യോഗിക്ക് സന്യാസികളുടെ വേഷം ചേരില്ലെന്ന് പ്രിയങ്ക ഗാന്ധി
ലഖ്‌നൗ: പൗരത്വ ഭേദഗതി ബില്ലിനെതിരെ നടന്ന ശക്തമായ പ്രക്ഷോഭങ്ങളെ നിഷ്ഠൂരമായി നേരിട്ടത് മൂലം 20 ലധികം പേർ വെടിയേറ്റ് മരണപ്പെട്ട ഉത്തര്‍പ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി. ഹിംസാത്മക പ്രവൃത്തികള്‍ ചെയ്യുന്ന യോഗിക്ക് സന്യാസികളുടെ വേഷം ചേരില്ലെന്ന് പ്രിയങ്ക തുറന്നടിച്ചു. നിയമപരമല്ലാത്ത ക്രൂരമായ നടപടികളാണ് യുപിയില്‍ സംസ്ഥാന സര്‍ക്കാരും പോലീസും സ്വീകരിച്ചു വരുന്നതെന്ന് ചൂണ്ടിക്കാട്ടിയ പ്രിയങ്ക തന്റെ സുരക്ഷയെ കുറിച്ചുള്ള ചോദ്യമല്ല പ്രസക്തമെന്നും സംസ്ഥാനത്തെ ജനങ്ങളുടെ സുരക്ഷയെക്കുറിച്ചാണ് തങ്ങൾ പ്രശ്നം ഉന്നയിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു. ബിജ് നോറില്‍ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തെ പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് വ്യക്തമാക്കിയ പ്രിയങ്ക പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ നടന്ന പ്രതിഷേധങ്ങള്‍ക്കിടെയുണ്ടായ സംഘര്‍ഷത്തെ കുറിച്ച്‌ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. അതേസമയം ലക്നൗവില്‍ തനിക്കു നേരെയുണ്ടായ പോലീസ് അക്രമത്തില്‍ പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന് പരാതി നല്‍കി. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനിടെ അറസ്റ്റിലായ റിട്ട. ഐപിഎസ് ഓഫീസറുടെ വീട് സന്ദര്‍ശിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം പോകുന്നതിനിടെയാണ് പ്രിയങ്കയെ പോലീസ് തടഞ്ഞത്. പിന്നീട് ഒരു കോൺഗ്രസ് പ്രവർത്തകന്റെ ബൈക്കിന് പിന്നിലിരുന്നാണ് അവർ തന്റെ യാത്ര പൂർത്തിയാക്കിയത്. പോലീസ് തന്നെ തടഞ്ഞുവെന്നും കൈയേറ്റം ചെയ്‌തെന്നും പ്രിയങ്ക ആരോപിച്ചിരുന്നു. എന്നാൽ ഈ ആരോപണം നിഷേധിച്ചുകൊണ്ട് യുപി പോലീസ് നിലപാട് വ്യക്തമാക്കിയിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter