വിദേശ മാധ്യമ പ്രവർത്തകരെ കശ്മീർ സന്ദർശിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് യുഎസ് ജനപ്രതിനിധികൾ
വാഷിങ്ടണ്‍: പ്രത്യേക അവകാശങ്ങൾ നൽകിയിരുന്ന 370 വകുപ്പ് എടുത്തുകളഞ്ഞതിനു പിന്നാലെയുള്ള ജമ്മു കശ്മീരിലെ സ്ഥിതിഗതികളെക്കുറിച്ച് ഇന്ത്യ പുറത്ത് വിടുന്നത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്നും അതിനാൽ കൂടുതല്‍ കൃത്യമായി കാര്യങ്ങളറിയാന്‍ വിദേശ മാധ്യമ പ്രവര്‍ത്തകരെ അവിടം സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് യുഎസ് കോണ്‍ഗ്രസ് അംഗങ്ങൾ രംഗത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങളായ ഡേവിഡ് എന്‍ സിസിലിന്‍, ഡിന ഡൈറ്റസ്, ക്രിസ്റ്റി ഹുലാഹന്‍, ആര്‍ഡി ലെവിന്‍ തുടങ്ങി ആറു അംഗങ്ങൾ യുഎസിലെ ഇന്ത്യന്‍ സ്ഥാനപതി ഹര്‍ഷ് വര്‍ധനന്‍ ശ്രൃംഗ്‌ലയ്ക്കു കത്തയച്ചു. മാധ്യമ പ്രവര്‍ത്തകര്‍ക്കു പുറമെ യുഎസ് കോണ്‍ഗ്രസ് അംഗങ്ങളേയും മേഖലയിലേക്ക് അയക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. ജമ്മു കശ്മീരില്‍ ലാന്‍ഡ്‌ലൈൻ, പ്രീപെയ്ഡ്, ഇന്റര്‍നെറ്റ് സേവനങ്ങൾ തുടങ്ങിയവ എപ്പോഴാണ് പുനസ്ഥാപിക്കുകയെന്നും സംഘം ആരാഞ്ഞിട്ടുണ്ട്. കശ്മീരിൽ നിന്ന് അറസ്റ്റ് ചെയ്തവരെ കുറിച്ചും കത്തിൽ അന്വേഷിക്കുന്നുണ്ട്. കശ്മീരിലെ കര്‍ഫ്യൂവിന്റെ നിലവിലെ സ്ഥിതിയെക്കുറിച്ചും ജമ്മു കശ്മീരില്‍ വിദേശ മാധ്യമപ്രവര്‍ത്തകരെ ഇപ്പോഴും അനുവദിക്കാത്തതിന്റെ കാരണങ്ങളും ചോദിച്ചിട്ടുണ്ട്. മേഖലയിലെ രാഷ്ട്രീയ സാമ്പത്തിക നില അറിയിക്കാനും രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാനും യുഎസ് വ്യാഴാഴ്ച ഇന്ത്യയോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് പുതിയ നീക്കം. അമേരിക്കയുടെ ഭാഗത്തുനിന്നുള്ള ഇത്തരം ആവശ്യങ്ങൾ ഇന്ത്യയെ കൂടുതൽ സമ്മർദ്ദത്തിലാക്കാനാണ് സാധ്യത.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter