പ്രതിഷേധം ശക്തമാക്കാൻ ജാമിഅ വിദ്യാർത്ഥികൾ
ന്യുഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരേ ശക്തമായ സമരങ്ങൾക്ക് ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയ ജാമിഅ വിദ്യാര്‍ഥികൾ സമരം വീണ്ടും ശക്തമാക്കുന്നു. സമരം നടത്തിയ വിദ്യാർഥികൾക്ക് നേരെ കാമ്പസിൽ പൊലിസ് അക്രമം അഴിച്ചുവിട്ട നടപടിയില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, മാനവവിഭവശേഷി മന്ത്രി എന്നിവര്‍ക്ക് ഭീമ ഹരജി നല്‍കാന്‍ സമരസമിതി തീരുമാനിച്ചു. ഈ വിഷയം ഉയർത്തി പിടിച്ചു ഷെഹീന്‍ ബാഗിലും സീലംപൂരിലും പ്രതിഷേധങ്ങള്‍ ശക്തമാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. അടുത്ത മാസം 12ന് ദില്ലി രാംലീലാ മൈതാനിയില്‍ രണ്ട് ലക്ഷം പേരെ പങ്കെടുപ്പിച്ചുള്ള പ്രതിഷേധ സംഗമത്തിന് ഒരുങ്ങുകയാണ് സമരസമിതി. വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഇന്ന് പതിനെട്ടു ദിവസം പിന്നിടുകയാണ്. എന്നാല്‍ വിദ്യാര്‍ഥികള്‍ക്കുനേരേ പൊലിസ് തുടരുന്ന മര്‍ദനമുറകളില്‍ നിന്നൊന്നും തെല്ലും സമരക്കാര്‍ പിറകോട്ടുപോയിട്ടില്ല. ഉത്തർപ്രദേശിൽ 20 ലധികം പ്രതിഷേധക്കാരെ പോലീസ് വെടിവെച്ചു കൊന്നതിൽ പ്രതിഷേധിച്ച് യു.പി ഭവന്‍ ഉപരോധിക്കാന്‍ എത്തിയ വിദ്യാര്‍ഥികളെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്ന് കാംപസിനു മുന്നില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധം തുടരാനിരിക്കുകയാണ്. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter