ഉര്‍വ കണ്ട പ്രവാചകസ്നേഹം

ഹിജ്റ ആറാം വര്‍ഷം...
പ്രവാചകര്‍(സ്വ) സ്വഹാബികളോടൊപ്പം ഉംറ നിര്‍വ്വഹിക്കണമെന്ന ലക്ഷ്യത്തോടെ മദീനയില്‍ നിന്ന് പുറപ്പെട്ടു. സാധാരണ യാത്രയുടെ സന്നാഹങ്ങളുമായി ഇഹ്റാമിന്റെ വസ്ത്രത്തിലായിരുന്നു യാത്ര. യുദ്ധത്തിനല്ല വരുന്നതെന്നും സമാധാനത്തോടെ ഉംറ നിര്‍വ്വഹിച്ച് പോകുകയാണ് ലക്ഷ്യമെന്നും മക്കക്കാരെ ബോധിപ്പിക്കാന്‍ കൂടിയായിരുന്നു നേരത്തെ ഇഹ്റാം വസ്ത്രം ധരിച്ചത്. 

പക്ഷെ, പ്രവാചകരുടെ വരവ് അറിഞ്ഞ മക്കക്കാര്‍ വഴിയില്‍ വെച്ച് തടയാന്‍ തന്നെ തീരുമാനിച്ചു. ഹുദൈബിയ്യയിലെത്തിയ പ്രവാചകര്‍ മക്കക്കാരെ കാര്യം ബോധിപ്പിക്കാനായി ഉസ്മാന്‍(റ) നെ ദൂതനായി അയച്ചു. അദ്ദേഹം തിരിച്ചുവരാന്‍ വൈകിയതോടെ കൊല്ലപ്പെട്ടു എന്ന കിംവദന്തി പരന്നു. അതോടെ, മക്കക്കാരുമായി ഏതറ്റം വരെയും യുദ്ധം ചെയ്യാന്‍ തന്നെ അവര്‍ പ്രതിജ്ഞ എടുത്തു. 

ഇത് കേട്ട മക്കക്കാര്‍ പ്രവാചകരുമായി സംസാരിക്കാന്‍ പലരെയും അയച്ചു. അക്കൂട്ടത്തില്‍ അയക്കപ്പെട്ട ഒരു ദൂതനായിരുന്നു ഉര്‍വതുബ്നു മസ്ഊദ് അസ്സഖഫി. പ്രവാചകരുടെ സദസ്സിലെത്തിയ അദ്ദേഹം സ്വഹാബികള്‍ പ്രവാചകരോട് കാണിക്കുന്ന സ്നേഹവും ബഹുമാനവും കണ്ട് അല്‍ഭുതപ്പെട്ട് പോയി. 

Read More: റബീഹ്-1,സന്തോഷാശ്രുക്കള്‍ പൊഴിച്ച നിമിഷങ്ങള്‍

പ്രവാചകരുടെ അടുത്തിരുന്ന് സംസാരിക്കുമ്പോള്‍, പ്രവാചകരുടെ സമീപം തന്നെ കാവല്‍ക്കാരനായി മുഗീറതുബ്നു ശുഅ്ബ(റ) നിലയുറപ്പിച്ചിരുന്നു. സംസാരത്തിനിടെ ഉര്‍വ ഇടക്കിടെ പ്രവാചകരുടെ താടിരോമങ്ങളില്‍ പിടിക്കുന്നുണ്ടായിരുന്നു. ഇത് കണ്ടതും മുഗീറ വാളിന്റെ അടിഭാഗം കൊണ്ട് അദ്ദേഹത്തിന്റെ കൈ തട്ടി, പ്രവാചകരെ തൊട്ടുപോകരുത് എന്ന് ശാസിക്കുന്നുണ്ടായിരുന്നു. പ്രവാചകര്‍ തുപ്പുമ്പോഴേക്ക് അത് കൈക്കലാക്കാനും വുളു എടുക്കുമ്പോള്‍ അതില്‍നിന്ന് താഴോട്ട് വീഴുന്ന വെള്ളം സ്വന്തമാക്കാനും അവര്‍ പരസ്പരം തിരക്ക് കൂട്ടുന്നത് കണ്ട് അദ്ദേഹം ഉര്‍വ്വ ആശ്ചര്യം കൂറി. തിരിച്ച് മക്കയിലെത്തിയ  അയാള്‍ അവരോട് പറഞ്ഞു, എന്തൊരു സമൂഹമാണ് മുഹമ്മദിന്റെ അനുയായികള്‍. കിസ്റാ, ഖൈസര്‍, നജാശി അടക്കമുള്ള രാജാക്കന്മാരുടെ സദസ്സിലേക്ക് വരെ ഞാന്‍ ദൂതനായി പോയിട്ടുണ്ട്. എന്നാല്‍, മുഹമ്മദിനെ അനുയായികള്‍ സ്നേഹിക്കുന്ന പോലെ ഒരു രാജാവിനെയും അനുയായികള്‍ സ്നേഹിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. അവിടുന്ന് തുപ്പുമ്പോഴേക്ക് അത് ഏതെങ്കിലും ഒരാളുടെ കൈയ്യിലാണ് വീഴുന്നത്, എന്നിട്ട് അത് മുഖത്തും ചര്‍മ്മത്തിലുമെല്ലാം പുരട്ടുന്നു. എന്തെങ്കിലും പറയുമ്പോഴേക്ക് അത് അനുവര്‍ത്തിക്കപ്പെടുന്നു. വുളൂ ചെയ്താല്‍ ആ വെള്ളത്തിനായി അവര്‍ തിക്കും തിരക്കും കൂട്ടുന്നു. ആ സന്നിധിയിലെത്തിയാല്‍ ആരും ശബ്ദം പോലും ഉയര്‍ത്തുന്നില്ല. ബഹുമാനത്താല്‍ ആ മുഖത്തേക്ക് തറപ്പിച്ച് നോക്കാന്‍ പോലും അവരാരും ധൈര്യപ്പെടുന്നില്ല. തീര്‍ച്ചയായും നല്ലൊരു രീതിയാണ് അവിടുന്ന് കാണിച്ച് തന്നിരിക്കുന്നത്, അത് സ്വീകരിക്കുക, അതാകും നിങ്ങള്‍ക്ക് നല്ലത്.

ഇതായിരുന്നു സ്വഹാബികളും പ്രവാചകരും. നമുക്കും ശ്രമിക്കാം, ആ ഹബീബിനെ നെഞ്ചേറ്റാന്‍. നാഥന്‍ തുണക്കട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter