വരക്കല്‍ മുല്ലക്കോയ തങ്ങള്‍

ഹളര്‍മൗത്തില്‍ നിന്നും ഇസ്‌ലാമിക പ്രചരണത്തിനായി കേരളത്തില്‍ വന്ന സയ്യിദ് ബാഅലവി മുഹമ്മദലി ഹാമിദ് തങ്ങളുടെ സന്താനപരമ്പരയില്‍പ്പെട്ട മഹാനാണ് സയ്യിദ് അബ്ദുറഹ്മാന്‍ മുല്ലക്കോയ തങ്ങള്‍. കോഴിക്കോട് പുതിയങ്ങാടിയില്‍ അന്നത്തെ നാടുവാഴി നല്‍കിയ വിശാലമായ സ്ഥലത്താണ് തങ്ങളുടെ ജന്മംകൊണ്ടനുഗ്രഹീതമായ വീട്. ജ്ഞാനികളുടെ സംഗമസ്ഥലമായിത്തീരുന്ന ആ ഭവനത്തില്‍ വളര്‍ന്ന തങ്ങള്‍ക്ക് മത വിജ്ഞാനം കരസ്ഥമാക്കാന്‍ പ്രയാസമുണ്ടായിരുന്നില്ല. വിജനമായിരുന്ന ആ പ്രദേശം തങ്ങളുടെ സാന്നിധ്യം കാരണം ജനനിബിഡമായിത്തുടങ്ങി. വീടുകളും,കച്ചവട സ്ഥാപനങ്ങളും ഉടലെടുത്തു. അങ്ങിനെ പുതിയങ്ങാടി എന്ന് പേര് സിദ്ധിച്ചു. തീവണ്ടിമാര്‍ഗ്ഗമായിരുന്നു അന്ന് ജനങ്ങള്‍ പുതിയങ്ങാടിയില്‍ എത്തിയിരുന്നത്. ഇന്നത്തെ വെസ്റ്റ്ഹില്‍ റെയില്‍വെ സ്റ്റേഷന്‍ അക്കാലത്ത് വരക്കല്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അന്ന് ചെന്നെത്തിയിരുന്നത് വരക്കല്‍ തറവാട്ടിലായിരുന്നു. ജാതിമതഭേതമന്ന്യേ എല്ലാവരും ആദരിക്കുന്ന വിജ്ഞാനത്തിന്റെ നിറകുടമായിരുന്നു വരക്കല്‍ മുല്ലക്കോയ തങ്ങള്‍. മുസ്‌ലിമീങ്ങള്‍ അവരുടെ ആത്മീയ ആചാര്യനായി തങ്ങളെ ആദരിച്ചുപോന്നു. അവിടത്തെ തിരുനാവിന് എതിര്‍ നാവുണ്ടായിരുന്നില്ല.

1921-നു ശേഷം ചില ശിഥില ചിന്തകള്‍ കേരളത്തില്‍ ഉടലെടുത്തു തുടങ്ങി.  ഈ പുതിയ ചിന്താഗതികൊണ്ടുണ്ടായിത്തീരുന്ന ദൂരവ്യാപക വിപത്തുകളെ സംബന്ധിച്ച് തങ്ങള്‍ ബോധവാനായിരുന്നു. ബിദ്അത്തുകള്‍ പ്രത്യക്ഷപ്പെടുകയും, ഉലമാക്കള്‍ മൗനമവലംബിക്കുകയും ചെയ്താല്‍ അവരുടെ മേല്‍ അള്ളാഹുവിന്റെ ശാപമുണ്ടാകുമെന്ന തിരുവചനം അദ്ദേഹത്തെ ആകുല ചിത്തനാക്കി. പിന്നെ ഒട്ടും താമസമുണ്ടായില്ല. പാങ്ങില്‍ അഹ്മദ്കുട്ടി മുസ്‌ലിയാരെ പോലുള്ള മഹാപ്രതിഭകളായ പണ്ഡിത വരേണ്യരെയെല്ലാം പുതിയങ്ങാടിയിലേക്ക് ക്ഷണിച്ചു. നിലവിലുള്ള സാഹചര്യങ്ങളെക്കുറിച്ച് വിശകലനം ചെയ്തു ഉലമാക്കള്‍ ഒന്നിച്ചു നിന്ന് സമൂഹത്തിന് നേരായ മാര്‍ഗ്ഗം കാണിച്ചു കൊടുക്കേണ്ടത് ഇന്നിന്റെ ആവശ്യമാണ്. അതിനായി നമുക്കൊരു വേദി വേണം. അഥവാ സുശക്തമായ ഒരു സംഘടന അത്യാവശ്യമാണ്. വരക്കല്‍ മുല്ലക്കോയ തങ്ങള്‍ ഉപദേശിച്ചു. അനന്തരം കോഴിക്കോട് കുറ്റിച്ചിറ വലിയ ജുമാ മസ്ജിദില്‍ വിപുലമായ ഒരു യോഗം ചേര്‍ന്നു. പി.കെ. മുഹമ്മദ് മീരാന്‍ മുസ്‌ലിയാര്‍ പ്രസിഡണ്ടും, പാറോണ്‍ ഹുസൈന്‍ സാഹിബ് സെക്രട്ടറിയുമായി ഒരു കമ്മിറ്റി തെരെഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്നു പാങ്ങില്‍ അഹ്മദ്കുട്ടി മുസ്‌ലിയാര്‍ മലബാറിലെ പ്രശസ്തരായ ആലിമീങ്ങളെ സമീപിച്ച് തങ്ങളുടെ നിര്‍ദ്ദേശം അറിയിക്കുകയും അങ്ങിനെ മുല്ലക്കോയ തങ്ങളുടെ മഹനീയ അദ്ധ്യക്ഷതയില്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ ഒരു യോഗം ചേരുകയും, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ എന്ന പണ്ഡിതസഭക്കു രൂപം നല്‍കുകയും ചെയ്തു. സംഘടനയുടെ അദ്ധ്യക്ഷന്‍ ബഹു. തങ്ങള്‍ തന്നെയായിരുന്നു. 1932-ലാണ് മഹാനവര്‍കള്‍ വഫാത്തായത്. സമസ്തയുടെ സ്ഥാപകന്‍, പ്രഥമ മുശാവറയുടെ അധ്യക്ഷന്‍ എന്നീ നിലകളിലും മഹാനവര്‍കള്‍ സ്മരണീയനാണ്.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter