അല്‍ മവാഹിബുല്‍ ജലിയ്യ: ഔന്നത്യത്തിന്റെ ജ്വാലമുഖം
ദക്ഷിണകേരളത്തിലെ കൊല്ലം ജില്ലയില്‍പ്പെട്ട കരുനാഗപ്പള്ളി താലൂക്കിലെ തഴവാ എന്ന കുഗ്രാമം പ്രസിദ്ധമാവുന്നത് ആ ഗ്രാമത്തിന്റെ പേര് തന്റെ അപരാഭിധാനമാക്കിയ പണ്ഡിതവര്യനായിരുന്ന മുഹമ്മദ് കുഞ്ഞ് മൗലവിയിലൂടെയാണ്. കേരളത്തിലെ മുസ്‌ലിം സംസ്‌കാരത്തിന്റെ തന്മയത്വം വാര്‍ന്നുപോകാതെ അദ്ദേഹം രചിച്ച കാവ്യഗ്രന്ഥമാണ് അല്‍മവാഹിബുല്‍ ജലിയ്യ. മൗലികമായി കൃതിയും അതിന്റെ ശൈലിയും അദ്ദേഹത്തിന്റേതു സ്വന്തമാണ്. പേര് സൂചിപ്പിക്കും പോലെ മഹത്വത്തിന്റെയും ഔന്നത്യത്തിന്റെയും ജ്വാലാമുഖമാണീ നിസ്തുല ഗ്രന്ഥം. ഫിഖ്ഹ്, അഖീദഃ, തസ്വവ്വുഫ് എന്നിവക്ക് പുറമെ ചരിത്രവും ഫിലോസഫിയും അഹ്കാമുകളും ഉള്‍കൊള്ളുന്നുവെന്ന അപാരമായ പ്രത്യേകത ഇതിനുണ്ട്. മൗലവി ആമുഖത്തില്‍ പാടുന്നത് കാണുക:
ഫിഖ്ഹും അഖീദഃ തസ്വവ്വുഫും പല തത്വവും ഉള്‍കൊണ്ടതാണിത് മാത്രമല്ല ചരിത്രവും ഇതിലുള്ള ചിലചില ഹുകുമുകള്‍ എതിലുണ്ട് അതിനുള്ള ദാഹം തീര്‍ക്കലും ഇതിലുണ്ട് അറബിയില്‍ പദം ഇടയില്‍ കടന്നിട്ടുള്ളതാ അക്കം കൊടുത്തതിനര്‍ത്ഥവും വിവരിച്ചതാ റജസിന്റെ രീതിയിലാണ് പോക്കിതിനുള്ളത് ഹൃദിസ്ഥമാക്കാനും അതാ വഴി നല്ലത്’ മുന്‍സൂചിപ്പിക്കപ്പെട്ട കൊല്ലം ജില്ലയിലെ തഴവാ ഗ്രാമത്തില്‍ 1921 ന് അബ്ദുല്‍ ഖാദിര്‍ കുഞ്ഞ് എന്ന വ്യക്തിയുടെയും ഫാത്വിമബീവിയുടെയും മകനായി അദ്ദേഹം ജനിച്ചു. 1999 ജൂണ്‍ 13 നായിരുന്നു സാത്വികനായ ഈ ആധ്യാത്മിക പണ്ഡിതന്റെ മരണം. അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് ഇത്രമാത്രമാണ് 'അല്‍മവാഹിബി'ല്‍’ പറഞ്ഞുകാണുന്നത്. ഇത് ഈ ഗ്രന്ഥത്തിന്റെ മാറ്റിനെ അങ്ങേയറ്റം ഇടിവുതട്ടിക്കുന്നതായിട്ടുണ്ട്. വിദ്യാഭ്യാസം,  മറ്റു പ്രവര്‍ത്തനങ്ങള്‍, ഗ്രന്ഥങ്ങള്‍, ത്വരീഖത്ത് പോലെയുള്ള വിവരങ്ങള്‍ ഗ്രന്ഥത്തില്‍ എവിടെയും കൊടുത്തിട്ടില്ല. അദ്ദേഹത്തിന്റെ മകന്‍ തന്നെയായ കൊല്ലം കരുനാഗപ്പള്ളി സ്വദേശി സഅദുദ്ദീന്‍ മൗലവി (ഫൗസിയ മന്‍സില്‍, എസ്.ആര്‍.പി. മാര്‍ക്കറ്റ്, കരുനാഗപ്പള്ളി)യുടെ സ്വന്തം പ്രസാധനവിലാസത്തില്‍ കോട്ടയത്തുള്ള പ്രീമിയര്‍ ഓഫ്‌സെറ്റ് പ്രസ്സിലാണ് ഈ കൃതി അച്ചടിച്ചിരിക്കുന്നത്. അതിലും പ്രസാധനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളൊന്നും ചേര്‍ത്തിട്ടില്ല. ഈ രണ്ടു കുറവുകളും മനോഹരമായ ഈ പുസ്തകത്തിന്റെ ഗാംഭീര്യതയെ നശിപ്പിച്ചിരിക്കുന്നു. കുറച്ചുകൂടി വിവരങ്ങള്‍ ചേര്‍ത്ത് ഗ്രന്ഥകാരന്റെ ബയോഗ്രഫി സഹിതം പുസ്തകം ഇനിയും നന്നാക്കി പുറത്തിറക്കാനുള്ള സമയം അതിക്രമിച്ചിട്ടില്ല.
ലഭ്യമായ വിവരങ്ങളനുസരിച്ച് തഴവാ മൗലവി 1950കളിലാണ് ഈ ഗ്രന്ഥം രചിച്ചിട്ടുള്ളതെന്ന് ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമയുടെ സെക്രട്ടറിയായ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി സൂചിപ്പിക്കുന്നു. കാരണം, ഏതാണ്ട് ആ കാലം തൊട്ടു തന്നെയാണ് അഥവാ തൊടിയൂര്‍ മൗലവിയുടെ ബാല്യകാലത്തിലാണ് ഇതിലുള്ള ഈരടികള്‍ വളരെയധികം പ്രചാരത്തില്‍ വന്നതും വ്യാപകമായി മത പ്രസംഗ രാവുകളിലും മദ്രസാ പരിപാടികളിലും തെക്കന്‍കേരളത്തില്‍ ഇത് ആലപിച്ചിരുന്നതും. ആദ്യപ്രതികള്‍ സ്വന്തം കൈപ്പടയില്‍ അറബിമലയാളത്തില്‍ മൗലവി തന്നെ എഴുതി പ്രചരിപ്പിക്കുകയാണ് ചെയ്തിരുന്നത്. അതേസമയം തന്നെ തഴവാമൗലവി ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമായുടെ മുഖപത്രമായ “'അന്നസീമി'ല്‍ അത്  കൂടെക്കൂടെ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നുവെന്ന് തൊടിയൂര്‍ മൗലവി പറയുന്നു. 1970- കളിലെപ്പോഴോ അതില്‍ കാലാനുസൃതമായ മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലുകളും തഴവാ മൗലവി തന്നെ സ്വയം നടത്തി തഴവയിലെ വീണ പ്രസ്സില്‍ നിന്ന് കല്ലച്ചില്‍ പ്രിന്റ് ചെയ്ത് ഇറക്കിയെന്നും അദ്ദേഹം  സൂചിപ്പിക്കുന്നു.
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കില്‍ തഴവാ ഗ്രാമത്തില്‍ 1921 ആഗസ്ത് 10-ന് പള്ളാര്‍ശ്ശേരി തറവാട്ടില്‍ അബ്ദുല്‍ ഖാദിര്‍ കുഞ്ഞ് എന്ന വ്യക്തിയുടെയും ഫാത്വിമബീവിയുടെയും മകനായി ജനിച്ചു എന്ന് അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം തയ്യാര്‍ ചെയ്ത സുവനീറില്‍ കാണുന്നുണ്ട്. തഴയോലകളുടെ സമൃദ്ധിപെരുകിയ സ്ഥലമായതിനാല്‍ കിട്ടിയ ആ പ്രദേശത്തിന്റെ നാമമായ തഴവാ എന്ന പേര് പിന്നീട് ഈ മഹാപണ്ഡിതന്റെ പേരിലാണ് പ്രോജ്ജ്വലിച്ചത്. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം നീര്‍ക്കുന്നം ഹമീദ് മുസ്‌ലിയാര്‍, കോടഞ്ചേരി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ എന്നിവരുടെ ആത്മീയഗുരുത്വം തഴവായിലെ മാര്‍ക്കറ്റിനടുത്ത തൈക്കാവില്‍ വെച്ചുതന്നെ സ്വപുത്രന് ലഭ്യമാക്കാന്‍ അദ്ദേഹത്തിന്റെ പിതാവ് പരിശ്രമിച്ചു. അതിനു ശേഷം കായംകുളം ഹസനിയ്യയുടെ പ്രിന്‍സിപ്പാളായി ശൈഖുനാ ആമക്കാട് തഖിയുദ്ദീന്‍ ഇബ്രാഹിം മുസ്‌ലിയാര്‍ അവര്‍കള്‍ വന്നപ്പോള്‍ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ച് തഴവാഗ്രാമത്തില്‍ നിന്നും നിത്യവും അദ്ദേഹം സൈക്കിള്‍ ചവിട്ടി കായംകുളത്തേക്കു പോകാന്‍ തുടങ്ങി. ദക്ഷിണകേരളത്തിലെ ദീനീവിജ്ഞാനത്തിന്റെ രാജപാതയായി പിന്നീട് ആ സൈക്കിള്‍ പാടുവീണ വഴികള്‍ ധന്യമായിത്തീര്‍ന്നു.
ഖാദിരിയ്യ, ശാദുലിയ്യ എന്നിങ്ങനെ അഞ്ച് ആധികാരിക ത്വരീഖത്തുകളുടെ ശൈഖ് കൂടിയായിരുന്നു അദ്ദേഹം. സംഗീതം തുളുമ്പുന്ന കാവ്യഭാഷയിലായിരുന്നു  ധാരാളം അനുവാചകരെ ഉദ്ഗ്രഥിച്ച പ്രഭാഷണമത്രയും.
'അല്‍മവാഹിബുല്‍ ജലിയ്യ'യെന്ന പ്രസിദ്ധകൃതിക്കു പുറമെ ബദ്‌രീങ്ങളെ തവസ്സുല്‍ ചെയ്തുകൊണ്ടുള്ള “ബിസ്മിസ്സലാമില്ലാഹി നദ്ഊ റബ്ബനാ’ എന്നു തുടങ്ങുന്ന ദുആ ബൈത്തും, മള്ഹറുല്‍ അതമ്മ് ബി ബര്‍സഖില്‍ അഹമ്മി എന്ന അറബി മൗലിദ് ഗ്രന്ഥവും, മസ്‌ലകുല്‍ ആബിദീന്‍ (വിര്‍ദുകളും അവയുടെ അര്‍ത്ഥങ്ങളും), മനാഖിബ് ഹസനിബ്‌നില്‍ അലിയ്യി കരുനാഗപ്പള്ളി, നിബ്‌റാസുല്‍ അലിയ്യി ഫീ മനാഖിബില്‍ ജോനകപ്പുറം എന്നിവയുമൊക്കെ അദ്ദേഹം രചിച്ച പ്രധാന കൃതികളാണ്. 1999 ജൂണ്‍ 13-നായിരുന്നു സാത്വികനായ ഈ ആധ്യാത്മിക പണ്ഡിതന്റെ മരണം.
കരീം തൊടിയൂര്‍ എന്ന വ്യക്തി സംഗീതമില്ലാതെ വളരെ ശാന്തഗംഭീരവും രാഗസുന്ദരവുമായ ശൈലിയില്‍ തനിമ ചോരാതെ മവാഹിബുല്‍ ജലിയ്യ ആലപിച്ചത് മനോരമ മ്യൂസിക് എറണാകുളം 1999-ല്‍ പുറത്തിറക്കിയിരുന്നു. മൗലവിയുടെ പുത്രനായ അബ്ദുസ്സലാം മൗലവി പിതാവിന്റെ ഗ്രന്ഥങ്ങളുടെ സമുജ്ജ്വല വ്യാഖ്യാതാവും ഉള്‍സാരങ്ങളെ പ്രതിപാദിക്കാന്‍ കഴിവുറ്റവനുമാണ്. 141 വിഷയങ്ങളിലായി 9699 ഈരടികളാണ് ഇതിലുള്ളത്. ചൊല്ലി രസിക്കാനും ഹൃദിസ്ഥമാക്കാനും വേണ്ടി അതീവലളിതമായ മലയാള ശൈലിയില്‍ അറബിസൂചകങ്ങള്‍ ഇടകലര്‍ത്തിയാണ് ഇത് രചിച്ചിരിക്കുന്നത്. അറബി പദങ്ങള്‍ ഇടകലരുന്നതിന് താഴെ നമ്പറിട്ട് അര്‍ത്ഥവും സൂചനയും നല്കിയിട്ടുണ്ട്. പലപ്പോഴും വളരെ വിശാലമായ ഇസ്‌ലാമിക ഗ്രന്ഥലോകത്തിലേക്കുള്ള വിഷയ സൂചീ ഗ്രന്ഥമായിട്ടാണ് ഇത് അനുഭവപ്പെടാറുള്ളത്. പല കാര്യങ്ങളും ഉദ്ധരിക്കുമ്പോള്‍ ഗ്രന്ഥത്തിന്റെ പേര്, ഗ്രന്ഥകാരന്‍, കടമെടുക്കുന്ന വിഷയത്തിന്റെ പേജ് നമ്പര്‍ എന്നിവ പദ്യരൂപത്തില്‍ തന്നെ മൗലവി ചേര്‍ത്തിട്ടുണ്ട്. ഉദാഹരണം നോക്കുക.
വിജ്ഞാനത്തിന്റെ ശ്രേഷ്ഠത വിവരിക്കുന്ന വരികളില്‍ തഴവാ മൗലവിയുടെ തത്വജ്ഞാനവും തസ്വവ്വുഫും കലാപരതയും വല്ലാതെ തളിരിടുന്നുണ്ട്. അപാരജ്ഞാനത്തിന്റെ ഉടമയായിരുന്നു അദ്ദേഹമെന്നത് ഈ അധ്യായം മുഴുവനും തെളിയിക്കുന്നുണ്ട്:
ഇല്‍മാണ് ഹാകിം സോദരാ നോക്കെവിടെയും, മുതലാണ് മഹ്കൂമുന്‍ അലൈഹി തന്നെയും, ഉലമാഅ് എഴുതും പേന കിറുകിറുക്കുന്നത്, തസ്ബീഹിലുള്ള സവാബിലാണെണ്ണുന്നത്, എഴുതുന്ന മഷിയില്‍ നിന്ന് വീണൊരു മുണ്ടിലും, ശഹീദിനുള്ള രക്തമാണ് സവാബിലും.. ‘’ (അല്‍ മവാഹിബുല്‍ ജലിയ്യ, ഇല്‍മിന്റെ ശ്രേഷ്ഠത,പേജ്-282) ദക്ഷിണകേരളത്തില്‍ മുസ്‌ലിംകളുടെ വിദ്യാഭ്യാസ- സാംസ്‌കാരിക- നാഗരിക- വാണിജ്യ പ്രവര്‍ത്തനങ്ങളുടെ പ്രധാന ആസ്ഥാനമായിരുന്നു കൊല്ലം. അത്തരം പ്രവര്‍ത്തനങ്ങളില്‍ തന്റെ സൂഫീസ്പര്‍ശമുള്ള മേല്‍വിലാസം പതിപ്പിച്ച തഴവാ മുഹമ്മദ് കുഞ്ഞ് മൗലവിയുടെ ചരിത്രം ഇനിയും ബൃഹത്തായി പഠിച്ചെടുക്കേണ്ടതുണ്ട്. കേരളത്തിലെ പഴക്കംചെന്ന ചില പള്ളികളില്‍ ഇതിന്റെ പഴയ അറബി-മലയാള പുസ്തകം കാണപ്പെട്ടിട്ടുണ്ട്.
മുസ്‌ലിം സാമാന്യ ജീവിതത്തിന്റെ ആത്മപ്രകാശമായ ഈ കൃതി പലപ്പോഴും മുസ്‌ലിംകളിലെ ഉല്‍പതിഷ്ണു-നവോത്ഥാന പ്രസ്ഥാനത്തിലുള്ളവര്‍ അസ്ഥാനത്ത് ഉപയോഗിക്കുകയും തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്തപ്പോള്‍ സുപ്രസിദ്ധപണ്ഡിതനും വാഗ്മിയും ഖണ്ഡനപ്രസംഗത്തിന്റെ ആചാര്യനുമായിരുന്ന മര്‍ഹൂം പതി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, ഇ.കെ ഹസന്‍ മുസ്‌ലിയാര്‍, പറവണ്ണ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവര്‍ തങ്ങളുടെ പ്രഭാഷണങ്ങളിലൂടെ ഇതിന് ശരിയായ വ്യാഖ്യാനം നല്‍കിയിരുന്നു. അത്തരം വ്യാഖ്യാനം നല്‍കാന്‍ ശേഷിയും ബലവുമുള്ളവര്‍ ഇന്നും ഇല്ലാതില്ല. പക്ഷേ, ക്രമം തെറ്റിക്കിടക്കുന്ന മുന്‍ഗണനകള്‍ക്കിടയിലും കൃത്യാന്തരബാഹുല്യങ്ങള്‍ക്കിടയിലും നിലവിലുള്ള ഏതു പണ്ഡിതനാണ് സുന്നത്തു ജമാഅത്തിന്റെ അഖീദഃയെ ബിദഈ പ്രസ്ഥാനങ്ങളുടെ ആശയവിപുലീകരണങ്ങളുടെ കടലിരമ്പങ്ങള്‍ക്കിടയില്‍ വ്യാഖ്യാനിച്ച് മുന്നേറാന്‍ സമയവും ആര്‍ജ്ജവവും പ്രകടിപ്പിക്കുന്നത്?
തഴവാ മൗലവിയുടെ രീതിയെ ഒന്ന് അപഗ്രഥിച്ചു നോക്കാം: നോക്കാം മജാലിസ്സുസ്സനിയ്യായില്‍ ഇത്, നാല്‍പത്തിയേഴാം പേജിലാ പറയുന്നത്’’ (ഉള്ഹിയ്യത്തിന്റെ നിയമവും ശ്രേഷ്ഠതയും വിവരിക്കുന്ന അധ്യായം, പേജ് 315, ആറാമത്തെ വരി) 'മജാലിസ്സുസ്സനിയ്യ' എന്ന കര്‍മശാസ്ത്രഗ്രന്ഥത്തില്‍ നാല്‍പത്തിയേഴാം പേജില്‍  നിന്ന് ഈ ഉദ്ധരണി നേരിട്ടെടുത്തിരിക്കുന്നുവെന്നര്‍ത്ഥം. തൊട്ടടുത്ത് തന്നെ മറ്റൊരു നിയമം പ്രസ്താവിക്കവേ പറയുന്നു: ശരിയല്ല ബിബ്‌ല തെറ്റി അറവുനടത്തലും, എണ്ണപ്പെടും സോദരാ അത് മക്‌റൂഹിലും അറക്കുന്ന സ്ഥലവും ശുദ്ധിയായിരിക്കേണ്ടതാ, എന്നും “'ഇആനത്തി'ല്‍ നോക്കിയാല്‍ കാണുന്നതാ, അവനുള്ള വീട്ടിലിതാക്കലേറ്റം അഫ്‌ളലാ, നാനൂറ്റി ഏഴിത് ഹാഫ് ‘ഭാഗം മൂന്നിലാ ഒന്നിനെ അറുത്തത് കൊണ്ട് പിന്നീടൊന്നിനെ, കഴുകാതറുക്കാം കത്തിയും പിന്നീടൊന്നിനെ, ഇത് തുഹ്ഫയില്‍ നീ നോക്കിയാല്‍ കാണുന്നതാ, ഒരു നൂറ്റി എഴുപത്തിയാറ് ഒന്നില്‍ വന്നതാ..’ (അതേ പേജ്)
ഇവിടെ ഇആനത്ത് എന്ന പ്രസിദ്ധ ഫിഖ്ഹ് ഗ്രന്ഥവും അതിന്റെ ഭാഗം മൂന്നില്‍ പകുതി ഭാഗത്ത് കൃത്യമായി നാനൂറ്റി ഏഴാം പേജില്‍ ഈ വിഷയം പറയുന്നതാണ് ഒന്നാമത്തെ സൂചന. രണ്ടാമത്തേത് തുഹ്ഫ എന്ന ഗ്രന്ഥത്തിലെ നൂറ്റി എഴുപത്തിയാറാം പേജിലെ ആദ്യ ബാബില്‍ തന്നെ വരുന്നു എന്നാണ് സൂചന. വേറൊന്നു കൂടി നോക്കുക:
സിഫ്‌റുസ്സആദയില്‍ നോക്കണം അതിലുണ്ടിത്, ഒരുനൂറ്റി മൂന്നാം പേജിലാ പറയുന്നത്, ഇത് സ്വാഹിബുല്‍ ഖാമൂസിനുള്ളൊരു ഗ്രന്ഥമാ, നജ്മുദ്ദീനെന്നൊരു പേരവര്‍ക്കു പ്രസിദ്ധമാ...’’ (പേജ് 251-ല്‍ സ്വലാത്തിന്റെ ശ്രേഷ്ഠത എന്ന സുദീര്‍ഘമായ അധ്യായത്തില്‍ കാണുന്നത്.)
പ്രസിദ്ധ ഭാഷാകോശമായ അല്‍ഖാമൂസിന്റെ ഗ്രന്ഥകാരന്‍മാരില്‍ ഒരാളായ നജ്മുദ്ദീന്‍ എന്ന പ്രസിദ്ധപണ്ഡിതന്റെ സിഫ്‌റുസ്സആദയെന്ന ഗ്രന്ഥത്തില്‍ നൂറ്റിമൂന്നാം പേജില്‍ പറയപ്പെടുന്ന വിഷയം നോക്കുക എന്നര്‍ത്ഥം. വിജ്ഞാനത്തിന്റെ ശ്രേഷ്ഠത വിവരിക്കുന്ന വരികളില്‍ തഴവാ മൗലവിയുടെ തത്വജ്ഞാനവും തസ്വവ്വുഫും കലാപരതയും വല്ലാതെ തളിരിടുന്നുണ്ട്. ഉജ്ജ്വലമായ വിജ്ഞാനത്തിന്റെ ഉടമയായിരുന്നു അദ്ദേഹമെന്നത് ഈ അധ്യായം മുഴുവനും തെളിയിക്കുന്നുണ്ട്. നേരത്തെ നാമുദ്ധരിച്ച വിജ്ഞാനത്തെക്കുറിച്ചുള്ള വരികള്‍ ഒരിക്കല്‍ കൂടി നോക്കുക:
ഇല്‍മാണ് ഹാകിം സോദരാ നോക്കെവിടെയും, മുതലാണ് മഹ്കൂമുന്‍ അലൈഹി തന്നെയും, ഉലമാഅ് എഴുതും പേന കിറുകിറുക്കുന്നത്, തസ്ബീഹിലുള്ള സവാബിലാണെണ്ണുന്നത്, എഴുതുന്ന മഷിയില്‍ നിന്ന് വീണൊരു മുണ്ടിലും, ശഹീദിനുള്ള രക്തമാണ് സവാബിലും.. ‘’ (ഇല്‍മിന്റെ ശ്രേഷ്ഠത, പേജ്-282)
പ്രിയ സുഹൃത്തെ, അറിവാണ് എവിടെയും വിധികര്‍ത്താവ്, മുതല്‍ എപ്പോഴും അതിനു വിധേയമാണ്, പണ്ഡിതന്‍മാര്‍ പേനകൊണ്ട് എഴുതുമ്പോള്‍ ഉണ്ടാവുന്ന കിറുകിറുക്കല്‍ സ്വരം തസ്ബീഹിന്റെ പ്രതിഫലത്തിനര്‍ഹമാക്കുന്നതാണ്, 'എഴുത്ത് മഷി'യില്‍ നിന്നൊരു തുള്ളി കുപ്പായത്തില്‍ പുരണ്ടാല്‍ അതിനും ശഹീദിന്റെ രക്തത്തുള്ളിപോലോത്ത പ്രതിഫലമുണ്ട് എന്നിങ്ങനെ അറിവും ആദ്ധ്യാത്മികതയും ഇടകലര്‍ന്ന വരികളാണ് അദ്ദേഹത്തിന്റെ ഓരോന്നും. പൊന്നേ, മോനേ, സോദരാ, മുത്തേ എന്നിങ്ങനെയുള്ള ഓമനത്വം തുളുമ്പുന്ന വിളികളോടെ ഖുര്‍ആന്‍ അവതരിപ്പിക്കുന്ന മഹാനായ പുണ്യപുരുഷന്റെ വരികളില്‍ ഇടക്കിടക്ക് ലുഖ്മാനുല്‍ ഹകീമിന്റെ മകനോടുള്ള ഉപദേശസാരാമൃതം വരികളില്‍ തുടിക്കുന്നുണ്ട്. സലാം പറയലിന്റെ ശ്രേഷ്ഠത വിവരിക്കുന്ന മവാഹിബിന്റെ വരികള്‍ ജനങ്ങള്‍ക്കിടയില്‍ വളരെ സാമാന്യമായിക്കഴിഞ്ഞതാണ്: കണ്ടാല്‍ സലാം കൊണ്ടാണ് മിണ്ടല് വേണ്ടത്, എന്നുള്ളതാ നബി തങ്ങളില്‍ നിന്നുള്ളത്, മിണ്ടിക്കഴിഞ്ഞു സലാം പറഞ്ഞാല്‍ പിന്നത്, അസ്ഥാനത്താണെന്നാണ് തുഹ്ഫയിലുള്ളത്...’ (പേജ് 56) കവിതയുടെ പ്രാസഭംഗിയും വൃത്തവും എവിടെയും ചോര്‍ന്നുപോകാതെ തന്നെ ഉപമാലങ്കാരങ്ങളും രൂപകാലങ്കാരങ്ങളും യഥേഷ്ടം ഉപയോഗിച്ച് ആദ്യാക്ഷര പ്രാസവും ദ്വയാക്ഷരപ്രാസവും മറ്റു ചിലപ്പോള്‍ അന്താക്ഷരിപ്രാസവും ധ്വനിപ്പിച്ചുകൊണ്ടുള്ള ഈരടികള്‍ കോര്‍ത്തുവെച്ചത് ലളിതമലയാള ആഖ്യാനത്തിലാണെങ്കിലും ഉപയോഗിക്കുന്ന പദങ്ങളുടെ തിരഞ്ഞെടുപ്പുകൊണ്ട് ജോനകമാപ്പിളമാരുടെ ശൈലി പുലര്‍ത്തുന്നവയാണ്.  ചില സ്ഥലങ്ങളില്‍ ശുദ്ധഹാസ്യത്തിന്റെ അകമ്പടിയോടെ ആധുനികജീവിതത്തിലെ ഉപകരണസാധ്യമായ ജീവിതത്തെ സ്വര്‍ഗവുമായി ബന്ധപ്പെടുത്തി നന്നായി അപഹസിച്ച് ഗൗരവമേറിയ പ്രതീകങ്ങളെ ചിത്രീകരിക്കുന്നു: മോഹിച്ചതെത്തുന്നുണ്ട് ഫോണ്‍ വിളിക്കേണ്ട, ഒലിക്കുന്ന നീരടുത്തുണ്ട് സ്‌ക്രൂ തിരിക്കേണ്ട, പറക്കും സരീറതിലുണ്ട് കാറെടുക്കേണ്ട, നീ കരുതിയാല്‍ മതി പാറുമേ പറയണ്ട.’’ (സ്വര്‍ഗം 19-ാം അദ്ധ്യായം, പേജ് 712) ഈ രീതിയില്‍ നോക്കിയാല്‍ കേരളത്തിലെ മുസ്‌ലിംകളുടെ സര്‍വ്വവിജ്ഞാന തത്പരതയെ പ്രകാശിപ്പിക്കുന്ന അല്‍മവാഹിബുല്‍ ജലിയ്യക്കും അതിന്റെ രചയിതാവിനും എക്കാലത്തും വലിയ സ്വാധീനം ഉണ്ടായിരിക്കും. ഹിദായത്തുല്‍ അദ്കിയാഇന്റെയും, മുഹ്‌യിദ്ദീന്‍ മാലയുടെയും, സഫലമാലയുടെയും, പടപ്പാട്ടുകളുടെയും ഇടയില്‍ വളരെ പ്രമുഖമായ സ്ഥാനം തന്നെ മവാഹിബുല്‍ ജലിയ്യക്കുമുണ്ട്. ചില അടിസ്ഥാന വിവരങ്ങള്‍ തെര്യപ്പെടുത്തുന്നു എന്നതിനേക്കാള്‍ ഗൗരവമേറുന്ന വിവിധ ജ്ഞാന ശാസ്ത്രങ്ങളിലേക്കുള്ള താക്കോല്‍ മാത്രമാണ് മവാഹിബുല്‍ ജലിയ്യ. അത് നമുക്ക് ചില ജ്ഞാനങ്ങളുടെ തുമ്പുകള്‍ മാത്രം കാണിച്ചു തരുന്നു. ആ തുമ്പ് പിടിച്ചു വലിച്ചാല്‍ വളരെ വിശാലമായ ധാരാളം വിവരങ്ങള്‍ പുറത്തുവരുന്നു. കേരളത്തിലെ മാപ്പിളമാരില്‍ മലബാര്‍ (പഴയ കനറ മുതല്‍) തൊട്ട് തിരുകൊച്ചി വരെയുള്ള മുന്‍കാല സംസ്ഥാനങ്ങളിലുള്ള മാപ്പിളമാരൊക്കെയും മാപ്പിളപ്പാട്ട്, ഖിസ്സകള്‍, മാലകള്‍ എന്നിവ ധാരാളം കണ്ടവരും രചിച്ചവരും പാടിയവരുമാണ്. എന്നാല്‍ തിരുവിതാംകൂര്‍ സംസ്ഥാനത്തില്‍ നിന്ന് കണ്ടെടുക്കപ്പെട്ടവ ഒന്നുമില്ലെന്നുതന്നെ പറയാം. പക്ഷേ തഴവാ മുഹമ്മദ് കുഞ്ഞ് മൗലവി ആ ചരിത്രം മവാഹിബിലൂടെ തിരുത്തിയെഴുതുക തന്നെ ചെയ്തു. അദ്ദേഹത്തിന്റെ പാടിക്കേട്ട പഴയൊരു ബദര്‍മാലയുമുണ്ട്. നിലവില്‍ അതിനെക്കുറിച്ച് പലരോടും അന്വേഷിച്ചിരുന്നെങ്കിലും അതിനെ കുറിച്ചൊരു വിവരവും ലഭ്യമല്ല. തഴവാ മുന്നോട്ടുവെച്ച ആശയപ്രസ്ഥാനത്തെ കൈനീട്ടി സ്വീകരിക്കാന്‍ പിന്‍തലമുറ വളരെയൊന്നും തയ്യാറായിട്ടില്ല എന്നര്‍ത്ഥം. തലമുറകളുടെ വിശ്വാസനിര്‍മലതയെ ഹനിക്കുന്ന സുപ്രധാനമായ ഒരു വിഷയത്തെയും മൗലവി ഒരു ഈരടിയിലൂടെ സ്പര്‍ശിച്ചിട്ടുണ്ട്. ഇക്കാലത്ത്  പലരും പ്രകടിപ്പിക്കാത്ത ആര്‍ജ്ജവത്തോടെ.... സ്വരാജ്യസ്‌നേഹം വോട്ടിനല്ല വേണ്ടത്... അതുപോലെ പാര്‍ട്ടി വളര്‍ത്തുവാനും അല്ലിത്...’’ സ്വലാഹുദ്ദീന്‍ അയ്യൂബി

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter