‍ രാപ്പകലുകള്‍ തള്ളിനീക്കുന്നത്. ആഗസ്ത് 20.. അന്നൊരു വെള്ളിയാഴ്ചയായിരുന്നു. പലരും രാവിലെ മുതല്‍തന്നെ ജുമുഅക്ക് പോവാനുള്ള തയ്യാറെടുപ്പിലാണ്. അപ്പോഴാണ്, ആ വാര്‍ത്ത വരുന്നത്, തിരൂരങ്ങാടി പള്ളിയും മമ്പുറം മഖാമും പട്ടാളം തകര്‍ത്തുകളഞ്ഞിരിക്കുന്നുവത്രെ. കേട്ടവര്‍ കേട്ടവര്‍ കൈമാറി നിമിഷങ്ങള്‍ക്കകം തന്നെ അത് കാട്ടുതീ പോലെ മധ്യമലബാര്‍ പ്രദേശങ്ങളിലെല്ലാമെത്തി. ഭൗതിക സൌകര്യങ്ങളോ വിശപ്പടക്കാനുള്ള ഭക്ഷണം പോലുമോ ഇല്ലായിരുന്നെങ്കിലും, അവരുടെ ഉള്ളില്‍ വിശ്വാസത്തിന്റെ മധുരമാര്‍ന്ന വിഭവങ്ങള്‍ വേണ്ടത്രയുണ്ടായിരുന്നു. അത് കൊണ്ട് തന്നെ, കേട്ടവര്‍ക്കാര്‍ക്കും അത് സഹിക്കാനായില്ല. ഒന്നും ആലോചിക്കാതെ, ഒളിവിലായിരുന്നവരെല്ലാം കയ്യിൽ കിട്ടിയ ആയുധങ്ങളുമേന്തി തിരൂരങ്ങാടിയിലേക്ക് പ്രവഹിച്ചു. യഥാര്‍ത്ഥത്തില്‍, ഒളിവിലായിരുന്ന ഖിലാഫത്തുകാരെ അറസ്റ്റ് ചെയ്യാനുള്ള തെരച്ചില്‍ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ, അവരെ പുറത്ത് കൊണ്ട് വരാന്‍ പോലീസ് മേധാവികളും കലക്ടറും ചേര്‍ന്ന് പടച്ചുണ്ടാക്കിയ വ്യാജവാർത്തയായിരുന്നു അത്. കലാപകാരികളെ പ്രകോപിതരാക്കി പുറത്ത് ചാടിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ദുഖകരമെന്ന് പറയട്ടെ, അത് ഫലം കാണുകയും ചെയ്തു.

പന്താരങ്ങാടിയിലെ പോരാട്ടം

ഈ വാർത്ത അറിഞ്ഞതോടെ താനൂരില്‍ നിന്ന് പുറപ്പെട്ട, നൂറിലേറെ പേര്‍ ഉള്‍പ്പെടുന്ന സംഘത്തെ നയിച്ചത് കുഞ്ഞിക്കാദര്‍ എന്ന ചെറുപ്പക്കാരനായിരുന്നു. പൂരപ്പുഴ നീന്തിക്കടന്ന് പന്താരങ്ങാടിലെത്തിയ സമരക്കാർക്ക് നേരെ ഹിച്ച്‌ കോക്കിന്റെയും മെക്കന്റോയുടെയും നേതൃത്വത്തിലുള്ള സൈന്യം തുരുതുരാ വെടിയുതിര്‍ത്തു. നിരവധി പേർ ഈ വെടിവെപ്പിൽ കൊല്ലപ്പെട്ടു. പലരെയും ബ്രിട്ടീഷുകാർ പിടികൂടി അറസ്റ്റ് ചെയ്തു. കൂട്ടത്തില്‍ നമ്മുടെ കഥാനായകനായ കുഞ്ഞിക്കാദറുമുണ്ടായിരുന്നു.

ജനനം, കുടുംബം

1881ല്‍ അബ്ദുര്‍റഹിമാന്‍ സാഹിബിന്റെയും ആയിശകുട്ടിയുടെയും മകനായി താനൂരിലെ ഉമൈത്താനകത്ത് പുത്തന്‍ വീട്ടിലാണ് കുഞ്ഞിക്കാദര്‍ ജനിക്കുന്നത്. തമിഴ്, അറബി, ഉര്‍ദു ഭാഷകളില്‍ അഗാധമായ അവഗാഹം നേടിയെടുത്ത ഭാഷാ പണ്ഡിതന്‍ കൂടിയായിരുന്നു അദ്ദേഹം. കുഞ്ഞിക്കാദര്‍ ചെറുപ്പത്തില്‍ തന്നെ, പൊതുപ്രവര്‍ത്തനങ്ങളില്‍ ഏറെ തല്‍പരനായിരുന്നു. ഇന്ത്യൻ ജനതയെ ഭിന്നിപ്പിക്കാൻ ബ്രിട്ടീഷുകാർ ഡിവൈഡ് ആൻഡ് റൂൾ തന്ത്രം നടപ്പിലാക്കുന്നത് അദ്ദേഹം നന്നായി തിരിച്ചറിഞ്ഞിരുന്നു. അത് കൊണ്ട് തന്നെ, അത്തരം വേളകളില്‍ മത സമുദായങ്ങൾ തമ്മിലുള്ള സമാധാനവും സ്നേഹവും നിലനിർത്തുന്നതിലായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേക ശ്രദ്ധ. താനൂര്‍ പ്രദേശത്ത് മുസ്‌ലിം- ഹിന്ദു സംഘർഷം സൃഷ്ടിക്കാനായി, ബ്രിട്ടീഷുകാർ ബോധപൂർവ്വം നടത്തിയ ഒരു പദ്ധതിയായിരുന്നു ഇമിവളപ്പില്‍ കുഞ്ഞിമുസ്‌ല്യാരുടെ പീടിക കുത്തിത്തുറന്ന് കവര്‍ച്ച നടത്തുക എന്നത്. ശേഷം, അത് ചെയ്തത് ഹിന്ദുക്കളാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമങ്ങളും അവര്‍ നടത്തി. എന്നാൽ ബ്രിട്ടീഷുകാരുടെ ഈ ചെയ്തിയെ വെളിച്ചത്ത് കൊണ്ട് വരികയും ആ ശ്രമത്തെ തകർക്കുകയും ചെയ്തത് കുഞ്ഞിക്കാദറിന്റെ അവസരോചിതമായ ഇടപെടലുകളായിരുന്നു. ശേഷം, ഇരു സമുദായങ്ങൾക്കും ഇടയിൽ സ്നേഹ ദൂതനായി വർത്തിച്ച് ആ ബന്ധം ഊഷ്മളമാക്കി തന്നെ നിലനിര്‍ത്തിയത് അദ്ദേഹമായിരുന്നു.

ഖിലാഫത്ത് പ്രസ്ഥാനത്തിലേക്ക്

ഗുരുവര്യനും പണ്ഡിതനുമായിരുന്ന ആമിനുമ്മാന്റകത്ത് പരീക്കുട്ടി മുസ്‌ലിയാരിലൂടെയാണ് കുഞ്ഞിക്കാദര്‍ ഖിലാഫത്ത് പ്രസ്ഥാനവുമായി ബന്ധപ്പെടുന്നത്. ആലി മുസ്‌ലിയാർ, വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ചെമ്പ്രശ്ശേരി തങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകിയ ഖിലാഫത്ത് സമരത്തിലേക്ക് താമസിയാതെ കുഞ്ഞിക്കാദറും എടുത്തു ചാടുകയും അവസാനം പന്താരങ്ങാടിയില്‍ വെച്ച് അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. പോലീസ് സ്‌റ്റേഷന്‍ അക്രമണം, റെയില്‍ ട്രാക്കുകള്‍ നശിപ്പിക്കല്‍, വാര്‍ത്താവിതരണ സംവിധാനം തകര്‍ക്കല്‍, ആയുധ സന്നാഹത്തോടെ സംഘം ചേരല്‍ തുടങ്ങിയ രാജ്യദ്രോഹക്കുറ്റങ്ങളെല്ലാം ബ്രിട്ടീഷുകാർ അവരുടെ മേൽ ചുമത്തി ജയിലിലടച്ചു. ശേഷം ഏകപക്ഷീയമായ വിചാരണ നടത്തി, കുഞ്ഞിക്കാദര്‍ അടക്കമുള്ള അധികപേര്‍ക്കും തൂക്കുകയർ വിധിക്കുകയാണ് അവര്‍ ചെയ്തത്.

തൂക്കു കയറിലേക്ക് സധൈര്യം

വിചാരണയുടെ ഭാഗമായി, ചെയ്ത തെറ്റുകളില്‍ ഖേദമുണ്ടോ എന്ന് ചോദ്യത്തിന്, കുഞ്ഞിക്കാദറിന്റെ ധീരമായ മറുപടി ഇങ്ങനെയായിരുന്നു, 'ഞാന്‍ താനൂരില്‍ നിന്ന് തിരൂരങ്ങാടിയിലേക്ക് പുറപ്പെടുമ്പോള്‍ എന്റെ ഭാര്യ പൂര്‍ണ്ണ ഗര്‍ഭിണിയാണ്. അധികം താമസിയാതെ അവള്‍ പ്രസവിക്കും. അവള്‍ പ്രസവിക്കുന്നത് ഒരു ആണ്‍കുട്ടിയാണെങ്കില്‍ അവനും എന്നെപ്പോലെ, ബ്രിട്ടീഷ് ഭരണത്തിനെതിരെ സമരം ചെയ്യുന്ന ഒരു പോരാളിയാവണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.’ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ രജിസ്റ്റര്‍ പ്രകാരം 1921 ഫെബ്രുവരി 20നാണ് ബ്രിട്ടീഷ് പട്ടാളം കുഞ്ഞിക്കാദറിനെ തൂക്കിലേറ്റുന്നത്. തൂക്കുകയറിലേക്ക് നടക്കുമ്പോഴും ആ മുഖത്ത് അല്‍പം പോലും ഭയമോ നിരാശയോ ഇല്ലായിരുന്നു. ആരെയും കൂസാതെ കൊലക്കയറിലേക്ക് ആ ധീരദേശാഭിമാനി പുഞ്ചിരിയോടെ നടന്നു കയറി. ഇത്രയധികം ഉശിരും രാജ്യസ്‌നേഹവും നിറഞ്ഞ ഒരാണ്‍കുട്ടിയെ കുഞ്ഞിക്കാദറിന് ശേഷം താനൂരിലെ ഒരുസ്ത്രീയും പ്രസവിച്ചിട്ടില്ലെന്ന്, മലബാര്‍ ലഹളയെക്കുറിച്ച്‌ പുസ്തകം എഴുതിയ പണ്ഡിതനായ കെ കോയക്കുട്ടി മൗലവിയെ ഉദ്ധരിച്ച്‌ സ്വാതന്ത്ര്യ സമര സേനാനിയായ കെ ഹസനാര്‍കുട്ടി തന്റെ ഒരു ലേഖനത്തിൽ പരാമർശിക്കുന്നത്, ആ ദേശാഭിമാനിയുടെ ധൈര്യത്തിന്റെയും സ്ഥൈര്യത്തിന്റെയും മുദ്രണം തന്നെയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter