ഇമാം ഗസ്സാലിയും കര്‍മശാസ്ത്ര ഇടപെടലുകളും

ഇസ്‌ലാമിക ജ്ഞാനങ്ങളുടെ പരിണാമവഴിയില്‍ ഗസ്സാലി രചനകള്‍ ഏറ്റെടുത്ത നിര്‍വഹണങ്ങള്‍ വളരെ വലുതാണ്. ഇസ്‌ലാമിലെ ഏതു ജ്ഞാനശാഖകള്‍ക്കും ഗസ്സാലി ചിന്തകളുടെ തീക്ഷ്ണത അനുഭവിക്കാന്‍ ഭാഗ്യമുണ്ടായിട്ടുണ്ടെങ്കിലും ശാഫിഈ കര്‍മശാസ്ത്രം പോലെ ഗസ്സാലി ചിന്തകള്‍ ആസകലം സ്വാധീനിച്ച മറ്റു ജ്ഞാനശാഖകളുണ്ടാകാന്‍ തരമില്ല. ഇമാം ഗസ്സാലി(റ)വിന് ശേഷമുണ്ടായ കര്‍മശാസ്ത്ര വികാസങ്ങളില്‍ ഗസ്സാലി പ്രഭാവം വേറെ തന്നെ കാണാന്‍ കഴിയും. ഇത്ഹാഫില്‍ അക്ഷരമാലാക്രമത്തില്‍ ഇമാം ഗസ്സാലി(റ)യുടേതായി വലിയ ഗ്രന്ഥാവലി തന്നെ കാണാം.

ഓരോ ദിവസവും നിശ്ചിത അളവില്‍ (4 കുര്‍റാസകള്‍) എഴുതിയാലേ ഇമാം ഗസ്സാലി(റ)യെ പോലെ വെറും അമ്പത്തിയഞ്ച് വര്‍ഷം ജീവിച്ച ഒരാള്‍ക്ക് ഇത്രയും ഗ്രന്ഥങ്ങള്‍ എഴുതിത്തീര്‍ക്കാനാവൂ എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മതജ്ഞാനങ്ങളുടെ സംരക്ഷണവും നിലനില്‍പ്പും ഗ്രന്ഥരചനവഴി സാധ്യമാകുമെന്ന തിരിച്ചറിവാണ് ഗസ്സാലി(റ)യെ നിരന്തരമായ ഗ്രന്ഥരചനകള്‍ക്ക് പ്രേരിപ്പിച്ചത്. വിശാലമായ ഈ ഗ്രന്ഥലോകം കാരണം, ഗസ്സാലി(റ) സയ്യിദുല്‍ മുസ്വന്നിഫീന്‍ (രചിയതാക്കളുടെ നേതാവ്) എന്നു വിശേഷിപ്പിക്കപ്പെട്ടു. ഇമാം ഗസ്സാലി(റ)യുടെ മാതൃഭാഷ പേര്‍ഷ്യനായിരുന്നുവെങ്കിലും വളരെ ചുരുക്കം ഗ്രന്ഥങ്ങള്‍ മാത്രമേ ആ ഭാഷയില്‍ വന്നിട്ടുള്ളൂ. അയ്യുഹുല്‍ വലദ്, കീമിയാഉസ്സആദാത്ത് എന്നീ ഗ്രന്ഥങ്ങള്‍ പേര്‍ഷ്യന്‍ ഭാഷയില്‍ രചിക്കപ്പെട്ടവയാണെന്ന് പറയപ്പെടുന്നു. ശാഫിഈ കര്‍മശാസ്്രത ചരിത്രത്തില്‍ ഇമാം ഗസ്സാലി(റ)യെ അനശ്വരമാക്കിയത് ഫിഖ്ഹിലെ തന്റെ മികച്ച ഗ്രന്ഥങ്ങളായിരുന്നു. ശാഫിഈ ധാരക്ക് വേണ്ടുന്ന കര്‍മശാസ്ത്രപരമായ എല്ലാ ഉള്‍പ്രേരകങ്ങളും നല്‍കാന്‍മാത്രം സമഗ്രമായിരുന്നു തന്റെ കര്‍മശാസ്ത്ര രചനകള്‍. ബസ്വീത്, വസ്വീത്, വജീസ്, ഖുലാസ്വ എന്നീ ഗസ്സാലി(റ)യുടെ ഗ്രന്ഥങ്ങളാണ് പില്‍ക്കാലത്തുണ്ടായ പ്രധാന കര്‍മശാസ്ത്ര ഗ്രന്ഥങ്ങളുടെയൊക്കെ ആശയ സ്രോതസ്സായി വര്‍ത്തിച്ചത്. തന്റെ ജീവിതത്തിന്റെ നട്ടുച്ചയില്‍ കര്‍മശാസ്ത്രത്തിലും (ഫിഖ്ഹ്) കര്‍മശാസ്ത്രനിദാനശാസ്ത്രത്തിലു (ഉസ്വൂലുല്‍ ഫിഖ്ഹ്) മായിരുന്നു ഇമാം ഗസ്സാലി(റ) കൂടുതല്‍ സമയം ചെലവഴിച്ചത്. തന്റെ ആദ്യകാലങ്ങളില്‍ ഈ രണ്ടു ജ്ഞാനശാഖകളെയാണ് ഇമാം കൂടുതല്‍ പരിഗണിച്ചതെന്ന് ഗസ്സാലി(റ) തന്നെ തന്റെ മുസ്തസ്വഫയില്‍ പറയുന്നുണ്ട്. അതിന്റെ സംക്ഷേപം ഇങ്ങനെയാണ്: ബുദ്ധിയും (അഖ്‌ല്) ശര്‍ഉം രണ്ടുമുണ്ടാകുന്ന ജ്ഞാനമാണ് മഹത്തായ അറിവ്. കര്‍മശാസ്ത്രവും കര്‍മശാസ്ത്രനിദാനശാസ്ത്രവും ഈ ഗണത്തില്‍ പെടുന്നു. ശര്‍ഇന്റെയും ബുദ്ധിയുടെയും തെളിമയില്‍ നിന്നാണ് അവ സ്വാംശീകരിക്കപ്പെടുന്നത്. ശര്‍ഇനെ സ്വീകരിക്കാതെ മനുഷ്യബുദ്ധി മാത്രമുപയോഗിച്ചുള്ള വ്യവഹാരമല്ല അത്. ബുദ്ധിയെ അംഗീകരിക്കാത്ത വെറും അനുകരണവുമല്ല. കര്‍മശാസ്ത്രം നിമിത്തമാണ് പണ്ഡിതന്മാര്‍ ഉത്തമരും ഉത്കൃഷ്ടരുമാകുന്നത്. അതിനാലാണ് ഈ ജ്ഞാനശാഖയെ ഭൗതിക പാരത്രിക സുകൃതങ്ങള്‍ക്കു വേണ്ടി ഞാന്‍ പരിഗണിച്ചത്. 48

കര്‍മശാസ്ത്രത്തെ ഇമാം ഗസ്സാലി(റ) അത്രമേല്‍ പരിഗണിച്ചതുവഴിയാണ് ശാഫിഈ കര്‍മശാസ്ത്രത്തിലെ ബൃഹത്തായ തന്റെ രചനകള്‍ക്ക് സാഹചര്യമൊരുങ്ങുന്നത്. തന്റെ ശിഷ്യനായ ഇമാം മുഹമ്മദ്ബ്‌നു യഹ്‌യ(റ) ഗസ്സാലി(റ)യെ രണ്ടാം ശാഫിഈ എന്നാണ് വിശേഷിപ്പിച്ചത്.

ശാഫിഈ കര്‍മശാസ്ത്രത്തിലെ ഗ്രന്ഥശ്രേണിയുടെ വളരെ പ്രധാനപ്പെട്ടൊരു ഘട്ടമാണ് ഗസ്സാലി(റ) ഏറ്റെടുക്കുന്നത്. ശാഫിഈ ഇമാമിന്റെയും അസ്വ്ഹാബുകളുടെയും ഗ്രന്ഥങ്ങളെ ചുരുക്കി രചിക്കപ്പെട്ട തന്റെ ഗുരുവര്യരായ ഇമാമുല്‍ ഹറമൈനി(റ)യുടെ നിഹായയെയാണ് ഇമാം ഗസ്സാലി(റ) കര്‍മശാസ്ത്ര രചനാശ്രേണിയുടെ തുടര്‍ച്ചക്ക് വേണ്ടി സമീപിക്കുന്നത്. ഇമാമിന്റെ നിഹായയെ ഗസ്സാലി(റ) ബസ്വീത് എന്ന പേരില്‍ ചുരുക്കി ബൃഹത്തായ  ഒരു ഗ്രന്ഥം രചിക്കുകയും അതിനെ വസ്വീതും വീസിത്വിനെ വജീസും വജീസിനെ ഖുലാസ്വിയുമാക്കി ഇഖ്തിസ്വാര്‍ ചെയ്ത് വെവ്വേറെ നാല് ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്തു. മറ്റൊരു ഗ്രന്ഥത്തെ ഇഖ്തിസ്വാര്‍ ചെയ്ത് ക്രമാനുഗതമായി ഓരോന്നിനെയും ചുരുക്കി ഒന്നിലേറെ ഗ്രന്ഥങ്ങളെഴുതിയ ഗസ്സാലി(റ)യെയല്ലാതെ മറ്റൊരാളെയും ശാഫിഈ കര്‍മശാസ്ത്രരചനാചരിത്രത്തില്‍ കാണാന്‍ കഴിയില്ല. മുഖ്ത്വസറുല്‍ മുസ്‌നിയുടെ സംക്ഷേപമാണ് ഖുലാസ്വയെന്നു പറയാറുണ്ട്. ഇഹ്‌യാഇല്‍ (35/1) അതിനെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. തന്റെ യുവത്വകാലത്താണ് ഇമാം ഗസ്സാലി(റ) ഈ ഗ്രന്ഥങ്ങളൊക്കെ രചിക്കുന്നത്. പേര് സൂചിപ്പിക്കുംപോലെ തന്നെ തന്റെ കര്‍മശാസ്ത്രഗന്ഥങ്ങളില്‍ ഏറ്റവും ബൃഹത്തായ ഗ്രന്ഥമാണ് ബസ്വീത് (അല്‍ ബസ്വീത് ഫില്‍ മദ്ഹബ്). ശാഫിഈ ഫിഖ്ഹിനെ സമഗ്രമായി അവതരിപ്പിക്കുമ്പോഴും അബൂഹനീഫ(റ), മാലിക്(റ), അഹ്മദ്(റ) എന്നിവരുടെ അഭിപ്രായങ്ങളും അതില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഓരോ വിഷയത്തിലും അഭിപ്രായ ഭിന്നതകള്‍ വിശകലനം ചെയ്ത് ശാഫിഈ ഫിഖ്ഹിനെ പ്രബലപ്പെടുത്തുന്ന രീതിയാണ് ബസ്വീതിന്റേത്. ഗ്രന്ഥത്തിന്റെ മുഖവുരയില്‍ ബസ്വീതിന്റെ ഘടനാസൗന്ദര്യത്തെയും ആശയസമ്പുഷ്ടതയെയും കുറിച്ച് ഇമാം ഗസ്സാലി(റ) ഉണര്‍ത്തുന്നുണ്ട്. 8-10 ഭാഗങ്ങളുള്ള ഈ ഗ്രന്ഥത്തിന്റെ ചില ഭാഗങ്ങള്‍ ഇന്ന് ലഭ്യമാണ്. നിഹായയെ ചുരുക്കി ആദ്യമുണ്ടാക്കിയ ഗ്രന്ഥമാണ് ബസ്വീതെങ്കിലും ചില കൂട്ടിച്ചേര്‍ക്കലുകള്‍ ഗസ്സാലി(റ) നടത്തുന്നുണ്ട്.

ബസ്വീതിനെ ചുരുക്കിയെഴുതിയ ഗ്രന്ഥമാണ് ഗസ്സാലി(റ)യുടെ വസ്വീത് (അല്‍ വസ്വീത ഫില്‍ മദ്ഹബ്). പഠിതാക്കള്‍ക്ക് ബസ്വീത് പൂര്‍ണമായി പരിശോധിക്കാന്‍ ബുദ്ധിമുട്ടായതുകൊണ്ടാണ് വസ്വീത് രചിച്ചതെന്ന് ഇമാം മുഖവുരയില്‍ പറയുന്നു. ഗസ്സാലി(റ) തുടരുന്നു: ബസ്വീതിന്റെ പകുതിയേ വസ്വീതിന്റെ വലുപ്പമുണ്ടാകൂ. ബസ്വീതിലെ പത്തിലൊന്നിന്റെ മൂന്നിലൊരുഭാഗ(സുലുസുല്‍ ഉശ്‌റ്)ത്തേക്കാള്‍ കൂടുതല്‍ മസ്അലകള്‍ വസ്വീത് ചര്‍ച്ച ചെയ്യുന്നില്ല. മാത്രവുമല്ല, ബലഹീനമായ ഖൗലുകളെയും പ്രബലമല്ലാത്ത വജ്ഹുകളെയും അപൂര്‍വ്വമായ ശാഖാ ചര്‍ച്ചകളെയും ഒഴിവാക്കി ഞാന്‍ ഈ ഗ്രന്ഥം (വസ്വീത്) ചുരുക്കുകയും ഘടനാസൗന്ദര്യത്തിലും മറ്റും കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുകയും ചെയ്തിട്ടുണ്ട്. 49

ബസ്വീത്വിനെ ചുരുക്കി രചിക്കപ്പെതാണെങ്കിലും കര്‍മശാസ്ത്രത്തില്‍ അക്കാലം വരെയുണ്ടായ പ്രസിദ്ധമായ പല ഗ്രന്ഥങ്ങളിലെയും പ്രധാന വിഷയങ്ങള്‍ ഗസ്സാലി(റ) വസ്വീതില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇമാം ഫൗറാനി(റ) (മ. ഹി. 461)യുടെ ഇബാന ഇബാനയില്‍ നിന്ന് കടമെടുത്തതാണ് ഗസ്സാലി രചനകളിലെ ഘടനാ സൗന്ദര്യമെന്ന് ഖാളി ഇബ്‌നു ശുഹ്ബ് (റ), ഖാളി ഹുസൈന്‍(റ) (മ. ഹി. 462)വിന്റെ തഅ്‌ലീഖ്, ശീറാസി(റ)യുടെ മുഹദ്ദബ്, മുഹദ്ദബിന്റെ ഭാഗധേയം വളരെ വലുതെന്ന് ഇബ്‌നു ശുഹ്ബ(റ). ഇമാം സുബൈരി(റ) (മ. ഹി. 317)യുടെ കാഫി, അഹ്മദുല്‍ ഖാസ്സി(റ) (മ. ഹി. 335)ന്റെ തല്‍ഖീസ്, ഖഫ്ഫാല്‍ ശാശി കബീറി (റ). (മ. ഹി. 400)ന്റെ ശഖ്‌രീബ് (തല്‍ഖീസ്വിനെയും, തഖ്‌രീബിനെയും വസ്വീതില്‍ നിരവധി സ്ഥലങ്ങളില്‍ പരാമര്‍ശം) തുടങ്ങിയ പ്രധാന ഗ്രന്ഥങ്ങളെയെല്ലാം ഗസ്സാലി(റ) വസ്വീതില്‍ ഉദ്ധരിക്കുന്നുണ്ട്.

വസ്വീതിന് ശര്‍ഹെഴുതിയും സംശയങ്ങള്‍ തീര്‍ത്തും ഗസ്സാലി(റ)യുടെ ശിഷ്യരടക്കമുള്ള പണ്ഡിതന്മാര്‍ ഗ്രന്ഥരചനകള്‍ നടത്തിയിട്ടുണ്ട്. ഗസ്സാലി(റ)യുടെ ശിഷ്യനായ മുഹ്‌യിദ്ദീന്‍ നൈസാബൂരി (മ. ഹി. 548)യുടെ മുഹീത്വ, ഇബ്‌നു രിഫ്അ (മ. ഹി. 710)യുടെ അല്‍ മത്വ്‌ലബുല്‍ ആലി, അല്ലാമ ഖമൂലി (മ. ഹി. 727)യുടെ അല്‍ബഹ്‌റുല്‍ മുഹീത്വ, ഇമാം നവവി(റ)യുടെ തന്‍ബീഹ് തുടങ്ങിയ ഗ്രന്ഥങ്ങള്‍ വസ്വീതിന്റെ പ്രസിദ്ധമായ ശര്‍ഹുകളാണ്. ഇബ്‌നു അബിദ്ദം (റ) (മ. ഹി. 642) ബ്‌നു സ്വലാഹ് (റ) (മ. ഹി. 634) തുടങ്ങിയവര്‍ വസ്വീതിലെ സംശയങ്ങള്‍ നിവാരണം നടത്തി ഗ്രന്ഥരചന നടത്തിയവരാണ്. ഗസ്സാലി(റ)യുടെ വജീസിനു പുറമെ ഖാളില്‍ ഖുളാത്ത് ബൈളാവി (റ) (മ. ഹി. 685) (ഗ്രന്ഥം - അല്‍ ഗയാത്തുല്‍ ഖസ്‌വാ ഫീ ദിരായത്തില്‍ ഫത്‌വാ) അടക്കമുള്ള പണ്ഡിതന്മാര്‍ വസ്വീതിന് മുഖ്തസ്വറുകളും എഴുതിയിട്ടുണ്ട്. മജ്മൂഇന്റെയും വസ്വീതിന്റെ ശര്‍ഹായ തന്‍ഖീഹിന്റെയും മുഖദ്ദിമകളില്‍ ഇമാം നവവി(റ) വസ്വീതിനെ വാനോളം പുകഴ്ത്തുന്നുണ്ട്.

വസ്വീതിനെ ഇഖ്തിസ്വാര്‍ ചെയ്ത് രചിക്കപ്പെട്ട ഗ്രന്ഥമാണ് ഇമാം ഗസ്സാലി(റ)യുടെ വജീസ്. ഈ ഗ്രന്ഥമാണ് പില്‍ക്കാലത്ത് ശാഫിഈ കര്‍മ്മശാസ്ത്രത്തിലുണ്ടായ മിക്ക പ്രധാന ഗ്രന്ഥങ്ങളുടെയും അടിസ്ഥാനം. ശാഫിഈ കര്‍മശാസ്ത്രത്തിലെ പ്രസിദ്ധമായ ഗ്രന്ഥശ്രേണിയുടെ തുടര്‍ച്ച ഗസ്സാലി(റ)യുടെ വജീസിലൂടെയാണ് കടന്നുപോകുന്നത്. മറ്റു ഗ്രന്ഥങ്ങളില്‍നിന്നും വിഭിന്നമായി വജീസില്‍ ഇമാം ഗസ്സാലി(റ) പ്രത്യേക രചനാശൈലി ഉപയോഗിച്ചതായി കാണാം. പേരുകള്‍ പറയുന്നതിന് പകരം അവയെ കുറിക്കുന്ന സൂചകങ്ങളാണ് വജീസിലെ ഭിന്നാഭിപ്രായമുള്ള വാക്കുകള്‍ക്ക് മുകൡ ചുവന്ന നിറത്തില്‍ നല്‍കിയിരിക്കുന്നത്. ഹാഅ്, അബൂ ഹനീഫ(റ)യെയും മീമ്, മാലിക്(റ) വിനെയും സായ്, മുസ്‌നി ഇമാമിനെയും വാവ് അസ്ഹാബുകളുടെ മുഖര്‍ജായ വജ്ഹിനെ അല്ലെങ്കില്‍ ഖൗലിനെയും സൂചിപ്പിക്കുന്നു.

ഇമാം ഗസ്സാലി(റ)യുടെ വളരെ പ്രധാനപ്പെട്ട ഗ്രന്ഥമായിട്ടാണ് വജീസിനെ പണ്ഡിതലോകം വീക്ഷിക്കുന്നത്. ഗസ്സാലി(റ) പ്രവാചകനായിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ മുഅ്ജിസത്ത് വജീസാകുമായിരുന്നുവെന്ന് വരെ ചിലര്‍ വജീസിനെ കുറിച്ച് വിശേഷിപ്പിച്ചിട്ടുണ്ട്.50 എഴുപതോളം പേര്‍ വജീസിന് ശര്‍ഹുകള്‍ രചിച്ചിട്ടുണ്ട്. ഫഖ്‌റുദ്ദീന്‍ റാസി(റ), ഇമാം റാഫിഈ(റ) തുടങ്ങിയ പ്രമുഖര്‍ ആ ഗണത്തില്‍ പെടുന്നു. റാഫിഈ(റ) മുഹറര്‍ എന്ന പേരില്‍ വജീസിന്റെ ഒരു മുഖ്തസ്വറും രചിച്ചിട്ടുണ്ട്.

ശാഫിഈ ഫിഖ്ഹിന്റെ അസ്തിവാരമായി കര്‍മശാസ്ത്രപണ്ഡിതന്മാര്‍ പരിഗണിച്ചുവരുന്ന അഞ്ചു ഗ്രന്ഥങ്ങളില്‍ ഇമാം ഗസ്സാലി(റ)യുടെ വസ്വീതും വജീസും സ്ഥാനം പിടിച്ചിട്ടുണ്ട്. മുഖ്തസ്വറുല്‍ മുസ്‌നി, ശീറാസി(റ)യുടെ തന്‍ബീഹ്, മുഹദ്ദബ് എന്നിവയാണ് ബാക്കി മൂന്ന് ഗ്രന്ഥങ്ങള്‍. ഈ അഞ്ചു ഗ്രന്ഥങ്ങളെയും കുറിച്ചു ഇമാം നവവി(റ) പറയുന്നു: നമ്മുടെ അസ്വ്ഹാബുകള്‍ക്കിടയില്‍ വളരെ പ്രസിദ്ധിയാര്‍ജ്ജിച്ചവയാണ് ഈ അഞ്ചു ഗ്രന്ഥങ്ങള്‍. അവര്‍ അവയെ ധാരാളമായി സമീപിച്ചിട്ടുണ്ട്. എല്ലാ നാടുകളിലും പ്രചാരം നേടിയവയും എല്ലാ ഭൂഖണ്ഡങ്ങളിലെയും വിശേഷപ്പെട്ടവര്‍ക്കും അല്ലാത്തവര്‍ക്കും സുപരിചിതവുമാണ് അവ. 51

ഇമാം ഗസ്സാലി(റ)യുടെ നാലാമത്തെ ഗ്രന്ഥമായ ഖുലാസ്വ ഫിഖ്ഹിലെ തന്റെ ഏറ്റവും ചെറിയ രചനയാണ്. ഖുലാസ്വത്തുല്‍ മുഖ്തസ്വരി വ നഖാവത്തുല്‍ മുഅ്തസ്വരി എന്നാണ് ഗ്രന്ഥത്തിന്റെ പൂര്‍ണ നാമം. വജീസിനെ ഇഖ്തിസ്വാര്‍ ചെയ്ത് രചിച്ചതാണ് ഖുലാസ്വയെന്ന് രിസാലയില്‍ കൈപ്പറ്റ ബീരാന്‍കുട്ടി മുസ്‌ലിയാര്‍ (ന.മ.) പറയുന്നുണ്ടെങ്കിലും മുസ്‌നി ഇമാമിന്റെ(റ) മുഖ്തസ്വറിന്റെ ചുരുക്കമാണിതെന്ന് കാണാം. ഇഹ്‌യാഇന്റെ ആദ്യഭാഗത്ത് (പേജ് 35) ഇമാം ഗസ്സാലി(റ) തന്നെ ഇതു സൂചിപ്പിക്കുന്നുണ്ട്.

റഫറന്‍സ് 48.  അല്‍ മുസ്തസ്ഫാ / ഇമാം ഗസ്സാലി പേജ് 3, വാള്യം 1 49.  മുഖദ്ദിമത്തുല്‍ വസ്വീത് / ഇമാം ഗസ്സാലി(റ), പേജ് 1 50. ഇത്ഹാഫുസ്സാദത്ത് / സയ്യിദ് മുര്‍തളാ (റ), പേജ് 41, വാള്യം 1 51. തഹ്ദീബുല്‍ അസ്മാഇവല്ലുഗാത്ത് / ഇമാം നവവി(റ), പേജ് 3, വാള്യം 1

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter