അഹ്മദ്‌കോയ ശാലിയാത്തി
ഇരുപതാം നൂറ്റാണ്ടിലെ വലിയ പ്രതിഭയായിരുന്നു ശിഹാബുദ്ദീന്‍ അഹ്മദ്‌കോയ ശാലിയാത്തി (നഃമഃ). കേഴിക്കോട്ടെ കോയമരക്കാരകം തറവാട്ടിലെ മുഹ്‌യിദ്ദീന്‍കുട്ടി ഹാജിയാണ് പിതാവ്. ചാലിയം പുതാമ്പറത്ത് വീട്ടില്‍ ഹിജ്‌റ 1302 ജമാദുല്‍ ആഖിര്‍ മാസത്തില്‍ ശാലിയാത്തി ജനിച്ചു. മഹാപമ്ധിതനും, സൂഫി വര്യനുമായ പിതാവിന്റേയും, സദ്വൃത്തയായ മാതാവിന്റേയും ശിക്ഷണത്തില്‍ വളര്‍ന്ന അദ്ദേഹം ഭക്തിയുടെയും വിജ്ഞാനത്തിന്റെയും നിറകുടമായിത്തീര്‍ന്നു. പിതാവില്‍ നിന്നു തന്നെ പ്രാഥമിക വിദ്യയും ഖുര്‍ആനും നുകര്‍ന്നതിനു ശേഷം സുപ്രസിദ്ധ പണ്ഡിതനും ഖിലാഫത്ത് നായകനുമായിരുന്ന ആലി മുസ്‌ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു. ശേഷം ചാലിലകല്‍ കുഞ്ഞഹമ്മദ് ഹാജിയുടേയും, മദ്രാസിലെ പണ്ഡിതനും മുഫ്തിയുമായിരുന്ന ശംസുദ്ദീന്‍ ഉലമാ മൗലാനാ മുഫ്തി മഹ്മൂദ് അവര്‍കളുടെയും പാഠശാലകളില്‍ ചേര്‍ന്ന് പഠനം തുടര്‍ന്നു. അഖീദ, ബയാന്‍, മആനി, ബദീഅ്, ഖവാഫി, മന്‍ത്വിഖ്, തസവ്വുഫ്, ഹദീസ് തുടങ്ങിയ വിവിധ വിജ്ഞാനശാഖകളില്‍ അവഗാഹം നേടി. ശേഷം പിതാവിന്റെ നിര്‍ദ്ദേശ പ്രകാരം വെല്ലൂര്‍ ലത്വീഫിയ കോളേജില്‍ ചേര്‍ന്നു നിസാമിയ്യ സിലബസ് പൂര്‍ത്തിയാക്കി.
ലത്വീഫിയ്യയില്‍ വിദ്യാര്‍ത്ഥിയായിരിക്കേ തന്നെ ദാറുല്‍ ഇഫ്ത (ഫത്‌വ ബോര്‍ഡ്) യില്‍ അംഗമായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. അതോടൊപ്പം ചില വിഷയങ്ങള്‍ ക്ലാസ്സെടുക്കാന്‍ ഏല്‍പ്പിക്കപ്പെടുകയും ചെയ്തു. പഠിതാവ് തന്നെ മുദര്‍റിസും, മുഫ്തയുമായി നിയമിതനാവുന്നത് അത്യപൂര്‍വ്വ സംഭവമാണ്. ലത്വീഫിയ്യയില്‍ നിന്ന് പിരിഞ്ഞ ശേഷം തമിഴ്‌നാട് തിരുനെല്‍വേലിയിലെ റിയാള ജിയാന്‍ കോളേജില്‍ അധ്യാപകനായി ദീര്‍ഘ കാലം സേവനം ചെയ്തു. ഗുരുനാഥന്മാരുടേയും മറ്റും ക്ഷണം സ്വീകരിച്ചു വീണ്ടും ലത്വീഫിയ്യയില്‍ തന്നെ മുദര്‍റിസായി. അല്‍പ്പകാലത്തിനു ശേഷം ലത്വീഫിയ്യയുടെ പ്രിന്‍സിപ്പലായി ശാലിയാത്തി നിയമിക്കപ്പെട്ടു. ഹിജ്‌റ 1331-ല്‍ തന്റെ പ്രഥമ ഗുരുവായ ആത്മീയ ശൈഖുമായ ആലി മുസ്‌ലിയാര്‍ ഹജ്ജ് കര്‍മ്മത്തിനു പോകുന്ന സന്ദര്‍ഭത്തില്‍ തിരൂരങ്ങാടിയിലെ ദര്‍സ് നടത്താനും മറ്റു കാര്യങ്ങള്‍ നോക്കുവാനും ഏല്‍പ്പിച്ചത് സ്മര്യപുരുഷനെയായിരുന്നു. അതിനുശേഷം അഞ്ചു വര്‍ഷം കൊളയത്തൂര്‍ ജുമാ മസ്ജിദില്‍ ദര്‍സ് നടത്തി.
വീണ്ടും ലത്വീഫിയ്യയില്‍ മുദര്‍യിസായ അദ്ദേഹം പിന്നീട് നാഗൂരിലെ ബദുക്കലില്‍ മുദര്‍യിസായി. ശൈഖു മുഫ്തി ഉബൈദുള്ളാഹില്‍ മദിരാസിയുടെ ക്ഷണ പ്രകാരം ബദുക്കലിലെത്തിയ മഹാനുഭാവന്‍ ദീര്‍ഘകാലം അവിടെ സേവനം ചെയ്തു. പ്രമേഹ രോഗം ബാധിച്ചതിനെ തുടര്‍ന്ന് പിന്നീട് സ്വദേശത്തേക്ക് തിരിക്കുകയും വീട്ടില്‍ വിശ്രമ ജീവിതം നയിക്കുകയും ചെയ്തു. വിജ്ഞാനത്തിന്റെ വൈവിധ്യ മോഖലകളില്‍ അവഗാഹം നേടിയ ശാലിയാത്തിയെ ഹിജ്‌റ 1245-ല്‍ ഹൈദരാബാദിലെ നൈസാം രാജാവിന്റെ മുഫ്തിയായി നിയമിക്കപ്പെട്ടു. നാലു മദ്ഹബുകളിലും ഫത്‌വ നല്‍കാന്‍ പാണ്ഡിത്യവും ശേഷിയമുണ്ടായിരുന്ന അദ്ദേഹത്തിന് മാസം തോറും 100 രൂപ ശമ്പളമായി അന്ന് നൈസാം നല്‍കിയിരുന്നു. സമസ്ത കേരള ജമഇയ്യത്തുല്‍ ഉലമായുടെ അജയ്യനായ നേതാവായിരുന്നു അഹ്മദ്‌കോയ ശാലിയത്തി. നവീന വാദികളുടെ വിതണ്ഡ വാദങ്ങള്‍ക്ക് പ്രമാണങ്ങളുദ്ധരിച്ചു മറുപടി നല്‍കുന്നതില്‍ അദ്ദേഹം സമര്‍ത്ഥനായിരുന്നു.
1933 ല്‍ ഫറോക്കില്‍ നടന്ന സമസ്തയുടെ സമ്മേളനത്തില്‍ അധ്യക്ഷം വഹിച്ച അദ്ദേഹം സമസ്തയുടെ സന്ദേശം ജന മനസ്സുകളിലെത്തിക്കുന്നതില്‍ അശ്രാന്തപരിശ്രമം നടത്തിയിരുന്നു. സൂഫിവര്യനും, ആദ്ധ്യാത്മ വിജ്ഞാനിയുമായിരുന്ന ശാലിയാത്തി ഖാദിരിയ്യാ ത്വരീഖത്തിന്റെ ശൈഖായിരുന്നു. മക്കയിലെ മുഫ്തിയും, പ്രമുഖ പണ്ഡിതനുമായിരുന്ന സുലൈമാനുല്‍ മക്കിയില്‍ നിന്നാണ് അദ്ദേഹം ഖാദിരിയ്യാ ത്വരീഖത്തിന്റെ ഇജാസത്ത് (അനുമതി) വാങ്ങിയത്. മഹാനവര്‍കളുടെ പ്രഥമ വിവാഹം ചാലിയത്ത് നിന്നായിരുന്നു. രോഗം മൂലം ഭാര്യ മരമപ്പെട്ടതിനാല്‍ പിതൃവന്‍ അബ്ദുല്ലക്കുട്ടി മുസ്‌ലിയാരുടെ പുത്രി ഫാത്വിമയെ വിവാഹം ചെയ്തു. മഹ്മൂദ്, അബ്ദുല്‍ ഖാദിര്‍ എന്നീ പുത്രന്മാര്‍ അതിലുണ്ടായെങ്കിലും ആ ബന്ധം നീണ്ടു നിന്നില്ല. അനിവാര്യമായ ചില കാരണങ്ങളാല്‍ അവരെ ത്വലാഖ് ചൊല്ലി. പിന്നീട് നാദാപുരം മേനക്കോല്‍ കുഞ്ഞഹമ്മദ് മുസ്‌ലിയാരുടെ പൗത്രി മറിയം എന്നവരെ വിവാഹം ചെയ്തു. അവരില്‍ നിന്നു സന്താനങ്ങള്‍ ഉണ്ടായിട്ടില്ല. അനേകം ഗ്രന്ഥങ്ങളുടെ കര്‍ത്താവായ മഹാനുഭാവാന്‍ ഗ്രന്ഥശേഖരത്തില്‍ അതുല്യമായ സംഭാവനയാണ് അര്‍പ്പിച്ചത്. തന്റെ വീടിന്നടുത്ത് നിര്‍മ്മിച്ച പള്ളിയോടനുബന്ധിച്ചുള്ള അസ്ഹരിയ്യ ഖുതുബ്ഖാനയില്‍ അനേകം അമൂല്യ ഗ്രന്ഥങ്ങളുടെ കയ്യെഴുത്ത് പ്രതികളും അപൂര്‍വ്വ രചനകളുമുണ്ട്. വിജ്ഞാനപ്രദമായ മുപ്പത്തി ഏഴ് ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ഹിജ്‌റ വര്‍ഷം 1374 മുഹര്‍റം 27 ന് ആജ്ഞാമവര്യന്‍ ഇഹലോകവാസം വെടിഞ്ഞു. അസ്ഹരിയ്യ ഖുതുബ്ഖാനയുടെ കിഴക്കു വശത്ത് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നു.
Leave A Comment