ജാമിഅയിലെ അതിക്രമം: വിദ്യാർത്ഥികൾക്കെതിരെ അന്വേഷണത്തിന് ശുപാർശ ചെയ്ത് മനുഷ്യാവകാശ കമ്മീഷൻ
ന്യൂഡൽഹി: പൗത്വനിയമഭേദഗതിക്കെതിരായ സമരത്തിനിടെ ജാമിഅ മില്ലിയ സര്‍വ്വകലാശാലയിലുണ്ടായ പൊലിസ് അതിക്രമം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ വിദ്യാര്‍ഥികള്‍ക്കെതിരേ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ വിവാദ നടപടി. വിദ്യാര്‍ഥികള്‍ എന്തിന് പൗരത്വനിയമഭേദഗതിക്കെതിരേ സമരത്തിനിറങ്ങിയെന്ന് ഡല്‍ഹി പൊലിസിലെ പ്രത്യേക അന്വേഷണ സംഘം പരിശോധിച്ച്‌ കണ്ടെത്തണമെന്ന് ശുപാര്‍ശ ചെയ്ത കമ്മീഷൻ കാംപസിലെ പൊലിസ് അതിക്രമം അന്വേഷിക്കാന്‍ ശുപാര്‍ശയൊന്നും നടത്തിയിട്ടില്ല.

2019 ഡിസംബറില്‍ സര്‍വ്വകലാശാലയിലെ ലൈബ്രറിയിലും ശുചിമുറികളിലും കടന്നുകയറിയ ഡല്‍ഹി പൊലിസ് നടത്തിയ നരനായാട്ടിൽ നിരവധി വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ഒരു വിദ്യാര്‍ഥിയുടെ കാഴ്ച നഷ്ടപ്പെട്ടു. പൊലിസ് മര്‍ദ്ദനത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ലൈബ്രറിയില്‍ വായിച്ചുകൊണ്ടിരുന്ന വിദ്യാര്‍ഥികളെ പോലും പൊലിസ് കടന്നു കയറി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു .

പൊലിസ് അതിക്രമത്തിനെതിരേ വിദ്യാര്‍ഥികളാണ് കമ്മീഷന് പരാതി നല്‍കിയത്. എന്നാല്‍ വിദ്യാര്‍ഥികള്‍ക്കെതിരെ തന്നെ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരിക്കുകയാണ് കമ്മിഷന്‍. ഇതിനായി ഡല്‍ഹി പൊലിസ് ക്രൈംബ്രാഞ്ചിന് കീഴില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കണം. സമയത്ത് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റക്കാരെ അറസ്റ്റ് ചെയ്യണം. പൊലിസും സി.ആര്‍.പി.എഫും ആര്‍.എ.എഫും കാംപസില്‍ കടന്നു കയറി അതിക്രമം കാട്ടിയത് സംബന്ധിച്ച്‌ അതത് വിഭാഗങ്ങള്‍ തന്നെ കുറ്റം ചെയ്തവര്‍ക്കെതിരേ നടപടി എടുത്താല്‍ മതിയെന്നാണ് കമ്മീഷന്‍ ശുപാര്‍ശ. ജുഡീഷ്വല്‍ അന്വേഷണം വേണമെന്ന് പരാതിക്കാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അതെക്കുറിച്ച്‌ റിപ്പോര്‍ട്ട് നിശ്ശബ്ദമാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter