യുപി സ൪ക്കാരിന്‍റെ ലൗ ജിഹാദ് ആരോപണത്തിനെതിരെ അലഹബാദ് ഹൈക്കോടതി

ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ ലൗ ജിഹാദ് നിയമ നി൪മാണത്തിനെതിരെ അലഹബാദ് ഹൈക്കോടതി രംഗത്ത്. മതപരിവ൪ത്തന വിവാഹം തടയുന്നത് ശരിയായ നിയമമല്ലെന്നും വ്യക്തികളുടെ അവകാശത്തിന്മേല്‍ സര്‍ക്കാരിന് കടന്നുകയറാനാവില്ലെന്നും കോടതി വ്യക്തമാക്കി. അലഹബാദ് ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്‍റേതാണ് ഉത്തരവ്. വിവാഹത്തിനായി മാത്രമുള്ള മതപരിവ൪ത്തനം ശരിയല്ലെന്ന സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് റദ്ദാക്കി.

സല്‍മത് അന്‍സാരി - പ്രിയങ്ക ദമ്പതികളുടെ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. പ്രിയങ്കയുടെ പിതാവിന്‍റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ദമ്പതികള്‍ കോടതിയെ സമീപിച്ചത്. പ്രിയങ്കയെ മതംമാറ്റിയാണ് സല്‍മത് അന്‍സാരി വിവാഹം ചെയ്തത് എന്നായിരുന്നു പിതാവിന്‍റെ പരാതി. എന്നാല്‍ ജസ്റ്റിസ് പങ്കജ് നഖ്‍വിയും ജസ്റ്റിസ് വിവേക് അഗര്‍വാളും നിരീക്ഷിച്ചത് ഇങ്ങനെയാണ്- രണ്ട് വ്യക്തികള്‍ക്ക്, അവര്‍ ഒരേ ലിംഗത്തില്‍ പെട്ടവരായാല്‍ പോലും ഒരുമിച്ച് ജീവിക്കാന്‍ നിയമപരമായി അവകാശമുണ്ട്. പ്രായപൂര്‍ത്തിയായവരുടെ ഈ അവകാശത്തില്‍ കടന്നുകയറാന്‍ സര്‍ക്കാരിനോ മറ്റുള്ളവര്‍ക്കോ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

മിശ്ര വിവാഹങ്ങൾ ലൗ ജിഹാദല്ലെന്ന് യുപി പൊലീസും റിപ്പോർട്ട് നല്‍കിയിരുന്നു. ഉത്തര്‍പ്രദേശിലെ 14 മിശ്ര വിവാഹങ്ങൾ സംബന്ധിച്ച അന്വേഷണ റിപ്പോർട്ടിൽ ലൗ ജിഹാദില്ലെന്ന് യുപി പൊലീസ് വ്യക്തമാക്കി. ലൗ ജിഹാദ് പഠിക്കാൻ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കാൻപൂർ ഐ.ജിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.

ലൗ ജിഹാദ് നിയമം മൂലം നിരോധിക്കുമെന്ന് ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളാണ് പ്രഖ്യാപിച്ചത്. എന്നാല്‍ പ്രായപൂര്‍ത്തിയായ വ്യക്തികള്‍ക്ക് അവരുടെ പങ്കാളി ആരെന്ന് തീരുമാനിക്കാനും ഒന്നിച്ച് ജീവിക്കാനും അവകാശമുണ്ടെന്ന് അലഹബാദ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter