വ്യോമപാത നിഷേധം: അന്താരാഷ്ട്ര നിയമ നടപടിക്കൊരുങ്ങി ഖത്തർ എയർവെയ്സ്
ദോഹ: ഖത്തറിനെതിരെയുള്ള ഉപരോധത്തിന്റെ ഭാഗമായി വ്യോമപാത നിഷേധിച്ചതിന്റെ പേരിൽ സൗദി അറേബ്യ, യുഎഇ ഈജിപ്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങൾക്കെതിരെ ഖത്തർ എയർവെയ്സ് അന്താരാഷ്ട്ര നിയമ നടപടി സ്വീകരിക്കുന്നു. തങ്ങളുടെ വ്യോമപാത അടച്ചിടുകയും ഈ രാജ്യങ്ങളിൽ കമ്പനിയുടെ സ്വീകാര്യതക്ക് മങ്ങലേൽപ്പിക്കുകയും ചെയ്തതിന്റെ പേരിൽ 5 ബില്യൺ ഡോളർ നഷ്ടപരിഹാരവും കമ്പനി തേടുന്നുണ്ട്. 2017 ൽ തീവ്രവാദത്തെ പിന്തുണക്കുന്നു എന്ന ആരോപണം ഉന്നയിച്ചാണ് ഖത്തറുമായി എല്ലാ ബന്ധങ്ങളും വിച്ഛേദിച്ച് കര, വ്യോമ, നാവിക ഉപരോധം ഏർപ്പെടുത്തിയത്.

എന്നാൽ തങ്ങൾക്കെതിരെയുള്ള തീവ്രവാദ ആരോപണം പൂർണമായും നിഷേധിച്ച ഖത്തർ ഉപരോധം തങ്ങളുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമായി വിശേഷിപ്പിക്കുകയും ചെയ്തു. തങ്ങളുടെ രാജ്യങ്ങളിൽ പ്രവർത്തിക്കാനും വ്യോമപാത ഉപയോഗിക്കാനും അനുമതി നിഷേധിച്ച നാൽവർ സംഘത്തിന്റെ നടപടി ഇവരടക്കം ഒപ്പുവെച്ച അന്താരാഷ്ട്ര വ്യോമയാന ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ഖത്തർ എയർവെയ്സ് സിഇഒ അക്ബർ അൽ ബകർ വ്യക്തമാക്കി

മൂന്നുവർഷം പ്രതിസന്ധി രമ്യമായി പരിഹരിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടതിനെ തുടർന്നാണ് തങ്ങളുടെ അവകാശവും അന്തസ്സും സംരക്ഷിക്കാനായി നിയമ നടപടി സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter