എം.കെ.എ കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍ (തൊഴിയൂര്‍ ഉസ്താദ്)

കേരളക്കരയ്ക്ക് അനുഗ്രഹീതമായി ലഭിച്ച അഭിവന്ദ്യഗുരുനാഥന്മാരില്‍ അദ്വിതീയനായിരുന്നു ഉസ്താദ് എം.കെ.എ. കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍ തൊഴിയൂര്‍. യാത്രാസൗകര്യങ്ങളും മറ്റും വളരെ കുറവായിരുന്ന ആദ്യകാലത്ത് ഏറെ ക്ലേശങ്ങള്‍ സഹിച്ച് സംഘടനാപ്രവര്‍ത്തനം നടത്തി. തൊഴിയൂര്‍ ഉസ്താദും സതീര്‍ഥ്യനായ ചേകനൂര്‍ ബാവ മുസ്‌ലിയാരും അവിശ്രമം മഹല്ലുകള്‍ തോറും കയറിയിറങ്ങി പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഫലമായാണ് മധ്യകേരളത്തില്‍ നിരവധി മദ്‌റസകള്‍ സ്ഥാപിക്കപ്പെട്ടത്. നിരവധി പള്ളിദര്‍സുകളും നിലവില്‍ വരുന്നതിനും അവരുടെ പരിശ്രമം അവിസ്മരണീയമാണ്. ഇസ്‌ലാമിക പാരമ്പര്യം ഏറെ അവകാശപ്പെടാന്‍ അര്‍ഹതയുള്ള പ്രദേശമാണ് തൃശൂര്‍ ജില്ല. കേരളത്തിലെ ഇസ്‌ലാമിന്റെ ആവിര്‍ഭാവംതന്നെ ഈ ജില്ലയിലെ കൊടുങ്ങല്ലൂരായിരുന്നുവല്ലോ. പിന്നീട് വളക്കൂറുള്ള പല പ്രദേശങ്ങളിലായി ഇസ്‌ലാം വേരുപിടിച്ചു. കേരളത്തിലെ മക്ക എന്നറിയപ്പെടുന്ന പൊന്നാനി ഈ പ്രദേശത്തിനു സമീപം തന്നെയാണ്. പൊന്നാനിയുടെ സൂഫിമഹിമയുടെ തണലിലും വെളിച്ചത്തിലുമാണ് തൊഴിയൂര്‍ ഉസ്താദിന്റെ വളര്‍ച്ച.

ചെറുപ്പം മുതലേ ഇസ്‌ലാമിക പ്രഭാവത്തിന്റെ കുളിര്‍മയില്‍ ലയിച്ചു പോന്നു. 1926 ഏപ്രില്‍ അഞ്ചിനായിരുന്നു ജനനം. പിതാവ് മുസ്‌ലിയാര്‍വീട്ടില്‍ കുഴിങ്ങര അഹ്മദുണ്ണി മുസ്‌ലിയാര്‍. മാതാവ് അണ്ടപറമ്പില്‍ അഹ്മദ് മുസ്‌ലിയാരുടെ മകള്‍ ഉമ്മാച്ചു. അകലാട് മുഹ്‌യിദ്ദീന്‍ പള്ളിയുടെ തെക്കുവശത്ത് അന്ത്യവിശ്രമംകൊള്ളുന്ന ചെറിയ അവറുമുസ്‌ലിയാരില്‍ നിന്നാണ് ഖുര്‍ആന്‍ ഓതിപ്പഠിച്ചത്. പണ്ഡിതയായിരുന്ന മാതാവിന്റെ ശിക്ഷണം വിശുദ്ധ ജീവിതത്തിന്റെ ശിലപാകുന്നതില്‍ മുഖ്യ പങ്കുവഹിച്ചു. അവരില്‍ നിന്നാണ് മുതഫരിദ് ഓതിയത്. വടക്കെ പുന്നയൂര്‍ പിലാകാട്ട പള്ളിയിലായിരുന്നു ആദ്യദര്‍സ് പഠനം. സ്വന്തം നാട്ടുകാരനായ അബ്ദു മുസ്‌ലിയാരായിരുന്നു ഗുരു. തെക്കെ എടക്കര പള്ളിയില്‍ അമ്മു മുസ്‌ലിയാര്‍,കല്‍പകഞ്ചേരി സ്വദേശി കുഞ്ഞിപ്പോക്കര്‍ മുസ്‌ലിയാര്‍, പെരുന്തിരുത്തി അബ്ദു മുസ്‌ലിയാര്‍, പൊറ്റയില്‍ ചെറിയ മൊയ്തു മുസ്‌ലിയാര്‍, വാടാനപ്പള്ളി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, കല്ലൂര്‍ മുഹമ്മദ് മുസ്‌ലിയാര്‍ എന്നിവരുടെ ദര്‍സുകളില്‍ പഠനത്തിനു ശേഷം പുതിയാപ്പിള അബ്ദുറഹിമാന്‍ മുസ്‌ലിയാരുടെ നിര്‍ദേശപ്രകാരം കാരക്കാട് ദര്‍സിലെത്തി. മര്‍ഹൂം അബൂബക്കര്‍ മുസ്‌ലിയാരായിരുന്നു അവിടെ ഉസ്താദ്. തുടര്‍ന്ന് കാക്കൂര്‍ ദര്‍സിലെത്തി. പ്രസിദ്ധ പണ്ഡിതന്‍ ഒ.കെ സൈനുദ്ദീന്‍ മുസ്‌ലിയാരുടെ ദര്‍സിലും പ്രഗത്ഭനായ ആ വിദ്യാര്‍ഥി പഠനം നടത്തി. വളാഞ്ചേരി പള്ളിയില്‍ ദര്‍സ് അധ്യാപനം നടത്തുന്നതിനിടേയാണ് ദയൂബന്ദിലേക്ക് ഉപരി പഠനത്തിന് പോകുന്നത്.

കോളജില്‍ നിന്നും തിരിച്ചുവന്ന ശേഷം കണ്ണൂര്‍ മാട്ടൂല്‍ മുഹ്‌യിദ്ദീന്‍ ജുമാ മസ്ജിദില്‍ ഒരു വര്‍ഷം ദര്‍സ് നടത്തി. പിന്നീട് രാമനാട്ടുകരക്ക് സമീപം കുറുവങ്ങത്ത് പള്ളിയില്‍ ഖത്വീബും മുദരിസുമായി രണ്ടുവര്‍ഷം സേവനമനുഷ്ഠിച്ചു. ശേഷം തൊഴിയൂര്‍ പാലേമ്മാവ് പള്ളിയില്‍ ആറുവര്‍ഷവും തുടര്‍ന്ന് വടക്കെക്കാടും ദര്‍സ് നടത്തി. ഈ കാലയളവിലാണ് തൃശൂര്‍ ജില്ലയിലെ സമസ്തയുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാകുന്നത്. ഉജ്ജ്വലമായ പ്രഭാഷണമല്ലെങ്കിലും ആരെയും ആകര്‍ഷിക്കുന്ന തരത്തിലുള്ള വാക്കുകളും ആരെയും അകറ്റാതിരിക്കുന്ന പ്രവര്‍ത്തനങ്ങളും ഉസ്താദ് അവര്‍കളെ ഉന്നതിയിലേക്ക് എത്തിച്ചു. കേരളത്തിലെ ആത്മീയ മണ്ഡലത്തില്‍ നിറഞ്ഞുനിന്ന പ്രതിഭകളായിരുന്ന മര്‍ഹൂം കാരക്കാട് അബൂബക്കര്‍ മുസ്‌ലിയാര്‍, മര്‍ഹൂം കുഞ്ഞിപ്പോക്കര്‍ മുസ്‌ലിയാര്‍, മര്‍ഹൂം മാഹി മൗലാനാ മുസ്‌ലിയാര്‍, മര്‍ഹൂം കക്കിടിപ്പുറം അബൂബക്കര്‍ മുസ്‌ലിയാര്‍, മര്‍ഹൂം പുതിയാപ്പിള അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, മര്‍ഹൂം ചട്ടിക്കല്‍ അബ്ദുല്ലക്കുട്ടി മുസ്‌ലിയാര്‍, മര്‍ഹൂം മാട്ടായ ശൈഖ്, മര്‍ഹൂം പതി അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, മര്‍ഹൂം അമ്പംകുന്ന് ബീരാന്‍ ഔലിയ, മര്‍ഹൂം അകലാട് അബ്ദു മുസ്‌ലിയാര്‍, മര്‍ഹൂം സി.എം. മടവൂര്‍, മര്‍ഹൂം ചിയാമു മുസ്‌ലിയാര്‍, മര്‍ഹൂം സയ്യിദ് ദാല്‍, മര്‍ഹൂം മാനു മുസ്‌ലിയാര്‍, മര്‍ഹൂം കെ.വി. മുഹമ്മദ് മുസ്‌ലിയാര്‍ തുടങ്ങി നിരവധി പണ്ഡിതമഹത്തുക്കളുടെ ആത്മീയ വഴികളിലൂടെയായിരുന്നു തൊഴിയൂര്‍ ഉസ്താദിന്റെ സഞ്ചാരം. നിരവധി ദീനീപ്രവര്‍ത്തനങ്ങള്‍ക്ക് ക്രിയാത്മകമായി നേതൃത്വം നല്‍കിയ ഉസ്താദിന് മുസ്‌ലിംകള്‍ ഏറെ തിങ്ങിത്താമസിക്കുന്ന ചാവക്കാട് മേഖലയില്‍ സമസ്തയുടെ ഒരു വൈജ്ഞാനികസമുച്ചയം പടുത്തയര്‍ത്തണമെന്നത് ഏറെ കാലത്തെ ആഗ്രഹമായിരുന്നു. കഠിനപ്രയത്‌ന ഫലമായാണ് ദാറുറഹ്മ എന്ന സ്ഥാപനം ഉയര്‍ന്നത്. നാല് പതിറ്റാണ്ടിന്റെ നിറവില്‍ മധ്യകേരളത്തിന്റെ അഭിമാനസ്ഥാപനമായി ദാറുറഹ്മ മാറിക്കഴിഞ്ഞു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗമായും പിന്നീട് മുശാവറ അംഗമായും ഉയര്‍ന്നുവന്നു. കെ.വി. ഉസ്താദിന്റെ വിയോഗാനന്തരം സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഉസ്താദ് 2000 മുതല്‍ 2004 വരെ സംഘടനയ്ക്ക് ക്രിയാത്മക നേതൃത്വം നല്‍കി. സംഘടനയ്ക്ക് പല നിര്‍ണായക മുന്നേറ്റങ്ങളും ഈ കാലയളവില്‍ നേടാന്‍ സാധിച്ചു. മര്‍ഹൂം കെ.വി. ഉസ്താദ് അവാര്‍ഡ്, മര്‍ഹൂം കെ.കെ. ഹസ്‌റത്ത് അവാര്‍ഡ് തുടങ്ങിയവ തൊഴിയൂര്‍ ഉസ്താദിന്റെ കൂടി പ്രത്യേക താല്‍പര്യത്തില്‍ സ്ഥാപിതമായതാണ്. തുടര്‍ന്ന് എല്ലാ വര്‍ഷവും ഈ അവാര്‍ഡുകള്‍ നല്‍കിവരുന്നു. മദ്‌റസാ അധ്യാപന രംഗത്തെ വന്‍ മുന്നേറ്റമായി തുടങ്ങിയ മുഅല്ലിം ട്രെയിനിങ് സെന്റര്‍ തുടങ്ങിയത് പ്രസ്തുത കാലഘട്ടത്തിലായിരുന്നു. മുഅല്ലിം ക്ഷേമനിധിക്ക് വ്യക്തമായ നിയമനിര്‍ദേശങ്ങളുണ്ടാക്കുന്നതിലും നിയമരേഖ ഒരുക്കുന്നതിലും അദ്ദേഹം നിര്‍ണായകമായ പങ്ക് വഹിച്ചു. മര്‍ഹൂം വാണിയമ്പലം അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, മര്‍ഹൂം കെ.പി. ഉസ്മാന്‍ സാഹിബ്, കെ.വി ഉസ്താദ്, കെ.കെ ഹസ്‌റത്ത്, അബൂബക്കര്‍ നിസാമി, സി.എച്ച്. ഹൈദ്രോസ് മുസ്‌ലിയാര്‍, എം.എം ബശീര്‍ മുസ്‌ലിയാര്‍, വി.പി.എം അസീസ് മാസ്റ്റര്‍, എം.പി ഹസന്‍ മുസ്‌ലിയാര്‍, കെ.ടി. മാനുമുസ്‌ലിയാര്‍ എന്നിവര്‍ക്കൊപ്പം ജംഇയ്യത്തുല്‍ മുഅല്ലിമീന്റെയും ക്ഷേമനിധിയുടെയും പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയായി. സംഘടനാ യോഗങ്ങളിലും പ്രാസ്ഥാനിക ചടങ്ങുകളിലും പ്രായാധിക്യം പോലും വകവെക്കാതെ അദ്ദേഹം പങ്കുകൊണ്ടു.

മക്കള്‍: ഖദീജ, അബ്ദുറഹ്മാന്‍, ഹസന്‍, ഫാത്തിമ, മന്‍സൂര്‍, ത്വയ്യിബ് ഇബ്രാഹിം, നിഅമത്ത്, ഖ്വാജാ ഹുസൈന്‍. മരുമക്കള്‍: അബ്ദുല്‍ കരീം ഫൈസി പൈങ്കണിയൂര്‍, ഇബ്രാഹിം, നൗഷാദ്.

തൊഴിയൂര്‍ ഊസ്താദ് എന്ന പേരില്‍ വിശ്രുതനായ അദ്ദേഹം 2015 ആഗസ്ത് 16 രാത്രി പതിനൊന്നു മണിക്ക് തന്റെ 80 ാം വയസ്സില്‍ മരണപ്പെട്ടു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter