ഇസ്രായേല്‍ തെരഞ്ഞെടുപ്പ്: അറബ് പാര്‍ട്ടികള്‍ മുഖ്യ പ്രതിപക്ഷ സ്ഥാനത്തേക്ക്?
പശ്ചിമേഷ്യ ഏറെ ഉദ്വേഗത്തോടെ വീക്ഷിച്ചിരുന്ന വാർത്തയായിരുന്നു ഇസ്രായേലില്‍ നടന്ന പാര്‍ലമെന്‍ററി തെരഞ്ഞടുപ്പ്. അമേരിക്കയുടെ ഏറ്റവു വലിയ കൂട്ടാളിയായ ഇസ്രായേലിന് സൈനിക ശക്തിയില്‍ ലോകരാജ്യങ്ങളുടെ മുന്‍നിരയിലാണ് സ്ഥാനം. അതോടൊപ്പം തന്നെ ലോകത്തിലെ ഏക ജൂത രാഷ്ട്രവുമാണത്. തിയോഡര്‍ ഹെര്‍സലിന്‍റെ പിന്‍ഗാമികളായ സയണിസ്റ്റുകളാണ് ഇന്നും ഇവിടെ ജീവിക്കുന്നവരില്‍ ഭുരിപക്ഷവും. ഇത് കൊണ്ട് തന്നെ ഇസ്രായേല്‍ തെരഞ്ഞെടുപ്പിലേക്ക് ലോകത്തിന്‍റെ കണ്ണുകളെത്തിയത് സ്വാഭാവികമാണ്. കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞടുപ്പില്‍ ഒരു കക്ഷിക്കും ഭൂരിപക്ഷം ലഭിക്കാതിരുന്നതോടെ ഏറെ അനിശ്ചിതത്വമാണ് രാജ്യത്തുണ്ടായിട്ടുള്ളത്. അറബ് വിരുദ്ധ ആക്ഷേപകരെയും വിദ്വേഷങ്ങളെയും കാറ്റില്‍ പറത്തി, അറബ് ദേശീയതയെ ഉയര്‍ത്തിപ്പിടിച്ച് അറബ് പാര്‍ട്ടിയായ ജോയിന്‍റ് ലിസ്റ്റ് പാര്‍ട്ടി മൊത്തം 120 സീറ്റില്‍ പത്ത് ശതമാനത്തിലധികം അഥവാ 13 സീറ്റ് നേടിയത് വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. 33 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റ കക്ഷിയായ മുന്‍ സൈനിക മേധാവി ബെന്നി ജാന്‍റ്സ് പ്രതിനിധാനം ചെയ്യുന്ന ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടിക്കും 31 സീറ്റ് നേടി രണ്ടാമത്തെ വലിയ കക്ഷിയായ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതിനിധാനം ചെയ്യുന്ന തീവ്രവലതു പക്ഷ പാര്‍ട്ടിയായ ലിക്കുഡ് പാര്‍ട്ടിക്കും പിന്നില്‍ ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയായിരിക്കുകയാണ് ജോയിന്‍റ് ലിസ്റ്റ് പാര്‍ട്ടി.
നെതന്യാഹുവുംജാന്‍റ്സും സര്‍ക്കാരുണ്ടാക്കുമോ?
കഴിഞ്ഞ ദിവസം ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രിയും ഓസ്ലോ കരാര്‍ കാലത്തെ ഇസ്രായേലിന്‍റെ മുഖവുമായിരുന്ന ഷിമോണ്‍ പെരസിന്‍റെ അനുസ്മരണ പരിപാടിയില്‍ ലിക്കുഡ് പാര്‍ട്ടി നേതാവ് നെതന്യാഹുവും ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടി നേതാവ് ജാന്‍റിസും തമ്മില്‍ സംസാരിച്ച് സര്‍ക്കാര്‍ രൂപീകരിക്കുന്ന വിഷയത്തില്‍ ഒത്തുതീര്‍പ്പിലെത്തി എന്നാണ് മാധ്യമങ്ങള്‍ സൂചിപ്പിക്കുക്കുന്നത്. നെതന്യാഹുവിനെ പിന്തുണക്കില്ലെന്നായിരുന്നു സൈനിക മേധാവിയായിരുന്ന ജാന്‍റിസ് പറഞ്ഞിരുന്നതെങ്കിലും പ്രധാനമന്ത്രി പദവി വെച്ച് മാറാമെന്ന ധാരണയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇസ്രായേല്‍ രാഷ്ട്രീയത്തിലെ അതി കായനായ അവിഗ്ദോര്‍ ലിബര്‍മാന്‍റെ തീവ്ര വലത് പക്ഷ കക്ഷി നെതന്യാഹുവിനെ പിന്തുണക്കില്ലെന്നുറപ്പായതോടെ ഈ സാധ്യതയാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.
അറബ് പാര്‍ട്ടികള്‍ക്ക് പ്രതിപക്ഷ സ്ഥാനം ലഭിച്ചാല്‍
ഇരുവരും സഖ്യം രൂപീകരിച്ചാല്‍ ചിത്രത്തില്‍ രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയാവും പലരുടെ പരിഹാസത്തിന് പാത്രമായ അറബ് പാര്‍ട്ടി ജോയിന്‍റ് ലിസ്റ്റ് പാര്‍ട്ടി. ജോയിന്‍റ് ലിസ്റ്റ് പാര്‍ട്ടി രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയാവുന്നത് രാജ്യത്തെ അറബികളുടെശക്തി തുറന്നുക്കാണിക്കുന്നതാണ്. 21 ശതമാനത്തോളം അറബികളാണ് ഇന്ന് സിയോണിസ്റ്റ് രാഷ്ട്രമായ ഇസ്രായേലില്‍ വസിക്കുന്നത്. ഇങ്ങനെയാണ് ചിത്രമെങ്കില്‍ ജോയിന്‍റ് പാര്‍ട്ടി മേധാവി അയ്മന്‍ ഔദ്ദയായിരിക്കും പ്രതിപക്ഷ നേതാവായി വരിക. നാല്‍പത്തി നാലുകാരനായ ഈ അറബ് വംശജന് ജൂത ലോബികളോട് കൂടെ ചര്‍ച്ചകളില്‍ പങ്കെടുക്കാനും മീറ്റിങ്ങുകളില്‍ സംബന്ധിക്കാനും സൗകര്യമൊരുങ്ങുകയാണ്. അത് പോലെ തന്നെ അറബ് മേഖലകളില്‍ വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുകയും ഇസ്രയേലി അറബികളെ ചാരന്മാരായി കണക്കാക്കുകയും ചെയ്യുന്ന ഇസ്രായേല്‍ രഹസ്യ ഏജന്‍സിയായ മൊസാദിന്‍റെ മീറ്റിങ്ങുകളില്‍ പങ്കെടുക്കാനും അദ്ദേഹത്തിന് സാധിക്കും. അതു പോലെ തന്നെ മറ്റുള്ളവരെ പോലെ തന്നെ ജൂത ശമ്പളവും അദ്ദേഹത്തിന് ലഭിക്കുന്നതോടെ വലിയ മാറ്റങ്ങള്‍ ഇസ്രായേലില്‍ ദൃശ്യമാകും. ഈ ചിത്രം തെളിഞ്ഞ് വരികയാണെങ്കില്‍ രാജ്യത്തിനകത്തുള്ള അറബികളോടുള്ള ക്രൂരതകളെ സമൂഹത്തിന് മുന്നില്‍ തുറന്നുക്കാണിക്കപ്പെടാനും അവസരമൊരുങ്ങും. വിദ്യാഭ്യാസത്തിലും ഉദ്യോഗ തലത്തിലും മറ്റു കാര്യങ്ങളിലുമുള്ള അറബികളുടെ പരാതികള്‍ പരിഗണിക്കാനും അറബ് വിരുദ്ധര്‍ എടുത്തിട്ടുള്ള തീരുമാനങ്ങള്‍ തിരുത്താനും ജോയിന്‍റ് ലിസ്റ്റ് പാര്‍ട്ടിക്ക് സാധിക്കും. ഈ പ്ലാറ്റ്ഫോമില്‍ നിന്ന് കൊണ്ട് തന്നെ അറബ് വിരുദ്ധരുടെ വീക്ഷണങ്ങളുടെ മുനയൊടിക്കാനും പ്രതിലോമ ശക്തികളെ പ്രതിരോധിക്കാനും സാധിക്കുമെന്നാണ് രാഷ്ട്രീയ നീരീക്ഷര്‍ പ്രസ്താവിക്കുന്നത്. രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇവരുടെ മേലങ്കി എന്താണെന്ന് മറ്റു പാര്‍ട്ടിക്കാര്‍ക്കു മുമ്പില്‍ സ്വാന്ത്ര്യത്തോടെ തുറന്നുക്കാണിക്കാന്‍ കഴിയുന്നതോടെ ജോയിന്‍റ് ലിസ്റ്റ് പാര്‍ട്ടിയുടെ പ്രസക്തി വളരെ വര്‍ധിക്കുന്നുണ്ട്.
പ്രതിപക്ഷ സ്ഥാനത്തെത്തുന്നത് ജൂത പാര്‍ട്ടികള്‍ തടയുമോ?
അതേ സമയം അറബ് പാര്‍ട്ടികള്‍ക്ക് പ്രധാന പ്രതിപക്ഷ പാര്‍ട്ടിയെന്ന പദവി ലഭിക്കുന്നത് ജൂത പാര്‍ട്ടികള്‍ പല്ലും നഖവുമുപയോഗിച്ച് ചെറുക്കാനാണ് സാധ്യത. രാജ്യത്തെ ഒറ്റിക്കൊടുക്കുന്നവരെന്ന് അവര്‍ വിശേഷിപ്പിക്കുന്ന അറബ് പാര്‍ട്ടികള്‍ക്ക് ഈ സ്ഥാനം ലഭിക്കാതിരിക്കാന്‍ മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ ഐക്യപ്പെട്ട് പ്രത്യേക ബ്ലോക്കാവാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ ജോയിന്‍റ് ലിസ്റ്റ് പാര്‍ട്ടി, ലാബര്‍ ഗെഷെര്‍ പാര്‍ട്ടി, ഡെമോക്രാറ്റിക്ക് ക്യാമ്പ്, യുണൈറ്റഡ് തോറ ജൂതായിസം പാര്‍ട്ടി, ഷാസ് പാര്‍ട്ടി തുടങ്ങിയവയെല്ലാം അഭിപ്രായ വിത്യാസങ്ങള്‍ മാറ്റിവെച്ച് ഐക്യപ്പെടാനുള്ള സാധ്യതയെ കാണാതിരുന്നു കൂടാ. ഒരു രാഷ്ട്രീയ നീരിക്ഷകന്‍ വിലയിരുത്തുന്നത് അവരൊന്നും അറബ് നേതാവായ ഔദയെ പിന്തുണക്കാന്‍ ഒരു വഴിയുമില്ലെന്നാണ്. കാരണം അവര്‍ മത വിശ്വാസങ്ങളിലും സമൂഹ കാര്യങ്ങളിലും അധികം മേന്മ നല്‍കുന്നവരാണ്. നിയമപാലകര്‍ ഇന്നും വെസ്റ്റ് ബാങ്കിലെയും ഗാസയിലെയും അധിനിവേശത്തിന്‍റെ അന്ത്യത്തിന് വേണ്ടി ശബ്ദിക്കുന്നെണ്ടങ്കിലും വെസ്റ്റ് ബാങ്കിലെ കിഴക്ക് ജറുസലേം ഇന്നു ഇസ്രായേല്‍ തലസ്ഥാനമായി തുടരുകയാണ്. അതു പോലെ തന്നെ അവിടെ ഇസ്രായേല്‍ പൗരന്മാര്‍ അവിടെ കൂടിയേറി താമസിക്കുന്ന സ്ഥിതിവിശേഷമാണ് ഇന്നുള്ളത്.
അറബികള്‍ക്കെതിരെ അസമത്വം
രാജ്യത്തെ ഭരണ കാര്യാലയങ്ങളില്‍ നിന്ന് തുടര്‍ച്ചയായി അറബികള്‍ അടിച്ചമര്‍ത്തലിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. തുടരെയായി ഭരണ വ്യവസ്ഥകളില്‍ നിന്ന് അറബികള്‍ തഴയപ്പെടുകയും ചെയ്യുന്നു. അവരെ ഉന്മൂലനം ചെയ്യുന്ന നിലപാടുകളാണ് ഭരണക്കര്‍ത്താക്കള്‍ നിരന്തരമായി സ്വീകരിച്ച് കൊണ്ടിരിക്കുന്നത്. നിരവധി അറബികളെ ജയിലറകളില്‍ അടക്കാനും അവര്‍ മടി കാണിക്കുന്നില്ല. പല കാലങ്ങളിലായി ഉയര്‍ന്നു വന്ന ചോദ്യമാണ് എന്ത് കൊണ്ടാണ് പ്രതിപക്ഷത്ത് ഇരുന്നു കൊണ്ട് ഇതിനെ എതിര്‍ക്കാന്‍ കഴിയുന്നില്ല എന്നത്. അതിനുള്ള ഉത്തരമാണ് ഈ തെരഞ്ഞടുപ്പില്‍ ജോയിന്‍റ് പാര്‍ട്ടിയുടെ 13 സീറ്റ്. ഇസ്രായേലിലെ അറബികള്‍ ഇസ്രായേല്‍ അറബികള്‍ പലരും ഇസ്രായേല്‍ അധിനിവേശത്തെ കൊണ്ടറിഞ്ഞവരാണ്. ഇവരുടെ പിതാക്കളുടെ തറവാടുകള്‍ വെസ്റ്റ് ബാങ്കിലും ഗാസയിലും മണ്ണിനടിയില്‍ വിതുമ്പിക്കൊണ്ടിരിക്കുകയാണ്. അതായത് ഇവര്‍ ഇസ്രായേല്‍ ക്രൂരതക്ക് ഇരയായവരാണെന്നര്‍ത്ഥം. 'അറബ് ജനതയില്‍ നിന്ന് ആരും ഇങ്ങനെയൊരു സ്ഥാനം വഹിച്ചിട്ടില്ല. ഇത് വളരെ സ്വാധീനമുള്ള സ്ഥാനമാണ്'എന്ന ജോയിന്‍റ് പാര്‍ട്ടി അദ്ധ്യക്ഷന്‍റെ വാക്കുകള്‍ ഉത്തര ഇസ്രായേലിലെ യേ ഹൈഫയിലെ വീടിന്‍റെ മുമ്പില്‍ നിന്ന് മാധ്യമങ്ങള്‍ ഒപ്പിയെടുത്തപ്പോള്‍ അവ 1969ല്‍ പ്രസിദ്ധീകരിച്ച ഗസ്സാന്‍ കനാഫിയുടെ റിട്ടേണ്‍ ടു ഹൈഫ എന്ന കൃതിയെ ഓര്‍മിപ്പിക്കുന്നുണ്ട്. ഈ വാക്കുകള്‍ ഒരു അറബിക്ക് ഇസ്രായേലില്‍ എത്രത്തോളം മനോവിഷമമുണ്ടെന്ന് വിളിച്ചോതുന്നുണ്ട്. ഇസ്രായേലിലെ അറബ് വംശജരുടെ അടിസ്ഥാനം യഥാര്‍ത്ഥത്തില്‍ ഫലസ്ഥീനാണ്. 1948ലെ സിയോണിസ്റ്റ് ശക്തികള്‍ ഇസ്രായേല്‍ രാഷ്ട്രം രൂപീകരിച്ചതോടെ ഫലസ്ഥീനികളായ അറബ് പൗരര്‍ നിരാലംബരായി. ഇന്നത്തെ യുവ സമൂഹം അവരുടെ വ്യക്തിത്വമായി കരുതുന്നത് ഫല്സ്ഥീന്‍ തന്നെയാണ്. ഇസ്രായേലില്‍ 9 മില്ല്യണ്‍ ജനങ്ങളുണ്ട്. അതില്‍ 1.9 മില്യണ്‍ വരുന്ന അറബ് വംശജര്‍ ദക്ഷിണ ഇസ്രായേലിലെ നെഗ്വ മരുഭൂമിയിലെ ബുഡൈയിന്‍ നഗരത്തിലും ഉത്തര ഇസ്രായേലിലെ അക്ര, നസ്ര നഗരത്തിലും ഇപ്പോഴും ആരോഗ്യ, വിദ്യാഭാസ, താമസ സൗകര്യങ്ങളില്‍ പോലും വിവേചനമാണ് നേരിടുന്നത്. ഇത് സംബന്ധമായി ഇവിടെ പ്രവര്‍ത്തിക്കുന്ന ഒരു മനുഷ്യവകാശ സംഘടന പറയുന്നതിങ്ങനെയാണ്: 'ഇസ്രായേലിലെ ബജറ്റുകള്‍ ജൂതന്മാര്‍ക്ക് മാത്രം കേന്ദ്രീകൃതമാണ്. അവരുടെ വിദ്യാഭാസ സ്ഥാപനങ്ങള്‍ക്കും വിദ്യാഭാസ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടിയാണ് അവയധികവും ഉപയോഗിക്കുന്നത്'. 47 ശതമാനം അറബ് വംശജരും ദുശ്കരമായ സാഹചര്യങ്ങളിലൂടെയാണ് ജീവിതം കരുപ്പിടിപ്പിക്കുന്നത്. 18 ശതമാനം ആളുകളുടെയും പുരോഗതി ദേശീയ നിലവാരത്തേക്കാല്‍ താഴെയാണെന്നതാണ് വാസ്തവം. സത്യത്തില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെ അറബ് വിരുദ്ധ നയങ്ങളാണ് അറബികളുടെ സ്വത്വ ബോധത്തെ ഉണര്‍ത്തിയതും ജോയിന്‍റ് ലിസ്റ്റ് പാര്‍ട്ടി മുന്നേറിയതിനും പ്രധാന ഹേതുവായത്. അത് പോലെ തന്നെ ജോര്‍ഡന്‍ മലകള്‍ ഇസ്രായേലിന്‍റെ ഭാഗമാക്കും എന്ന വാക്കിന് ഇസ്രായേല്‍ സമൂഹം മുഖം കൊടുത്തില്ലെന്ന് കൂടി ഈ തെരഞ്ഞെടുപ്പ് വ്യക്തമാക്കിത്തരുന്നുണ്ട്. നെതന്യാഹുവിനെതിരെയുള്ള അഴിമതി ആരോപണങ്ങളും ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടിക്കും ജോയിന്‍റ് ലിസ്റ്റ് പാര്‍ട്ടിക്കും ഏറെ നേട്ടങ്ങളുണ്ടാക്കി. ലിക്കുഡ് പാര്‍ട്ടിയുടെ അറബ് വിരുദ്ധ നയങ്ങള്‍ ചില പ്രവര്‍ത്തകര്‍ പോലും തള്ളിക്കളഞ്ഞതും ഭരണ വിരുദ്ധ വികാരവുമാണ് പാര്‍ട്ടിക്ക് വിനയായതെന്ന് പാര്‍ട്ടി നേതൃത്വം കരുതുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter