കോവിഡ് കേസുകൾ വർധിച്ചിട്ടും ലോക്ഡൗൺ ഇളവുമായി സൗദി അറേബ്യ
ജിദ്ദ: കൊറോണ വൈറസ് വ്യാപനം വർധിക്കുമ്പോഴും സൗദി അറേബ്യയില്‍ നിലനില്‍ക്കുന്ന കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സൗദി ആഭ്യന്തര മന്ത്രാലയം. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ഹാജരാകാനും നിശ്ചിത ദിവസങ്ങളിൽ രാവിലെ ആറ് മുതല്‍ രാത്രി എട്ട് വരെ മക്ക ഒഴിച്ചുള്ള രാജ്യത്തിന്‍റെ എല്ലാ പ്രവിശ്യകളിലും സ്വന്തം വാഹനം ഉപയോഗിച്ച്‌ യഥേഷ്ടം യാത്രചെയ്യാനും സര്‍ക്കാര്‍, സ്വകാര്യ ജീവനക്കാര്‍ക്ക് കോവിഡ് മുന്‍കരുതലോടെ ജോലിക്ക് ഹാജരാകാനും ഇളവ് അനുവദിച്ചിട്ടുണ്ട്.

മുന്‍കരുതലുകള്‍ പാലിച്ച്‌ മൊത്ത, ചില്ലറ വ്യാപാര സ്ഥാപനങ്ങൾ മാളുകൾ, പള്ളികൾ എന്നിവയും തുറക്കാൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍ സ്പോര്‍ട്സ് ആന്‍റ് ഹെല്‍ത്ത് ക്ലബ്ബുകള്‍, വിനോദ കേന്ദ്രങ്ങള്‍, സിനിമ തിയേറ്ററുകള്‍ എന്നിവക്കുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിച്ചത്.

പള്ളികളിൽ ജൂണ്‍ അഞ്ചാം തിയതി വെള്ളിയാഴ്ച മുതൽ ജുമുഅയും ഫർള് നിസ്കാരങ്ങളും നടത്താൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും മക്കയിലെ ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥനക്ക് അനുമതി നല്‍കിയിട്ടില്ല. മസ്ജിദും ഹറമിൽ പൊതുജനങ്ങൾക്ക് പ്രവേശനം ഇപ്പോഴും അനുവദിച്ചിട്ടില്ല. ആഭ്യന്തര വിമാന സര്‍വീസുകൾ ഉടന്‍ ആരംഭിക്കുമെന്ന് അറിയിച്ച ആഭ്യന്തര മന്ത്രാലയം 50 ല്‍ കുറഞ്ഞ ആളുകള്‍ പങ്കെടുക്കുന്ന വിവാഹ പാര്‍ട്ടികള്‍ക്കും മരണാന്തര ചടങ്ങുകൾക്കും അനുമതി നല്‍കിയിട്ടുണ്ട്. റസ്റ്റോറന്റുകളിലും കഫേകളിലും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളിലും ഇളവ് അനുവദിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter