28 ദിവസങ്ങൾ ക്വാറന്റൈനിൽ കഴിഞ്ഞ തബ് ലീഗുകാരെ വീടുകളിൽ പോകാൻ അനുവദിക്കണമെന്ന്    ഡൽഹി ന്യൂനപക്ഷ കമ്മീഷൻ
ന്യൂഡൽഹി: ക്വാറന്റൈൻ ഏർപ്പെടുത്തിയ കേന്ദ്രങ്ങളിലെ സൗകര്യക്കുറവുമൂലം രണ്ടു പേർ മരണപ്പെട്ടത് ചൂണ്ടിക്കാട്ടി 28 ദിവസങ്ങൾ ക്വാറന്റൈനിൽ പൂർത്തിയാക്കുകയും കൊറോണ നെഗറ്റീവ് ആണെന്ന് തെളിയുകയും ചെയ്ത തബ് ലീഗ് ജമാഅത്ത് അംഗങ്ങളെ വീടുകളിൽ പോകാൻ അനുവദിക്കണമെന്ന് ഡൽഹി ന്യൂനപക്ഷ കമ്മീഷൻ ഡൽഹി സർക്കാരിനോട് ആവശ്യപ്പെട്ടു.

തിങ്കളാഴ്ചയോടെ ഡൽഹിയിലെ നിസാമുദ്ദീനിൽ നിന്ന് ക്വാറന്റൈനിലാക്കിയവർ 28 ദിവസങ്ങൾ പൂർത്തിയാക്കുകയാണെന്നും അമേരിക്കയും ലോകാരോഗ്യ സംഘടനയും മുന്നോട്ടുവെച്ച മാർഗനിർദേശ പ്രകാരം കൊറോണ പരിശോധിക്കാനുള്ള കാലയളവ് പരമാവധി 14 ദിവസങ്ങളാണെന്നും ചൂണ്ടിക്കാട്ടിയ ന്യൂനപക്ഷ കമ്മീഷൻ അതിനാൽ തബ് ലീഗ് അംഗങ്ങളെ ഉടൻ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഡൽഹിയിലെ നിരവധി ക്വാറന്റൈൻ കേന്ദ്രങ്ങളിൽ അപര്യാപ്തമായ സൗകര്യങ്ങളിൽ ജീവിക്കുന്ന നിരവധി പേരുണ്ടെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.

ക്വാറന്റൈൻ കേന്ദ്രങ്ങളിലുള്ള പലരും മുസ്‌ലിംകൾ ആണെന്നും വ്രതം അനുഷ്ഠിക്കേണ്ട ഈ റമദാൻ മാസം വളരെ പരിതാപകരമായ സൗകര്യങ്ങളിലാണ് അവർ ജീവിക്കുന്നതെന്നും കമ്മീഷൻ വ്യക്തമാക്കി. പരമാവധി ക്വാറന്റൈൻ കാലയളവിന്റെ ഇരട്ടി ദിവസങ്ങൾ ചെലവഴിച്ചിട്ടും വീടുകളിൽ പോകാൻ അനുവദിക്കാതിരിക്കുന്നത് മുസ്‌ലിം സമുദായങ്ങൾക്കിടയിൽ അസ്വസ്ഥത സൃഷ്ടിക്കുമെന്നും അത് നിയമപോരാട്ടത്തിന് വഴി. തുറക്കുമെന്നും കമ്മീഷൻ പറഞ്ഞു. അതേസമയം ക്വാറന്റൈൻ കേന്ദ്രത്തിൽ രണ്ട് തമിഴ്നാട് സ്വദേശികൾ മരണപ്പെട്ട സംഭവത്തിൽ ഡൽഹി പോലീസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter