ഉംറ തീർഥാടനം പുനരാരംഭിക്കുന്നു
മക്ക: കൊറോണ വൈറസ് വ്യാപനം തടയുന്നതിന് വേണ്ടി നിർത്തി വെച്ചിരുന്ന ഉംറ തീർഥാടനം സൗദി അറേബ്യ പുനരാരംഭിക്കുന്നു. ഒക്ടോബർ നാല് മുതലാണ് ഉംറ തീര്‍ത്ഥാടനം പുനഃരാരംഭിക്കുന്നത്. മൂന്ന് മണിക്കൂര്‍ കൊണ്ട് ഉംറ തീര്‍ത്ഥാടനം പൂര്‍ണ്ണമായും പൂര്‍ത്തീകരിക്കണമെന്നതടക്കമുള്ള നിബന്ധനകൾ പ്രകാരം ആയിരം പേരടങ്ങുന്ന ആറു സംഘങ്ങള്‍ക്കാണ് ഓരോ ദിവസവും അനുമതി നല്‍കുകയെന്ന് വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച്‌ അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്‌തു

ആദ്യ ഘട്ടത്തില്‍ ദിനം പ്രതി ആറായിരം തീര്ഥാടകരെയാണ് അനുവദിക്കുകയെന്ന് ഹജ്ജ് ഉംറ മന്ത്രാലയം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നാല് ഘട്ടങ്ങളായി പുനഃരാരംഭിക്കുന്ന ആദ്യ ഘട്ടത്തില്‍ ഒക്ടോബര്‍ നാല് മുതല്‍ പ്രതിദിനം 6,000 പേര്‍ക്കും 18 നു തുടങ്ങുന്ന രണ്ടാം ഘട്ടത്തില്‍ 15,000 ഉംറ തീര്‍ത്ഥാടകരെയും 40,000 ഹറം സന്ദർശകരേയും നവംബര്‍ ഒന്നിന് ആരംഭിക്കുന്ന മൂന്നാം ഘട്ടത്തില്‍ വിദേശ ഉംറ തീർഥാടകരെയുമാണ് അനുവദിക്കുക. ഈ ഘട്ടത്തില്‍ 20,000 തീര്‍ത്ഥാടകരെയും 60,000 സന്ദര്‍ശകരെയും അനുവദിക്കും. നാലാം ഘട്ടത്തിലായിരിക്കും പഴയ നിലയിലേക്ക് ഉംറക്ക് അനുവാദം നല്‍കുന്നത്.

ഉംറ തീർഥാടനം സുഗമമാക്കാൻ 'ഇഅ്തമര്‍നാ' മൊബൈല്‍ ആപ്ലിക്കേഷന്‍ ഞായാറാഴ്ച പുറത്തിറങ്ങും. ഉംറ തീര്‍ത്ഥാടനവും മക്ക, മദീന സന്ദര്‍ശനവും ആരോഗ്യ മുന്‍കരുതല്‍ ചട്ടങ്ങള്‍ പാലിച്ചും സമയബന്ധിതവും വ്യവസ്ഥാപിതവുമായി നടത്തുന്നതിന് ആവശ്യമായ കാര്യങ്ങള്‍ ഈ ആപ് വഴിയായിരിക്കും ലഭ്യമാകുക. ഉംറ തീര്‍ത്ഥാടകര്‍ക്കുള്ള മുഴുവന്‍ സേവനങ്ങള്‍ക്കുമായി മുപ്പതിലധികം പ്രാദേശിക അന്താരാഷ്ട്ര കമ്പനികളയും സജ്ജീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഹജ്ജ് കാലത്ത് കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ട് 1000 പേരെ പങ്കെടുപ്പിച്ച് സൗദി അറേബ്യ ഹജ്ജ് സംഘടിപ്പിച്ചിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter