സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ: ജീവിതവും പാണ്ഡിത്യവും

കേരളീയ മുസ്‍ലിം നവോത്ഥാനത്തിന്റെ ചുക്കാൻ പിടിച്ചതിൽ മഖ്ദൂം കുടുംബത്തിന്റെ ചരിത്രപങ്ക് അവിസ്മരണീയമാണ്. ആ പരമ്പരയിൽ നിന്ന് കൂടുതൽ  സുപരിചിതനാണ്  ഫത്ഹുൽ  മുഈനിന്റെ രചയിതാവായ സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ.  മഹാനവർകളുടെ ജീവിതത്തിലേക്കുള്ള ഒരു എത്തി നോട്ടമാണ് ഈ എഴുത്ത്.

ഹിജ്റ വർഷം 983 ൽ പൊന്നാനി പ്രവിശ്യയിൽ മാഹിക്കടുത്താണ് അഹമ്മദ് സൈനുദ്ദീൻ ഇബ്നു മുഹമ്മദുൽ ഗസ്സാലി എന്ന സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ(ന:മ) ജനിച്ചത്.   പിതാമഹൻ സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ അടക്കം നിരവധി പണ്ഡിതർ കടന്നുവന്ന കുടുംബമാണെന്നതിനാൽ തന്നെ ചെറുപ്പത്തിൽ തന്നെ വിജ്ഞാനം കരസ്ഥമാക്കാൻ മഹാനവർകൾക്ക് കഴിഞ്ഞു. പിതാവ് മുഹമ്മദുൽ ഗസ്സാലി ആയിരുന്നു ആദ്യത്തെ ഗുരു. 

വർഷങ്ങൾക്കു  ശേഷം മഹാനവർകൾ മക്കയിലേക്ക് പോവുകയും അന്നത്തെ അറിയപ്പെട്ട പണ്ഡിതരിൽ നിന്ന് വിജ്ഞാനം കരഗതമാക്കുകയും ചെയ്തു. അതിൽ പ്രധാനിയാണ് ഇസ്‍ലാമിക കർമ ശാസ്ത്ര ഗ്രന്ഥമായ തുഹ്‌ഫ അടക്കം നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവായ ഇബ്നു ഹജറുൽ ഹൈതമി(റ). പിന്നീട് ഇബ്നു ഹജർ തങ്ങൾ പൊന്നാനിയിലേക്ക് വരികയും അവിടെ അധ്യാപനം നടത്തുകയും ചെയ്തതായി ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ ശാഫിഈ പണ്ഡിതന്മാരുടെ ജീവചരിത്രം എന്ന ഗ്രന്ഥത്തിൽ ഇക്കാര്യം കാണാം. ഇവിടെ വെച്ച് ഇബ്നു ഹജർ(റ) കുറച്ച് ഫത്‍വകൾ  രചിച്ചതായും അതിൽ ചിലതിന്റെ കോപ്പി അഹമ്മദ് കോയ ശാലിയാത്തി തങ്ങളുടെ ലൈബ്രറിയിൽ ഉള്ളതായും ചിലർ പ്രതിപാദിച്ചിട്ടുണ്ട്.  

ഫഖീഹും മുഹദ്ദിസും കവിയുമായിരുന്ന മുഫ്തില്‍ അനാം ഇസ്സുദ്ദീൻ അബ്ദുൽ അസീസ് അസ്സംസമിയ്(റ), യമൻ, ഹിജാസ് പ്രവിശ്യയിലെ മുഫ്തിയായിരുന്ന വജീഹുദ്ധീൻ അബ്ദു റഹ്മാൻ ബ്നു സിയാദ് (റ), സൈനുൽ ആബിദീൻ അബുൽ മകാരിം മുഹമ്മദ് ബ്‌നു അബിൽ ഹസൻ അസ്സിദ്ധീഖി(റ), ഖതീബു ശിർബീനി(റ), അല്ലാമ അബ്ദു റഊഫ് ബ്‌നു യഹ്‌യ (റ) തുടങ്ങിയവരെല്ലാം മഹാനവർകളുടെ പ്രധാന  ഗുരുവര്യന്മാരാണ്. 

വർഷങ്ങളുടെ പഠനശേഷം മഹാനവർകൾ നാട്ടിലേക്ക് മടങ്ങുകയും പൊന്നാനി വലിയ പള്ളിയിൽ 63 വർഷം അധ്യാപനം നടത്തുകയും ചെയ്തു. തന്മൂലം ആയിരക്കണക്കിന് ശിഷ്യന്മാർ മഹാനവർകൾക്കുണ്ട്. അതിൽ പ്രധാനപ്പെട്ടവരാണ് അല്ലാമ അബ്ദുറഹ്മാൻ മഖ്ദൂം ഒന്നാമൻ, ജമാലുദ്ദീൻ ഇബ്നു ഉസ്മാൻ, ഖാളി സുലൈമാനുൽ ഖാഹിരി, ഖാളി ഉസ്മാൻ ലബ്ബൽ ഖാഹിരി തുടങ്ങിയവർ. 

കർമ ശാസ്ത്രവും അല്ലാത്തതുമായ പല മേഖലകളിൽ സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ നിരവധി രചനകള്‍ നടത്തിയിട്ടുണ്ട്. അതിൽ ഒന്നാണ് അൽ  അജ്‌വിബത്തിൽ അജീബ അനിൽ അസ്ഇലത്തിൽ ഗരീബ. തന്റെ ഗുരുക്കന്മാരുടെയും  തനിക്ക് വന്ന ഫത്‍വകളുടെയും മറുപടിയാണ് ഇതിലുള്ളത്. 

മഹാനവര്‍കളുടെ പ്രധാനപ്പെട്ട മറ്റൊരു ഗ്രന്ഥമാണ് ഖുറത്തുൽ ഐൻ ബി മുഹിമ്മാത്തി ദീൻ. ഇതിന് മഹാനവർകൾ തന്നെ എഴുതിയ ശറഹാണ് ലോക പ്രശസ്ത ഗ്രന്ഥമായ ഫത്ഹുൽ മുഈൻ. അതിന്റെ ഹാശിയ ആയ ഇആനത്തു ത്വാലിബീനിൽ അവസാന ഭാഗത്ത് സൈനുദ്ദീൻ മഖ്ദൂം തങ്ങൾക്കു വേണ്ടി ദുആ ചെയ്യുന്ന സമയത്ത് ഗ്രന്ഥ കർത്താവായ ബകരി തങ്ങൾ 'ഫത്ഹുൽ മുഈൻ ലോകത്തിന്റെ നാനാ ഭാഗങ്ങളിലേക്കും  വ്യാപിക്കണമെന്ന രചയിതാവിന്റെ ദുആ അല്ലാഹു സ്വീകരിച്ചെന്നും മഖ്ദൂം തങ്ങൾ പ്രാർത്ഥനക്ക് ഉത്തരം നൽകപ്പെടുന്നയാളായിരുന്നുവെന്നും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഫത്ഹുൽ മുഈനിന്റെ അനവധി ശറഹുകളും  ഇആനതുൽ മുസ്തഈൻ, സയ്യിദ് അലവി സഖാഫ് തങ്ങളുടെ തർശീഹുൽ മുസ്തഫീദീൻ, അല്ലാമ അഹ്മദ് ശീറാസി എഴുതിയ ഹാശിയതു ശൈഖ് ശീറാസി തുടങ്ങിയ ഹാശിയകളും അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയ ഗ്രന്ഥങ്ങളാണ്. 

മഖ്ദൂം തങ്ങളുടെ മറ്റൊരു ശ്രദ്ധേയ കൃതിയാണ് ഇർഷാദുൽ ഇബാദ് ഇലാ സബീലി റഷാദ്.  ഫത്ഹുൽ മുഈനിൽ നിസ്കാര ശേഷമുള്ള ദുആകൾ  പ്രതിപാദിച്ച സമയത്ത് ഈ ഗ്രന്ഥത്തിലേക്ക് മഹനവറുകൾ സൂചന നൽകിയിട്ടുണ്ട്. ഇഹ്‌കാമു അഹ്കാമി നിക്കാഹ്, അൽ ജവാഹിർ ഫീ ഉഖൂബത്തി അഹ്ലിൽ കബാഇർ, സുയൂതി ഇമാമിന്റെ ശരഹു സൂദൂർ ഫീ അഹ്‌വാലിൽ മൌതാ വ അഹ്ലിൽ ഖുബൂർ എന്നതിന്റെ ഹ്രസ്വ രൂപമായ മുഖ്തസർ, തുടങ്ങിയവയെല്ലാം മഹാനവര്‍കളുടെ മറ്റു പ്രധാന കൃതികളാണ്. 

മഖ്ദൂം തങ്ങളുടെ വിശ്വ പ്രസിദ്ധി നേടിയ ഗ്രന്ഥമാണ് നമുക്ക് സുപരിചിതമായ  തുഹ്‌ഫതുൽ മുജാഹിദീൻ.  തുഹ്‌ഫതുൽ മുജാഹിദീൻ ഫീ ബഇ്ളി അഖ്ബാരിൽ ബുർത്ഗാലീൻ എന്നതാണ് ഇതിന്റെ പൂർണ നാമം. ആദ്യകാല മലബാറിലെ ഇസ്‍ലാമിന്റെ ചരിത്രമാണ് പ്രസ്തുത ഗ്രന്ഥത്തിൽ പറയുന്നത്. കേരളത്തിലേക്കുള്ള ഇസ്‍ലാമിന്റെയും അറബികളുടെയും ആഗമനം ഇതിൽ വിശദമായി പറയുന്നുണ്ട്. അതുകൊണ്ടു തന്നെ നിരവധി ഭാഷയിലേക്ക് ഇത് വിവർത്തനം ചെയ്യപ്പെട്ടിട്ടുമുണ്ട്. 

സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ മരണപെട്ട തിയതിയിൽ  അഭിപ്രായ ഭിന്നതകളുണ്ട്.   അല്ലാമ ശാലിയാത്തി (ന:മ) തന്റെ അസ്മാഉൽ  മുഅല്ലിഫീൻ ഫീ ദിയാരി മലീബാർ എന്ന ഗ്രന്ഥത്തിൽ സൈനുദ്ദീൻ മഖ്ദൂം തങ്ങളുടെ ജീവചരിത്രം  പറയുന്നിടത്ത് അവരുടെ  മരണ  വർഷം കൃത്യമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല  എന്നാണ് പറയുന്നത്. ഹിജ്റ 983 ലാണ് വഫാത്തെന്ന്ചിലർ പറഞ്ഞിട്ടുണ്ടെങ്കിലും ഹിജ്റ 991 ലെ കാര്യങ്ങളാണ് നേരത്തെ പരാമർശിക്കപ്പെട്ട തുഹ്‌ഫത്തുൽ മുജാഹിദീനിൽ പ്രതിപാദിക്കുന്നതെന്ന വാദം മുന്നോട്ട് വെച്ച് ചിലരതിനെ എതിർത്തിട്ടുമുണ്ട്. ചില ചരിത്രകാരന്മാർ  ഹിജ്റ 991 ലാണ് മഹാനവര്‍കൾ വഫാത്തായതെന്ന അഭിപ്രായക്കാരാണ്.  മഖ്ദൂം പരമ്പരയിലുള്ള  കേളത്തിലെ അറിയപ്പെട്ട പണ്ഡിതനായിരുന്ന നെല്ലിക്കുത്ത് മുഹമ്മദ് അലി മുസ്‍ലിയാർ തന്റെ തുഹ്‌ഫതുൽ അഖ്‍യാർ ഫീ താരീഖി ഉലമാഇ മലീബാർ എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയത് വാഫാത്ത് 1028 ലായിരുന്നു എന്നതാണ്. ഇതനുസരിച്ച് മഖ്ദൂം തങ്ങൾ തൊണ്ണൂറ് വർഷത്തോളം ജീവിച്ചിട്ടുണ്ടാകണം. 

സ്വന്തം കുടുംബത്തിൽ നിന്ന് തന്നെയാണ് മഹാനവർകൾ വിവാഹം കഴിച്ചത്. അതിൽ മുഹമ്മദ്, അബ്ദുൽ അസീസ്, അബൂബക്കർ എന്നിങ്ങനെ മൂന്ന് ആൺമക്കളും ഫാത്തിമ എന്ന മകളും ഉണ്ടായിട്ടുണ്ട്.

ആ മഹാനോടൊപ്പം സ്വര്‍ഗ്ഗലോകത്ത് ഒത്ത് ചേരാന്‍ നാഥന്‍ തുണക്കട്ടെ, ആമീന്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter