വീട്ടില്‍ വിരുന്നുകാര്‍ വന്നാല്‍...
അതിഥികളെ സല്‍ക്കരിക്കലും, മാന്യമായി സ്വീകരിക്കലും വിശ്വാസത്തിന്റെ ഭാഗമാണ്. ക്ഷണം സ്വീകരിച്ചും അല്ലാതെയും മുന്‍കൂട്ടി നിശ്ചയിച്ചും അല്ലാതെയും വരുന്നവര്‍ വിരുന്നുകാര്‍ തന്നെ.
ഭക്ഷണത്തിനു സജ്ജനങ്ങളെ മാത്രമേ ക്ഷണിക്കാവൂ. അതാണ് സുന്നത്ത്. ദേഹം ആരോഗ്യത്തോടെ നിലനില്‍ക്കാനാണ് നിയമാനുസൃതം ഭക്ഷണം കഴിക്കുന്നത്. ഒരു തെമ്മാടിക്ക് ആരോഗ്യമുണ്ടാക്കി കൊടുക്കേണ്ടതില്ല. വിരുന്നില്‍ സാധുക്കളെ അവഗണിച്ചുകൊണ്ട് ധനാഢ്യര്‍ക്ക് മുന്തിയ പരിഗണനയും പാടില്ല. സാധുക്കളെ ക്ഷണിക്കുന്നുണ്ടെങ്കില്‍ ധനാഢ്യരെ അതിലേക്ക് ക്ഷണിക്കാതിരിക്കലാണുത്തമം. സദ്യയില്‍ ഏറ്റവും നീചമായത് സാധുക്കളെ ഒഴിവാക്കി ധനാഢ്യരെ മാത്രം ക്ഷണിച്ചുകൊണ്ട് തയ്യാറാക്കുന്ന സദ്യയാണെന്ന് ഹദീസില്‍ കാണാം.
ക്ഷണിച്ചെങ്കില്‍ പോകാമായിരുന്നു എന്ന പരുവത്തില്‍ കഴിയുന്നവരെ ഒഴിച്ച് ക്ഷണിച്ചാലും വരാത്തവരെയും ക്ഷണത്തിന് കാരണം കണ്ടെത്തി ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നവരെയും വിളിക്കാതിരിക്കലാണ് നല്ലത്. ബന്ധുക്കള്‍, കുടുംബക്കാര്‍, സുഹൃത്തുക്കള്‍ അയല്‍വാസികള്‍ മുതലായവരെ നിര്‍ബന്ധമായും വിരുന്നിന് വിളിക്കണം.
സദ്യയൊരുക്കുന്നത് അഹങ്കാരത്തിനാവരുത്. സുന്നത്താണെന്ന് കരുതിയാകണം. സാധുക്കളെ സന്തോഷിപ്പിക്കയും വേണം. ക്ഷണം സ്വീകരിക്കാന്‍ വിമുഖതകാണിക്കുന്നവരെയും വന്നാല്‍ ഭക്ഷണമൊന്നും കഴിക്കാത്തവരെയും ക്ഷണിക്കരുത്.
വിരുന്നുകാര്‍ അഞ്ചു കാര്യങ്ങള്‍ ശ്രദ്ധിക്കണം. ക്ഷണിക്കുന്നത് ധനികനോ സാധുവോ എന്ന പരിഗണന ഉണ്ടാവരുത്. ദരിദ്രരുടെ സദ്യ വെറുക്കുകയോ പുച്ഛിക്കുകയോ അരുത്. നബി(സ) സാധു ജനങ്ങളുടെ സല്‍കാരത്തില്‍ പങ്കെടുക്കാറുണ്ടായിരുന്നു; വിരുന്നുകാരോട് വിശേഷങ്ങള്‍ ആരായുകയും അവരുമായി കുശലം പറയുകയും ഒന്നിച്ചിരുന്ന് ഭക്ഷിക്കുകയും ചെയ്യുമായിരുന്നു.
ആതിഥേയന്‍ നല്ല രീതിയില്‍ ക്ഷണിച്ചിരുന്നാലും ഉദ്ദേശ്യം അഹന്തയാണെങ്കില്‍ ആ ക്ഷണം തിരസ്‌കരിക്കണം. നിഷിദ്ധം ചേര്‍ന്നഭക്ഷണം വിളമ്പുമെന്ന് സംശയിക്കുമ്പോഴും നിഷിദ്ധമായ വല്ല കാര്യങ്ങളും അവിടെ നടക്കുന്നുണ്ടെങ്കിലും ക്ഷണം സ്വീകരിക്കുകയും പങ്കെടുക്കുകയും ചെയ്യരുത്. പട്ടുവസ്ത്രങ്ങള്‍ വിരിക്കപ്പെടുക, സ്വര്‍ണ്ണ, വെള്ളിപ്പാത്രങ്ങളോ തത്തുല്യമായവയോ ഉപയോഗിക്കുക, ജീവനുള്ള വസ്തുക്കളുടെ ഫോട്ടോ, പ്രതിമ തുടങ്ങിയവ ചുമരിലോ ഷോകെയ്‌സിലോ മറ്റോ ഉണ്ടായിരിക്കുക, തന്നെ ആരെങ്കിലും പരിഹസിക്കുമോ, അനാവശ്യ സംസാരം നടക്കുമോ, സ്ത്രീ സങ്കലനമുണ്ടാകുമോ എന്നൊക്കെ സംശയിക്കുക, സ്ത്രീകളുടെ ഗാനമേള നടത്തുക, സദ്യ ഒരു ഹോബിയായി ഒരുക്കുക മുതലായവ നടക്കുമെങ്കില്‍ ആ സദ്യയില്‍ പങ്കെടുക്കരുത്. മേല്‍ പറഞ്ഞ അനിസ്‌ലാമിക കാര്യങ്ങള്‍ നിര്‍ത്തിവെക്കുന്നില്ലെങ്കില്‍ സദ്യാ സദസ്സ് വിട്ടിറങ്ങലാണ് ഇസ്‌ലാമിക രീതി.
ക്ഷണിക്കപ്പെടുന്ന സ്ഥലം വിദൂരമായതിനാല്‍ ക്ഷണം നിരസിക്കരുത്. ഇത് പ്രാദേശികാടിസ്ഥാനത്തില്‍ സ്വീകരിക്കേണ്ടതാണ്. വ്രതം അനുഷ്ഠിച്ചിരുന്നാലും ക്ഷണം നിരസിക്കരുത്. ആതിഥേയന്‍ ഇഷ്ടപ്പെടുകയാണെങ്കില്‍ വല്ല സുഗന്ധദ്രവ്യങ്ങളോ മറ്റോ സ്വീകരിച്ചു ഹൃദയംഗമമായി സന്തോഷിപ്പിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്യേണ്ടതാണ്. ഇത് ചെയ്യുന്നതുകൊണ്ടും അയാള്‍ക്ക് തൃപ്തിവരുന്നില്ലെങ്കില്‍ സുന്നത്തായ വ്രതമാണെങ്കില്‍ അതൊഴിവാക്കുന്ന സല്‍ക്കാരത്തില്‍ പങ്കുകൊള്ളണം. വ്രതത്തേക്കാള്‍ മുന്തിയ പരിഗണന തന്റെ മുസ്‌ലിം സഹോദരന്റെ സന്തോഷത്തിനാണ് ഇസ്‌ലാം നല്‍കുന്നത്.
വിരുന്ന് പോക്ക് വയര്‍ നിറക്കാനുള്ള ഉപാധിയായിമാത്രം കാണരുത്. ഒരു സുന്നത്തായ സല്‍ക്കര്‍മമാണത് എന്ന് ധരിക്കുക. നബി(സ) പറയുന്നു: ക്ഷണം സ്വീകരിക്കാത്തയാള്‍ അല്ലാഹുവോടും അവന്റെ റസൂലിനോടും ധിക്കാരം കാണിക്കുന്നവനാണ്.
ആതിഥേയനെയും ക്ഷണിക്കപ്പെട്ട മറ്റുവിരുന്നുകാരെയും ബുദ്ധിമുട്ടിക്കാതെ പറഞ്ഞ സമയത്ത് തന്നെ വിരുന്നുകാരന്‍ സ്ഥലത്തെത്തണം. ആതിഥേയന്‍ ഒരുക്കിയ ഇരിപ്പിടത്തില്‍ മാത്രമേ ഇരിക്കാവൂ... നേരെ അടുക്കളയിലേക്കും, രഹസ്യ അകത്തളങ്ങളിലേക്കും ഓടിക്കയറരുത്. തമ്മില്‍ കാണാന്‍ പാടില്ലാത്തവരുമായി ഇടപഴകുകയോ സംസാരിക്കുകയോ ചെയ്യരുത്. സ്ത്രീകള്‍ക്ക് തയ്യാര്‍ ചെയ്ത സ്ഥലത്തേക്ക് പുരുഷന്മാര്‍ പ്രവേശിക്കരുത്. ഭക്ഷണം എടുത്തുകൊണ്ടുവരുന്ന ഭാഗത്തേക്ക് ദൃഷ്ടി പതിക്കരുത്. തന്റെ സമീപത്തിരിക്കുന്നവരുമായി കുശലപ്രശ്‌നം ചെയ്യുക, ദീനീവിരുദ്ധമായ കാര്യം കണ്ടാല്‍ സദുപദേശം ചെയ്യുക, ഫലിക്കുന്നില്ലെങ്കില്‍ മാന്യമായി സ്ഥലം വിടുക.
രാത്രി വീട്ടില്‍ തങ്ങുന്ന വിരുന്നുകാര്‍ക്ക് മൂത്രപ്പുര, ശുദ്ധി ചെയ്യുന്ന സ്ഥലം, ഖിബ്‌ല ഭാഗം, ലൈറ്റ് എന്നിവ കാണിച്ചുകൊടുക്കണം. അതിഥിക്ക് ഭക്ഷണം കൂടുതല്‍ ഇരുത്താതെ നല്‍കുകയും വേണം. ക്ഷണിക്കപ്പെട്ടവരില്‍ വല്ലവരും വരാന്‍ തമാസിച്ചാല്‍ അവരെ കാത്തിരിക്കാതെ സദ്യ സമയത്തിന് വിളമ്പണം. എന്നാല്‍ എത്താന്‍ വൈകിയ ആള്‍ സാധുവാണെങ്കിലും അയാള്‍ എത്തും മുമ്പ് ഭക്ഷണം കഴിക്കുന്നത് അയാള്‍ക്ക് മനഃപ്രയാസമുണ്ടാക്കുമെങ്കിലും അയാളെ കാത്തിരിക്കലാണ് അഭികാമ്യം.
ഏതൊരു കാര്യവും ധൃതിപിടിച്ചു ചെയ്യല്‍ പൈശാചികമാണെങ്കിലും അഞ്ച് കാര്യങ്ങള്‍ ധൃതികൂട്ടി ചെയ്യേണ്ടതാണ്.
മുസ്‌ലിംകള്‍ക്ക് തയ്യാര്‍ ചെയ്ത ഭക്ഷണം വിളമ്പല്‍, മയ്യിത്ത് മറവുചെയ്യല്‍, പ്രായപൂര്‍ത്തിവന്ന പെണ്‍ കുട്ടിയെ കെട്ടിച്ചുകൊടുക്കല്‍, കടം വീട്ടല്‍, ചെയ്തുപോയ തെറ്റില്‍ കുറ്റബോധം നടത്തല്‍ (പശ്ചാത്തപിക്കല്‍).
പാകം ചെയ്ത ഭക്ഷണം വേഗം വിതരണം ചെയ്യല്‍ സുന്നത്താണ്. ആദ്യം പഴവും അവസാനം പച്ചക്കറിയും വിതരണം ചെയ്യലാണ് നല്ലത്. സുപ്രയില്‍ പച്ചക്കറിയുണ്ടെങ്കില്‍ ആ സദസ്സില്‍ മലക്കുകളിറങ്ങുമെന്ന് ഹദീസില്‍ കാണാം. രുചികരമായ ഭക്ഷണമാണ് ആദ്യം വിളമ്പേണ്ടത്. പലവിധം ഭക്ഷണം നിറച്ച സുപ്ര പെട്ടെന്ന് എടുക്കരുത്. വിരുന്നുകാര്‍ എല്ലാവിധ ഭക്ഷണവും ഉപയോഗിച്ചുവെന്ന് ഉറപ്പ് വരുത്തി മാത്രമേ സുപ്ര എടുക്കാവൂ. വിരുന്നുകാരുടെ മുന്നില്‍ അല്‍പമാത്രം ഭക്ഷണം വെക്കരുത്. എന്നാല്‍ ദുര്‍വ്യയം നടത്തി പരിധിക്കപ്പുറം കോപ്പ് ഒരുക്കുകയുമരുത്. മനുഷ്യരെ ബോധിപ്പിക്കാന്‍ സദ്യ തയ്യാര്‍ ചെയ്യരുത്. അല്ലാഹുവിന്റെ പ്രീതിക്കായിരിക്കണം സദ്യ. വിരുന്നുകാര്‍ കഴിച്ചിട്ടു ബാക്കി വന്നതിനെകുറിച്ചു വിചാരണനാളില്‍ ചോദ്യം ചെയ്യപ്പെടുകയില്ലെന്ന് ഹദീസില്‍ വന്നിട്ടുണ്ട്.
വീട്ടുകാര്‍ക്ക് ആവശ്യമായത് എടുത്തുവെച്ച് മാത്രമേ വിഭവം വിളമ്പാവൂ. വിരുന്നുകാര്‍ ഭക്ഷണം കഴിച്ചശേഷം പൊതിഞ്ഞുകൊണ്ടു പോകാന്‍ പാടില്ല. ഇത് പക്ഷേ, വീട്ടുടമക്ക് തൃപ്തിയെങ്കില്‍ ചെയ്യാവുന്നതാണ്. സഹവിരുന്നുകാര്‍ക്ക് മനഃസംതൃപ്തിയില്ലാതാക്കുന്ന ഒന്നും ചെയ്തുപോകരുത്.
വിരുന്നുകാരന്‍ വീട്ടില്‍ അനുവാദം തേടിയും സലാം പറഞ്ഞും കയറണം. സദ്യകഴിഞ്ഞാല്‍ സൊറപറഞ്ഞിരിക്കാതെ സ്ഥലം വിടുകയും വേണം. ആതിഥേയനോട് പോകുവാന്‍ സമ്മതം ചോദിക്കണം. വീട്ടുകാരന്‍ അതിഥിയെ അയാള്‍ ഇറങ്ങിപ്പോകുന്ന കവാടംവരെ അനുഗമിക്കണം.
നബി(സ) പറയുന്നു: 'ആതിഥേയന്‍ വിരുന്നുകാരനോട് പ്രസന്നമായ മുഖത്തോടെയും സന്തോഷത്തിലും ഇടപെടണം. വീട്ടുകാരില്‍നിന്ന് വല്ല കുറവും സംഭവിച്ചാല്‍ അതിഥി അത് ക്ഷമിക്കണം. സ്വന്തം മാന്യത സല്‍കര്‍മങ്ങളേക്കാള്‍ മഹത്തരമാണ്.'
ക്ഷണിക്കുന്നതിലും, ക്ഷണം സ്വീകരിക്കുന്നതിലും, വിരുന്നുപോകുന്നതിലും വിരുന്നുകാരെ സ്വീകരിക്കുന്നതിലും വിഭവമൊരുക്കുന്നതിലും ഭക്ഷണം കഴിക്കുന്നതിലുമെല്ലാം ഇസ്‌ലാമിക മര്യാദകള്‍ പാലിച്ചിരിക്കണം. സലാം പറഞ്ഞും ദുആ വസിയ്യത്തുകള്‍ പരസ്പരം കൈമാറിയും വീടുവിട്ടിറങ്ങണം. ഇടയ്ക്കിടെ ഗൃഹസമ്പര്‍ക്കം നടത്തുകയും വേണം.
Leave A Comment