പൗരത്വ ബില്ലിനെതിരെ ഒന്നിച്ചു നിൽക്കാൻ ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക് മമതയുടെ കത്ത്
കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം ശക്തമാക്കുന്നതിന്‍റെ ഭാഗമായി ഒരുമിച്ച്‌ നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക് മമതാ ബാനര്‍ജി കത്ത് അയച്ചു. ബിജെപിയുടെ നേതൃത്വത്തില്‍ ജനാധിപത്യത്തിന്‍റെ ആത്മാവ് ഇല്ലാതാക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഇതിനെതിരെ ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിതെന്ന് മമത കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. രാജ്യം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ ജനാധിപത്യത്തെ ഭീഷണിയിലാക്കുകയാണ്. രാജ്യത്തെ രക്ഷിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി പോരാടണം. സ്ത്രീകളും കുട്ടികളും കര്‍ഷകരും തൊഴിലാളികളും ന്യൂനപക്ഷങ്ങളും എല്ലാം കടുത്ത പരിഭ്രാന്തിയിലാണെന്നും മമത ബാനര്‍ജി പറയുന്നു. പൗരത്വഭേദഗതി ബില്ലിനെതിരെ ബിജെപിക്കെതിരെ ശക്തമായ നീക്കമാണ് മമതാബാനർജി നടത്തുന്നത്. ബില്ലിനെതിരെ തെരുവിലിറങ്ങി മുദ്രാവാക്യങ്ങളുയർത്തുന്ന മമതയുടെ ചിത്രങ്ങൾ ബംഗാളിൽ വലിയ ഓളങ്ങളാണ് സൃഷ്ടിക്കുന്നത്. പൗരത്വ ഭേദഗതി ബില്ലും ദേശീയ പൗരത്വ പട്ടികയും ബംഗാളിൽ നടപ്പാക്കില്ലെന്നും അത് പറഞ്ഞ് ആരും ബംഗാളിലേക്ക് വരേണ്ടെന്നും മമതാ തുറന്നടിച്ചിരുന്നു. ജനങ്ങൾ പൂർണമായും മമതക്ക് പിന്തുണ നൽകുന്ന സാഹചര്യത്തിൽ ബില്ലിനെതിരെ ബിജെപിയിൽ തന്നെ ശക്തമായ എതിർപ്പുകൾ ഉയർന്നിരുന്നു. ബിജെപി ബംഗാൾ ഘടകം വൈസ് പ്രസിഡന്റ് ബില്ലിൽ എന്തുകൊണ്ട് മുസ്‌ലിംകളെ ഉൾപ്പെടുത്തുന്നില്ല എന്ന് ചോദിച്ച് രംഗത്തെത്തിയത് കാര്യങ്ങൾ കൈവിട്ടു പോകും എന്ന തിരിച്ചറിവിൽ നിന്നാണെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter