ഇമ്പിച്ചി മുസ് ലിയാര്‍: പഴയ തലമുറയിലെ പ്രതിഭാധനനായൊരു പണ്ഡിതന്‍

മുഹമ്മദ് ഇമ്പിച്ചി മുസ്‌ലിയാര്‍. പഴയ പണ്ഡിത തലമുറയിലെ ഒരു കണ്ണി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സന്ദേശം മഹല്ലത്തുകളില്‍ എത്തിക്കുന്നതിനും മദ്‌റസകളെ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ അണിനിരത്തുന്നതിനും ആദ്യകാലത്ത് വളരെയധികം പ്രയത്‌നിച്ചവരില്‍ മുന്‍നിരയില്‍ തന്നെയായിരുന്നു ഇമ്പിച്ചി മുസ്‌ലിയാര്‍.

നല്ല മലയാളത്തില്‍ മത പ്രസംഗം നടത്തുന്ന പണ്ഡിതന്‍മാര്‍ അധികമില്ലാതിരുന്ന തൊള്ളായിരത്തി നാല്‍പതുകളിലും അമ്പതുകളിലും ഭാഷാസ്ഫുടതയും ആശയ സമ്പത്തും കൊണ്ട് ജനങ്ങളെ ആകര്‍ഷിച്ച  വാഗ്മികളില്‍ ഒരാളായിരുന്നു യുവാവായ ഇമ്പിച്ചി മുസ്‌ലിയാര്‍. ബാഖിയാത്തില്‍നിന്ന് ബിരുദം വാങ്ങി തൊള്ളായിരത്തി നാല്‍പതുകളില്‍ കര്‍മരംഗത്തിറങ്ങിയ ഇമ്പിച്ചി മുസ്‌ലിയാര്‍, ആറു പതിറ്റാണ്ടു കാലം പരിശുദ്ധ ദീനിനും സമുദായത്തിനും വേണ്ടി ആത്മാര്‍ത്ഥമായി യത്‌നിച്ചു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമഃ മുശാവറയില്‍ കാലദൈര്‍ഘ്യമുള്ള മുശാവറാംഗം അദ്ദേഹമായിരുന്നു. 1951 മാര്‍ച്ച് 23,24,25 തിയ്യതികളില്‍ വടകരയില്‍ ചേര്‍ന്ന സമസ്തയുടെ 19-ാം സമ്മേളനത്തോടനുബന്ധിച്ച് 23ന് വെള്ളിയാഴ്ച ജുമുഅക്കു ശേഷം വടകര ജുമുഅത്തു പള്ളിയില്‍ ചേര്‍ന്ന മുശാവറ യോഗത്തില്‍ വെച്ചാണ് ഇമ്പിച്ചി മുസ്‌ലിയാര്‍  മുശാവറയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. മര്‍ഹൂം ശൈഖുനാ ശംസുല്‍ ഉലമയും മര്‍ഹൂം കോട്ടുമല ഉസ്താദും മുശാവറയിലേക്കു തെരഞ്ഞെടുക്കപ്പെട്ടതും പ്രസ്തുത യോഗത്തില്‍വെച്ചു തന്നെ. വടകര സമ്മേളനം റിപ്പോര്‍ട്ടു ചെയ്ത 1951 ഏപ്രില്‍ മാസത്തെ 'അല്‍ബയാന്‍' അറബിമലയാള മാസികയില്‍ പ്രസ്തുത സമ്മേളന വാര്‍ത്തയില്‍ ഇങ്ങനെ കാണാം: ''വടകര ജുമുഅത്തു പള്ളിയില്‍ 1951 മാര്‍ച്ച് 21നു വെള്ളിയാഴ്ച ജുമുഅക്കു ശേഷം ആരംഭിച്ച മുശാവറ യോഗം 23നു ഞായറാഴ്ച എട്ടു മണിവരെ നീണ്ടു നിന്നു. വൈസ്പ്രസിഡന്റ് ടി. കുഞ്ഞായീന്‍ മുസ്‌ലിയാര്‍ (കൊയപ്പ) ആയിരുന്നു അദ്ധ്യക്ഷന്‍. മര്‍ഹൂം കൈപ്പറ്റ മമ്മുട്ടി മുസ്‌ലിയാര്‍, ചെറിയമുണ്ടം കുഞ്ഞിേപ്പാക്കര്‍ മുസ്‌ലിയാര്‍, ടി.കെ. ഇബ്‌റാഹീം കുട്ടി മുസ്‌ലിയാര്‍, പി.വി. മുഹമ്മദ് മൗലവി കോഴിക്കോട് എന്നിവരുടെ നിര്യാണം മൂലം വന്ന ഒഴിവിലേക്ക് ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാര്‍, ടി. അബൂബക്കര്‍ മുസ്‌ലിയാര്‍, സി.പി. ബാവ മുസ്‌ലിയാര്‍ എടക്കുളം, പി. മുഹമ്മദ് ഇമ്പിച്ചി മുസ്‌ലിയാര്‍  എന്നിവരെ മുശാവറ അംഗങ്ങളായി തിരഞ്ഞെടുത്തു.

സമസ്തയുടെ തുടക്കം മുതല്‍ 1993 വരെ അറുപത്തേഴു വര്‍ഷം മുശാവറയില്‍ അംഗമായ മര്‍ഹൂം കണ്ണിയത്ത് ഉസ്താദ് ആണ് കാലദൈര്‍ഘ്യത്തില്‍ റിക്കാര്‍ഡ് ഉള്ള മുശാവറ അംഗം. അതു കഴിഞ്ഞാല്‍ ഏറ്റവും അധികകാലം മുശാവറ അംഗമായി തുടരാന്‍ ഭാഗ്യം ലഭിച്ചത് ഇമ്പിച്ചി മുസ്‌ലിയാര്‍ക്കായിരിക്കും (1951-2005). വടകര സമ്മേളനത്തില്‍വെച്ച് രൂപീകൃതമായ സമസ്ത കേരള വിദ്യാഭ്യാസ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കാനും പ്രഥമ എക്‌സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുക്കുവാനുമായി 1951 സെപ്തംബര്‍ 17നു വാളക്കുളം പുതുപ്പറമ്പ് ജുമുഅത്തു പള്ളിയില്‍ ചേര്‍ന്ന ഉലമാക്കളുടെയും വിദ്യാഭ്യാസ വിചക്ഷണന്‍മാരുടെയും യോഗത്തില്‍ ഇമ്പിച്ചി മുസ്‌ലിയാര്‍  പങ്കെടുത്തിട്ടുണ്ട്. പ്രസ്തുത യോഗത്തില്‍വെച്ചു തിരഞ്ഞെടുത്ത സമസ്ത കേരള ഇസ്‌ലാംമത വിദ്യഭ്യാസ ബോര്‍ഡിന്റെ പ്രഥമ മുപ്പത്തിമൂന്നംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ 22-ാം നമ്പര്‍ ആയി രേഖപ്പെടുത്തപ്പെട്ടത് പി. ഇമ്പിച്ചി മുസ്‌ലിയാര്‍ തൂത എന്നു കാണാം. കേരളത്തില്‍ വിശിഷ്യാ, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ മദ്‌റസകള്‍ സ്ഥാപിക്കുന്നതിന് അദ്ദേഹത്തിന്റെ കര്‍മ്മനിരതമായ പ്രവര്‍ത്തനങ്ങളും മതപ്രസംഗങ്ങളും വളരെയധികം ഫലം ചെയ്തിട്ടുണ്ട്. അരിപ്ര, തൂത തുടങ്ങിയ സ്ഥലങ്ങളില്‍ അദ്ദേഹം ദീര്‍ഘകാലം മുദരിസായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സമസ്തയുടെ സന്ദേശപ്രചാരകനായിരുന്നു അദ്ദേഹം. 1970-ല്‍ സമസ്ത മുശാവറ ജില്ലാ ഘടകങ്ങള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചതനുസരിച്ച്  തൃശൂര്‍ ജില്ലാ കമ്മിറ്റി രൂപീകൃതമായപ്പോള്‍ പ്രഥമ ജില്ലാ പ്രസിഡന്റ് അദ്ദേഹമായിരുന്നു. വല്ലപ്പുഴ യതീംഖാന, ചെറുതുരുത്തി യതീംഖാന, ദേശമംഗലം ബനാത്ത്  തുടങ്ങി അനവധി സ്ഥാപനങ്ങളുടെ സംസ്ഥാപനങ്ങളില്‍ അദ്ദേഹത്തിന്റെ പങ്ക് നിസ്സീമമാണ്. 1996-ല്‍ നടന്ന സമസ്തയുടെ എഴുപതാം വാര്‍ഷികം വരെ കര്‍മ്മനിരതനായിരുന്നു ഇമ്പിച്ചി മുസ്‌ലിയാര്‍.

ശൈഖുനാ ശംസുല്‍ ഉലമ, കോട്ടുമല ഉസ്താദ്, ബാഫഖി തങ്ങള്‍, പൂക്കോയ തങ്ങള്‍ എന്നിവരെ വളരെയധികം ഇഷ്ടപ്പെടുകയും അവരുടെ ഏറ്റവും അടുത്ത വ്യക്തികളില്‍ ഒരാളുമായിരുന്നു അദ്ദേഹം. വെല്ലൂരില്‍  കോട്ടുമല ഉസ്താദിന്റെ സഹപാഠിയായിരുന്നു ഇമ്പിച്ചി മുസ്‌ലിയാര്‍; ശംസുല്‍ ഉലമ ഉസ്താദും. ജാമിഅഃ നൂരിയ്യയുടെ പ്രവര്‍ത്തക സമിതിയിലും പരീക്ഷാ ബോര്‍ഡിലും അംഗമായിരുന്നു അദ്ദേഹം. ബാഫഖി തങ്ങള്‍ പ്രത്യേകം താല്‍പര്യമെടുത്ത് 1971-72ല്‍ ജാമിഅ ക്യാമ്പസിലെ റഹ്മാനിയ്യ മസ്ജിദില്‍ ഇമ്പിച്ചി മുസ്‌ലിയാരുടെ നേതൃത്വത്തില്‍ ഒരു ദര്‍സ് ആരംഭിച്ചിരുന്നു. ഇമ്പിച്ചി മുസ്‌ലിയാരോട് ബാഫഖി തങ്ങള്‍ക്കുണ്ടായിരുന്ന ആദരവാണ് പ്രസ്തുത ദര്‍സിനു വഴിയൊരുക്കിയത്. ബാഫഖി കുടുംബത്തിലെ കുട്ടികളെ മുതഅല്ലിമുകളാക്കി തങ്ങള്‍ പ്രസ്തുത ദര്‍സല്‍ പ്രത്യേകം താല്‍പര്യമെടുത്തു.

ഈ വിനീതന്‍ നാലു വര്‍ഷം മുമ്പ് സുന്നി അഫ്കാര്‍ വാരികയില്‍ സമസ്തയുടെ ചരിത്രം ലേഖന പരമ്പര എഴുതിക്കൊണ്ടിരുന്നപ്പോള്‍ സമസ്തയുടെ ചരിത്രം പഠിക്കാനായുള്ള യാത്രയില്‍ ഇമ്പിച്ചി മുസ്‌ലിയാരേയും സമീപിക്കുകയുണ്ടായി. 1950-കളുടെ ആദ്യത്തില്‍ മുള്ള്യാകുര്‍ശി (ശാന്തപുരം) കേന്ദ്രീകരിച്ചുകൊണ്ട് മൗദൂദിസം പ്രചരിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ വഹാബി-മൗദൂദികളോട് എങ്ങനെ വര്‍ത്തിക്കണമെന്ന് ആലോചിക്കുന്നതിനു ഉന്നതരായ പണ്ഡിതന്‍മാരുടെ ഒരു കോണ്‍ഫ്രന്‍സ് പെരിന്തല്‍മണ്ണയില്‍ വിളിച്ചുചേര്‍ക്കണമെന്ന് 1953 മാര്‍ച്ച് 20-ന് കാര്യവട്ടത്ത് വെച്ചു ചേര്‍ന്ന പരിസര മഹല്ലുകളിലെ ഖാസി -കാരണവന്‍മാരുടെ യോഗം തീരുമാനിച്ചതനുസരിച്ച് 1953 മാര്‍ച്ച് 27ന് പെരിന്തല്‍മണ്ണയില്‍ ഉന്നത ഉലമാക്കളുടെ ചര്‍ച്ചായോഗം നടന്നിരുന്നു. മൗലാനാ അഹ്മദ് കോയ ശാലിയാത്തി, മൗലാനാ ഖുത്വുബി മുഹമ്മദ് മുസ്‌ലിയാര്‍, പാനായിക്കുളം പുതിയാപ്പ അബ്ദു റഹ്മാന്‍ മുസ്‌ലിയാര്‍, അമാനത്ത് ഹസന്‍കുട്ടി മുസ്‌ലിയാര്‍, കരിമ്പനക്കല്‍ ഹൈദ്രു മുസ്‌ലിയാര്‍ കുന്നപ്പള്ളി, കെ.കെ.സ്വദഖത്തുല്ല മുസ്‌ലിയാര്‍, താഴക്കോട് കുഞ്ഞലവി മുസ്‌ലിയാര്‍ തുടങ്ങിയ ഉന്നത ആലിമുകള്‍ സമ്മേളിച്ച പ്രസ്തുത സമ്മേളനത്തില്‍ നേരില്‍ പങ്കെടുത്ത ഒരാളെ കണ്ട് അതു സംബന്ധിച്ചു പഠിക്കണമെന്ന ആഗ്രഹം ഈ വിനീതന്‍ മര്‍ഹൂം പി.വി.എസ്. മുസ്ത്വഫ പൂക്കോയ തങ്ങളോടു  പ്രകടിപ്പിച്ചപ്പോള്‍ തങ്ങള്‍ ഇമ്പിച്ചി മുസ്‌ലിയാരെയാണ് നിര്‍ദ്ദേശിച്ചുതന്നത്.

പ്രസ്തുത പണ്ഡിത ചര്‍ച്ചാ യോഗത്തില്‍ ഉന്നതരായ പണ്ഡിതന്‍മാരുടെ സദസ്സില്‍ കിതാബുകള്‍ വായിച്ചിരുന്നതും മറ്റും അന്ന് യുവ പണ്ഡിതനായിരുന്ന ഇമ്പിച്ചി മുസ്‌ലിയാര്‍ ആയിരുന്നു എന്നത് പി.വി.എസ് പറഞ്ഞതനുസരിച്ചാണ് ഞാന്‍ ഇമ്പിച്ചി മുസ്‌ലിയാരെ കാണാന്‍ പോയത്. അദ്ദേഹത്തിന്റെ അടുത്തു ചെന്ന് കാര്യങ്ങള്‍ പറഞ്ഞു. അദ്ദേഹം പ്രസ്തുത സമ്മേളനത്തിന്റെ ഏകദേശം വിവരം പറഞ്ഞുതന്നു. പക്ഷെ, അദ്ദേഹത്തിന്റെ കേള്‍വിക്കുറവു കാരണം കൂടുതല്‍ ചര്‍ച്ചക്ക് കഴിഞ്ഞില്ല. രാവിലെ എട്ടു മണി മുതല്‍ ആറു മണിവരെയായിരുന്നു പ്രസ്തുത പണ്ഡിത ചര്‍ച്ചായെന്നും ക്ഷണിച്ചു വരുത്തിയ ഉന്നത ആലിമുകള്‍ക്ക് പുറമെ അനവധി പണ്ഡിതന്‍മാര്‍ പങ്കെടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രസ്തുത സമ്മേളന സംഘാടകനും പരിസരത്തുള്ള മഹല്ലത്തുകളിലെ ഖാസി - കാരണവന്‍മാരും കൂടി സമര്‍പ്പിച്ച 'സുആലിന്' മറുപടിയായിരുന്നു ചര്‍ച്ചാവിഷയം.

വഹാബി, മൗദൂദി ആശയക്കാരുമായി സുന്നികള്‍ വര്‍ത്തിക്കേണ്ട നിലപാടിനെക്കുറിച്ചായിരുന്നു സുആല്‍. ദീര്‍ഘമായ ചര്‍ച്ചക്കു ശേഷം ഉലമാക്കള്‍ ഒപ്പുവെച്ചു നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു: ''സുആലില്‍ വിവരിച്ച ഇരു കക്ഷികളും ദീനിന്റെ അഇമ്മത്തിന്റെ കിതാബുകളില്‍ സ്ഥിരപ്പെട്ട ഹുകുമുകളെ റദ്ദാക്കിയവരും അതിനെതിരായ പല വാദങ്ങളും ഉന്നയിച്ചു ജനങ്ങളെ വഴിപിഴപ്പിക്കുന്നവരും ആയതിനാല്‍ അവര്‍ സംശയം തീര്‍ത്ത മുബ്തദിഉകളും മുഫ്‌സിദുകളും ആയതുകൊണ്ട് അവന്‍മാരുമായി മുബ്ത്തദിഉകളുമായി പെരുമാറുന്ന നിലയില്‍ പെറുമാറല്‍ നിര്‍ബന്ധമാണെന്നതില്‍ സംശയമില്ല. മുബ്തദിഉകളുമായി പെരുമാറേണ്ടുന്ന ചുരുക്കം ചില സംഗതികള്‍ താഴെ വിവരിക്കാം: 1) അവരുമായി കൂടി പെരുമാറാതിരിക്കുക. 2)അവരുമായി കണ്ടുമുട്ടിയാല്‍ അവര്‍ക്ക് സലാം ചൊല്ലാതിരിക്കുക. 3) അവര്‍ സലാം ചൊല്ലിയാല്‍ മടക്കാതിരിക്കുക. 4) അവരുമായി വിവാഹബന്ധം നടത്താതിരിക്കുക. 5) അവരെ തുടര്‍ന്നു നിസ്‌കരിക്കാതിരിക്കുക.''

പ്രസ്തുത ചര്‍ച്ചാസമ്മേളനം കൊണ്ടുണ്ടായ നേട്ടം ഇമ്പിച്ചി മുസ്‌ലിയാര്‍ പറഞ്ഞത്, ''പാക്കിസ്ഥാനില്‍നിന്ന് മുള്ള്യാര്‍കുര്‍ശിക്കാര്‍ ഇറക്കുമതി ചെയ്ത മൗദൂദിസം ശാന്തപുരം കൊണ്ട് പരിമിതമായി. മറ്റു മഹല്ലുകളിലേക്ക് മൗദൂദിസം പകരാതിരിക്കാന്‍ പെരിന്തല്‍മണ്ണയില്‍ നടന്ന പണ്ഡിത സമ്മേളനം മുഖേന സാധിച്ചു''വെന്നാണ്.

പഴയ ചരിത്രമറിയുന്ന പണ്ഡിതന്‍മാര്‍ നമ്മില്‍നിന്ന് വിടവാങ്ങിക്കൊണ്ടിരിക്കുന്നു. ആദര്‍ശ പ്രചരണത്തിനു നമ്മുടെ മുന്‍ഗാമികളുടെ ചരിത്രം പഠിക്കല്‍ അത്യാവശ്യമാണ്.

പി.പി. മുഹമ്മദ് ഫൈസി 

<img alt=" width=" 1"="" height="1">

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter