വിദ്വേഷ സംസ്കാരത്തിന്റെ പ്രധാന ഇരകള്‍ മുസ്‌ലിംകൾ, ഫ്രഞ്ച് പ്രസിഡന്റിനെതിരെ കടുത്ത വിമർശനവുമായി ഇറാൻ
തെഹ്‌റാന്‍: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ ഇസ്‌ലാം വിരുദ്ധ പരാമര്‍ശത്തിൽ അറബ് ലോകത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെ ഫ്രാൻസിന്റെ അപക്വ നിലപാടിനെതിരെ ഇറാനും രംഗത്ത്. വിദ്വേഷ സംസ്കാരത്തിന്റെ പ്രധാന ഇരകള്‍ മുസ്‌ലിംകളാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ് മക്രോനെ നേരിട്ട് അഭിസംബോധന ചെയ്യാതെ ട്വീറ്റ് ചെയ്തു.

"1.9 ബില്യൺ മുസ്‌ലിംകളെയും അവരുടെ പവിത്രതയെയും മാനിക്കാത്ത തീവ്രവാദികളുടെ വെറുപ്പുളവാക്കുന്ന കുറ്റകൃത്യങ്ങളെ വിമര്‍ശിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അവസരവാദപരമായ ദുരുപയോഗമാണ്. അത് തീവ്രവാദത്തെ ആളിക്കത്തിക്കുന്നതിന് തുല്യമാണ്'. ഇറാന്‍ വിദേശകാര്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്ന കാർട്ടൂൺ ക്ലാസ്സില്‍ കാണിച്ചതിന് ഈ മാസം ഒരു ചെചെന്‍ കൗമാരക്കാരന്‍ ചരിത്ര അദ്ധ്യാപകന്റെ ശിരസ് ഛേദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ധ്യാപകന് ആദരാഞ്ജലി അര്‍പ്പിച്ച്‌ മക്രോൺ ഇസ്‌ലാമിക മതമൗലികവാദത്തിനെതിരെ എന്ന പേരിൽ മുസ്‌ലിം വിരുദ്ധ നടപടികൾ സ്വീകരിച്ച് തുടങ്ങിയത്.

ഫ്രഞ്ച് പ്രസിഡന്റിനെതിരെ മറ്റൊരു ഇറാൻ നേതാവും പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ അടുപ്പക്കാരനുമായ അലി ഷംഖാനിയും വിമർശനമുന്നയിച്ചു. "മക്രോണിന്റെ യുക്തിരഹിത പെരുമാറ്റത്തില്‍ പ്രകടമായത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ക്രൂരതയാണ്. യൂറോപ്പിന്റെ നേതൃത്വത്തിലേക്കെത്തുവാനുള്ള ത്വരയാണ് ഇസ്‌ലാമിനെതിരെ വിദ്വേഷം വമിക്കുവാന്‍ മക്രോണിനെ പ്രേരിപ്പിച്ചത്. മക്രോൺ ചരിത്രം ഇനിയും വായിക്കണം, പഠിക്കണം. അധ:പതനത്തിലേക്ക് നടന്നുകയറുന്ന അമേരിക്കയുമായുള്ള ബാന്ധവത്തിലും സിയോണിസത്തിലും മാത്രം അഭിരമിച്ചാല്‍ പോര മക്രോൺ" - ഇറാന്‍ സുപ്രീം സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി കൂടിയായ അലി ഷംഖാനി പറഞ്ഞു. തുര്‍ക്കി, സൗദി, കുവൈത്ത് പാക്കിസ്ഥാന്‍ തുടങ്ങിയ ഇസ്‌ലാമിക രാഷ്ട്രങ്ങള്‍ മാക്രോണിന്റെ പ്രസ്താവനക്കെതിരെ പ്രതിഷേധ സ്വരങ്ങളുയര്‍ത്തിയിട്ടുണ്ട്. തുര്‍ക്കി പ്രസിഡന്‍റ് ഏര്‍ദോഗന്‍ മക്രോണിന് മാനസിക ചികിത്സ വേണമെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. കുവൈത്തടക്കമുള്ള രാഷ്ട്രങ്ങൾ ഫ്രഞ്ച് ഉല്പന്നങ്ങൾ ബഹിഷ്ക്കരിക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter