കശ്മീർ വിഷയത്തിൽ കേന്ദ്രത്തിനെതിരെ രൂക്ഷ പ്രതികരണവുമായി അമർത്യാസെൻ
ന്യൂഡൽഹി:  ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെയും മേഖലയിൽ നിയന്ത്രണാവസ്ഥ അടിച്ചേൽപ്പിച്ചതിനെതിരെയും നോബൽ സമ്മാന ജേതാവ് അമർത്യാസെൻ രംഗത്തെത്തി. ഇന്ത്യക്കാരനായതിൽ താൻ ഇപ്പോൾ അഭിമാനിക്കുന്നില്ലെന്നും അമർത്യാ സെൻ പറഞ്ഞു. ജനാധിപത്യപരമായി അല്ലാതെ കശ്മീരിൽ ഒരു പ്രശ്‌നപരിഹാരത്തിന് സാദ്ധ്യതയുണ്ടെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എൻ.ഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് സർക്കാരിനെ വിമർശിക്കുന്ന തൻറെ അഭിപ്രായങ്ങൾ അമർത്യാസെൻ തുറന്നു പറഞ്ഞത്. ലോകത്ത് ജനാധിപത്യപരമായ മാനദണ്ഡം കൈവരിക്കൻ ഒരുപാട് പരിശ്രമിച്ച ഒരു രാജ്യം, ജനാധിപത്യം നടപ്പിലാക്കിയ ആദ്യ പശ്ചാത്യേതര രാജ്യം തുടങ്ങിയ ഖ്യാദി നേടിയ രാജ്യം ഇപ്പോൾ കശ്മീർ വിഷയത്തിലെടുത്ത നടപടിയിലൂടെ ഇതെല്ലാം കാറ്റിൽ പറത്തിയിരിക്കുന്നു. ഇപ്പോൾ ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ താൻ അഭിമാനിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിന് പുറത്തുനിന്നുള്ളവർക്ക് കശ്മീരിൽ ഭൂമി വാങ്ങുന്നത് തടഞ്ഞിരുന്ന ആർട്ടിക്കിൾ 35 എ റദ്ദാക്കിയതിനേയും അദ്ദേഹം വിമർശിച്ചു. കശ്മീർ കശ്മിരീകളുടേതാണെന്നിരിക്കെ അക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് അവരാണെന്ന് സെൻ പറഞ്ഞു. 'കശ്മീരി നേതാക്കളെ തടവലിലാക്കിയ നടപടി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "കശ്മീരി നേതാക്കൾക്ക് പറയാനുള്ളത് കേൾക്കാതെ നിങ്ങൾക്ക് നീതി നടപ്പാക്കാനാകില്ല. ഈ രാജ്യത്തെ നയിച്ചവരും ഭരണചക്രം തിരിച്ചവരുമായ നേതാക്കളെ ജയിലിലാക്കിയും വീട്ടുതടങ്കലിലാക്കിയും നീതി നടപ്പാക്കാനാകുമെന്ന് ഞാൻ കരുതുന്നില്ല. ജനാധിപത്യത്തെ വിജയത്തിലെത്തിക്കുന്ന വഴി നിയന്ത്രിക്കപ്പെടുന്നതാണ് ഇപ്പോള്‍ കാണുന്നത്." -അമർത്യാസെൻ പറഞ്ഞു. ആർട്ടിക്കിൾ 370 റദ്ദാക്കുന്നത് വഴി കശ്മീരിൽ ഉണ്ടായേക്കാവുന്ന അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ സർക്കാർ നേരത്തെ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിരുന്നുവെന്നും അതിനായാണ് നേതാക്കളെ കരുതൽ തടങ്കലിലാക്കിയത് എന്ന വാദത്തേയും അദ്ദേഹം പരിഹസിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter