മുസ്‍ലിം ജനസംഖ്യാവളര്‍ച്ച എന്നതും  ഒരു കെട്ടുകഥ മാത്രമാണ്

തെറ്റായ കണക്കുകൾ പ്രചരിപ്പിച്ച് വർഗീയതയും മുസ്‍ലിം വിദ്വേഷവും പരത്താൻ ഹിന്ദുത്വ ശക്തികൾ കാലങ്ങളായി പറഞ്ഞു വരുന്ന വാദമാണ് മുസ്‍ലിം ജനസംഖ്യാ വളർച്ച. ബഹുഭാര്യത്വവും മുസ്‍ലിംകളുടെ പ്രത്യുൽപാദന ശേഷിയും ചേർത്ത് വെച്ച് മുസ്‍ലിം വിരുദ്ധ വികാരം ഉയർത്തിവിടാനുള്ള ഹിന്ദുതീവ്രവാദികളുടെ ശ്രമത്തെ കൃത്യമായി വിശകലനം ചെയ്യുകയാണ്,  മുൻ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ എസ്. വൈ ഖുറൈഷി എഴുതി   ഈയിടെ പുറത്തിറങ്ങിയ The population myth ; Islam , family planning and policies in India എന്ന പുസ്തകം.

മുസ്‍ലിം സമുദായത്തിന്റെ ക്രമാതീതമായ ജനസംഖ്യാ വളർച്ചയെന്ന വാദത്തിന്റെ മുനയൊടിക്കുന്നതിനോടൊപ്പം ഇന്ത്യൻ ജനസംഖ്യ വളർച്ചയെക്കുറിച്ചുള്ള കൃത്യമായ കണക്കും വിവരങ്ങളും അവ അടിസ്ഥാനപ്പെടുത്തിയുള്ള കണക്കുകൂട്ടലുകളും നിരീക്ഷണങ്ങളും പുസ്തകം നൽകുന്നു. ജനസംഖ്യാ വിസ്ഫോടനവും നിയന്ത്രണവും രാജ്യത്തിന്റെ പൊതു നയത്തിൽ ഏറെ പ്രധാനപ്പെട്ട കാര്യങ്ങളാണെന്ന തിരിച്ചറിവോടെ വളരെ സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട വിഷയങ്ങളാണ്. അതിന്  കാലങ്ങളായി ഇതുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കപ്പെടുന്ന വർഗീയ-രാഷ്ട്രീയ മിഥ്യാധാരണകളെ ഇഴകീറി പരിശോധിക്കേണ്ടതുണ്ട് എന്ന ബോധ്യത്തിൽ നിന്നാണ് പുസ്തകം തുടങ്ങുന്നത്. 

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ സ്ഥിതി വിവരണക്കണക്കുകൾ അടിസ്ഥാനപ്പെടുത്തി 'ജനസംഖ്യാ വിസ്ഫോടന'മെന്ന വാദത്തെ ( population explosion)  തള്ളിക്കളയുന്ന അദ്ധേഹം ജനസംഖ്യാ വിസ്ഫോടത്തിന് ഒരു പ്രത്യേക സമുദായക്കാർ മാത്രം ഉത്തരവാദികളാണോ എന്ന ചോദ്യത്തിനുത്തരവും കൃത്യമായി നൽകുന്നുണ്ട്. പുതിയ രാഷ്ട്രീയ സാഹചര്യങ്ങളിൽ ജന സംഖ്യ എന്നത് ന്യൂനപക്ഷ സമുദായങ്ങളുടെയും കുടിയേറ്റ ജന വിഭാഗങ്ങളുടെയും അസ്തിത്വത്തെ ബാധിക്കുന്ന രാഷ്ട്രീയ വിഷയമായത് കൊണ്ട് തന്നെ ഖുറൈഷിയുടെ വിലയിരുത്തലുകളും വിശദീകരങ്ങളും വളരെ വിലയേറിയത് തന്നെയാണ്. അത് കൊണ്ടു തന്നെ സമകാലിക ഇന്ത്യയിൽ ഈ പുസ്തകം ഏറെ പ്രാധാന്യമർഹിക്കുന്നുണ്ട്.

ജന സംഖ്യയുടെ രാഷ്ട്രീയ വത്കരണം നടക്കുന്നത് യാഥാർത്ഥ്യങ്ങളെ മറച്ചുപിടിച്ചുകൊണ്ടാണ് . ഒരു പ്രത്യേക മത വിഭാഗത്തിന്റെ ജന സംഖ്യ ക്രമാതീതമായി കൂടുന്നുണ്ടെന്ന നിരന്തര പ്രചാരണത്തിലൂടെ അത് പൊതുബോധമാക്കി മാറ്റിയെടുക്കാനുളള്ള ശ്രമങ്ങളാണ് (ഇത് ഒരു പരിധി വരെ വിജയം കണ്ടിട്ടുമുണ്ട്) നടക്കുന്നത്. നാഷണൽ ഫാമിലി ഹെൽത്ത് സർവേ പറയുന്നത് 1992 നും 2015-16 നും ഇടയിൽ മുസ്‍ലിം സമൂഹത്തിന്റെ പ്രത്യുൽപാദന ശേഷി 40.8 ശതമാനവും ഹിന്ദു സമൂഹത്തിന്റെ പ്രത്യുൽപാദന ശേഷി 35 ശതമാനവും കുറഞ്ഞു എന്നാണ്. ഹിന്ദു-മുസ്‍ലിം സമൂഹങ്ങളുടെ പ്രത്യുൽപാദന വ്യത്യാസം കുറഞ്ഞു വരുന്നുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. മാത്രമല്ല, കേരളത്തിലെയും (1.86) തമിഴ്നാടിലെയും (1.74) മൊത്തം മുസ്‍ലിം സമുദായത്തിന്റെ  പ്രത്യുൽപാദന ശേഷി ബിഹാറിലെയും (3.29) ഉത്തർപ്രദേശിലെയും (2.67) ഹിന്ദു സമുദായത്തിന്റെ  പ്രത്യുൽപാദന ശേഷിയേക്കാൾ എത്രയോ താഴെയാണ്. 

കണക്കുകള്‍ മുഴുവൻ കൃത്യമായി കാണിക്കുന്നത് മതാടിസ്ഥാനത്തിലല്ല, വിദ്യാഭ്യാസം, സാമൂഹിക-സാമ്പത്തിക ചുറ്റുപാടുകൾ എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് ഓരോ പ്രദേശത്തിന്റെയും ജനസംഖ്യാ വളർച്ചയും നിയന്ത്രണവും ഉണ്ടാകുന്നതെന്നാണ്. സന്താന നിയന്ത്രണം ഏറ്റവും കുറവ് കണ്ടുവരുന്നത് ഹിന്ദു, മുസ്‍ലിം സമുദായങ്ങളിലാണെന്നും രേഖകൾ വ്യക്തമാക്കുന്നു.   

ഏറെ ഖേദകരമായ മറ്റൊരു കാര്യം ബഹുഭാര്യത്വ സംസ്കാരം നിലവിലുള്ളത് മുസ്‍ലിംകൾക്കിടയിൽ മാത്രമാണ് എന്നാണ് നമ്മിൽ തന്നെ പലരും ധരിച്ചു വെച്ചിരിക്കുന്നത്. 1975 ലെ വുമൺ ഇന്ത്യ റിപ്പോർട്ട് (നിലവിൽ ലഭ്യമായ ആധികാരികമായ റിപ്പോർട്ട്) പറയുന്നത് ഇന്ത്യയിലെ മറ്റു സമുദായങ്ങളിലും ബഹുഭാര്യത്വം നില നിൽക്കുന്നുണ്ടെന്നാണ്. അതിലേറ്റവും കുറവ് ബഹുഭാരത്വമുള്ളത് മുസ്‍ലിം സമുദായത്തിലാണെന്നും റിപ്പോർട്ട് പറയുന്നു. ഗോത്ര സമുദായങ്ങൾക്കിടയിൽ 16 ശതമാനം, ഹിന്ദു സമൂഹത്തിൽ 5.8 ശതമാനം, മുസ്‍ലിം സമൂഹത്തിനിടയിൽ 5.7 ശതമാനം എന്നാണ് കണക്ക്. 

1930 മുതലുള്ള എല്ലാ സെൻസസും ഉദ്ധരിച്ച് കൊണ്ട് ഏറ്റവും കുറഞ്ഞ ബഹുഭാര്യത്വമുള്ളത് മുസ്‍ലിംകൾക്കിടയിലാണ് എന്ന് ഖുറൈഷി പുസ്തകത്തിൽ കൃത്യമാക്കുന്നുണ്ട്. മുസ്‍ലിംകൾക്കിടയിലും ഹിന്ദുകൾക്കിടയിലും ബഹുഭാര്യത്വം കുറഞ്ഞ് വരികയാണെന്ന് എന്ന് വ്യക്തമാക്കുന്നതോടൊപ്പം ബഹുഭാര്യത്വവും ജനസംഖ്യാ വളർച്ചയും കൂട്ടിക്കെട്ടിക്കൊണ്ടുള്ള വാദം തന്നെ തെറ്റാണെന്നും അദ്ധേഹം നിരീക്ഷിക്കുന്നു. മുസ്ലിം ജനസംഖ്യാനുപാതം മറ്റുള്ളവരേക്കാൾ കൂടുതലാണെന്നത് ശരി തന്നെയാണ്. എന്നാൽ മുസ്ലിം സമൂഹം ഫാമിലി പ്ലാനിങ്ങിലും മുൻപന്തിയിലാണെന്നും  മറ്റൊരു വിഭാഗത്തേക്കാൾ ജനസംഖ്യയിൽ മുൻപന്തിലെത്തുക എന്നത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയുള്ള പ്രചരണമാണെന്നും ഗ്രന്ഥ കർത്താവ് അടക്കമുള്ള വിഷയ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ഹിന്ദുവിന്റെ ജീവൻ അപകടത്തിലാണെന്ന തരത്തിലുള്ള മുദ്രവാക്യങ്ങളും സന്ദേശങ്ങളും പ്രചാരണങ്ങളും വലതു പക്ഷ രാഷ്ട്രീയ തന്ത്രങ്ങളുടെ ഭാഗം മാത്രമാണെന്നും  ഇത്തരം വാദങ്ങളിൽ ഇഴചേർന്നിരിക്കുന്ന ഇസ്‍ലാമോഫോബിയയെയും വിദ്വേഷത്തെയും തിരിച്ചറിയുകയാണ് വേണ്ടതെന്നും പുസ്തകം ആവശ്യപ്പെടുന്നുണ്ട്.  അത്തരം വാദങ്ങളുടെ ഉദ്ധേശ്യം നല്ലതല്ലെന്ന് മാത്രമല്ല, വാദങ്ങൾ തന്നെ അടിസ്ഥാന രഹിതമാണ് എന്നാണ് പുസ്തകത്തിന്റെ ആകെത്തുക.

സന്താന നിയന്ത്രണ, ഫാമിലി പ്ലാനുകളുമായി മുന്നോട്ട് പോവുന്നതിന് മുമ്പ് രാജ്യ പുരോഗതിയെ ഋണാത്മകമായി ബാധിക്കുന്ന പല ഘടകങ്ങളെയും രാജ്യം അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ട്. സന്താന നിയന്ത്രണം കാരണം അതിവിദൂരമല്ലാത്ത ഭാവിയിൽ  ചെറിയ ശതമാനം വരുന്ന വർക്കിങ് ജനസംഖ്യ 80 വയസ്സിന് മുകളിലുള്ള വലിയൊരു ശതമാനത്തെ സാമ്പത്തികമായി പിന്തുണക്കേണ്ടി വരും. പ്രൊഡക്ടിവിറ്റിയുടെ മുഴുവൻ ഉത്തരവാദിത്തവും വളരെ ചുരുങ്ങിയ വർക്കിങ് ജനറേഷന്റെ ചുമലിലാവുകയും ചെയ്യും. പല രാജ്യങ്ങളും ഇത്തരമൊരു ഫാമിലി പ്ലാനിങ് നടപ്പിൽ വരുത്തിയത് കാരണം ജോലിക്ക് വേണ്ടി വിദേശ പൗരന്മാരെ ക്ഷണിക്കുകയും അവർക്ക് പൗരത്വം നൽകേണ്ടി വരികയും ചെയ്യുന്ന അവസ്ഥയിലാണ് ഇന്നുള്ളത്. ചെറിയ രാഷ്ട്രീയ മുതലെടുപ്പുകൾക്കും പ്രീണനങ്ങൾക്കും വേണ്ടി ദൂര വ്യാപകമായ പത്യാഘാതങ്ങൾ വരുത്തി വെക്കുന്ന ഇത്തരം നയങ്ങൾ പുനരാലോചിച്ച് വേണം നയതന്ത്രജ്ഞർ  മുന്നോട്ട് പോകാൻ എന്ന ഗ്രന്ഥകാരന്റെ നിരീക്ഷണവും ഏറെ ശ്രദ്ധേയമാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter