പൗരത്വ ഭേദഗതി ബില്ലിനെതിരെ യൂറോപ്യൻ യൂണിയൻ പ്രമേയം പാസാക്കുന്നു
ബ്രസല്‍സ്:  പാകിസ്ഥാൻ ബംഗ്ലാദേശ് അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള മുസ്‌ലിമേതര അഭയാർഥികൾക്ക് പൗരത്വം നൽകുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ (സി.എ.എ) പ്രമേയം പാസാക്കാനൊരുങ്ങി യൂറോപ്യന്‍ യൂനിയന്‍. 154 യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങളാണ് പ്രമേയം കൊണ്ടുവന്നത്. കോടിക്കണക്കിന് പേരെ പൗരന്മാരല്ലാതാക്കിത്തീര്‍ക്കുന്നതാണ് സി.എ.എയെന്നതാണ് പ്രമേയത്തിലെ പ്രധാന ആരോപണം. സി.എ.എ 'വിവേചനപരവും അപകടമായ ഭിന്നിപ്പുണ്ടാക്കുന്നതും' എന്ന വിശേഷണത്തിനൊപ്പം, ഇന്ത്യയുടെ അന്താരാഷ്ട്ര ഉടമ്പടി ലംഘനമാണിതെന്നും പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നു. തീരുമാനം അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തിന്റെ പ്രതിച്ഛായയ്ക്കു തന്നെ മങ്ങലേല്‍പ്പിക്കുമെന്ന് ചൂണ്ടിക്കാട്ടിയ യൂറോപ്പ്യൻ യൂണിയൻ 'സി.എ.എ ലോകത്തിലെ ഏറ്റവും വലിയ അപൗരത്വ പ്രതിസന്ധി സൃഷ്ടിക്കുമെന്നും അതീവ ഗുരുതരമായ മനുഷ്യയാതനകള്‍ക്ക് ഹേതുവാകുമെന്നും' അംഗങ്ങള്‍ മുന്നറിയിപ്പു നല്‍കി. രാജ്യത്തിന്റെ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 14ന്റെ ലംഘനമാണ് സി.എ.എ എന്നും പ്രമേയത്തില്‍ വ്യക്തമാക്കുന്നു. മതപീഡനം അടിസ്ഥാനമാക്കിയാണ് പൗരത്വം നല്‍കുന്നതെങ്കില്‍ പാകിസ്താനിലെ അഹമ്മദിയ്യാക്കള്‍ക്കും ഹസാറകള്‍ക്കും മ്യാന്മറിലെ റോഹിങ്ക്യകള്‍ക്കും പൗരത്വം നല്‍കേണ്ടിയിരുന്നു. ശ്രീലങ്കര്‍ തമിഴര്‍ക്കും പൗരത്വം നല്‍കേണ്ടതുണ്ട്. മുപ്പതു വര്‍ഷത്തോളമായി ഇന്ത്യയില്‍ അഭയാര്‍ഥികളായി താമസിക്കുന്നവര്‍ കൂടിയാണ് ലങ്കന്‍ തമിഴരെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter