നെതന്യാഹുവിന്റെ സർക്കാർ രൂപീകരണ ശ്രമം പാളി: ഇനി ഗാന്റ്‌സിന്റെ ഊഴം
തെൽഅവീവ്: മറ്റു കക്ഷികളെ വിശ്വാസത്തിലെടുക്കാൻ സാധിക്കാതെ വന്നതോടെ ഗവൺമെന്റുണ്ടാക്കാനുള്ള നീക്കങ്ങളിൽ നിന്ന് പിന്മാറുന്നതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ഇസ്രയേൽ പാർലമെന്റായ നെസറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 32 സീറ്റുകൾ നേടിയ നെതന്യാഹുവിന് ഗവൺമെന്റ് രൂപീകരിക്കാൻ പ്രസിഡണ്ട് റ്യുവെൻ റിവ്‌ലിൻ അവസരം നൽകിയിരുന്നു. എന്നാൽ 33 സീറ്റുകൾ നേടിയ ബ്ലൂ ആൻഡ് വൈറ്റ് പാർട്ടിയുടെ നേതാവായ മുൻ സൈനിക മേധാവി ബെന്നി ഗാന്റ്‌സുമായി സമവായത്തിലെത്തുന്നതിലും മുൻ പ്രതിരോധമന്ത്രി അവിദോർ ലീബർമാന്റെ പാർട്ടിയുടെ പിന്തുണ നേടുന്നതിലും പരാജയപ്പെട്ടതോടെയാണ് ഗവൺമെന്റ് രൂപീകരണ ശ്രമങ്ങളിൽ നിന്ന് പിന്മാറുന്ന കാര്യം ലിക്കുഡ് പാർട്ടി തലവനായ നെതന്യാഹു പ്രഖ്യാപിച്ചത്. നെതന്യാഹു നിസ്സഹായത അറിയിച്ചതോടെ പ്രസിഡണ്ട് റിവ്‌ലിൻ ഗവൺമെന്റ് രൂപീകരിക്കാൻ ബെന്നി ഗാന്റ്‌സിനെ ക്ഷണിച്ചിരിക്കുകയാണ്. ഗാന്റ്‌സിന്റെ നേതൃത്വത്തിൽ 'ഉദാര ഐക്യ ഭരണകൂടം' രൂപീകരിക്കുകയാണ് ലക്ഷ്യമെന്ന് ബ്ലൂ ആന്റ് വൈറ്റ് പാർട്ടി പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്. അതേസമയം, മാന്ത്രികസംഖ്യ തികയ്ക്കാൻ ഗാന്റ്‌സിനും കഴിയില്ലെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെ വന്നാൽ, ഇസ്രയേൽ ഒരു തെരഞ്ഞെടുപ്പ് കൂടി നേരിടേണ്ടി വരും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter