ഈദ്- ആഘോഷം അതിര് കടക്കാതിരിക്കട്ടെ- സയ്യിദ് ഹൈദരലി ശിഹാബ്
കോഴിക്കോട്: മതം നിഷ്‌കര്‍ഷിച്ച സമത്വബോധവും സമാധാനവും സാമൂഹിക ജീവിതത്തില്‍ പുലര്‍ത്താന്‍ വ്രതമാചരിക്കുന്ന സത്യവിശ്വാസി ബാധ്യസ്ഥനാണെന്നും ആഘോഷങ്ങള്‍ മതപരമായി മാത്രം നടത്തണമെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. എസ്.കെ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് അരയിടത്തുപാലത്തു നടന്ന റമദാന്‍ പ്രഭാഷണത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നോമ്പിലൂടെ നേടിയെടുത്ത ആത്മീയ ഔന്നത്യം നിമിഷങ്ങള്‍കൊണ്ടു നശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിശ്വാസികളില്‍ നിന്നുണ്ടാകരുതെന്നും ആഘോഷങ്ങളില്‍ അതിരുകടക്കരുതെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ജീവിതത്തിലുടനീളം ഇസ്‍ലാമിക നിര്‍ദ്ദേശങ്ങളും അച്ചടക്കവും പാലിക്കേണ്ടവനാണ് വിശ്വാസി. ആഘോഷം പോലും അവനെ സംബന്ധിച്ചിടത്തോളം ആരാധനയും പ്രതിഫലാര്‍ഹവുമാണ്. ലോക മുസ്‍ലിംകളൊന്നടങ്കം അനുഷ്ഠിക്കുന്ന വലിയൊരു ആരാധനാകര്‍മ്മമാണ് നോമ്പ്. അതിന്റെ പരിസമാപ്തിയായാണ് ഈദുല്‍ഫിത്വര്‍ കടന്നുവരുന്നത്. അതിനെ ആഭാസങ്ങളെ കൊണ്ട് അലങ്കോലമാക്കുന്നതും ഇസ്‍ലാമിക വിരദ്ധമായ പ്രവര്‍ത്തനങ്ങളിലൂടെ ആഘോഷിക്കുന്നതും അതിന്റെ അന്തസ്സത്തയോട് ചെയ്യുന്ന വലിയ ക്രൂരതയാണ്, ഒരു മാസക്കാലം നേടിയെടുത്ത വിശുദ്ധിയും ആത്മീയ ചൈതന്യവുമാണ് അതിലൂടെ നിഷ്ഫലമാകുന്നത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter