യുപി കോണ്‍ഗ്രസ് ന്യൂനപക്ഷ സെൽ അധ്യക്ഷനെ അറസ്റ്റ് ചെയ്തതിൽ വൻ പ്രതിഷേധം
ലക്നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തതിന്റെ പേരിൽ ഉത്തർപ്രദേശിൽ ന്യൂനപക്ഷ വേട്ട തുടർന്ന് യോഗി സർക്കാർ. ഏറ്റവും ഒടുവിൽ യുപി കോണ്‍ഗ്രസ് ന്യൂനപക്ഷ സെൽ അധ്യക്ഷന്‍ ഷാനവാസ് ആലത്തെ അറസ്റ്റ് ചെയ്തിരിക്കുകയാണ് പോലീസ്. 2019 ഡിസംബര്‍ 19 ലെ സിഎഎ വിരുദ്ധ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

അറസ്റ്റിൽ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ ഹസ്രത് ഗഞ്ച് പൊലീസ് സ്റ്റേഷൻ വളഞ്ഞു. ഇവർക്ക് നേരെ പൊലീസ് ലാത്തിവീശി. നേതാക്കളെ സര്‍ക്കാര്‍ വ്യാജകേസില്‍ കുടുക്കുകയാണെന്നും നേതാക്കളെ വിട്ടയച്ചില്ലെങ്കില്‍ പ്രതിഷേധം തുടരുമെന്നും ഉത്തർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി അറിയിച്ചു.

നേരത്തെ പാര്‍ട്ടി അധ്യക്ഷന്‍ അജയ് ലല്ലുവിനെതിരേയും പൊലീസ് കള്ളകേസ് എടുത്തിരുന്നു. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന ശക്തമായ പ്രക്ഷോഭത്തെ തുടർന്നാണ് അദ്ദേഹത്തെ പോലീസ് വിട്ടയച്ചത്. ആലത്തിന്‍റെ അറസ്റ്റിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളറിയാന്‍ യു.പി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് ലല്ലുവും നിയമസഭാ കക്ഷി നേതാവ് ആരാധന മിശ്രയും പൊലീസ് സ്റ്റേഷനിലെത്തി.

ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയായ ഐസയുടെ നേതൃനിരയില്‍ നേരത്തെ പ്രവര്‍ത്തിക്കുകയും പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയും ചെയ്ത ഷാനവാസ് ആലത്തെ കഴിഞ്ഞ ജനുവരിയിലാണ് കോണ്‍ഗ്രസ് ന്യൂനപക്ഷ സെല്‍ അധ്യക്ഷനായി നിയമിച്ചത്. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സ്വാധീനം ഉറപ്പിക്കണമെന്ന പ്രിയങ്ക ഗാന്ധിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഷാനവാസ് ആലത്തെ പുതിയ പദവിയിലേക്കുയർത്തിയത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter