വെളിയങ്കോട്ടെ ഉമര്‍ഖാസി(റ)

വെളിയങ്കോട്ടെ 'ഖാസിയാരകത്ത്' തറവാട്ടില്‍, ചാലിയത്തെ പ്രഥമ ഖാസിയായിരുന്ന ശൈഖ് ഹസന്‍ താബിഈ(റ) അവര്‍കളുടെ കുടുംബ പരമ്പരയില്‍പ്പെട്ട ആലി മുസ്‌ലിയാരുടെയും ആമിനയുടെയും പുത്രനായി ഹിജ്‌റാബ്ദം 1177 റബീഉല്‍ അവ്വല്‍ 10നാണ് ഉമര്‍ ഖാസി(റ) ജനിക്കുന്നത്. മകന്‍ പ്രഗത്ഭനായൊരു പണ്ഡിതനായി കാണാനുള്ള പിതാവിന്റെ ഉല്‍ക്കടമായ ആഗ്രഹം കൊണ്ടു തന്നെ വെളിയങ്കോട്ട് ഏതു വലിയ പണ്ഡിതന്‍മാര്‍ വരുമ്പോഴും കുട്ടിയെയും കൂട്ടി അവരെക്കൊണ്ട് പ്രാര്‍ത്ഥിക്കുമായിരുന്നു ആ പിതാവ്. പത്ത് വയസാകും മുമ്പ് ആദ്യം മാതാവും പിന്നീട് പിതാവും മരണപ്പെട്ടു. മരിക്കുന്നതിനു മുമ്പേ പിതാവില്‍നിന്ന് മതത്തിന്റെ പ്രാഥമിക പാഠങ്ങള്‍ ഉമര്‍(റ) പഠിച്ചുവെച്ചിരുന്നു. പതിനൊന്നാം വയസില്‍ ഉമര്‍ ഖാസി(റ) താനൂരിലെ ദര്‍സില്‍ ചേര്‍ന്നു. മഖ്ദൂം കുടുംബാംഗമായ അഹമ്മദ് മുസ്‌ലിയാരായിരുന്നു അക്കാലത്തെ താനൂരിലെ മുദര്‍രിസ്. ഇബ്‌നു മാലികി(റന്റെ വിഖ്യാതമായ 'അല്‍ഫിയ്യ' അടക്കം പല ഗ്രന്ഥങ്ങളും ഉമര്‍ ഖാസി(റ) താനൂരില്‍ നിന്നു പഠിച്ചു. ഉമര്‍ ഖാസി(റ)യുടെ ജീവിതത്തില്‍ വലിയ കൂട്ടായിരുന്ന മൗലാന അബൂബക്കര്‍ബ്‌നുഹിശാം എന്ന ഔക്കോയ മുസ്‌ലിയാര്‍(റ)വിനെ സഹപാഠിയായി കിട്ടിയത് താനൂരില്‍ വെച്ചായിരുന്നു. ഉമര്‍ ഉമറായത് താനൂരില്‍നിന്നാണെന്ന് താനൂരിലെ പഠനത്തെ കുറിച്ച് ഉമര്‍ ഖാസി(റ) പറയുമായിരുന്നുവത്രെ. പില്‍ക്കാലത്ത് ഉമര്‍ ഖാസി(റ)യും ഔക്കോയ മുസ്‌ലിയാരും(റ) താനൂരിലെ മുദര്‍രിസുമാരായിട്ടുണ്ട്. ഉപരിപഠനാര്‍ത്ഥം താനൂര് വിട്ട് പൊന്നാനി ദര്‍സില്‍ ചേര്‍ന്നു ഉമര്‍ ഖാസി(റ). 13 വയസായിരുന്നു അപ്പോള്‍ ഉമര്‍ ഖാസി(റ)യുടെ പ്രായം. ശൈഖ് മമ്മിക്കുട്ടി ഖാസിയവര്‍കളായിരുന്നു പൊന്നാനിയിലെ ഉസ്താദ്. ഔക്കോയ മുസ്‌ലിയാരടക്കം പ്രഗത്ഭരായ പല പണ്ഡിതരും സഹപാഠികളായി പൊന്നാനിയില്‍ ഉമര്‍ ഖാസി(റ)യുടെ കൂടെയുണ്ടായിരുന്നു. ഫത്ഹുല്‍ മുഈന്‍, മഹല്ലി, തുഹ്ഫ, തഫ്‌സീറുല്‍ ജലാലൈനി, മിന്‍ഹാജുല്‍ ആബിദീന്‍, ശര്‍ഹുല്‍ ഹികം, ഇഹ്‌യാഉലൂമിദ്ദീന്‍ തുടങ്ങിയ ഗ്രന്ഥങ്ങള്‍ പൊന്നാനിയില്‍ നിന്നു പഠിച്ചു. മമ്മിക്കുട്ടി ഖാസിയാരുടെ കീഴില്‍ ആറു വര്‍ഷമാണ് ഉമര്‍ ഖാസി(റ) പൊന്നാനിയില്‍ പഠിച്ചത്. തന്റെ ആത്മീയ ഗുരു കൂടിയായിരുന്ന മമ്മിക്കുട്ടി ഉസ്താദവര്‍കളുടെ നിര്യാണത്തോടെ ഉമര്‍ ഖാസി(റ) പൊന്നാനി വിട്ടു. പിന്നീടാണ് സതീര്‍ത്ഥ്യനായിരുന്ന ഔക്കോയ(അബുക്കോയ) മുസ്‌ലിയാരെയും കൂട്ടി മമ്പുറം സയ്യിദ് അലവി തങ്ങളെ(റ) സന്ദര്‍ശിക്കാന്‍ ഉമര്‍ ഖാസി(റ) പോകുന്നത്. ദീര്‍ഘനേര സംഭാഷണത്തിനിടെ മമ്പുറം തങ്ങള്‍ 'മുറബ്ബിയായ ശൈഖാണോ' എന്ന് ഒരുവേള ഉമര്‍ ഖാസി(റ) സംശയിച്ചുവെന്നും അതുമൂലം പഠിച്ചത് മുഴുവനും മറന്നുപോയെന്നും മമ്പുറം തങ്ങള്‍ മാലയിലും ഖിസ്സപ്പാട്ടിലും കാണാം. ഉടനെ ഉമര്‍ ഖാസി(റ)ക്ക് സത്യം ബോധ്യമാവുകയും ധാരണ തിരുത്തി മമ്പുറം തങ്ങളുടെ ആത്മീയ ശിക്ഷണം സ്വീകരിക്കുകയും ചെയ്തു. താനൂരിലെയും പൊന്നാനിയിലെയും പഠനം വഴി ഇസ്‌ലാമിലെ എല്ലാ ജ്ഞാനശാഖകളിലും തികവുള്ള പണ്ഡിതനായി ഉമര്‍ ഖാസി(റ) മാറി.

ഇമാം ഇബ്‌നു ഹജരില്‍ ഹൈതമി(റ)യുടെ തുഹ്ഫയും ഇമാം ഗസ്സാലി(റ)യുടെ ഇഹ്‌യാ ഉലൂമിദ്ദീനും ഉമര്‍ ഖാസി(റ)യെ വല്ലാതെ സ്വാധീനിച്ചിരുന്നു. കര്‍മശാസ്ത്ര തീര്‍പ്പുകളില്‍ തുഹ്ഫയെ പ്രബലപ്പെടുത്തുന്നതില്‍ അദ്ദേഹം അതീവ ശ്രദ്ധ കാണിച്ചിരുന്നു. തന്റെ ജന്മദേശമായ വെളിയങ്കോട്ടെ വലിയ ജുമുഅത്ത് പള്ളിയുടെ ഖാസിയായി അദ്ദേഹം അവരോധിതരായി. ചുരുങ്ങിയ കാലയളവില്‍ സമീപ പ്രദേശങ്ങളുടെയും മേല്‍ഖാസിയായി സേവനമാരംഭിച്ചു. അതോടെയാണ് ഉമര്‍ ഖാസി(റ) ആ പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. ഒരു സാമൂഹിക വിപ്ലവകാരി എന്ന രീതിയില്‍ ഉമര്‍ ഖാസി(റ) ശ്രദ്ധിക്കപ്പെടുന്നത് തന്റെ നികുതിനിഷേധ നിലപാടിലൂടെയായിരുന്നു. വെളിയങ്കോട് അംശം അധികാരി നികുതി ചുമത്തിയപ്പോള്‍ തന്റെ കടുത്ത നിലപാട് ഉമര്‍ ഖാസി(റ) അവരെ അറിയിച്ചു. സംഗതി വലിയ പ്രശ്‌നമാകുന്നുവെന്ന് കണ്ട തന്റെ ആത്മസൂഹൃത്ത് മരക്കാര്‍ സാഹിബ് ഉമര്‍ ഖാസി(റ)യുടെ നികുതി മരിക്കും വരെ ഞാന്‍ തരാമെന്നു പറഞ്ഞ് പ്രശ്‌നം ഒത്തുതീര്‍ത്തു. 1805-ല്‍ മരക്കാര്‍ സാഹിബ് മരിക്കുന്നതോടെ സംഗതി വീണ്ടും വഷളായി. മേലാധികാരിയായിരുന്ന തുക്ക്ടി നീബു സായിപ്പ് വരെ ഇടപെട്ട് ഉമര്‍ ഖാസി(റ)യെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. ഉമര്‍ ഖാസി(റ) വിപ്ലവവീര്യത്തോടെ നിലയുറപ്പിച്ചു നിന്നു. 'മാദാ തഖൂലു യാബത്വാല്‍' (എന്താ വിഡ്ഢീ, നീ പുലമ്പുന്നത്?) എന്നു ചോദിച്ച് തുക്ക്ടി സായ്പ്പിന്റെ മുഖത്തേക്ക് ഉമര്‍ ഖാസി(റ) കാര്‍ക്കിച്ചു തുപ്പി. തുക്ക്ടി സായ്പ്പ് ഇളിഭ്യനായി കൈലേസ്സ് കൊണ്ട് മുഖം തുടച്ച് ഉമര്‍ ഖാസി(റ)യെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടു. ചാവക്കാട്ടെ ജയിലില്‍ പൂട്ടിയിട്ട ഉമര്‍ ഖാസി(റ)യെ നേരം പുലര്‍ന്നപ്പോള്‍ കാണാനില്ല. ഉറങ്ങാതെ രാത്രി മുഴുവന്‍ മിഴി തുറന്നിരുന്ന ജയില്‍ കാവല്‍ക്കാര്‍ക്ക് തങ്ങളുടെ കണ്ണുകളെ അവിശ്വസിക്കേണ്ടിവന്നു. വിവരമറിഞ്ഞു അധികാരി വര്‍ഗം ഉമര്‍ ഖാസി (റ)യുടെ വെളിയങ്കോട്ടെ വീട് വളഞ്ഞു. ഉമര്‍ ഖാസി(റ) അപ്പോഴേക്കും കോടഞ്ചേരി പള്ളിയിലേക്ക് ളുഹാ നിസ്‌കരിക്കാന്‍ പോയിരുന്നു.

സംഗതി മനസ്സിലാക്കിയ ഉമര്‍ ഖാസി(റ) ഒരു വിശ്വസ്ത സുഹൃത്തിനെ വിളിച്ച് ചാവക്കാട്ടെ ജയിലില്‍ നിന്ന് അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് രക്ഷപ്പെട്ടതാണെന്നും ഉടന്‍ ഞാന്‍ അങ്ങോട്ട് വരാമെന്നവരോട് പറയണമെന്നും പറഞ്ഞേല്‍പ്പിച്ചു. പിന്നീട് അവര്‍ ഉമര്‍ ഖാസി(റ)യെ കൂട്ടി കോഴിക്കോട് ജയിലിലേക്ക് പോയി. അവിടെ കുറച്ചു ദിവസം ഉമര്‍ ഖാസി ജയില്‍വാസമനുഷ്ഠിച്ചു. വെളിയങ്കോട്ടെ സ്ഥിരം ഖാസിയും മറ്റനവധി സ്ഥലങ്ങളിലെ മേല്‍ഖാസിയുമായി സേവനമനുഷ്ഠിച്ചിരുന്ന ഉമര്‍ ഖാസി(റ) കുറേ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തന്റെ പഠനകേന്ദ്രമായിരുന്ന താനൂരിലേക്ക് അധ്യാപനാവശ്യാര്‍ത്ഥം തിരിച്ചുവരുന്നത്. 58 വയസായിരുന്നു അപ്പോള്‍ ഉമര്‍ ഖാസി(റ)ക്ക്. പല സ്ഥലങ്ങളിലേക്കും മുദര്‍രിസായി ക്ഷണിച്ചിരുന്നുവെങ്കിലും അവയൊക്കെ വിവിധ കാരണങ്ങളാല്‍ നിരസിച്ചിരുന്ന ഉമര്‍ ഖാസിക്ക് തന്റെ സതീര്‍ത്ഥ്യനായ അവുക്കോയ മുസ്‌ലിയാരുടെയും താനൂര്‍ ഖാസി മുഹമ്മദ് അവര്‍കളുടെയും ക്ഷണം സ്വീകരിക്കേണ്ടിവന്നു. താനൂരിലെ ജുമുഅത്ത് പള്ളിയില്‍ പ്രധാന ഉസ്താദായി ഉമര്‍ ഖാസി(റ) സേവനമനുഷ്ഠിച്ചു. ഉമര്‍ ഖാസി(റ) പള്ളിയുടെ മുകള്‍ തട്ടില്‍ വലിയ വിദ്യാര്‍ത്ഥികള്‍ക്കും അവുക്കോയ മുസ്‌ലിയാര്‍(റ) ചെറിയ വിദ്യാര്‍ത്ഥികള്‍ക്കും ദര്‍സ് നടത്തി. അക്കാലത്ത് വളരെ പ്രസിദ്ധിയാര്‍ജിച്ച ദര്‍സായിരുന്നു അത്. (വളരെ പഴക്കമുണ്ട് താനൂരിലെ ദര്‍സിന്. ഹിജ്‌റ 675-ല്‍ വലിയ പണ്ഡിതനായിരുന്ന ഹസ്‌റത്ത് മുഹമ്മദ്ബ്‌നു അബ്ദില്ലാഹില്‍ ഹള്‌റമി(റ) താനൂരില്‍ ദര്‍സ് നടത്തിയതായി വലിയ കുളങ്ങരപള്ളിയിലെ പുരാതന ഗ്രന്ഥപ്പുരയിലെ ഒരു കുറിപ്പില്‍ കാണാം.) താനൂരിലെ അധ്യാപന കാലത്ത് അവുക്കോയ മുസ്‌ലിയാരു(റ)ടെയും ഉമര്‍ ഖാസി(റ)യുടെയും ഇടയില്‍ വലിയ വൈജ്ഞാനിക സംവാദങ്ങള്‍ നടന്നിട്ടുണ്ട്.

ചില സ്ഥലങ്ങളില്‍ തറാവീഹ് നിസ്‌കാരത്തിന്റെ തുടക്കത്തിലും ഇടയിലുമൊക്കെയായി ചൊല്ലാറുള്ള സ്വലാത്ത് ബിദ്അത്തും തള്ളപ്പെടേണ്ടതുമാണെന്ന് അവുക്കോയ മുസ്‌ലിയാരും(റ) ശാഫിഈ കര്‍മശാസ്ത്ര ഉദ്ധരണി പ്രകാരം നല്ലതാണെന്ന് ഉമര്‍ ഖാസി(റ)യും വാദിച്ചു. ഈആനത്ത്, ശര്‍ഹുല്‍ ബഹ്ജ എന്നീ കിതാബുകളെ അടിസ്ഥാനപ്പെടുത്തി തന്റെ ഭാഗം സ്ഥിരപ്പെടുത്തിയ ഉമര്‍ ഖാസി(റ), അവുക്കോയ മുസ്‌ലിയാര്‍ അംഗീകരിക്കാതിരുന്നപ്പോള്‍ ഇങ്ങനെ പറഞ്ഞു: ''അദ്ദേഹം അതംഗീകരിക്കുന്നില്ലെങ്കില്‍ ഉമര്‍ പറയുന്നതിന് വീണ്ടും തെളിവായി അവുക്കോയ മുസ്‌ലിയാരുടെ താനൂര്‍ പള്ളിയിലെ ഇരിപ്പിടം അതാ കത്തുന്നു.'' അതേപ്രകാരം സംഭവിക്കുകയും ചെയ്തുവെന്ന് ചരിത്രം. ഉമര്‍ ഖാസി(റ)യുടെയും അവുക്കോയ മുസ്‌ലിയാരുടെയും ഇടയില്‍ ഇതേ വിഷയത്തില്‍ മാത്രമായിരുന്നു അഭിപ്രായ ഭിന്നത ഉണ്ടായിരുന്നത്. ഉമര്‍ ഖാസി(റ) വിവിധ കാലങ്ങളിലായി താനൂര്‍, മാറഞ്ചേരി, വെളിയങ്കോട് എന്നീ പ്രദേശങ്ങളില്‍ നിന്ന് മൂന്നു വിവാഹങ്ങള്‍ കഴിച്ചിരുന്നു. അവരില്‍ അദ്ദേഹത്തിനു സന്താനസൗഭാഗ്യമുണ്ടായിരുന്നില്ല. ഹിജ്‌റ 1273 റമളാന്‍ 21നു തറാവീഹ് നിസ്‌കാരത്തിനിടെ ഉമര്‍ ഖാസി(റ)ക്ക് തലകറക്കം ബാധിക്കുകയും ഛര്‍ദ്ദി അനുഭവപ്പെടുകയും ചെയ്തു. രോഗം മൂര്‍ഛിച്ച് വീട്ടില്‍ കിടപ്പിലായി. രോഗശയ്യയിലാകുംമുമ്പ് തന്നെ ആ വലിയ പണ്ഡിതന്‍ വെളിയങ്കോട്ടെ ജുമുഅത്ത് പള്ളിയുടെ കിഴക്കെ ഭാഗത്ത് തനിക്കുവേണ്ടി ഖബ്ര്‍ കുഴിച്ചിരുന്നു. ഹിജ്‌റ 1273 (കി. 1857) ദുല്‍ഹജ്ജ് മാസത്തോടെ രോഗം മൂര്‍ഛിച്ചു. തന്റെ സുഹൃത്തും മുസ്‌ലിംകളുടെ ധീരപടനായകനുമായിരുന്ന മമ്പുറം തങ്ങളുടെ പുത്രന്‍ സയ്യിദ് ഫസല്‍ തങ്ങള്‍ നാടുകടത്തപ്പെട്ട സമയം കൂടിയായിരുന്നു അത്. ആ വിരഹത്തില്‍ ഉമര്‍ ഖാസി(റ) വല്ലാതെ നൊമ്പരപ്പെട്ടിരുന്നു. വര്‍ഷാവസാനം 1273 ദുല്‍ഹജ്ജ് 23ന് വ്യാഴാഴ്ച രാത്രി ആ യുഗം വിടവാങ്ങി.

കാവ്യബോധത്തിന്റെ നാവഴക്കം

ജീവിതത്തില്‍ വളരെ ചെറുപ്പകാലത്ത് തന്നെ വലിയ കാവ്യബോധം കൂടെ കൊണ്ടുനടന്ന പ്രഗത്ഭനായ കവിയായിരുന്നു ഉമര്‍ ഖാസി(റ). പതിനൊന്ന് വയസ് മുതല്‍ പതിമൂന്ന് വയസ് വരെയായിരുന്നു അവുക്കോയ മുസ്‌ലിയാരൊത്തുള്ള ഉമര്‍ ഖാസി(റ)യുടെ താനൂരിലെ പഠനം. അക്കാലയളവില്‍ തന്നെ ഉമര്‍ ഖാസി(റ)യുടെ സംസാരം കവിതയായി പെയ്യുമായിരുന്നു. ഒരു ദിവസം താനൂരില്‍ അല്‍ഫിയ്യ പഠിക്കുന്ന സമയത്ത് സഹപാഠിയായ അവുക്കോയ മുസ്‌ലിയാര്‍(റ) ക്ലാസിലില്ലായിരുന്നു. ഉസ്താദ് ക്ലാസിനിടെ അല്‍ഫിയ്യയിലെ 'വ ഔക്കഇല്ല വ ഇലാ വ ഹത്താ' എന്ന ആദ്യവരി പാടിയപ്പോള്‍ ഉടനെ സഹപാഠിയുടെ അസാന്നിധ്യം മനസിലാക്കിയ ഉമര്‍ ഖാസി(റ) 'ഔക്കോയ ഇല്ല വ ഇലയ്യ ഹത്താ' എന്ന് ആദ്യവരിക്കൊപ്പിച്ച് പാടി. ഗുരുനാഥനിലും സഹപാഠികളിലും വലിയ പൊട്ടിച്ചിരിക്ക് വക നല്‍കിയ ഈ സംഭവം ബാലമനസ്സിന്റെ കവിബോധം വ്യക്തമാക്കുന്നുണ്ട്. ഉമര്‍ഖാസി(റ)യുടെ ജീവിതത്തിലെ വളരെ സ്വാഭാവികമായ വ്യവഹാരങ്ങള്‍ പോലും കവിതകളിലൂടെയായിരുന്നു പ്രതിഫലിച്ചിരുന്നത്. പെട്ടെന്നുള്ള പ്രതികരണങ്ങളും കത്തെഴുത്തുകളുമൊക്കെ അര്‍ത്ഥഗര്‍ഭമായ പദ്യശകലങ്ങളിലൊതുക്കിയായിരുന്നു  ഉമര്‍ ഖാസി(റ) നിര്‍വഹിച്ചിരുന്നത്. കോഴിക്കോട്ടെ കാരാഗ്രഹത്തില്‍ കിടന്ന് ഉമര്‍ ഖാസി(റ) മമ്പുറം തങ്ങളെ ജയില്‍വിശേഷങ്ങള്‍ അറിയിച്ചിരുന്നത് കവിതകളിലൂടെയായിരുന്നു. മനസ്സിനെ സ്പര്‍ശിക്കുന്ന വല്ലതും കണ്ടാല്‍ ഉമര്‍ ഖാസി(റ)യുടെ അധരങ്ങളിലൂടെ അറിയാതെ കവിതകളൊഴുകും. എടപ്പാളിലെ ജുമുഅത്ത് പള്ളിയില്‍ ഇശാ നിസ്‌കാരത്തിനു ധാരാളം ആളുകളെ കണ്ടപ്പോള്‍ പള്ളിയിലെത്തുന്നവര്‍ക്ക് ആശംസകളര്‍പ്പിച്ച് ഉമര്‍ ഖാസി(റ) മൂന്നു വരി കവിത ചൊല്ലി. എടപ്പാളിലെ ജുമുഅത്ത് പള്ളിയുടെ ചുവരില്‍ അതെഴുതി വെച്ചിട്ടുണ്ട്. ഉമര്‍ ഖാസി(റ)യുടെ വയോധികനായ ഒരു സുഹൃത്ത് കടിച്ചാല്‍ പൊട്ടാത്ത കൊട്ടടക്ക കൊണ്ട് മുറുക്കുന്നതു കണ്ടപ്പോള്‍ കവിതപാടി ഉപദേശിച്ചു: വലാ തഅ്കുല്‍ ബി കൊട്ടടക്ക/ലി ഫഖ്ദിസ്സിന്നി ഫീ ഫമിക/ഔലാ നല്ല പൈങ്ങടക്ക/ബിലാറൈബിന്‍ വലാ ശക്ക (വായയില്‍ പല്ലില്ലാത്തതു കൊണ്ട് നീ കൊട്ടടക്ക തിന്നണ്ട, നിനക്കേറ്റവും നല്ലത് പൈങ്ങടക്കയാണ്, സംശയമോ സന്ദേഹമോ വേണ്ട.) തന്റെ സേവകനായിരുന്ന കുഞ്ഞമ്മു താന്‍ ആവശ്യപ്പെട്ടകാര്യം പെട്ടെന്ന് ചെയ്യുന്നത് കണ്ടപ്പോള്‍ കുഞ്ഞമ്മുവിനെ ഉമര്‍ ഖാസി(റ) പുകഴ്ത്തിയത് 'കുഞ്ഞമ്മു ഖാദിമുല്‍ ഖൗമി ശജ്ആനു/യഖാഫുഹു അബദന്‍ ജിന്നും വ ശൈത്വാനു' എന്ന കാവ്യകാണ്ഡത്തിലൂടെയായിരുന്നു.

ഒരാളുടെ വീട്ടില്‍ നിന്നും മണ്‍കിണ്ടിയില്‍ വെള്ളമെടുത്ത് പുറത്തിറങ്ങിയപ്പോള്‍ ഉമര്‍ ഖാസി(റ)യുടെ കൈയ്യില്‍ നിന്നും കിണ്ടി ചാടി പൊട്ടി. ഉമര്‍(റ) ഉടമസ്ഥനെ ആശ്വസിപ്പിച്ചതിങ്ങനെ: ''അല്ലാഹുമ്മ ഗ്ഫിര്‍ ലി മാലികി മണ്‍കിണ്ടി/അഅ്ത്വി ലഹു ഫീ ജന്നത്തിന്‍ പൊന്‍കിണ്ടി (അല്ലാഹുവേ, മണ്‍കിണ്ടിയുടെ ഉടമസ്ഥന് നീ പൊറുത്തു കൊടുക്കുകയും സ്വര്‍ഗത്തില്‍ പൊന്‍കിണ്ടി നല്‍കുകയും ചെയ്യേണമേ.) ആകസ്മികതകളോട് പോലും താമസംവിനാ കാവ്യഭാഷയില്‍ പ്രതികരിക്കാനുള്ള ഉമര്‍ ഖാസി(റ)യുടെ കഴിവ് ഈ സംഭവങ്ങളില്‍ നിന്നെല്ലാം മനസ്സിലാക്കാം. ഇന്നും നാം പഠനക്ലാസുകളിലും മതപഠന വേദികളിലും പലപ്പോഴായി ചൊല്ലാറുള്ള ചെറിയചെറിയ കുഞ്ഞുകവിതകള്‍ ഉമര്‍ ഖാസി(റ)യുടേതാണെന്നതാണ് നേര്. തറവാടിത്തം കൊണ്ട് ഗര്‍വ്വ് നടിക്കുന്നവനെ സൈദ്ധാന്തികമായി എതിര്‍ക്കുന്ന ഉമര്‍ ഖാസി(റ)യുടെ കവിത ഏറെ പ്രസിദ്ധമാണ്.'അയാ ഫാഖിറന്‍ ബിന്നസബി കൈഫത്തഫാഖുറു/വ അസ്വ്‌ലുകും മിന്‍ ഖബ്‌ലു തിയ്യന്‍വ നായരു/വ ആശാരി മൂശാരി വ മന്നാനു പാണരു/വ കൊയപ്പാനു ചെട്ടി വ നായാടി പറയരു' (ആഭിജാത്യം കൊണ്ട് ഹുങ്ക് നടിക്കുന്നവനെ, നിങ്ങള്‍ക്കങ്ങനെ ഹുങ്ക് നടിക്കാന്‍ കഴിയും? മുമ്പ് നിങ്ങളുടെ അടിവേര് തിയ്യനും നായരും ആശാരിയും മൂശാരിയും മണ്ണാനും പാണനും കുശവനും ചെട്ടിയും നായാടിയും പറയരുമൊക്കെയായിരുന്നുവല്ലോ?), 'വ മന്‍ ത്വലബല്‍ ഉലൂമ ബി ഗൈരി നഹ്‌വിന്‍/ക ഇന്നീനിന്‍ യു ആലിജു ഫര്‍ജ ബിക്‌രി' (വ്യാകരണ പഠനമില്ലാതെ അറിവുകളന്വേഷിക്കുന്നവന്‍ കന്യകയെ പ്രാപിക്കാനൊരുമ്പെടുന്ന ലിംഗോദ്ധാരണ ശേഷിയില്ലാത്തവനെ പോലെയാണ്) എന്ന ഒറ്റവരിക്കവിതയിലെ മര്‍മ്മവും നര്‍മ്മവും ആരെയും ഇരുത്തിച്ചിന്തിപ്പിക്കാം പോന്നതാണ്. 'ലി കുല്ലി ഒച്ചപ്പാടിനും ദവാഉ / മുജര്‍റബായ് കാണുന്നതില്‍ ശിഫാഉ' എന്നു തുടങ്ങുന്ന കൂറ്റടപ്പിനുള്ള സിദ്ധൗഷധപദ്യവും മേടം വ ചിങ്ങം രണ്ടിലും സമാനിയാ/ഫീ ഇടവ മീനം കര്‍ക്കിടത്തില്‍ താസിആ' എന്നു തുടങ്ങുന്ന നിസ്‌കാര സമയത്തെ കുറിച്ചുള്ള പദ്യം തുടങ്ങി ലഭ്യവും അല്ലാത്തതുമായ ഉമര്‍ ഖാസി(റ)യുടെ എത്രയോ കവിതകള്‍ പ്രാസനിബദ്ധതയും കാവ്യചാരുതകൊണ്ടും കിടയറ്റവയാണ്. നമ്മുടെ നാടുകളില്‍ ഇപ്പോഴുമുള്ള പല നാട്ടുചൊല്ലുകളും ഉമര്‍ ഖാസി(റ)യുടെ കവിതകളില്‍ കാണുന്നുണ്ട്. 'നായയുടെ വാല്‍ ആയിരം വര്‍ഷം ഓടക്കുഴലിലിട്ടാലും നേരെയാകുകയില്ലെന്നും' 'ആയിരം വര്‍ഷം കാക്ക പാലില്‍ കുളിച്ചാലും കൊക്കാകില്ലെന്നും' നാം ഇന്നും കമാന്റടിക്കുന്നവരാണ്. ഉമര്‍ ഖാസി(റ) സ്വത്വസിദ്ധമായ ശൈലിയില്‍ ഇതു കവിതയാക്കുന്നുണ്ട്. 'വ ലൗ അല്‍ഫ ആമിന്‍ ഇട്ട് നായന്റെ വാലിനെ / ബി ഓടക്കുഴല്‍ ലാ തസ്തഖീമു ലി ഹാലിനാ' എന്നും 'വ ലൗ അല്‍ഫ ആമിന്‍ മുങ്ങി കാക്കച്ചി ഫീ ലബനി/കമാ മിസ്‌ല വെള്ളകൊക്ക് ആകൂല ഫീ സമനി' എന്നും ഉമര്‍ ഖാസി(റ) പാടിയിട്ടുണ്ട്.

അറബിയും മലയാളവും കൂട്ടിക്കുഴച്ചാണ് ഈ വരികളുടെ രചനയെന്നത് ശ്രദ്ധേയമാണ്. ഉമര്‍ ഖാസി(റ)യുടെ കവിതകള്‍ സമൂഹം ഏറ്റുപാടി, പിന്നീട് കാലക്രമേണ ഇവ നാവഴക്കമായി രൂപാന്തരപ്പെടുകയായിരുന്നുവോ എന്ന് ചരിത്രപരമായി അന്വേഷിക്കപ്പെടേണ്ടതുണ്ട്. കവിതയും കാവ്യബോധവും ഉമര്‍ ഖാസി(റ)യുടെ ജനുസ്സില്‍ അലിഞ്ഞുചേര്‍ന്നതായിരുന്നുവെന്ന് കാണിക്കാനാണ് ഇത്രയും വിവരിച്ചത്. വലിയ സുദീര്‍ഘമായ പദ്യകോശങ്ങളടക്കം നിരവധി രചനകള്‍ ഉമര്‍ ഖാസി(റ)ക്കുണ്ട്. സ്വല്ലല്‍ ഇലാഹു, നഫാഇസുദ്ദുറര്‍, ലാഹല്‍ ഹിലാലു, ജഫത്‌നീ, ലമ്മാ ളഹറാ എന്നീ അഞ്ച് കാവ്യങ്ങള്‍ പ്രവാചകാനുരാഗഗീതങ്ങളാണ്. ഇബ്‌നു ഹജരില്‍ ഹൈതമി(റ)യുടെ തുഹ്ഫ അവലംബമാക്കി രചിച്ച 'മഖാസ്വിദുന്നിക്കാഹ്' എന്ന ആയിരം കവിതകള്‍, അല്ലഫല്‍ ആസ്വീ, തറാജിമില്‍ മുഹര്‍റമാത്ത്, ചേരമാന്‍ പെരുമാളിന്റെ ഇസ്‌ലാംമതാശ്ലേഷണ സംബന്ധമായി രചിക്കപ്പെട്ട കൊടുങ്ങല്ലൂര്‍ പള്ളിച്ചുമരിലെ കാവ്യം തുടങ്ങി നിരവധി രചനകള്‍ ഉമര്‍ ഖാസി(റ)ക്കുണ്ട്. അറബി മലയാളത്തിലും ഉമര്‍ ഖാസി(റ) കവിതകള്‍ രചിച്ചിരുന്നു. താനൂരിലെ അധ്യാപനക്കാലത്ത് രചിക്കപ്പെട്ട 'അറിവിന്റെ ശര്‍ത്ത്' പദ്യം അവയില്‍ പെട്ടതാണ്. 'കിതാബുദ്ദബ്ഹി വല്‍ ഇസ്ത്വിയാദ്' എന്നൊരു ഗദ്യരചനയും ഉമര്‍ ഖാസി(റ)ക്കുണ്ട്.

പ്രവാചകാനുഗ്രഹങ്ങളുടെ ഫഖീര്‍

പ്രവാചകനോടുള്ള ഉമറുല്‍ ഫഖീറി(റ)ന്റെ അടങ്ങാത്ത സ്‌നേഹം തന്റെ ആത്മഭാവങ്ങളെ നിരന്തരം സ്വാധീനിക്കുന്നതായി കാണാം. പോരാടുമ്പോഴും അധ്യാപനം നടത്തുമ്പോഴും വൈദ്യചികിത്സ ചെയ്യുമ്പോഴും ജീവിതത്തിന്റെ ഏതു നേരങ്ങളിലും ഉമറുല്‍ ഫഖീറി(റ)ന്റെ ഹൃദയതാളങ്ങളില്‍ പ്രവാചകാനുരാഗത്തിന്റെ ഈണം തുടികൊട്ടിയിരുന്നു. അതുകൊണ്ടു തന്നെ തന്റെ മഅ്ശൂഖിന്റെ ഇതിഹാസങ്ങളായിരുന്നു വലിയ ആശിഖായ ഉമര്‍ ഖാസി(റ)ക്ക് കൂടുതല്‍ പറയാനും പാടാനുമുണ്ടായിരുന്നത്. സ്വല്ലല്‍ ഇലാഹു, നഫാഇസുദ്ദുറര്‍ എന്നീ സുദീര്‍ഘമായ രണ്ടു കാവ്യമഞ്ജരികള്‍, പുള്ളിയുള്ള അക്ഷരം കൊണ്ടു മാത്രം രചിക്കപ്പെട്ട ജഫത്‌നീ, പുള്ളിയില്ലാത്ത അക്ഷരം കൊണ്ടുള്ള ലാഹല്‍ ഹിലാലു, മഞ്ചല്‍ രീതിയിലുള്ള ലമ്മാ ളഹറാ എന്നിങ്ങനെ ലഭ്യമായ ആകെ അഞ്ചു പ്രവാചക പ്രകീര്‍ത്തന ഗീതങ്ങളാണുള്ളത്. കവിത, ആത്മപ്രകാശനത്തിന്റെ ഏറ്റവും പ്രായോഗികമായൊരു ഉപാധിയായതിനാല്‍തന്നെ, വലിയ ആശിഖായ ഉമറുല്‍ ഫഖീറി(റ)ന്റെ ഹൃദയതാളങ്ങളില്‍ എങ്ങനെയാണ് പ്രവാചക സ്‌നേഹത്തിന്റെ ഈണങ്ങള്‍ക്ക് അറുതിയുണ്ടാവുക? തന്റെ ആഗ്രഹവും അഭിലാഷവും ആശായിടവുമൊക്കെ അങ്ങാണെന്ന് വളരെ കാവ്യാത്മകമായി വര്‍ണിക്കുന്ന ഓരോ വരികളും പ്രാസനിബദ്ധതയും അര്‍ത്ഥസൗന്ദര്യവും കൊണ്ട് മികവ് പലുര്‍ത്തുന്നു. കൗമാര-യുവത്വകാലത്തു തന്നെ ഉമറുല്‍ ഫഖീറി(റ)ന്റെ പ്രാവചകാനുരാഗത്തിന് മൂര്‍ത്തഭാവം കൈവന്നിരുന്നുവെന്ന് തന്റെ പ്രവാചകഗീതങ്ങളുടെ രചനാകാലം മനസ്സിലാക്കിത്തരുന്നുണ്ട്. ഹിജ്‌റ 1200-ലാണ് അഥവാ തന്റെ 23-ാം വയസിലാണ് ഉമര്‍ ഖാസി(റ) നഫാഇസുദ്ദുറര്‍ രചിക്കുന്നത്.

പിന്നീട് ഒമ്പതു വര്‍ഷങ്ങള്‍ക്ക് ശേഷം, കനത്തു കനത്തു വന്ന പ്രവാചകസ്‌നേഹത്തിന്റെ എല്ലാ ഭാവങ്ങളും തിരുസന്നിധിയില്‍ ചെന്നു തുറന്നുവെക്കുകയായിരുന്നു. അതാണല്ലോ 'സ്വല്ലല്‍ ഇലാഹു' ബൈത്ത്. മുന്‍കാല പണ്ഡിത പോരാളികളില്‍ ഉമറുല്‍ ഫഖീറി(റ)നെ പോലെ കാവ്യാത്മകതയെ ഇത്രയേറെ മാറോടണച്ച മറ്റൊരാളും ഉണ്ടാകില്ലെന്ന് പറയാം. ഖാസി ഉമറി(റ)ന്റെ മദ്ഹുഗീതങ്ങളൊക്കെ ലോകത്തെല്ലായിടത്തും പ്രചാരം നേടിയവയാണ്. ഏത് പ്രവാചക പ്രകീര്‍ത്തന വേളകളിലും മുസ്‌ലിം കേരളത്തിന്റെ മനസ്സിന്റെ ശീലുകളില്‍ ഇന്നും ഉമറുല്‍ ഫഖീറി(റ)ന്റെ വരികള്‍ക്ക് ജീവനുണ്ട്. വേങ്ങൂര്‍ സ്വലാഹുദ്ദീന്‍ റഹ്മാനി

Leave A Comment

4 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter