ഫലപ്രദം, ആ അധ്യാപനരീതി

മുആവിയതുബ്നുല്‍ഹകം(റ) പറയുന്നു, ഒരു ദിവസം ഞാങ്ങള്‍ പ്രവാചകരോടൊപ്പം നിസ്കരിച്ചുകൊണ്ടിരിക്കുമ്പോള്‍ കൂട്ടത്തില്‍ ഒരാള്‍ തുമ്മി. ഉടനെ ഞാന്‍, യര്‍ഹമുകല്ലാഹ് എന്ന് പറഞ്ഞു. ഇത് കേട്ട അടുത്തുനിന്നവര്‍ എന്നെ പതുക്കെ ഇടങ്കണ്ണിട്ട് നോക്കി. ഇത് കണ്ട എനിക്ക് സഹിച്ചില്ല, ഇതെന്തൊരു കഷ്ടം, എന്തിനാ എന്നെ ഇങ്ങനെ നോക്കുന്നത് എന്ന് ഞാന്‍ ഉറക്കെ പറഞ്ഞു. അതോടെ അവര്‍ കൂടുതല്‍ അക്ഷമരായി, എന്നോട് മിണ്ടാതിരിക്കാന്‍  ആവശ്യപ്പെട്ടുകൊണ്ട് പലരും തുടമേല്‍ അടിച്ച്ശബ്ദമുണ്ടാക്കി. അതോടെ ഞാന്‍ നിശ്ശബ്ദത പാലിച്ചു. നിസ്കാരം പൂര്‍ത്തിയായപ്പോള്‍ പ്രവാചകര്‍ എന്നെ വിളിച്ച് വളരെ ശാന്തമായി ഇങ്ങനെ പറഞ്ഞു, ഈ നിസ്കാരത്തില്‍ നമ്മുടെ സാധാരണ സംസാരങ്ങളൊന്നും പാടില്ല, അതില്‍ തസ്ബീഹും തക്ബീറും ഖുര്‍ആന്‍ പാരായണവും മാത്രമേ പാടുള്ളൂ. അദ്ദേഹം പറയുന്നു, അല്ലാഹുവാണേ സത്യം, ഇത്രയും നല്ലൊരു അധ്യാപകനെ ഞാന്‍ അതിന് മുമ്പോ ശേഷമോ കണ്ടിട്ടില്ല. പ്രവാചകര്‍ എന്നെ ശാസിക്കുകയോ എന്നോട് ദേഷ്യപ്പെടുകയോ അതൃപ്തി പ്രകടിപ്പിക്കുകപോലുമോ ചെയ്തില്ല.

പ്രവാചകനിയോഗലക്ഷ്യം തന്നെ അധ്യാപനമായിരുന്നുവെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. അക്ഷരജ്ഞാനമില്ലാത്തവരില്‍, അവരില്‍ നിന്നുതന്നെയുള്ള ഒരു റസൂലിനെ നിയോഗിച്ചവനാണവന്‍. അവന്റെ ആയത്തുകളെ അദ്ദേഹം അവര്‍ക്ക് ഓതിക്കൊടുക്കുകയും അവരെ  സംസ്കരിക്കുകയും അവര്‍ക്ക് വേദഗ്രന്ഥവും വിജ്ഞാനവും പഠിപ്പിച്ചുകൊടുക്കുകയും ചെയ്യുന്നു. നിശ്ചയമായും അവര്‍ അതിനുമുമ്പ് വ്യക്തമായ വഴിപിഴവില്‍ തന്നെയായിരുന്നു (സൂറതുല്‍ജുമുഅ-2). തന്നെ ഒരു അധ്യാപകനായാണ് അല്ലാഹു  നിയോഗിച്ചിരിക്കുന്നതെന്ന് പ്രവാചകര്‍ തന്നെ പലപ്പോഴും അഭിമാനത്തോടെ പറയുന്നതും ഹദീസുകളില്‍ കാണാം.

ഒരു അധ്യാപകന്ന് വേണ്ട എല്ലാ ഗുണങ്ങളും പൂര്‍ണ്ണാര്‍ത്ഥത്തില്‍ പ്രവാചകരില്‍ സമ്മേളിച്ചിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. തന്റെ ശിഷ്യരോടുള്ള ആത്മാര്‍ത്ഥമായ സ്നേഹമാണ് ഒന്നാമത്തെ ഗുണം.  സ്വന്തത്തില്‍ നിന്നു തന്നെയുള്ള ഒരു റസൂല്‍ നിങ്ങളുടെ അടുത്തേക്ക് ഇതാ വന്നിരിക്കുന്നു. നിങ്ങള്‍ ക്ളേശിക്കുന്നത് അദ്ദേഹത്തിന് അസഹ്യമാണ്. നിങ്ങള്‍ സന്മാര്‍ഗികളാകുന്നതില്‍ അത്യാഗ്രഹിയുമാണദ്ദേഹംസത്യവിശ്വാസികളോട് വളരെ അലിവും കനിവുമുള്ള ആളും (സൂറതുത്തൌബ 129). പെരുമാറ്റത്തിലെ മൃദുലത, വിനയം, ആഴമേറിയ അറിവ് തുടങ്ങി അധ്യാപകനാവശ്യമായ എല്ലാ ഗുണങ്ങളിലും പ്രവാചകര്‍ സമ്പൂര്‍ണ്ണമാതൃക തന്നെ.

തന്റെ ശിഷ്യന്മാരെയെല്ലാം ഒരേ കണ്ണുകൊണ്ട് കാണാനാവുക എന്നതും അധ്യാപകന്റെ വലിയൊരു പ്രത്യേകതയാണ്. പ്രമുഖ സ്വഹാബിവര്യന്‍ അംറുബ്നുല്‍ആസ്(റ) പറയുന്നത് കാണുക, പ്രവാചകര്‍ ഒരു സദസ്സിനെ അഭിമുഖീകരിക്കുമ്പോള്‍ ആ സദസ്സിലെ ഏറ്റവും മോശനാണെന്ന് തോന്നുന്ന ആളെയായിരിക്കും കൂടുതല്‍ പരിഗണിക്കുക, അതോടെ അയാള്‍ പ്രവാചകരുമായി ഏറെ ഇണങ്ങുകയും ഏറ്റവും നല്ല ശിഷ്യനായി മാറുകയും ചെയ്യും. എന്നെ പലപ്പോഴും നോക്കാറുണ്ടായിരുന്നു, (എന്നെ അമിതമായി ഇങ്ങനെ പരിഗണിക്കുന്നത് കണ്ട്) ഞാനാണ് ആ സദസ്സിലെ ഏറ്റവും നല്ലവനെന്ന് വരെ എനിക്ക് തോന്നിപ്പോയി.

അംറുബ്നുല്‍ആസ്(റ) തന്നെ മറ്റൊരു ഹദീസില്‍ ഇങ്ങനെ പറയുന്നതായി കാണാം, പ്രവാചകരുടെ പെരുമാറ്റത്തില്‍നിന്ന്, തന്നെയാണ് പ്രവാചകര്‍ ഏറ്റവും അധികം സ്നേഹിക്കുന്നതെന്ന് ഓരോരുത്തര്‍ക്കും തോന്നുമായിരുന്നു. എന്നോടാണ് പ്രവാചകര്‍ക്ക് ഏറ്റവും സ്നേഹമെന്ന് എനിക്ക് തോന്നിയിരുന്നു. പ്രവാചകര്‍ അത് നേരിട്ട് പറയുന്നത് കേള്‍ക്കാനായി ഒരിക്കല്‍‍ ഞാന്‍ തങ്ങളോട് ചോദിച്ചു, അങ്ങേക്ക് ഏറ്റവും ഇഷ്ടം ആരോടാണ് പ്രവാചകര്‍ പറഞ്ഞു, ആഇശ(റ)യോടാണ്. ഉടനെ അദ്ദേഹം ചോദിച്ചു, പുരുഷന്മാരുടെ  കൂട്ടത്തില്‍ ആരാണെന്നാണ് ഞാന്‍ ചോദിച്ചത്. ഉടനെ പ്രവാചകര്‍ പറഞ്ഞു, ആഇശയുടെ പിതാവ്. പിന്നെയാരാണെന്ന് ചോദിച്ചപ്പോഴും മറുപടി മറ്റൊന്നായിരുന്നു. അങ്ങനെ പത്ത് പേരോളം പ്രവാചകര്‍ പറഞ്ഞെങ്കിലും അവിടെയൊന്നും തന്റെ പേര് വന്നില്ലെന്ന് കണ്ട അംറ്(റ) പറയുന്നു, അവസാനം എനിക്ക്  ചോദിക്കേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോയി.

ഏതെങ്കിലും പ്രദേശത്തെ അധികാരം തന്നെ ഏല്‍പിക്കണമെന്ന് പ്രവാചകരോട് ആവശ്യപ്പെട്ട അബൂദര്‍(റ)വിന്‍റെ ആവശ്യം പ്രവാചകര്‍ നിരസിച്ചത് എത്ര സുന്ദരവും മനശ്ശാസ്ത്രപരവുമായിരുന്നെന്ന് അദ്ദേഹം തന്നെ പറയുന്നു, അബൂദര്‍, താങ്കളുടെ മനസ്സ് വളരെ ബലഹീനമാണ്,താങ്കള്‍ക്ക് അതിനാവില്ല, എനിക്ക് ഞാന്‍ ആഗ്രഹിക്കുന്നതെന്തോ അത് മാത്രമേ ഞാന്‍ താങ്കള്‍ക്കും ആഗ്രഹിക്കുന്നുള്ളൂ.  

അധ്യാപനരംഗത്തെ വിവിധമനശ്ശാസ്ത്രരീതികളും പ്രവാചകാധ്യാപനങ്ങളില്‍ പ്രയോഗിക്കപ്പെട്ടതായി കാണാം. ജിജ്ഞാസയുണ്ടാക്കാനുതകുന്ന വ്യത്യസ്തമാര്‍ഗ്ഗങ്ങള്‍ ഹദീസുകളില്‍നിന്ന് കണ്ടെത്താനാവും. പ്രവാചകരുടെ സദസ്സിലിരിക്കുമ്പോള്‍, തലയില്‍ ഒരു പക്ഷിയുണ്ടെന്ന് തോന്നാന്‍ മാത്രം അതീവ അച്ചടക്കത്തോടെയും പൂര്‍ണ്ണശ്രദ്ധയോടെയുമാണ് ഞങ്ങള്‍ ഇരിക്കാറുണ്ടായിരുന്നതെന്ന് പല സ്വഹാബികളും സാക്ഷ്യപ്പെടുത്തുന്നു.

ചുരുക്കത്തില്‍, ഏറ്റവും നല്ല അധ്യാപകനെയാണ് പ്രവാചകരില്‍ നമുക്ക് ദര്‍ശിക്കാനാവുന്നത്. സകലമാന ഗുണങ്ങളുടെയും സമ്പൂര്‍ണ്ണസംഗമമായ പ്രവാചകരില്‍, അധ്യാപനത്തിന്‍റെ ഉദാത്ത മാതൃക ദര്‍ശിക്കാനാവുന്നതില്‍ അല്‍ഭുതപ്പെടാനില്ലല്ലോ, കാരണം പ്രവാചകരുടെ നിയോഗലക്ഷ്യം തന്നെ അതായിരുന്നുവല്ലോ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter