പ്രാര്‍ത്ഥനാ മന്ത്രങ്ങളല്ല, ഇവിടങ്ങളില്‍ റമദാനിലും പ്രതിധ്വനിക്കുന്നത് ഭീതിയുടെ മാറ്റൊലികള്‍
Israeli soldiers and tanks near the border with the Gaza Stripപുണ്യ റമളാന്‍റെ പിറവി വിശ്വാസികള്‍ക്ക് ആഹ്ലാദത്തിന്‍റെയും നവോന്മേഷത്തിന്‍റയും വേളയാണ് ലോകത്തെല്ലായിടത്തും. മെയ്യും മനസ്സും വ്രത വിശുദ്ധിയില്‍ സ്നാനം ചെയ്തെടുത്ത് ദൈവചിന്തയുടെ ശുഭ്രച്ചേലയണിയിച്ചു നിര്‍ത്താനുള്ള അവസരം മുതലെടുക്കാന്‍ ഇടനെഞ്ചില്‍ വിശ്വാസത്തിന്‍റെ ഇളംചൂട് തട്ടിയവരൊക്കെ അഹമഹമികയാ മുന്നോട്ടു വരുന്ന സുന്ദര നിമിഷങ്ങള്‍. സഞ്ചരിച്ചു തീര്‍ത്ത പാപദൂരങ്ങളുടെ നിസ്സീമതയില്‍ ആദ്യം അമ്പരന്നും പിന്നീട് അടക്കാനാവാത്ത അശ്രുകണങ്ങള്‍ ധാരധാരയായി ഒഴുക്കിയും തന്നിലേക്കണയുന്ന ദാസന് ആശ്വാസവും ആലംബവുമായി നാഥന്‍ സൃഷ്ടിച്ച മാസം. നന്മയുടെ ശോഭയില്‍ ജ്വലിച്ചു നില്‍ക്കുന്ന സുന്ദര വദനങ്ങളുടെ ഹൃദ്യമായ കാഴ്ച. പക്ഷേ കൂരക്ക് മുകളില്‍ ഭീതി ഉഗ്രമായ മൂളക്കത്തോടെ വട്ടമിട്ട് പറക്കുമ്പോള്‍, ടാങ്കറുകളിലേറി മരണത്തിന്‍റെ മൊത്തക്കച്ചവടക്കാര്‍ ഇടവഴി താണ്ടി വരുമ്പോള്‍, ആരാധനലായങ്ങളിലേക്ക് കാരുണ്യത്തിന്‍റെ മാലാഖമാര്‍ക്ക് പകരം കനല്‍ മഴ വര്‍ഷിക്കുമ്പോള്‍ പ്രാര്‍ത്ഥനക്ക് പകരം പ്രാണനായുള്ള മുറവിളിയും ഇനിയും പെയ്തിറങ്ങാത്ത കാരുണ്യത്തിനായുള്ള പ്രതീക്ഷയുടെ കൈത്തിരികളുമായി ഇവിടെ ചിലര്‍ കഴിയുന്നുണ്ട്. ഫലസ്തീനില്‍ ഇത്തവണ റമദാന്‍ വരവറിയിച്ചത് തന്നെ തലക്കു മുകളില്‍ പെയ്തു തുടങ്ങിയ ഷെല്‍വര്‍ഷങ്ങള്‍ക്കൊപ്പമായിരുന്നു. ജൂണ്‍ ആദ്യത്തില്‍ മൂന്ന് ഇസ്രായേല്‍ കൌമാരക്കാരെ കാണാതായ സംഭവത്തെത്തുടര്‍ന്ന് ആരംഭിച്ച ഇസ്രായേല്‍ അതിക്രമം കഴിഞ്ഞ വാരം അവരുടെ മൃതദേഹം കണ്ടെടുത്തതോട് കൂടി ഇസ്രായേല്‍ ശക്തമാക്കിയതോടെ ഫലസ്തീനില്‍ സമാധാനത്തിന്‍റെ ശുഭ്രതയില്‍ വീണ്ടും ശോണിതവര്‍ണ്ണം പടര്‍ന്നു. ചെറുപ്പക്കാരുടെ വധത്തില്‍ പ്രതിസ്ഥാനത്ത് നിര്‍ത്തപ്പെട്ട ഹമാസ് ആരോപണം നിഷേധിച്ച് പ്രത്യാക്രമണവുമായി രംഗത്തു വന്നതോടെ ഇസ്രായേലിന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി. ഈ പോരാട്ടത്തെ ബ്രിട്ടനിലെ ഗാര്‍ഡിയന്‍ പത്രം വിശേഷിപ്പിച്ചത് തന്നെ തുപ്പിയെന്ന പേരില്‍ മൈക്ക് ടൈസന്‍ ഒരു കുഞ്ഞിനെ ഇടിച്ചിടുന്നത്ര ബാലിശവും അയുക്തികവുമെന്നാണ്. എഫ്-15 പോര്‍വിമാനങ്ങളും എ.എച്ച്64 അപ്പാഷെ ഹെലികോപ്ടറുകളും ഡെലീല മിസൈലുകളും ഐ.എ.ഐ ഹെറോണ്‍-1 ഡ്രോണുകളും സര്‍വ്വോപരി ആണവായുധ ശേഖരവുമുള്ള ഒരു മഹാശക്തിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്‍റെ ഭാഷയില്‍ ഒരു തടവു ക്യാമ്പിനോട് സമാനമായ ഒരു പ്രദേശത്തു നിന്ന് പരിഹാസമുണര്‍ത്തും വിധം ഉയര്‍ന്നു വരുന്ന മിസൈലുകളുമായുള്ള 'പോരാട്ടം'. മനുഷ്യാവകാശ സംഘടനകളായ ആംനസ്റ്റി ഇന്‍റര്‍നാഷണലും ഹ്യൂമന്‍ റൈറ്റ്സ് വാച്ചുമൊക്കെ ഇസ്രായേല്‍ അതിക്രമത്തിനു പിന്നിലെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളിലേക്ക് വിരല്‍ ചൂണ്ടിയിട്ടും പാശ്ചാത്യ മാധ്യമങ്ങള്‍ ഇസ്രായേലിനെ ന്യായീകരിച്ചും എല്ലാ മാനുഷിക മൂല്യങ്ങളും തകര്‍ത്ത് നിരപരാധികളായ ഫലസ്തീന്‍ സിവിലിയന്മാര്‍ക്കു മേല്‍ അവര്‍ നടത്തിയ നരനായാട്ടിനെ ഹമാസിനെതിരെയുള്ള വിശുദ്ധ യുദ്ധമായി വാഴ്ത്തിയുമാണ് പതിവു പോലെ നില കൊണ്ടത്. ഗസ്സയില്‍ ഇസ്രായേല്‍ തകര്‍ത്തു തരിപ്പണമാക്കിയ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ പ്രേക്ഷകര്‍ക്കു മുമ്പില്‍ ഹമാസ് ആക്രമണത്തില്‍ തകര്‍ന്ന ഇസ്രായേല്‍ പ്രദേശങ്ങളായി കാണിക്കാന്‍ പോലും എ.ബി.സി ചാനലടക്കമുള്ളവ ശ്രമം നടത്തി. ഫലസ്തീനികളുടെ റമദാന്‍ ത്യാഗപൂര്‍ണ്ണമാക്കുന്നതില്‍ അങ്ങനെ അവരും തങ്ങളുടെ ഭാഗം ഭംഗിയായി നിര്‍വ്വഹിച്ചു. BurmaMuslims-Abandon-Mosques-in-Ramadan1 (1)റമദാന്‍റെ പിറവിയോടൊന്നിച്ച് തന്നെയായിരുന്നു മ്യാന്മറിലും ബുദ്ധഭീകരതയുടെ ദുര്‍ഭൂതം വീണ്ടും തലപൊക്കിയത്. മണ്ഢലായ് പ്രവിശ്യയില്‍ ബുദ്ധ സന്ന്യാസികളുടെ നേതൃത്വത്തില്‍ മുസ്ലിം വീടുകളും കടകളും ആരാധനാലയങ്ങളും തകര്‍ത്ത് ജനക്കൂട്ടം അഴിഞ്ഞാടിയപ്പോള്‍ റമളാനെ വരവേല്‍ക്കാനൊരുങ്ങി നിന്ന മ്യാന്മര്‍ മുസ്ലിംകളുടെ ആവേശവും ഉത്സാഹവും ആശങ്കക്കും ഭീതിക്കും വഴിമാറി. അക്രമികളും ഒപ്പം സുരക്ഷാ സേനയും കയറി നരങ്ങിയ പള്ളികളില്‍ നിന്ന് ജനം വിട്ടു നിന്നപ്പോള്‍ പ്രാര്‍ത്ഥനാ വചനങ്ങള്‍ക്കും ദൈവ കീര്‍ത്തനങ്ങള്‍ക്കും പകരം അവിടെയെല്ലാം വക്കില്‍ ഭീതി പുരണ്ട നിശ്ശബ്ദതയും ശ്വാസം മുട്ടിക്കുന്ന വിജനതയും തളംകെട്ടി നില്‍ക്കുകയാണ്. സോഷ്യല്‍ മീഡിയകളിലൂടെ വര്‍ഗ്ഗീയ വിഷം ചീറ്റുന്ന ദുഷ്പ്രചരണങ്ങള്‍ നടത്തുന്നതിന് പുറമെ ആരാധനാ വേളയില്‍ പള്ളികള്‍ക്കു സമീപം പ്രശ്നങ്ങളുണ്ടാക്കിയും താമസസ്ഥലങ്ങളും വ്യാപാര കേന്ദ്രങ്ങളും കയ്യേറിയും മുസ്ലിംകളുടെ സമാധാനം കെടുത്തുകയാണ് തീവ്ര ബുദ്ധിസ്റ്റുകള്‍. ഇത്തരം ക്രൂര ചെയ്തികളില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് ഒരു നിമിഷമെങ്കിലും നിങ്ങള്‍ പിന്തുടരുന്നുവെന്ന് അവകാശപ്പെടുന്ന ശ്രീബുദ്ധനെക്കുറിച്ച് ഓര്‍ക്കാന്‍ തയ്യാറാവണമെന്ന് ഇവരോട് ദിനങ്ങള്‍ക്ക് മുമ്പ് ആവശ്യപ്പെട്ടത് സാക്ഷാല്‍ ദലൈലാമ തന്നെയായിരുന്നു. ഇറാഖിലും ഈജിപതിലും അഫ്ഗാനിലുമെല്ലാം സംഘര്‍ഷത്തിന്‍റെ കനലെരിച്ചില്‍ തുടര്‍ന്നു കൊണ്ടേയിരിക്കുകയാണിപ്പോഴും. ആര്‍ത്തനാദങ്ങള്‍ക്ക് വഴിമാറിക്കൊടുത്ത ആരധനാ വസന്തത്തിന്‍റെ പൊന്‍പുലരി പ്രതീക്ഷയുടെ പൂക്കള്‍ വിരിയിച്ച് ഒരിക്കല്‍ കൂടി ഉദിച്ചുയരുന്നത് കാണാനുള്ള അവരുടെ കാത്തിരിപ്പിന് ഇപ്പോഴും നിരാശ തന്നെയാണ് ഫലം. എങ്കിലും എല്ലാം സൃഷ്ടിപരിപാലകനിലര്‍പ്പിച്ച് ഒടുങ്ങാത്ത പ്രാര്‍ത്ഥനയും തോരാത്ത കണ്ണുനീരുമായി പൊളിഞ്ഞടര്‍ന്ന മേല്‍ക്കൂരകള്‍ക്കും അഭയാര്‍ത്ഥി ക്യാമ്പിലെ കൊച്ചു കൂടാരങ്ങള്‍ക്കും കീഴെ ത്യാഗപൂര്‍ണ്ണമായ വ്രതകാലത്തിന് മേല്‍ ഉദിച്ചുയരുന്ന പെരുന്നാളമ്പിളി പോലെ ഒരു മോചന സൂര്യന്‍ തങ്ങളുടെ ദുരിത പര്‍വ്വങ്ങള്‍ക്കു മേലും ഉദിച്ചുയരുമെന്ന ശുഭപ്രതീക്ഷയുമായി അവരിപ്പോഴും കഴിയുകയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter